Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാരികയുടെ ജീവിതം ഇനിയും തോറ്റുകൂടാ

ഇന്നലെ ‘മലയാള മനോരമ’യിൽ സംസ്ഥാന സ്കൂൾ കായികമേളയുടെ വിജയവിശേഷങ്ങൾക്കൊപ്പം ആ പെൺകുട്ടിയുടെ പാവം ജീവിതവുമുണ്ടായിരുന്നു. 2015ലെ സംസ്ഥാന സ്കൂൾ കായികമേളയിലെ ജാവലിൻ ത്രോ സ്വർണജേതാവ് എം.എസ്.ശാരികയുടെ ഇപ്പോഴത്തെ ജീവിതം മലയാളികളെയാകെ സങ്കടപ്പെടുത്തുകയുണ്ടായി. ഇല്ലായ്മകൾകൊണ്ടുണ്ടാക്കിയ അവളുടെ വീട് ആ വാർത്തയ്ക്കൊപ്പം നാം കണ്ടു. വാതിൽപോലുമില്ലാത്ത ശുചിമുറിയാണ് അവളുടെ കിടപ്പുമുറിയെന്നും അതിനു പുറത്ത്, വെറുംനിലത്തു കിടന്നുറങ്ങുന്നവരാണ് അവളുടെ അച്ഛനും അമ്മയും എന്നും കുറ്റബോധത്തോടെ നാം വായിച്ചറിഞ്ഞു. 

ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് മേനാശേരി മാതമംഗലത്താണ് ആ വീട്. സംസ്ഥാന കായികമേളയിലും അമച്വർ മീറ്റുകളിലുമായി ശാരിക നേടിയ നാലു സ്വർണം ഉൾപ്പെടെയുള്ള മെഡലുകൾ മങ്ങി വെള്ളിനിറമായിക്കഴിഞ്ഞു; അവളുടെ ഇപ്പോഴത്തെ ജീവിതംപോലെതന്നെ. 

ശുചിമുറിയിൽ രാവുറങ്ങേണ്ടിവരുന്ന ആ പെൺകുട്ടി ഒരു പ്രതീകമാണ്; നമ്മ‍ുടെ കായികരംഗത്തിന്റെയും കായികതാരങ്ങളുടെയും നിർഭാഗ്യപ്രതീകം. സംസ്ഥാന സ്കൂൾ കായികമേളയിൽ നേടിയ സ്വർണമെഡൽകൊണ്ട് ആ കായികതാരത്തിന്റെ ജീവിതത്തിൽ ഒരു ഉയർച്ചയും ഉണ്ടായില്ല. കായികപരിശീലനത്തിനിടെ പഠനത്തിൽ അൽപം പിന്നാക്കമായതിനോടൊപ്പം യഥാസമയം കായിക സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിനാൽ ഗ്രേസ് മാർക്കും ലഭിക്കാതെ പ്ലസ് ടുവിനു തോൽക്കുകയും പഠനം മുടങ്ങുകയും ചെയ്തു. ജീവിതമോ, അവളെ ഇനിയും തോൽപിക്കാനൊരുങ്ങി കാത്തുനിൽക്കുന്നു. അതുണ്ടായിക്കൂടാ. 

അടച്ചുറപ്പുള്ള ഒരു വീടും സുരക്ഷിതമായ ജീവിതവും തീർച്ചയായും ശാരിക അർഹിക്കുന്നു. അതു നൽകേണ്ടതു സർക്കാരിന്റെയും അത് ഉറപ്പുവരുത്തേണ്ടതു പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. അഞ്ചുവർഷം മുൻപു സർക്കാരിൽനിന്നു ലഭിച്ച 1.80 ലക്ഷം രൂപയ്ക്കാണ് സ്വന്തമായുള്ള അഞ്ച് സെന്റിൽ വീടുപണി തുടങ്ങിയത്. കെ.സി.വേണുഗോപാൽ എംപി 50,000 രൂപ അനുവദിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വാഗ്ദാനം ചെയ്ത മൂന്നു ലക്ഷമാകട്ടെ ഇതുവരെ കിട്ടിയിട്ടുമില്ല. ലൈഫ് മിഷൻ പദ്ധതി ഉൾപ്പെടെയൊന്നും സഹായമായില്ല. ശാരികയുടെ ജീവിതത്തിൽ ആത്മവിശ്വാസം നൽകാൻ ആദ്യം പൂർത്തിയാക്കേണ്ടത് ആ വീടുതന്നെയാണ്. 

നമ്മുടെ സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന പകുതിയിലേറെ കുട്ടികളും ശരാശരിയോ അതിൽ താഴെയോ ജീവിതനിലവാരങ്ങളിലുള്ളവരാണ്. ഒരു ജോടി സ്പൈക്സ് പങ്കുവച്ച പലരെയും ഇത്തവണത്തെ മേളയിൽത്തന്നെ കണ്ടു. ഉയർച്ചയുടെ ഓരോ പടവും കഠിനാധ്വാനംകൊണ്ടു മാത്രമേ ഇങ്ങനെയുള്ള കുട്ടികൾക്കു കയറാനാകൂ. പലപ്പോഴും സാമ്പത്തിക ബാധ്യതകൾ അവരുടെ മുന്നിൽ െവല്ലുവിളിയാണ്. മികവു നിലനിർത്തി, സ്വന്തം അധ്വാനത്തിലൂടെ മുന്നേറാനായില്ലെങ്കിൽ സ്വർണവിജയം നേടിയവർപോലും നമ്മുടെ ഓർമകളിൽനിന്നുതന്നെ മാഞ്ഞുപോകുന്നു. അവരിൽ ചിലരെയെങ്കിലും ജീവിതം പിന്നെയും പിന്നെയും തോൽപിക്കുന്നു...

സ്കൂളുകളിൽ പഠിക്കുന്ന നല്ലൊരു ശതമാനം കായികതാരങ്ങൾക്കും സ്കൂൾ കായികമേളകൾ കഴിഞ്ഞുള്ള വേദികൾ കണ്ടെത്താനും പരിശീലനം തുടരാനും ബുദ്ധിമുട്ടുണ്ട്. മികച്ച കായികതാരങ്ങളിൽ മിക്കവർക്കും സ്പോൺസർഷിപ് കണ്ടെത്താനോ ലഭിക്കാനോ ഉള്ള സാഹചര്യമില്ല. പല മീറ്റുകളിലും പ്രഖ്യാപിക്കുന്ന പ്രൈസ് മണിപോലും കൃത്യമായി താരങ്ങൾക്കു ലഭിക്കാറുമില്ല. സ്പോർട്സ് അക്കാദമികളും ഹോസ്റ്റലുകളും പലപ്പോഴും സ്വന്തം ലക്ഷ്യം മറന്നുപോകുന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാവണം.  

മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും മെഡലുകൾ നേടുകയും ചെയ്യുന്ന പ്രതിഭകൾക്ക് നന്നായി പഠിക്കാനും നന്നായി ജീവിക്കാനും തുടർപരിശീലനത്തിനുമുള്ള സാഹചര്യങ്ങൾ ഒരുക്കിനൽകിയാൽ ലോകമറിയുന്ന കായികതാരങ്ങൾ നമുക്കും ഉണ്ടാകും. ഒരിക്കൽ കായികകേരളത്തിന്റെ കയ്യടിനേടി സ്വർണമെഡൽ അണിഞ്ഞ താരത്തിനു ശുചിമുറിയിൽ അന്തിയുറങ്ങേണ്ടിവരുന്ന അവസ്ഥ ഇനിയൊരാൾക്കും ഇവിടെ ഉണ്ടായിക്കൂടാ.