Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയപാർട്ടികളെ അലട്ടുന്നത്

പ്രളയം ഒരുമിപ്പിച്ചവരെ ശബരിമലയുമായി ബന്ധപ്പെട്ട വിവാദം പല തട്ടിലാക്കിയതാണു വർത്തമാനകാലത്തിന്റെ കാഴ്ച. ഈ സാഹചര്യം രാഷ്ട്രീയപാർട്ടികളിലും പിരിമുറുക്കം സൃഷ്ടിച്ചിരിക്കുന്നു. ജനകീയാടിത്തറ ഉറപ്പിക്കാനും വിപുലപ്പെടുത്താനുമുള്ള പരിശ്രമങ്ങളെ സുപ്രീംകോടതി വിധിയും പ്രത്യാഘാതങ്ങളും എങ്ങനെ ബാധിക്കുമെന്ന ആശങ്ക, മുന്നണികളെ നീറ്റിത്തുടങ്ങുന്നു. മണ്ണ് പാകത്തിലായോ എന്നറിയാൻ സംഘപരിവാർ രഥമുരുട്ടാനും ആരംഭിച്ചിരിക്കുന്നു.

രണ്ടും കൽപിച്ച്  ഇടതുമുന്നണി

‌മുഖ്യമന്ത്രി പിണറായി വിജയൻ തെളിക്കുന്ന വഴിയിൽ നീങ്ങുകയാണ് സിപിഎമ്മും എൽഡിഎഫും. സ്വതസിദ്ധമായ ശൈലിയിൽ നീങ്ങുന്ന മുഖ്യമന്ത്രി, ഇക്കാര്യത്തിലും വെള്ളംചേർക്കാൻ തയാറല്ല. അതേസമയം, കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും നിർദേശങ്ങൾക്ക് അദ്ദേഹം വഴങ്ങുകയും ചെയ്യുന്നുണ്ട്. തന്ത്രികുടുംബത്തിനും പന്തളം കൊട്ടാരത്തിനുമെതിരെയുള്ള പത്തനംതിട്ട പ്രസംഗത്തിലെ കടുത്ത പ്രയോഗങ്ങൾ ആവർത്തിക്കാതിരുന്നത് അതുകൊണ്ടാണ്. ശബരിമലയുമായി ബന്ധപ്പെട്ട സർക്കാർ നിലപാടു വിശദീകരിച്ച ആദ്യ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി കടന്നാക്രമിച്ചത് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ചില പ്രതികരണങ്ങളിൽ മുഖ്യമന്ത്രിക്കുണ്ടായ രോഷം, അനുരഞ്ജനനീക്കങ്ങളെ ബാധിച്ചു. ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി നൽകിയാൽ അത് സർക്കാരിന്റെ കീഴടങ്ങലായേക്കാമെന്ന വ്യാഖ്യാനം, ആ സാധ്യത പൊളിച്ചു.

മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾക്കു വൻ ജനക്കൂട്ടമുണ്ട്. പക്ഷേ, അതിൽ 10–15% മാത്രമാണു സ്ത്രീകൾ. നാമജപ ഘോഷയാത്രയിൽ 90 ശതമാനം സ്ത്രീകളാണുതാനും. ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്ന സ്ത്രീകളും എൽഡിഎഫുമായി ബന്ധപ്പെട്ടു നിൽക്കുന്ന കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ അണിചേരുന്നു എന്നതു സിപിഎം തന്നെ സമ്മതിക്കുന്നു. പിണറായി സർക്കാർ വന്നശേഷം, എൻഎസ്എസ് ആദ്യമായി ശത്രുപക്ഷത്തായതു നേതൃത്വത്തെ ഞെട്ടിപ്പിക്കുക തന്നെ ചെയ്തു. മുഖ്യമന്ത്രി ബന്ധപ്പെടുന്നില്ലെങ്കിലും പാർട്ടി നേതാക്കളും മന്ത്രിമാരും എൻഎസ്എസ് സമ്പർക്കം വിട്ടിട്ടില്ല.

പാർട്ടിവിട്ടു പോകുകയോ ഇടതുപക്ഷത്തോട് അകന്നുപോകുകയോ ചെയ്ത ഒരുവിഭാഗം ഇതിനിടെ തിരിച്ചുവരികയും ചെയ്യുന്നുണ്ട്.സിപിഎം അതിന്റെ ഇടതുരാഷ്ട്രീയം അടിയറവച്ചെന്ന് ആരോപിച്ച് അകന്നുപോയവരെ, പുരോഗമന – കമ്യൂണിസ്റ്റ് നിലപാടുകളിലൂടെ പിണറായി വിജയൻതന്നെ ആകർഷിക്കുന്നു. ബിജെപിയുടെ കടന്നുകയറ്റം കോൺഗ്രസിനെയാണു ബാധിക്കുകയെന്ന് ആശ്വസിക്കുമ്പോഴും എല്ലാം കലങ്ങിത്തെളിയുംവരെ സിപിഎമ്മും സർക്കാരും ആശങ്കയിലാണ്.

വിശ്വാസിവോട്ടിൽ കണ്ണുവച്ച് യുഡിഎഫ്

ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ചുകൊണ്ടുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അതിശയിപ്പിക്കാനിടയില്ല.  ഹൈക്കമാൻഡിന്റെ മനസ്സറിയാവുന്ന മുല്ലപ്പള്ളിയും വിധിവന്ന സമയത്ത് അതിനോടു യോജിപ്പിലായിരുന്നു. പൊതുനിലപാടെടുക്കാനായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉടൻ കൂടിയാലോചനകൾ നടത്തി. 2016ൽ യുഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ, യുവതീപ്രവേശത്തെ എതിർക്കുന്ന സത്യവാങ്മൂലത്തിൽ ഉറച്ചുനിൽ‍ക്കാമെന്ന തീരുമാനം മുല്ലപ്പള്ളിയും അംഗീകരിച്ചു.

ഇടതുസർക്കാരിന്റെ തിരുത്തിയ സത്യവാങ്മൂലവും ആർഎസ്എസ് നിലപാടും ഒന്നാണെങ്കിൽ, വിശ്വാസികൾ‍ക്കൊപ്പമെന്ന നില ആദ്യം മുതൽ സ്വീകരിച്ചതു യുഡിഎഫ് മാത്രമാണെന്നു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിലെ വിശ്വാസസംരക്ഷണത്തിനുവേണ്ടിയുള്ള പ്രതിഷേധത്തിനപ്പുറം, ‘വിശ്വാസസംരക്ഷണം അവകാശമായി ഉയർത്തിപ്പിടിക്കുന്ന പൊതുസമര’മാക്കി മാറ്റി എല്ലാ വിഭാഗത്തിന്റെയും പിന്തുണയ്ക്കാണു നോട്ടം.

അതിനിടെ, കോൺഗ്രസ് അധ്യക്ഷന്റെ തുറന്നുപറച്ചിൽ മുസ്‌ലിം ലീഗിലടക്കം വിമ്മിട്ടം സൃഷ്ടിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രകടനമാണ് ഘടകകക്ഷികളടക്കം ഉറ്റുനോക്കുന്നത്. തങ്ങൾക്കു വോട്ടുചെയ്യുന്നവരേറെയും വിശ്വാസികളാണെന്നതിനാൽ മറിച്ചൊരു നിലപാട് യുഡിഎഫിനെ സംബന്ധിച്ചു പ്രസക്തമല്ല.  പക്ഷേ, വിശ്വാസികളുടെ വികാരത്തോടു കൂടുതൽ ഐക്യദാർഢ്യപ്പെട്ടുനിൽക്കുന്നതു ബിജെപിയാണെന്നു വന്നാൽ, എന്താകുമെന്ന ആശങ്ക ശക്തം. അതുകൊണ്ടുതന്നെ ഹൈക്കമാൻഡ് എന്തു വിയോജിപ്പു പറഞ്ഞാലും കോൺഗ്രസ് പ്രതിഷേധ

പാതയിൽ തുടരും. വേരുറപ്പിക്കാൻ  ബിജെപി

‘ബിജെപിക്കു കേരളത്തിൽ വേരുറപ്പിക്കാനുള്ള രാഷ്ട്രീയാവസരമാണോ ഇത്?’ വാർത്താസമ്മേളനത്തിലെ ഈ ചോദ്യം ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള നിഷേധിച്ചില്ല. സുപ്രീംകോടതിവിധിയെ ആർഎസ്എസ് ആദ്യം അനുകൂലിച്ചെങ്കിലും ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ എതിർപ്പു ശക്തമാക്കിയതോടെ ആർഎസ്എസും വഴങ്ങി. മുഖ്യമന്ത്രിയും സിപിഎമ്മും ലക്ഷ്യം വയ്ക്കുന്നതു ‘സംഘപരിവാറിനെ’യാണെന്നു വന്നത് ആ പിന്തുണ ഉറപ്പിക്കൽ എളുപ്പമാക്കി.

ആദ്യഘട്ടത്തിൽ കേന്ദ്രനേതൃത്വത്തിന്റെ അനുമതി വാങ്ങാൻ തുനിയാതെയാണ് വിധിക്കെതിരെ സംസ്ഥാനനേതൃത്വം നിലയുറപ്പിച്ചത്. ചോദിച്ചാൽ നിഷേധിക്കുമെന്നു വന്നതോടെ തന്ത്രപരമായ നിലപാടെടുത്തു. രാജ്യാന്തര ഹിന്ദുപരിഷത് നേതാവ് പ്രവീൺ തൊഗാഡിയയും മലയാളിയായ ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥനും കളം കയ്യടക്കുന്ന പ്രതിഷേധത്തിനു മുതിരുന്നതു ചൂണ്ടിക്കാട്ടി സമ്മർദവും ചെലുത്തി. നിലവിൽ പരിവാർ സംഘടനകളാകെ പ്രതിഷേധരംഗത്താണ്.

ലോക്സഭാ തിരഞ്ഞെടുപ്പുവരെ ആവേശം നിലനിർത്തണമെന്നാണ് പ്രവർത്തകർക്കു നൽകിയിരിക്കുന്ന നിർദേശം. ആളും അർഥവും അതിനു തടസ്സമായിരിക്കില്ലെന്ന ഉറപ്പുനൽകിയാണ് അമിത് ഷാ മടങ്ങിയത്. വിശ്വാസസംരക്ഷണം ഉറപ്പുവരുത്തുന്ന ഒരു ഓർഡിനൻസിനു കേന്ദ്രത്തിന് എന്താണു തടസ്സമെന്ന ചോദ്യം പാർട്ടിക്കു മുന്നിലുണ്ട്. സമയമാകട്ടെ എന്നാണ് അർഥംവച്ചുള്ള മറുപടി.