Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക ഫലം നൽകുന്ന സൂചന

ഉപതിരഞ്ഞെടുപ്പുകൾ പലപ്പോഴും ഭരണസമവാക്യങ്ങളെ ബാധിക്കാറില്ലെങ്കിലും ജനവികാരത്തിന്റെ സൂചനയെന്ന നിലയിൽ അവയ്ക്കുള്ള രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. കർണാടകയിൽ മൂന്നു ലോക്സഭാ സീറ്റുകളിലേക്കും രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ നാലിടത്തും കോൺഗ്രസ്– ജനതാദൾ (എസ്) സഖ്യം നേടിയ വിജയം പ്രസക്തമാകുന്നതും അതുകൊണ്ടുതന്നെ. 

വിജയത്തെക്കാളുപരി, ഭൂരിപക്ഷത്തിന്റെ തോതാണു ശ്രദ്ധേയം. ഖനിവ്യവസായികളും ബിജെപിയിലെ കരുത്തരുമായ റെഡ്ഡി സഹോദരന്മാരുടെ ശക്തികേന്ദ്രമായ ബെള്ളാരിയിൽ 2.43 ലക്ഷമാണു കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം. ബെള്ളാരി പട്ടികസംവരണ മണ്ഡലമാണെന്നതും ബിജെപിക്ക് അവഗണിക്കാനാകാത്ത സൂചന നൽകുന്നു. 

മണ്ഡ്യയിൽ ദൾ വിജയിച്ചിരിക്കുന്നതാകട്ടെ 3.24 ലക്ഷം വോട്ടിനാണ്. ബിജെപിക്കു ശിവമൊഗ്ഗ ലോക്സഭാ മണ്ഡലം നിലനിർത്താനായെന്ന ആശ്വാസമുണ്ടെങ്കിലും അവിടെ ഭൂരിപക്ഷം കഴിഞ്ഞതവണത്തെ 3.63 ലക്ഷത്തിൽനിന്ന് 52,000 ആയി കുറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പു മാസങ്ങൾ മാത്രം അകലെനിൽക്കെ നടന്ന ഉപതിരഞ്ഞെടുപ്പുകളാണിവ. പ്രതിപക്ഷ ഐക്യം സംബന്ധിച്ച ചർച്ചകൾ ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുന്നതിനിടെ, അതിന്റെ പരീക്ഷണവേദിയാകുകയായിരുന്നു കർണാടക. 

സാഹചര്യങ്ങളുടെ സൃഷ്ടിയായിരുന്നു കഴിഞ്ഞ മേയിൽ അവിടെ രൂപംകൊണ്ട കോൺഗ്രസ് – ദൾ സഖ്യ സർക്കാർ. തിരഞ്ഞെടുപ്പിൽ പരസ്പരം പോരടിച്ചവർ ഒരുമിച്ചു ഭരണത്തിലേറിയപ്പോൾ ആയുസ്സ് എത്രനാൾ എന്നു സംശയിച്ചവരുണ്ട്. തിരഞ്ഞെടുപ്പു പരീക്ഷണത്തെ ഈ സഖ്യം എത്രത്തോളം അതിജീവിക്കുമെന്ന ചോദ്യവും ഉയർന്നിരുന്നു. 

സംസ്ഥാനത്തിന്റെ നാലു വ്യത്യസ്ത മേഖലകളിലായി നടന്ന ഉപതിരഞ്ഞെടുപ്പുകൾ നൽകുന്ന സൂചനകൾ ഏറെക്കുറെ സമാനമാണെന്നതു കോൺഗ്രസ് – ദൾ സഖ്യത്തിന് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. കൃഷിവായ്പകൾ എഴുതിത്തള്ളുമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനവും അതിനായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി കൈക്കൊണ്ട നടപടികളും പൊതുവേ സ്വീകാര്യത നേടി. റഫാൽ ഇടപാടിൽ ഉൾപ്പെടെ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രാഹുൽ ഗാന്ധി നടത്തുന്ന ശക്തമായ ആക്രമണവും ചർച്ചാവിഷയമായിരുന്നു. 

ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങളനുസരിച്ചുള്ള പ്രാദേശിക സഖ്യങ്ങളാണു വേണ്ടതെന്ന് ഈ വിജയം കോൺഗ്രസിനെ പഠിപ്പിക്കുന്നു. ഇതിനകംതന്നെ മഹാരാഷ്ട്രയിലും ബിഹാറിലും ജാർഖണ്ഡിലും പാർട്ടി ഇത്തരത്തിൽ പ്രാദേശിക സഖ്യങ്ങൾക്കു രൂപംനൽകിക്കഴി‍ഞ്ഞു. കർണാടകയിൽ വലിയകക്ഷിയായിരിക്കെത്തന്നെ മുഖ്യമന്ത്രിപദം ദളിനു നൽകുക വഴി, സഖ്യരാഷ്ട്രീയത്തിൽ അനിവാര്യമായ വിട്ടുവീഴ്ചയുടെ പാഠം ഉൾക്കൊള്ളാനും അവർ തയാറായി. 

രാജ്യത്തു കഴിഞ്ഞ രണ്ടുവർഷമായി മുൻപെങ്ങുമില്ലാത്തവിധം ഉപതിരഞ്ഞെടുപ്പുകൾക്കു പ്രാധാന്യം ഏറുകയാണ്. 2014 മുതൽ ഇതുവരെ 13 സംസ്ഥാനങ്ങളിലായി 24 ലോക്സഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. ഇവയിൽ പതിനാലും ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. അഞ്ചെണ്ണത്തിൽ വിജയിച്ചപ്പോൾ 9 എണ്ണം നഷ്ടപ്പെട്ടു. 30 വർഷത്തെ ഇടവേളയ്ക്കുശേഷം ആദ്യമായി ലോക്സഭയിൽ ഒരു കക്ഷിക്കു കേവലഭൂരിപക്ഷം എന്നതായിരുന്നു, 2014ൽ നരേന്ദ്ര മോദിയും ബിജെപിയും നേടിയ വിജയത്തിന്റെ സവിശേഷത. പാർട്ടിയുടെ അംഗബലം അന്നത്തെ 282 സീറ്റിൽനിന്ന് ഇപ്പോൾ 273ൽ എത്തിനിൽക്കുന്നു. പ്രതിപക്ഷം കൈകോർത്തുനിന്നാൽ വരുന്ന പൊതുതിരഞ്ഞെടുപ്പു 2014ലേതുപോലെ ഏകപക്ഷീയമായിരിക്കില്ലെന്നതിന് അടിവരയിടുകകൂടിയാണു കർണാടക ഉപതിരഞ്ഞെടുപ്പു ഫലങ്ങൾ.