Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പരപ്പിച്ച് അഴീക്കോട്; രാഷ്ട്രീയബലാബലത്തിന്റെ കാറ്റു വീശുന്നു

km-shaji-court

‘വർഗീയതയുടെ പേരിൽ കിട്ടുന്ന വോട്ട് എനിക്കു വേണ്ട. കഴിഞ്ഞതവണയും ഞാനതു വ്യക്തമാക്കിയതാണ്. അതിലൊരു മാറ്റവുമില്ല’ – 2016 ലെ നിയമസഭാതിരഞ്ഞെടുപ്പുവേളയിൽ അഴീക്കോട് മണ്ഡലത്തിലെ ഹാജിറോഡിൽ നടന്ന യോഗത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ.എം.ഷാജിയുടെ ഈ പ്രഖ്യാപനം മേയ് മൂന്നിനു മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തിരുന്നു. അതേ കെ. എം. ഷാജിയെ വർഗീയപ്രചാരണം നടത്തിയെന്ന പേരിൽ ഹൈക്കോടതി അയോഗ്യനാക്കിയതു രാഷ്ട്രീയകേന്ദ്രങ്ങളിലാകെ അമ്പരപ്പ് സൃഷ്ടിക്കുന്നു.

വിധി അതേ ബെഞ്ച് സ്റ്റേ ചെയ്തതിന്റെ ആശ്വാസം ഷാജിക്കും യുഡിഎഫിനുമുണ്ട്. പി. ബി.അബ്ദുൽ റസാഖിന്റെ നിര്യാണത്തോടെ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് ആസന്നമായതിനു പിന്നാലെയാണ് അഴീക്കോടും രാഷ്ട്രീയബലാബലത്തിന്റെ കാറ്റു വീശുന്നത്. വിധി സുപ്രീംകോടതിയും ശരിവച്ചാൽ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഒന്നിനു പിറകെ ഒന്നായി അഞ്ചാം ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങും. വേങ്ങര, ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും ഇതിനകം കഴിഞ്ഞു.

മുസ്‌ലിംലീഗിലെ പുരോഗമനമുഖമായ ഷാജി വർഗീയത പ്രചരിപ്പിച്ചതിന്റെ പേരിൽ കുടുങ്ങിയതു സമ്മിശ്രപ്രതികരണങ്ങൾക്കാണു വഴിയൊരുക്കിയത്. തിരഞ്ഞെടുപ്പു രംഗത്ത് ഇരുമുന്നണികളെയും ബിജെപിയെയും കൂടാതെ അഴീക്കോട്ട് സജീവമായുണ്ടായിരുന്നത് എസ്ഡിപിഐ ആയിരുന്നു. ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അന്വേഷിച്ച നാറാത്ത് ആയുധപരിശീലനക്യാംപ് കേസിൽ ഷാജി എടുത്ത തീവ്രനിലപാട് അവരെ പ്രകോപിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പരാജയപ്പെടുത്തുകയാണു ലക്ഷ്യമെന്ന തുറന്ന പ്രഖ്യാപനം തന്നെ നടത്തി. ഭൂരിപക്ഷവോട്ടുകൾ ലക്ഷ്യമിട്ടാണ് ആ കേസിലും മറ്റും ഷാജി നിലപാടെടുത്തതെന്ന ആക്ഷേപവും ഉയർത്തി. എന്നാലിപ്പോൾ ഹൈക്കോടതി ശരിവച്ചിരിക്കുന്നത് മണ്ഡലത്തിൽ ഏറിയാൽ 25% വരുന്ന ന്യൂനപക്ഷവോട്ട് സമാഹരിക്കാൻ ഷാജി ലഘുലേഖ തയാറാക്കി വിതരണം ചെയ്തുവെന്ന പരാതിയും.

അഴീക്കോട്ട് കേരളം ഉറ്റുനോക്കിയ പോരാട്ടത്തിൽ ജയിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തൽ. ‘സ്വന്തം അഴീക്കോട്ടെ’ പാർട്ടിക്കാരുടെ കടുത്ത ശത്രുവായി മാറിയ എം.വി.രാഘവന്റെ മകൻ എം.വി.നികേഷ്കുമാർ പൊടുന്നനെ ഇടതു സ്ഥാനാർഥിയായതു സിപിഎമ്മിൽ എല്ലാവർക്കും ഉൾക്കൊള്ളാനായിരുന്നില്ല.

പ്രതീക്ഷിച്ച പിന്തുണ തനിക്കു ലഭിക്കാതെ പോയതിലുള്ള പരാതി തോൽവിക്കുശേഷം നികേഷ് സിപിഎം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. സജീവ രാഷ്ട്രീയത്തിലിറങ്ങാനുള്ള നീക്കം ആ തോൽവിയോടെ ഉപേക്ഷിച്ചു മാധ്യമപ്രവർത്തനത്തിലേക്കു മടങ്ങിപ്പോയ നികേഷ് പാർട്ടി തീരുമാനം അനുസരിച്ചാണു തിരഞ്ഞെപ്പു കേസ് നൽകിയത്. തിരഞ്ഞെടുപ്പ് ഹർജികളിലൊന്ന് എന്നതിനപ്പുറം ഇങ്ങനെയൊരു തിരിച്ചടി ഷാജിയോ യുഡിഎഫോ പ്രതീക്ഷിച്ചതല്ല.