Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവരുടെ ദുരിതയാത്ര നാടിനു നാണക്കേട്

കായികകിരീടവുമായി വരുന്നവരെ നാം ഇരുകയ്യും നീട്ടി സ്വീകരിക്കും. മെ‍ഡൽജേതാക്കൾക്കു സർക്കാരും സംഘടനകളും പാരിതോഷികം പ്രഖ്യാപിക്കും; നാടുനീളെ സ്വീകരണവുമൊരുക്കും. പക്ഷേ, അവരെങ്ങനെ വിജയപീഠത്തിൽ കയറി എന്നതു സംബന്ധിച്ച ചർച്ചകൾ മാധ്യമങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോകാറാണു പതിവ്. റാ‍ഞ്ചിയിൽ ഇന്നു തുടങ്ങുന്ന ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിനായി സർവദുരിതവും സഹിച്ചു ട്രെയിനിൽ യാത്രചെയ്ത കേരള ടീമിലെ അത്‍ലീറ്റുകളെ കാണുമ്പോൾ ആർക്കാണു സങ്കടം വരാത്തത്? അവരുടെ കഷ്ടയാത്രയ്ക്ക് ആരു സമാധാനം പറയും? താരങ്ങൾക്കു സുഖയാത്ര ഒരുക്കുന്നതിൽ സർക്കാരും കായികസംഘടനകളും പൂർണ പരാജയമായെന്ന കാര്യത്തിൽ സംശയമില്ല.

ടീം സഞ്ചരിച്ച ആലപ്പുഴ – ധൻബാദ് എക്സ്പ്രസിൽ 24 താരങ്ങൾക്കേ റിസർവേഷനുണ്ടായിരുന്നുള്ളൂ. പക്ഷേ, താരങ്ങളും പരിശീലകരും ഉൾപ്പെടെ 136 പേരാണു റാഞ്ചി മീറ്റിനായി ട്രെയിനിൽ യാത്രചെയ്തത്. നിൽക്കാനും ഇരിക്കാനും കിടക്കാനും പറ്റാതെ എന്തു പ്രയാസമാവും നമ്മുടെ കുട്ടിത്താരങ്ങൾ അനുഭവിച്ചിരിക്കുക. ശുചിമുറിസൗകര്യംപോലും ഉപയോഗപ്പെടുത്താൻ കഴിയാത്ത സാഹചര്യം പെൺകുട്ടികൾ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻവരെ കാരണമായേക്കാം. ആരാണ് ഇത്തരമൊരു സാഹചര്യത്തിലേക്കു നമ്മുടെ താരങ്ങളെ തള്ളിയിട്ടത്?
അത്‍ലറ്റിക് അസോസിയേഷനും സംസ്ഥാന സർക്കാരിനും അതിന്റെ ഉത്തരവാദിത്തത്തിൽനിന്നു മാറിനിൽക്കാൻ കഴിയില്ല. വേദിയുടെ കാര്യത്തിലെ അനിശ്ചിതത്വമാണു ട്രെയിനിൽ സീറ്റ് മുൻകൂർ ഉറപ്പുവരുത്താൻ കഴിയാതെപോയതിന്റെ കാരണമെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ, ഒരു ദേശീയ മീറ്റിൽ കേരളത്തെ പ്രതിനിധീകരിക്കേണ്ട താരങ്ങൾക്കു ട്രാക്കിലിറങ്ങും മുൻപേ ദുരിതത്തിന്റെ ട്രാക്കിലൂടെ കടന്നുപോകേണ്ടിവന്നുവെന്നതു സംഘാടകരുടെയും സർക്കാരിന്റെയും പിടിപ്പുകേടായി മാത്രമേ കണക്കാക്കാൻ കഴിയൂ. എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും താരങ്ങൾ അനുഭവിച്ച കഷ്ടങ്ങൾക്കു‌ മുന്നിൽ അവയൊക്കെ നിസ്സാരങ്ങൾ മാത്രം.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല താരങ്ങളോടുള്ള ഈ അനീതി. ദേശീയ സ്കൂൾ കായികമേളകൾ ഒന്നിച്ചു നടത്തിയ കാലത്ത് പലപ്പോഴും താരങ്ങളുടെ ട്രെയിൻ യാത്ര ‘വാഗൺ ട്രാജഡി’ക്കു സമാനമായ കംപാർട്മെന്റ് ദുരിതങ്ങളിലൂടെയായിരുന്നു. ഒരുപോള കണ്ണടയ്ക്കാനാവാതെ നിന്നും ഇരുന്നും നേരംവെളുപ്പിച്ച് റാഞ്ചിയിലേക്കും പുണെയിലേക്കുമൊക്കെ നമ്മുടെ കായികതാരങ്ങൾ യാത്രചെയ്തിട്ടുണ്ട്. യാത്രയുടെ ക്ഷീണം പുറത്തുകാണിക്കാതെ ട്രാക്കിലും ഫീൽഡിലും ഉശിരോടെ ഇറങ്ങി സ്വർണക്കൊയ്ത്തു നടത്തി അവർ നാടിനു കിരീടം സമ്മാനിച്ചിട്ടുമുണ്ട്. ആത്മാർഥതയ്ക്ക് ഒരു കുറവും വരുത്താത്ത താരങ്ങളോട് എന്നിട്ടും നമ്മുടെ കായിക ഭരണകർത്താക്കൾ കാണിക്കുന്ന ക്രൂരതയ്ക്കും അവഗണനയ്ക്കും അവസാനമില്ല. റാഞ്ചി മീറ്റ് കഴിഞ്ഞാൽ തിരിച്ചു കേരളത്തിലേക്കെത്താനുള്ള ടിക്കറ്റിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുവെന്ന യാഥാർഥ്യം ആശങ്കപ്പെടുത്തുന്നതാണ്.

വിമാനയാത്രയും എസി ട്രെയിൻ യാത്രയുമൊക്കെ ദേശീയ മീറ്റുകളിൽ പങ്കെടുക്കുന്ന നമ്മുടെ കുട്ടിത്താരങ്ങളും അർഹിക്കുന്നു. ദേശീയ മീറ്റുകൾക്കായുള്ള താരങ്ങളുടെ യാത്രയ്ക്കായി സ്ഥിരംനിധി എന്നൊരു ആശയം മുൻപു നിർദേശിക്കപ്പെട്ടിരുന്നു. അത്തരത്തിൽ ഫണ്ട് ഉണ്ടെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ യാത്രകളൊരുക്കാൻ അധികൃതർക്കു കഴിയും. കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും ഇടപെട്ട്, സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ അത്തരമൊരു യാത്രാഫണ്ട് ഉടൻ രൂപീകരിക്കണം.  സാമ്പത്തിക പരിമിതിയല്ല, വേദിയുടെ കാര്യത്തിലെ അനിശ്ചിതത്വമാണ് ഇത്തവണ കുട്ടികളുടെ യാത്രയെ ദുരിതമയമാക്കിയതെങ്കിലും ഇങ്ങനെയൊരു ദുരവസ്ഥ ഇനിയൊരിക്കലും നമ്മുടെ താരങ്ങൾക്ക് ഉണ്ടായിക്കൂടാ. ഇത്തരം ബാധ്യതകളിൽനിന്ന് അധികൃതർ ഒളിച്ചോടാനും പാടില്ല.