Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃത്തികൊണ്ടെഴുതാം, പുതുകേരളം

അഭിമാനം പകരുന്ന പിറവിയുടെ ഓർമയും വരുംകാലത്തെക്കുറിച്ചുള്ള സ്വപ്നത്തിന്റെ തെളിമയുമായി വീണ്ടും കേരളത്തിന്റെ പിറന്നാൾ. പല അടരുകളുള്ള നവകേരളം എന്ന ആശയം പ്രതീക്ഷയോടെ ഇതൾവിടർത്തുന്നത് ഈവേളയിൽ നാം കാണുന്നുണ്ട്. അതേസമയം, വേരാഴ്‌ത്തിക്കൊണ്ടിരിക്കുന്ന മാലിന്യസംസ്‌കാരം ഓരോനാളും നാടിനെ തോൽപിച്ചുകൊണ്ടിരിക്കുന്നതും നമ്മുടെ കൺമുന്നിലാണ്. പ്രതിദിനം കേരളം പുറന്തള്ളുന്ന ആയിരക്കണക്കിനു ടൺ മാലിന്യത്തിൽ വലിയ പങ്കും തദ്ദേശസ്‌ഥാപനങ്ങളുടെ പിടിപ്പുകേടുകൊണ്ടും മറ്റും സംസ്‌കരിക്കപ്പെടാതെ മിക്കയിടങ്ങളിലും കൂമ്പാരങ്ങളായി പെരുകിവരുമ്പോൾ പുനർനിർമാണത്തോടൊപ്പമുള്ള നവകേരളത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നു കൃത്യമായി തെളിയുന്നു: വൃത്തിയുള്ള നാട്.

നിറഞ്ഞുപെയ്യുന്ന രണ്ടു മഴക്കാലവും 44 നദികളും ഒട്ടേറെ തോടുകളുമായി പ്രകൃതി അനുഗ്രഹിച്ച കേരളം ഇങ്ങനെ മാലിന്യത്തിലേക്കു കൂപ്പുകുത്തുന്നത് അത്യധികം ലജ്ജാകരം തന്നെ. വ്യക്‌തിശുചിത്വത്തിൽ മുന്നിലുള്ള മലയാളി പൊതുശുചിത്വത്തിൽ ഒട്ടേറെ പിന്നിലാണെന്നതിന്റെ ദുർഗന്ധതെളിവുകളായി മലീമസമായ വഴിയോരങ്ങളും പുഴയോരങ്ങളും കടൽത്തീരങ്ങളും നമുക്കു മുന്നിലുണ്ട്. വെടിപ്പും ആരോഗ്യവുമുള്ള സമൂഹം ഏതു നാടിന്റെയും സ്വപ്‌നമാണെന്നിരിക്കെ, നമ്മുടെ സംസ്‌ഥാനം ആ സ്വപ്‌നത്തിൽനിന്ന് എത്രമാത്രം അകന്നുവെന്നറിയാൻ കേരളത്തിലെ ഏതു വഴിയിലൂടെയും കുറച്ചുദൂരം നടന്നാൽ മതി. കേരളം ഒരു മാലിന്യക്കുപ്പയായി മാറുകയാണെന്നു നമ്മുടെ കണ്ണും മൂക്കുംതന്നെ പറഞ്ഞുതരും. പ്രളയം മാലിന്യപ്രശ്നം കൂടുതൽ സങ്കീർണമാക്കിയിരിക്കുകയുമാണ്.

ശുചിത്വമില്ലായ്മ വിളിച്ചുവരുത്തുന്ന രോഗപ്പെരുപ്പം കേരളത്തിലെ ആശുപത്രികളിലെ പതിവു കാഴ്ചയാകുന്നു. നിയമംമൂലം നിരോധിച്ചിട്ടും വീട്ടുമാലിന്യങ്ങൾ ഇരുളിന്റെ മറവിൽ വഴിയോരത്തും നദികളിലുമൊക്കെ തള്ളുന്നവർ പകൽനേരങ്ങളിൽ മാത്രം കാണിക്കുന്ന പൗരബോധം നാം കാണുന്നതുമാണ്. ആശുപത്രിമാലിന്യങ്ങൾപോലും നാടിന്റെ നെഞ്ചിലേക്കു വലിച്ചെറിയാൻ മടിയില്ലാത്തവരും ഇവിടെയുണ്ട്.

കേരളത്തിൽ മിക്കയിടങ്ങളിലും ഓരോ ദിവസവും പെരുകിവരുന്ന മാലിന്യക്കൂമ്പാരങ്ങൾ സർക്കാരിന്റെ അടിയന്തരശ്രദ്ധ തേടാൻ തുടങ്ങിയിട്ടു കാലമേറെയായി. ശാസ്‌ത്രീയമായ മാലിന്യശേഖരണവും സംസ്‌കരണവുമാണ് ഏക പോംവഴി എന്നിരിക്കെ, മുന്നിട്ടിറങ്ങാൻ ഉത്തരവാദപ്പെട്ടവർ ഇല്ലാത്തതാണു പലയിടത്തും കാര്യങ്ങൾ കൈവിട്ടുപോകാൻ കാരണം. വീട്ടിലും നാട്ടിലും ശുചിത്വപരിപാടികൾ നടപ്പാക്കേണ്ടതുണ്ട്. മാലിന്യനിർമാർജനം ജനകീയപ്രസ്‌ഥാനമാക്കാനുള്ള സമഗ്രപദ്ധതി പ്രഖ്യാപനത്തിലൊതുക്കാതെ, എല്ലാ വകുപ്പുകളുടെയും തദ്ദേശസ്‌ഥാപനങ്ങളുടെയും സഹകരണത്തോടെ യാഥാർഥ്യമാക്കാൻ സംസ്‌ഥാന സർക്കാർ ഇനിയും വൈകിക്കൂടാ.

ജനപ്രതിനിധികളും നാട്ടുകാരും മനസ്സുവച്ചാൽ വീട്ടുമുറ്റംപോലെ പട്ടണവും വൃത്തിയായി സൂക്ഷിക്കാം എന്നതിന്റെ മികച്ച ഉദാഹരണമായി വയനാട്ടിലെ സുൽത്താൻ ബത്തേരിയെ കാണാം. ജനകീയ പങ്കാളിത്തത്തോടെ നഗരം ശുചിയായി സൂക്ഷിക്കുന്ന ബത്തേരി മാതൃക കേരളത്തിലെ മറ്റു നഗരസഭകൾക്കും പകർത്താവുന്നതാണ്. രണ്ടുവർഷം മുൻപുവരെ കേരളത്തിലെ മറ്റേതു പട്ടണത്തെയും പോലെ മലിനമായിരുന്നു ബത്തേരിയും. ഇപ്പോഴത്തെ ഭരണസമിതി അധികാരമേറ്റയുടൻ ബത്തേരിയിലെ 13 ഓവുചാലുകളും ഒരുകോടി രൂപ ചെലവഴിച്ചു വൃത്തിയാക്കി. ബത്തേരിയെ ‘പ്ലാസ്റ്റിക് നിരത്തിലില്ലാത്ത നഗര’മായി പ്രഖ്യാപിച്ചു. പ്രളയകാലത്തിനുപോലും നഗരത്തിന്റെ വൃത്തി കുറയ്ക്കാനായിട്ടില്ല. പ്രളയത്തിനുശേഷം വയനാട്ടിലെ മറ്റിടങ്ങളിൽ പകർച്ചവ്യാധികൾ തലപൊക്കിയെങ്കിലും ബത്തേരിക്കു ഭീഷണിയായതുമില്ല. പരിസരശുചിത്വത്തിൽനിന്ന് ആരോഗ്യത്തിലേക്ക് എന്ന മുദ്രാവാക്യമുയർത്തിയാണു നഗരസഭയുടെ പ്രവർത്തനം.

തൃശൂർ ജില്ലയിലെ അതിരപ്പിള്ളിക്കു സമീപം തുമ്പൂർമൂഴി ഗ്രാമത്തിൽനിന്നുള്ള മാതൃകയടക്കം മാലിന്യസംസ്കരണരംഗത്തു ശ്രദ്ധേയമായ മുദ്ര പതിപ്പിക്കുന്ന പല മുന്നേറ്റങ്ങളും ഇപ്പോൾ നമുക്കുണ്ട്. മാലിന്യനിർമാർജനം ജനകീയപ്രസ്‌ഥാനമാക്കാൻ ഇനിയെങ്കിലും കഴിയണമെന്ന് ഈ കേരളപ്പിറവി നമുക്കു പറ‍ഞ്ഞുതരുന്നു. ഇതിനായി ആദ്യം വേണ്ടതു സമൂഹത്തിലുള്ള ഓരോരുത്തരുടെയും മനസ്സിന്റെ വൃത്തിയാണ്; വീടു മാത്രമല്ല, നാടും നിരത്തും പുഴയുമൊക്കെ എന്റേതാണെന്ന ബോധമാണ്.