Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊമ്പുകോർത്ത് രമൺ സിങ്, കരുണ ശുക്ല; രാജ്നന്ദൻഗാവിൽ രാജാവോ റാണിയോ ?

Karuna കരുണ ശുക്ല തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ.

രാജ്യത്തെ ബിജെപി മുഖ്യമന്ത്രിമാരിൽ ഏറ്റവും സീനിയറാണു രമൺസിങ്. ഛത്തീസ്ഗഡിൽ ഭരണം നിലനിർത്താൻ നാലാമങ്കം. എന്നാൽ, ഇക്കുറി ആത്മവിശ്വാസത്തിൽ നേരിയ കോട്ടം തട്ടിയതു പോലെ. വികസന, ജനക്ഷേമ പദ്ധതികളും മാവോയിസ്റ്റുകളുടെ അടിച്ചമർത്തലും ഭരണനേട്ടമായി എണ്ണിപ്പറഞ്ഞിരുന്ന രമൺ സിങ്, രണ്ടുതവണ ജയിച്ച  രാജ്നന്ദൻഗാവിൽ പത്രിക സമർപ്പിക്കാൻ പോയപ്പോൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കൂടെക്കൂട്ടി.

ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പു വാർത്തകൾക്ക്...

പത്രികസമർപ്പണത്തിനു ശേഷം ആദിത്യനാഥ് നടത്തിയത് ‘വികാരങ്ങളെ’ തൊട്ടുള്ള പ്രസംഗം. സർക്കാർ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുകയാണ്. ശ്രീരാമന്റെ അമ്മവീടാണു ഛത്തീസ്ഗഡ്... പാലം കുലുങ്ങിയാലും കുലുങ്ങാത്ത രമൺ സിങ്ങിനു പോലും പേടി തട്ടിയിട്ടുണ്ടെന്നു ചില പ്രാദേശിക പത്രങ്ങളെഴുതി. 

ജോഗി വന്നില്ല,  പകരം കരുണ

ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിൽനിന്നു രാജ്നന്ദൻഗാവിലേക്ക് 80 കിലോമീറ്റർ. മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നതു മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ സഹോദരപുത്രിയും ബിജെപി മുൻ ദേശീയ വൈസ് പ്രസിഡന്റുമായ കരുണ ശുക്ലയെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം സകല ബിജെപി നേതാക്കൾക്കെതിരെയും ആഞ്ഞടിച്ചാണ് കരുണയുടെ പ്രചാരണം. 

തിങ്കളാഴ്ച വിധിയെഴുത്തു നടക്കുന്ന 18 മണ്ഡലങ്ങളിലൊന്നാണു രാജ്നന്ദൻഗാവ്. രമൺ സിങ്ങിനെതിരെ മൽസരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ഛത്തീസ്ഗഡിന്റെ രാഷ്ട്രീയ ചാണക്യൻ അജിത് ജോഗി പിന്നീടു വാക്കുമാറ്റി. ഒരു പ്രാദേശിക കൗൺസിലറെയാണ് ജോഗിയുടെ ജനത കോൺഗ്രസ് ഛത്തീസ്ഗഡ് (ജെസിസി) സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

ജെസിസി ബിജെപിയുടെ ബി ടീമാണെന്നതിന് കൂടുതൽ തെളിവു വേണ്ടെന്നു കോൺഗ്രസ്. രമൺ സിങ്ങിനെതിരെ ജോഗി മൽസരിച്ചിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നുവെന്നു വിലയിരുത്തലുണ്ട്. മണ്ഡലത്തിൽ ഏറെയുള്ള മഹാർ, സത്‌നാമി വിഭാഗങ്ങൾക്കിടയിൽ ജോഗിക്കു നല്ല സ്വാധീനമുണ്ട്. ഠാക്കൂർ വിഭാഗക്കാരനായ രമൺസിങ് ജാതിരഹിതനെന്നാണു സ്വയം അവകാശപ്പെടുന്നത്. ഠാക്കൂറുകൾ ഛത്തീസ്ഗഡ് ജനസംഖ്യയിൽ അര ശതമാനമേയുള്ളൂ.

എതിരാളിയെ വിളിക്കും,  ‘സഹോദരീ...’

പൊതുവേ ഏവർക്കും സ്വീകാര്യനാണു രമൺ സിങ്. പാർട്ടിയിൽ പകരക്കാരനില്ലാത്ത നേതാവ്. കോൺഗ്രസുമായും നല്ല ബന്ധം. മാവോയിസ്റ്റ് അക്രമങ്ങൾ അടിച്ചമർത്താൻ കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമയുടെ ഗ്രാമീണ സായുധ സേനയ്ക്ക് ആയുധങ്ങൾ എത്തിച്ചുകൊടുത്തതു രമൺസിങ്ങിന്റെ പിന്തുണയോടെയായിരുന്നു. പൊതുവേദികളിലെല്ലാം കരുണ ശുക്ലയെ സഹോദരിയെന്നു വിളിക്കുന്നു. ഇത് അവരെ ചൊടിപ്പിക്കുന്നുമുണ്ട്. രമൺസിങ്ങിന്റെ തിരഞ്ഞെടുപ്പു പോസ്റ്ററുകളിലെല്ലാം വാജ്പേയുടെയുടെ ചിത്രവുമുണ്ട്.

മുഖ്യമന്ത്രിക്കു വല്ലപ്പോഴുമേ മണ്ഡലത്തിൽ എത്താനാകുന്നുള്ളൂ. പകരം മകനും എംപിയുമായ അഭിഷേക് സിങ് രംഗത്തുണ്ട്. കരുണ ശുക്ല സദാസമയവും മണ്ഡലത്തിൽ തന്നെ. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 35,866 വോട്ടുകൾക്കായിരുന്നു രമൺസിങ്ങിന്റെ ജയം. മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയ കോൺഗ്രസ് മുൻ എംഎൽഎ ഉദയ് മുതലിയാരുടെ ഭാര്യയായിരുന്നു എതിരാളി. രമൺ സിങ്ങിന്റെ സ്വാധീനത്തിനു വഴങ്ങി തോറ്റുകൊടുക്കുകയായിരുന്നുവെന്നാണ് കോൺഗ്രസിലുള്ളവരുടെ തന്നെ ആരോപണം. എന്നാൽ, ഇത്തവണ സാഹചര്യം വ്യത്യസ്തമാണെന്നും കരുണ ജയിക്കുമെന്നും പിസിസി സെക്രട്ടറി ഡോ. അഫ്താബ് ആലം പറയുന്നു. കഴിഞ്ഞതവണ ഗ്രാമീണ മേഖലയിൽ കോൺഗ്രസിനു കൂടുതൽ വോട്ടുകൾ കിട്ടിയിരുന്നു. 

Raman Singh with Yogi Adityanath യോഗി ആദിത്യനാഥും രമൺ സിങ്ങും.

അളന്നുകുറിച്ച് നാട്ടുകാർ

വാജ്പേയിയുടെ ചിതാഭസ്മം വരെ ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ചെന്നും രാജ്യത്തെ ഏറ്റവും വലിയ വഞ്ചകനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും പ്രചാരണത്തിനിടെ രാജ്നന്ദൻഗാവിൽ വച്ചു കണ്ടപ്പോൾ കരുണ ശുക്ല പറഞ്ഞു. വാജ്പേയി ആഗ്രഹിച്ച ബിജെപിയല്ല ഇന്നുള്ളത്. സ്വന്തം മണ്ഡലം പോലും വികസിപ്പിക്കാൻ കഴിയാത്തയാളാണു രമൺസിങ്. രാജ്നന്ദന്ഗാവിൽ മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്തു. പക്ഷേ ഡോക്ടർമാരില്ല. എത്തുന്ന രോഗികളെ മറ്റു ആശുപത്രികളിലേക്കു റഫർ ചെയ്യുകയാണു പ്രധാന ജോലിയെന്നും ആരോപിച്ചു. 

എന്നാൽ വികസനമാണു തങ്ങളുടെ പ്രധാന മുദ്രാവാക്യമെന്നു രമൺ സിങ് പറയുന്നു. ടെലികോം, ഊർജ മേഖലകളിൽ മികച്ച നേട്ടങ്ങളുണ്ടാക്കി. ഇവിടെ മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ ജാതി പ്രധാന ഘടകമല്ലെന്നും പറഞ്ഞു. 

കരുണ ശുക്ല അന്യനാട്ടുകാരിയാണെന്ന രീതിയിലാണു ബിജെപി പ്രചാരണം. ബിജെപി ഭരണത്തോടു വിയോജിപ്പുണ്ടെങ്കിലും രമൺ സിങ് ഇവിടത്തുകാരനാണെന്നും കരുണ ശുക്ലയെപ്പോലെ ഇറക്കുമതി ചെയ്തതല്ലെന്നും നാട്ടുകാരനായ നന്ദാറാം സിങ് പറയുന്നു. ‘‘പത്രവാർത്തകളിലൂടെ മാത്രമേ കരുണ ശുക്ലയെക്കുറിച്ചു കേട്ടിട്ടുള്ളൂ. രമൺ സിങ്ങിനു വോട്ട് ചെയ്യുമ്പോൾ അതു മുഖ്യമന്ത്രിക്കുള്ളതാണ് ’’ – നന്ദാറാം പറഞ്ഞു.

ജഗ്ദാൽപുരിൽ അങ്ങനെയൊരു ‘റെഡ് അലർട്ടും’

തിങ്കളാഴ്ച ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലെ ജഗ്ദാൽപുർ മണ്ഡലത്തിനൊരു പ്രത്യേകതയുണ്ട്. പൊലീസ് ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 3 സ്ഥാനാർഥികളുടെ പേരിലെങ്കിലും ക്രിമിനൽ കേസുണ്ടെങ്കിൽ ആ മണ്ഡലത്തിലെ ക്രമസമാധാനം കണക്കിലെടുത്തുള്ള നടപടി. 

രേഖാചന്ദ് ജെയിൻ (കോൺഗ്രസ്), അമിത് പാണ്ഡെ (ജെസിസി), വിമലേഷ് ദുബെ (എസ്പി) എന്നിവരാണു ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികൾ.

രമൺസിങ് (ബിജെപി)

∙ ആയുർവേദ ‍ഡോക്ടർ

∙ ജനസംഘത്തിലൂടെ തുടക്കം

∙1990,’93: മധ്യപ്രദേശ് നിയമസഭയിൽ

∙1999: ലോക്സഭയിൽ; 2003 വരെ കേന്ദ്ര സഹമന്ത്രി

∙2003: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

കരുണ ശുക്ല (കോൺഗ്രസ്)

∙ 1993, ’98: മധ്യപ്രദേശ് നിയമസഭയിൽ

∙ 2003: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി പരിഗണിക്കപ്പെട്ടു

∙ 2004: ലോക്സഭയിൽ; മഹിള മോർച്ച ദേശീയ പ്രസിഡന്റ് 

∙ 2010: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് 

∙ 2013: നിയമസഭാ സീറ്റ് കിട്ടാതെ ബിജെപി വിട്ടു

∙ 2014: കോൺഗ്രസിൽ

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.