Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈപാസുകൾക്ക് കാത്ത് കേരളം

ഹൃദയത്തിനു ബ്ലോക്ക് വരുമ്പോൾ ശരീരത്തിൽ ബൈപാസ് ശസ്‌ത്രക്രിയ ചെയ്യുന്നതുപോലെ നഗരഹൃദയത്തിനു ബ്ലോക്ക് വരാതിരിക്കാനാണു ബൈപാസ് നിർമിക്കുന്നതെങ്കിലും കേരളത്തിലെ എത്ര നഗരങ്ങൾക്ക് ആ സൗഭാഗ്യമുണ്ട്?

വാഹനഗതാഗതത്തിലെ ഭാവിവർധന മുന്നിൽക്കണ്ടു റോഡുകൾ വികസിപ്പിക്കുന്നതിലും ബൈപാസുകൾ നിർമിക്കുന്നതിലും കേരളം മുന്നേറ്റം നടത്താത്തതു വേഗം തേടുന്ന പുതിയ കാലത്തോടുള്ള തെറ്റുതന്നെ. ഉയരുന്ന ഗതാഗതത്തിരക്കിനുള്ള ഒരേയൊരു പോംവഴി ബൈപാസുകളും റിങ് റോഡുകളുമാണെന്ന് ഇനിയെപ്പോഴാണു നാം തിരിച്ചറിയുക? ദേശീയപാതകളിൽപോലും മിക്കപ്പോഴും കുരുക്ക് അനുഭവപ്പെടുന്നതു കേരളത്തിന്റെ നിത്യശാപമായി മാറിക്കഴിഞ്ഞു.

പട്ടണങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളുടെ വികസനത്തിനു സ്‌ഥലമെടുപ്പും പൊളിച്ചുമാറ്റലും പ്രശ്‌നമാകുന്നതിനാൽ ബൈപാസ് നിർമാണത്തിലൂടെ ഈ തടസ്സം മറികടക്കാനുള്ള ശ്രമങ്ങൾ പലയിടത്തും പാതിവഴിയിലാണ്. നാഷനൽ ഹൈവേ അതോറിറ്റിയും പൊതുമരാമത്തുവകുപ്പും പ്രഖ്യാപിച്ച പല ബൈപാസ് പദ്ധതികളും ദശാബ്‌ദങ്ങളായി നമ്മുടെ കൺമുന്നിൽ ഇഴഞ്ഞുനീങ്ങുന്നു. ദേശീയപാതയിലെ തലശ്ശേരി – മാഹി ബൈപാസ് നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഇന്നലെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചപ്പോൾ നാലു പതിറ്റാണ്ടുനീണ്ട കാത്തിരിപ്പാണ് ഒടുങ്ങുന്നത്. ദേശീയപാത വികസനത്തിൽ നിർണായകമായ കൊല്ലം, ആലപ്പുഴ ബൈപാസ് പദ്ധതികളാകട്ടെ, ശാപമോക്ഷത്തിന് ഒരുങ്ങുകയുമാണ്.

ദേശീയപാതയിൽ തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 1977ൽ ആണ് ബൈപാസിനായി സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങിയത്. ഇതിനായി കണ്ണൂർ, കോഴിക്കോട് ജില്ലകളിലും, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും ഭൂമി ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. മുഴപ്പിലങ്ങാടു മുതൽ അഴിയൂർ വരെയുള്ള 18.6 കിലോമീറ്ററിൽ, 1181 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ നാലുവരി ബൈപാസിന്റെ പൂർത്തീകരണം വൈകാതിരിക്കാൻ  അധികൃതരുടെ നിരന്തരശ്രദ്ധ ഉണ്ടാവണം; നിർമാണോദ്ഘാടനം കഴിഞ്ഞും യാഥാർഥ്യമാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരുന്ന സമാനപദ്ധതികൾ മുന്നിലുള്ളപ്പോൾ വിശേഷിച്ചും.

നാലു പതിറ്റാണ്ടോളംതന്നെ കാത്തിരിക്കേണ്ടിവന്ന കൊല്ലം ബൈപാസ് നിർമാണം അവസാനഘട്ടത്തിലാണെന്നതും  ഒരുമാസത്തിനകം പൂർത്തിയാകുമെന്നതും ആശ്വാസം തരുന്നു. മേവറം മുതൽ കാവനാട് ആൽത്തറമൂടുവരെ 13 കിലോമീറ്ററാണു ദൂരം. ആലപ്പുഴ നഗരത്തെ ഒഴിവാക്കി കൊമ്മാടിയിൽനിന്നു കളർകോട്ടേക്കു നിർമിക്കുന്ന ആലപ്പുഴ ബൈപാസ് പദ്ധതിയാകട്ടെ ഇനിയും പൂർത്തിയായിട്ടില്ല. ബൈപാസിന്റെ നിർമാണം ഏറെക്കുറെ അവസാനഘട്ടത്തിലാണെങ്കിലും രണ്ടു റെയിൽവേ മേൽപാലങ്ങൾ പൂർത്തിയാകാനുണ്ട്. 1984ൽ പ്രാരംഭ പ്രവർത്തനം ആരംഭിച്ച ബൈപാസിന്റെ പണി തുടങ്ങാൻതന്നെ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. കോഴിക്കോട് രാമനാട്ടുകര - വെങ്ങളം ദേശീയപാതാ ബൈപാസിൽ നിലവിലുള്ള രണ്ടുവരിപ്പാത ആറുവരിയാക്കുന്ന പ്രവൃത്തി ഈ മാസം ആരംഭിക്കുമെന്നാണു ദേശീയപാത അതോറിറ്റി പറഞ്ഞതെങ്കിലും അതും എവിടെയുമെത്തിയിട്ടില്ല.

ഈ ഇഴച്ചിലുകൾക്കൊപ്പമാണു സംസ്ഥാനത്തെ മറ്റു റോഡുകളിലെ ബൈപാസുകളുടെ അനിശ്ചിതത്വം. ഇതിൽ പ്രധാനപ്പെട്ടതെന്നു പറയാവുന്ന തിരുവല്ല ബൈപാസ് നിർമാണത്തിൽ നടന്നതു കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്നും ഒരിക്കലും നടക്കാത്ത പദ്ധതിക്കുവേണ്ടിയാണു കോടികൾ ചെലവഴിച്ചതെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞതിൽവരെ കാര്യങ്ങൾ ചെന്നെത്തി.

നമ്മുടെ ദേശീയപാതയിലെ ബൈപാസ് നിർമാണങ്ങൾ ദ്രുതഗതിയിലാക്കുന്ന കാര്യത്തിൽ എൻഎച്ച് അതോറിറ്റി പിന്നാക്കം പോകാതിരിക്കാൻ കേന്ദ്ര സർ‌ക്കാരിന്റെ ഫലപ്രദ ഇടപെടൽ ഉണ്ടാവണം. കേരളത്തിലെ ദേശീയപാത വികസനത്തിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഇന്നലെ വ്യക്തമാക്കിയ താൽപര്യവും നടത്തിയ പ്രഖ്യാപനങ്ങളും പ്രതീക്ഷ തരുന്നു. സംസ്ഥാനപാതകളിലടക്കമുള്ള ബൈപാസ് നിർമാണം വൈകാതെ പൂർത്തിയാക്കാൻ നമ്മുടെ രാഷ്ട്രീയകക്ഷികളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയും വേണം. ഗതാഗതം സുഗമമാക്കാൻ നമ്മുടെ പല നഗരങ്ങളും വഴിക്കണ്ണുമായി കാത്തിരിക്കുകയാണെന്ന  യാഥാർഥ്യം കാണാതെപോകരുത്.