Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്രയിലെ കടുവവേട്ട: ബിജെപിയിൽ പൊട്ടിത്തെറി; കാഞ്ചി വലിക്കുന്ന രാഷ്ട്രീയം

tigers

മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെ വേട്ടയാടുകയാണ് ‘അവ്നി’; യവത്മാൾ ജില്ലയിൽ കഴിഞ്ഞദിവസം വെടിവച്ചുകൊന്ന പെൺകടുവ. 13 പേരെ കൊന്ന നരഭോജിക്കടുവ എന്നു സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തുമ്പോൾ, ആയിരക്കണക്കിനു മൃഗസ്നേഹികൾ അവൾക്കായി ശബ്ദമുയർത്തുന്നു.

കേന്ദ്രമന്ത്രി മേനക ഗാന്ധി ഒരു പടികൂടി കടന്ന്, മഹാരാഷ്ട്ര വനംമന്ത്രി സുധീർ മുൻഗൻതിവാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നു. അനിൽ അംബാനിക്കു സിമന്റ് പ്ലാന്റ് നിർമിക്കാൻ വിട്ടുകൊടുക്കുന്ന വനഭൂമിയിൽനിന്നു ‘ശല്യം’ ഒഴിവാക്കാനുള്ള നീക്കമാണെന്നുവരെ ആരോപണങ്ങൾ ഉയരുന്നു. നേരത്തേ, അവ്നിയുടെ പേരിൽ ഭീതിപരത്തി ചുളുവിലയ്ക്കാണ് 467 ഹെക്ടർ കൈമാറിയതെന്നും വാദം.

T1 എന്ന അവ്നി

പന്താർകാവ്ഡ- റാളെഗാവ്‌ വനമേഖലയിലെ പെൺകടുവയെ വനംവകുപ്പ് വിളിച്ചത് T1 എന്ന്. മൃഗസ്നേഹികൾ പേരിട്ടു, അവ്നി. ആറു വയസ്സ്. 10 മാസം പ്രായമുള്ള രണ്ടു കടുവക്കുഞ്ഞുങ്ങളുടെ അമ്മ. 2016ൽ വയോധിക കൊല്ലപ്പെട്ടതിനു പിന്നാലെ വാർത്തകളിലേക്ക്. രണ്ടു വർഷത്തിനിടെ 13 പേർക്കു ജീവൻ നഷ്ടപ്പെട്ടത് അവ്നിയുടെ ആക്രമണത്തിലാണെന്നു സർക്കാർ.

കൊല്ലാനുള്ള തീരുമാനമെടുത്തതോടെ കനത്ത പ്രതിഷേധം.  കൊല്ലരുതെന്നാവശ്യപ്പെട്ട ഓൺലൈൻ ഹർജിയിൽ ഒപ്പിട്ടത് 50,000 പേർ. ദയ കാട്ടണമെന്നഭ്യർഥിച്ചു രാഷ്ട്രപതിക്കു വരെ കത്തു ചെന്നു. അതീവ അപകടകാരിയാണെന്ന സർക്കാർ വാദം പരിഗണിച്ച സുപ്രീം കോടതി, എല്ലാ ശ്രമവും പരാജയപ്പെട്ടാലേ വെടിവയ്ക്കാവൂ എന്നും നിർദേശിച്ചു.

വിവാദ വേട്ടക്കാരനും മകനും

മഹാരാഷ്ട്ര സർക്കാർ ആദ്യം വിളിച്ചത്, മൃഗങ്ങളെ കൊല്ലുന്നതു ഹരമാക്കിയ വിവാദ ഷാർപ് ഷൂട്ടർ ഷഫാത് അലിയെ. കടുത്ത എതിർപ്പിനെ തുടർന്നു മേനക ഗാന്ധി ഇടപെട്ട് ഷഫാതിനെ മാറ്റി. പകരമെത്തിയത് ഷഫാത് അലിയുടെ മകൻ അസ്ഗർ അലി. ആക്രമിക്കാൻ പാഞ്ഞടുത്തപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്നും ആരോപണങ്ങൾ ഉന്നയിക്കുന്ന മേനക ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അസ്ഗർ പറയുന്നു. മഹാരാഷ്ട്രയ്ക്ക് ഉൾക്കൊള്ളാവുന്നതിലും അധികം കടുവകൾ ഉള്ളതാണു പ്രശ്നമെന്നു ഷഫാത്. 

വേട്ടപ്പട്ടികൾ, ക്യാമറ, ഡ്രോൺ

അഞ്ചു വേട്ടക്കാർ, ഇൻഫ്രാറെഡ് ക്യാമറകൾ, വേട്ടപ്പട്ടികൾ, ഡ്രോണുകൾ, പാരഗ്ലൈഡറുകൾ– സൈനിക ഓപ്പറേഷൻ പോലെയായിരുന്നു 200 അംഗസംഘം ഉൾപ്പെട്ട വേട്ട. മറ്റൊരു പെൺകടുവയുടെ മൂത്രവും പ്രത്യേക പെർഫ്യൂമും കലർത്തി മണ്ണിൽ ഒഴിച്ചാണ് അവ്നിയെ ‘ആകർഷിച്ചത്’. തങ്ങളെ ആക്രമിക്കാനൊരുങ്ങിയപ്പോൾ പെട്ടെന്നു വെടിവയ്ക്കുകയായിരുന്നെന്നു വേട്ടക്കാർ.

ചോദ്യങ്ങൾ പലത്

മൃഗസ്നേഹികളുടെ ചോദ്യം: 13 പേരെ കൊലപ്പെടുത്തിയത് അവ്നിയാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയാതിരിക്കെ, എന്തിനായിരുന്നു വേട്ട? മയക്കുവെടി വയ്ക്കാത്തത് എന്ത്? അവ്നിയുടെ കുഞ്ഞുങ്ങൾ ഇനി എന്തുചെയ്യും? പരിശീലനം നേടിയ വേട്ടക്കാരുണ്ടായിട്ടും സ്വകാര്യവേട്ടക്കാരനെ വിളിച്ചത് എന്തിന്? വെടിയേറ്റ കടുവയെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയപ്പോൾ വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യം ഇല്ലാതിരുന്നതു കടുത്ത അനാസ്ഥയാണെന്നു വെറ്ററിനറി സർവീസ് അസോസിയേഷനും കുറ്റപ്പെടുത്തുന്നു.

വേട്ടയിലെ രാഷ്ട്രീയം

ആദ്യം ആഞ്ഞടിച്ചതു കേന്ദ്രമന്ത്രി മേനക ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ടിരുന്ന മുതിർന്ന ബിജെപി നേതാവും വനംമന്ത്രിയുമായ സുധീർ മുൻഗൻതിവാർ രാജിവയ്ക്കണമെന്നു തുറന്നടിച്ചു. മൃഗങ്ങളെ എങ്ങനെ പരിപാലിക്കുന്നു എന്നതിൽനിന്ന് ഒരു രാജ്യത്തിന്റെ മഹത്വം വിലയിരുത്താമെന്ന ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമർശനം. ഇതിനെതിരെ കേന്ദ്രമന്ത്രി ഹർഷ്‌വർധൻ രംഗത്തെത്തിയതോടെ ദേശീയതലത്തിൽ തന്നെ ചർച്ചയായി. ബിബിസി ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളും അവ്നിയെ ഏറ്റെടുത്തു. മനുഷ്യരുടെ ലോകത്തെ വിവാദങ്ങൾ മനസ്സിലാകില്ല, കാട്ടിനുള്ളിൽ അമ്മയെ കാത്തിരിക്കുന്ന രണ്ടു കടുവക്കുട്ടികൾക്ക്.