Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താജുദീനും ചന്ദ്രനും അനുഭവിച്ചത്

മലയാള മനോരമ ‘ഞായറാഴ്ച’യിൽ ആ സങ്കടകഥ വായിച്ചു നടുങ്ങുകയും ലജ്ജിക്കുകയും ചെയ്തു, ലോകമെങ്ങുമുള്ള മലയാളികൾ. ചിന്തിക്കുകപോലും ചെയ്യാത്ത കാര്യത്തിനു ലോക്കപ്പ് വാസവും പൊലീസ് മർദനവും ഏറ്റെങ്കിലും, തനിക്കുമേൽ ചുമത്തപ്പെട്ട മോഷണക്കുറ്റം സമ്മതിക്കാൻ തയാറാകാതിരുന്ന കണ്ണൂർ കതിരൂരിലെ താജുദീന്റെ പോരാട്ടകഥയാണത്. ഇന്നലെ, ഇക്കഥ വായിച്ചതിന്റെ പിറ്റേന്ന്, പൊലീസ് ആളുമാറി അറസ്റ്റ് ചെയ്ത മണ്ണാർക്കാട് കാഞ്ഞിരപ്പുഴ പാമ്പൻതോട് ആദിവാസി കോളനിയിലെ ചന്ദ്രന്റെ സങ്കടവും രോഷവുംകൂടി നാം വായിച്ചറിഞ്ഞു.

താജുദീന് ആയുഷ്ക്കാലത്തു മറക്കാനും പൊറുക്കാനുമാവാത്ത കഷ്ടാനുഭവത്തെ ഇങ്ങനെ ചുരുക്കാം: മകളുടെ നിക്കാഹ് കഴിഞ്ഞ് രണ്ടാം ദിവസം രാത്രിയിലാണ് അദ്ദേഹത്തെയും കുടുംബത്തെയും രണ്ടു ജീപ്പുകളിലായി എത്തിയ പൊലീസ് തടഞ്ഞത്. മാല മോഷണക്കേസിലെ ചോദ്യംചെയ്യലിനെന്ന പേരിൽ പൊലീസ് കൊണ്ടുപോയ താജുദീൻ പിന്നീടു പുറത്തിറങ്ങിയത് 54 ദിവസത്തിനുശേഷം. ഗൾഫിലെ ബിസിനസും മക്കളുടെ വിദ്യാഭ്യാസവും ഉൾപ്പെടെ എല്ലാം തകർന്ന, വേദനയും അപമാനവും നിറഞ്ഞ അത്രയും ദിവസങ്ങൾക്കൊടുവിൽ താജുദീനോടു പൊലീസ് പറഞ്ഞു:

‘നിങ്ങൾ നിരപരാധിയാണ്’.

ഇതുവരെ ഒരു പെറ്റിക്കേസിൽപോലും പ്രതിയാകാത്തയാളെ ജയിലിലാക്കിയപ്പോൾ നമ്മുടെ പൊലീസ് എന്താണു നേടിയത്? അറസ്റ്റും നീണ്ട ജയിൽവാസവും നഷ്ടപ്പെടുത്തിയതാകട്ടെ, താജുദീന്റെ സ്വപ്നങ്ങളും ജീവിതവുമാണ്. ‘ഇത്രയും നാൾ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആരാണു സമാധാനം പറയുക’ എന്ന ചോദ്യത്തോടെ വീണ്ടുമൊരു പ്രവാസത്തിന് ഒരുങ്ങുകയാണ് അദ്ദേഹം; തുടങ്ങേണ്ടതു പൂജ്യത്തിൽനിന്നാണെന്നു മാത്രം. നിരപരാധിയായ താജുദീന്റെ ദുരിതകഥ മലയാള മനോരമ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കേസെടുത്തിട്ടുണ്ട്.

റേഷൻ കാർഡിലും ആധാർ കാർഡിലും ചന്ദ്രൻ എന്നാണെന്നു പറഞ്ഞിട്ടും കേൾക്കാതെയാണ് 10 വർഷം മുൻപത്തെ മോഷണക്കേസിലെ രാധാകൃഷ്ണൻ എന്ന പ്രതിയെ തേടിയെത്തിയ പൊലീസുകാർ ചന്ദ്രനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്. ‘രാധാകൃഷ്ണനല്ല, ചന്ദ്രനാണു ഞാൻ എന്നു പലതവണ പറഞ്ഞിട്ടും അവരെന്നെ ജയിലിലാക്കി. ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ടല്ലേ ഇത്രയും ദിവസം ജയിലിൽ കിടക്കേണ്ടിവന്നത്’ എന്ന ചന്ദ്രന്റെ ചോദ്യത്തിനു മറുപടി ലഭിച്ചേ തീരൂ. ആളുമാറി ആദിവാസിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം നടത്താൻ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്. 

അന്വേഷണങ്ങൾ ആ വഴിക്കു നീങ്ങട്ടെ. താജുദീനും ചന്ദ്രനുമുണ്ടായ ദുരനുഭവങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പാണു കേരളത്തിനുവേണ്ടത്. ഈ സംഭവങ്ങൾ നമ്മുടെ പൊലീസിനെ ആത്മപരിശോധനയിലേക്കും പൊതുസമൂഹത്തെ കൂടുതൽ ജാഗ്രതയിലേക്കും കൊണ്ടുപോകേണ്ടതുണ്ട്. ജനത്തിന്റെ ജീവനും സ്വത്തും പരിരക്ഷിക്കാൻ ചുമതലപ്പെട്ട പൊലീസ്തന്നെയാണ് മനസാ വാചാ അറിയാത്ത കാര്യത്തിനു ലോക്കപ്പ് വാസത്തിന്റെയും മാനസിക –ശാരീരിക പീഡനങ്ങളുടെയും ശിക്ഷ നൽകുന്നതെന്നോർത്തു ലജ്ജിക്കുക. ഒരു പരിഷ്കൃതസമൂഹത്തിൽ വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതാണ് ഇങ്ങനെയുള്ള കാര്യങ്ങൾ. എത്ര പാഠങ്ങളിലൂടെ കടന്നുപോയിട്ടും അതു പഠിക്കാത്തവരും നമ്മുടെ പൊലീസ് സേനയിലുണ്ടെന്നതു കഷ്ടമാണ്.

പൊലീസ് സംവിധാനത്തിന്റെ നിലപാടുദോഷത്തെ വിമർശിച്ചു തലപ്പത്തുതൊട്ടു മാറ്റംവരുത്തി ഭരണം തുടങ്ങിയ സർക്കാരാണിത്. എന്നിട്ടും, പൊലീസിന്റെ അധികാരദുർവിനിയോഗവും നിഷ്ക്രിയത്വവും ലോക്കപ്പ് പീഡനവുമൊക്കെ മറനീക്കിയ സംഭവങ്ങൾ പലതവണയുണ്ടായി. സമൂഹത്തിനു സംരക്ഷണം ഒരുക്കേണ്ട പൊലീസുകാർതന്നെ മനുഷ്യാവകാശ ധ്വംസകരായി മാറുന്നത് വേലി തന്നെ വിളവു തിന്നുന്നതിനു തുല്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയത് ഇക്കഴിഞ്ഞ ജൂലൈയിലാണ്.

സാധാരണക്കാർക്കും ദുർബലർക്കും നേരെയുള്ള കുതിരകയറ്റമാകരുത് പൊലീസിന്റെ നയമെന്നും ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരായാണു പൊലീസ് പ്രവർത്തിക്കേണ്ടതെന്നും അന്നു മുഖ്യമന്ത്രി പറഞ്ഞത് കേൾക്കേണ്ടവർ കേൾക്കുന്നില്ലെന്നാണോ കരുതേണ്ടത്?