Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെയുമുണ്ടോ വൈകിയോട്ടം

ദക്ഷിണ റെയിൽവേയിലെ ഉദ്യോഗസ്ഥലോബി കേരളത്തിനെതിരെ പ്രവർത്തിക്കുന്നുവെന്ന ആക്ഷേപത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. അവഗണനയ്ക്കു മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നു തെളിയിക്കുന്നതാണു പുതിയ സംഭവങ്ങൾ. കോട്ടയംവഴിയുള്ള എറണാകുളം – കായംകുളം പാതയിൽ ചങ്ങനാശേരി – ചിങ്ങവനം 9 കിലോമീറ്റർ ഇരട്ടപ്പാത പൂർത്തിയായിട്ടും ഗതാഗതത്തിനു തുറന്നുകൊടുക്കാത്തത് ഒരു ഉദാഹരണം മാത്രം. ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ വിവിധ വകുപ്പുമേധാവിമാർ ഒപ്പിട്ട ജോയിന്റ് ഇൻസ്പെക്‌ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഇവിടെ സുരക്ഷാപരിശോധന വൈകുകയാണ്.  

ചിങ്ങവനം – ചങ്ങനാശേരി പാത ഇക്കൊല്ലം മാർച്ച് 31നും ഏറ്റുമാനൂർ–കുറുപ്പന്തറ പാത മേയ് 31നും തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. കുറുപ്പന്തറ പാത വൈകുകയാണ്. കോട്ടയംവഴിയുള്ള പാത ഇരട്ടിപ്പിക്കൽ 2020ൽ തീർക്കുമെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രഖ്യാപനം നടക്കില്ലെന്നു വ്യക്തം. ഇരട്ടപ്പാത യാഥാർഥ്യമാകാൻ 2022 എങ്കിലും ആകുമെന്നതാണു സ്ഥിതി. ഭൂമി ഏറ്റെടുത്തു കൈമാറാനുള്ള സംസ്ഥാന സർക്കാരിന്റെ വേഗവും ഇതിൽ നിർണായകമാകും. 

തിരുവനന്തപുരത്തിനു സമീപം നേമം ടെർമിനൽ നിർമാണം, എറണാകുളം ജംക്‌ഷൻ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതി, എറണാകുളം മാർഷലിങ് യാഡിലെ ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‌ലൈൻ പദ്ധതി എന്നിവയും വൈകുകയാണ്. ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്നു മാസ്റ്റർ പ്ലാൻ റെയിൽവേ ബോർഡിലേക്ക് അയയ്ക്കാത്തതിനാൽ ആദ്യഘട്ട പട്ടികയിൽനിന്ന് എറണാകുളം സ്റ്റേഷൻ പദ്ധതി ഒഴിവാക്കിക്കഴിഞ്ഞു. 90% പൂർത്തിയായ പിറ്റ്‌ലൈനിന് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനാൽ നിർമാണം നിലച്ചമട്ടാണ്. നേമം ടെർമിനലിനെപ്പറ്റി 2008 മുതൽ കേരളം കേൾക്കുന്നു. ഇതുവരെ ടെൻഡർ നടപടികളിലേക്കു കടന്നിട്ടില്ല. ദക്ഷിണ റെയിൽവേയിൽനിന്നുള്ള അന്തിമ അംഗീകാരം വൈകുന്നതാണ് ഇവിടെയും തടസ്സം.   

സിൽച്ചാർ–തിരുവനന്തപുരം എക്സ്പ്രസിന്റെ  എസ് 11 കോച്ച് വള്ളത്തോൾനഗറിനടുത്ത് ഓട്ടത്തിനിടയിൽ തകർന്നതു കഴിഞ്ഞദിവസമാണ്. അറ്റകുറ്റപ്പണിക്കുള്ള പരമാവധി കാലാവധി പിന്നിട്ട കോച്ചാണിതെന്നാണു സൂചന. കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ആധുനിക കോച്ചുകൾ ഇല്ലെന്ന് എംപിമാർ പരാതി പറയുമ്പോൾ പുതിയ എൽഎച്ച്ബി കോച്ചുകളുള്ള 11 ട്രെയിനുകളുടെ പട്ടികയാണു മറുപടിയായി നൽകുന്നത്. കേരളത്തിനു പുറത്തുള്ള ഡിവിഷനുകളുടെ ട്രെയിനുകളാണ് അതിൽ ഭൂരിപക്ഷവും. പാലക്കാട് ഡിവിഷന്റെ ഒരു ട്രെയിനിനുപോലും ആധുനിക കോച്ചുകളില്ല.  

അവഗണന സഹിച്ചു ദക്ഷിണ റെയിൽവേയുടെ ഭാഗമായി തുടരുന്നത് അവസാനിപ്പിക്കാനാണു കേരളം ആസ്ഥാനമായി പുതിയ സോൺ എന്ന ആവശ്യം സംസ്ഥാനം മുന്നോട്ടുവച്ചത്. സോൺ ചോദിച്ചപ്പോൾ ആശ്വസിപ്പിക്കാൻ നൽകിയ നിർമാണവിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസാകട്ടെ ഇപ്പോഴും ചെന്നൈ ഓഫിസിന്റെ വാലിൽക്കെട്ടിയനിലയിലാണ്. ഫണ്ടുകൾക്കായി ചെന്നൈ ഓഫിസിന്റെ ദയാദാക്ഷിണ്യത്തിനു കാത്തുകിടക്കുന്ന അവസ്ഥയിൽനിന്ന് ഈ ഓഫിസിനെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചു. ചീഫ് ഫിനാൻഷ്യൽ അഡ്വ‌ൈസർ ഉൾപ്പെടെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്താമെന്നു റെയിൽവേ ബോർഡ് ചെയർമാൻ 2017 ഒക്ടോബറിൽ മുഖ്യമന്ത്രിക്കു നൽകിയ ഉറപ്പുപോലും പാലിക്കപ്പെട്ടിട്ടില്ല. 

റോഡ് ഗതാഗതം വഴിമുട്ടിനിൽക്കുന്ന സംസ്ഥാനത്ത് റെയിൽവേയുടെ അതിവേഗ വികസനത്തിനു മാത്രമേ ജനങ്ങളുടെ ആവശ്യം നല്ലപരിധിവരെ നിറവേറ്റാനാകൂ. കാലതാമസത്തിന് അറുതിവരുത്താനായി സംസ്ഥാന സർക്കാരും എംപിമാരും സംയുക്തമായി സമ്മർദം ചെലുത്തേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.