Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരിയുടെ വടക്കേയറ്റം

ലഹരിമരുന്നുകളുടെ വ്യാപനം കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹികവിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. ലഹരി മാഫിയയുടെ നീരാളിപ്പിടിത്തത്തിൽ അമർന്നവരിൽ ഭൂരിപക്ഷവും യുവാക്കളും വിദ്യാർഥികളുമാണെന്നതാണു ഞെട്ടിക്കുന്ന വസ്‌തുത. കേരളത്തിന്റെ പല ഇടങ്ങളോടൊപ്പം, ഉത്തര മലബാറിന്റെയും സ്വസ്ഥത കെടുത്തി ലഹരി മാഫിയ പിടിമുറുക്കുന്നുവെന്ന യാഥാർഥ്യം ആശങ്കാജനകമാണ്. കാസർകോട്ടും കണ്ണൂരും ലഹരിക്കു തടയിടാൻ മതിയായ നടപടികൾ ഇനിയുമായിട്ടില്ല. ഡ്രഗ് ഹബ് ആയി മാറിക്കൊണ്ടിരിക്കുന്ന മംഗളൂരുവിൽനിന്ന് ഇടവിടാതെ ഈ ജില്ലകളിലേക്ക് ഒഴുകുകയാണു ലഹരി. മംഗളൂരുവിൽ എംബിബിഎസിനും നഴ്സിങ്ങിനുമൊക്കെ പഠിക്കുന്ന ചില മലയാളി വിദ്യാർഥിനികൾ‍പോലും മരണത്തിന്റെ വാഹകരാകുന്ന ദുരവസ്ഥയാണു കൂടുതൽ ദുഃഖകരം.

കാസർകോട്, കണ്ണൂർ ജില്ലകളിലെ പല സ്ഥലങ്ങളും കഞ്ചാവിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും കേന്ദ്രങ്ങളാണ്; അതിർത്തി കടന്നെത്തുന്ന ലഹരിമരുന്നു വ്യാപാരത്തിനു പറ്റിയ വളക്കൂറുള്ള സ്ഥലങ്ങൾ. ലഹരിവസ്തുക്കൾ ആവശ്യക്കാരിലെത്തിക്കുന്നത് സ്കൂൾ കുട്ടികൾ മുതൽ യാചകർ വരെയാണ്. മുൻപ് ഇവയിൽ പല സ്ഥലങ്ങളും വ്യാജവാറ്റിന്റെയും സ്പിരിറ്റിന്റെയും ഈറ്റില്ലങ്ങളായിരുന്നെങ്കിൽ ഇപ്പോൾ അവിടെ കൈമാറ്റം ചെയ്യപ്പെടുന്നത് കേട്ടുകേൾവിയില്ലാത്ത മാരക ലഹരിഗുളികകൾ.

ഗോവയും മംഗളൂരുവും അടുത്താണെന്നുള്ളത് ഉത്തര മലബാറിന്റെ ലഹരിസ്നേഹം കൂട്ടുന്നു. നൈജീരിയ, ഫിലിപ്പീൻസ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ആയിരക്കണക്കിന് ഏജന്റുമാരാണു ഗോവയിലേക്കു ലഹരിമരുന്ന് എത്തിക്കുന്നത്. ഗോവയിലെ ലഹരി മാഫിയയുടെ പ്രധാന ഇടത്താവളമാണു മംഗളൂരു. ഇടുക്കിയിൽനിന്നു പോലും വലിയതോതിൽ മംഗളൂരുവിലേക്കു കഞ്ചാവെത്തുന്നുണ്ട്. ആഡംബര ബസുകൾ, പൂക്കൾ കൊണ്ടുവരുന്ന ലോറികൾ, ചെറു കാറുകൾ, എന്തിനേറെ, വിദ്യാർഥികളുടെ ബാഗിൽവരെ ലഹരിവസ്തുക്കൾ കടത്തുന്നു. ഇരു ജില്ലകളിലും 2016 മുതൽ ലഹരികടത്തുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം മാത്രമെടുത്താൽ മനസ്സിലാകും, മരണവഴിയുടെ വ്യാപ്തിയും വ്യാപനവും. മദ്യം, ലഹരി, പുകയില ഉൽപന്നങ്ങൾ തുടങ്ങിയവ പിടികൂടിയതിൽ കാസർകോട്ട് റജിസ്റ്റർ ചെയ്ത കേസുകൾ പതിനായിരത്തോളമാണ്. കണ്ണൂരിൽ പതിനയ്യായിരം കേസുകളെടുത്തു. ഇതിൽ കൂടുതലും പുകയില ഉൽപന്നങ്ങൾ പിടികൂടിയ സംഭവങ്ങളാണ്. ഇരു ജില്ലകളിലുമായി ഇത്രയും കേസുകളിൽ പ്രതിചേർക്കപ്പെട്ടവർ ഒന്നര ലക്ഷത്തിലേറെയാണ്. മംഗളൂരുവിൽ ലഹരികടത്തിനു മാത്രം 2016 മുതൽ ആയിരത്തോളം കേസെടുത്തു. പ്രതികളിൽ ഒട്ടേറെ പേർ മലയാളി വിദ്യാർഥികളാണ്.

ചൈനയിൽനിന്നു ‘ബ്രാൻഡഡ്’ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് ഒഴുകുന്നുണ്ട്. സ്റ്റാംപ്, സ്പ്രേ, മിഠായി, മധുരപ്പൊടി തുടങ്ങി ഏതു രൂപത്തിലും ലഹരിയെത്താം. പൊലീസും എക്സൈസും റെയ്ഡ് ചെയ്തു പിടിച്ച പലതിലും ‘മെയ്ഡ് ഇൻ ചൈന’യെന്നു വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയിൽ നിന്നുള്ള പലരും ‘വീട്ടിലുണ്ടാക്കിയ’ ചോക്കലേറ്റുകളും മധുരപലഹാരങ്ങളും എന്ന പേരിൽ സാധനങ്ങൾ ഗ്രാമങ്ങളിലെ കടകളിലും വീടുകളിലും വിൽപന നടത്തുന്നുണ്ട്. ഇവയിൽ പലതിലും ലഹരി അടങ്ങിയിട്ടുണ്ടാകാം. ഇതിനിടെ, നാടൻ കഞ്ചാവു മുതൽ കൊക്കെയ്ൻ വരെ ഒഴുകിയെത്തുന്ന കേന്ദ്രമായി കൊച്ചി മാറിയിട്ടുമുണ്ട്.

വിദ്യാർഥികൾ ലഹരിക്ക് അടിമകളാകാതിരിക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് അധ്യാപകരും മാതാപിതാക്കളുമാണ്. ശക്തമായ അധ്യാപക –രക്ഷാകർതൃ സംഘടനയുള്ള വിദ്യാലയത്തിൽ കയറാൻ ലഹരി മാഫിയ ഭയക്കും. മികച്ച പൗരൻമാരായി, ആരോഗ്യത്തോടെ കുട്ടികൾ വളർന്നുവരേണ്ടതു മാതാപിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തമാണെന്നതു മറന്നുകൂടാ. ലഹരികടത്ത് തടയാൻ എക്സൈസ്, പൊലീസ്, വിദ്യാഭ്യാസം, സാമൂഹികനീതി തുടങ്ങിയ വകുപ്പുകളുടെ ഏകോപിച്ച പ്രവർത്തനങ്ങളും ജനകീയ പങ്കാളിത്തവും ഉറപ്പുവരുത്തണം. ഉത്തര മലബാർ അടക്കം കേരളത്തിൽ പലയിടത്തുമുള്ള ലഹരിയുടെ ആഴവേരുകൾ അടിയന്തരമായി അറുത്തുമാറ്റിയേതീരൂ.