Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മുടെ കുട്ടികൾക്ക് കവചമാകാൻ

ആറു വർഷം മുൻപ് ഇതുപ‌ോലൊരു നവംബർ മാസത്തിലെ ശിശുദിനത്തിലാണ് ‘പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ്’ അഥവാ പോക്സോ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നിയമം നിലവിൽവരുന്നത്. 18 വയസ്സിൽ താഴെയുള്ളവർക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി ശക്തമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുള്ള നിയമം അങ്ങനെ പ്രാബല്യത്തിലായി. ഇത്രയും വർഷങ്ങൾക്കുശേഷം കൂടുതൽ അറസ്റ്റുകൾ പോക്സോ പ്രകാരം നടക്കുന്നുണ്ടെങ്കിലും, വിചാരണ നടത്തി കുറ്റവാളികളെ ശിക്ഷിക്കുന്നതിൽ വലിയ താമസമാണ് ഉണ്ടാകുന്നത്. കുറ്റാന്വേഷണത്തിലെ അലംഭാവം, കോടതികളുടെ അമിത ജോലിഭാരം തുടങ്ങി ഈ മെല്ലെപ്പോക്കിനു കാരണങ്ങൾ പലതുണ്ട്.

നിയമം നിലവിൽവന്ന വർഷം റജിസ്റ്റർ ചെയ്ത കേസുകളിൽപോലും ഇനിയും വിചാരണ പൂർത്തിയാകാത്ത സ്ഥിതിയാണ്. ഇരകളുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ജീവിതത്തിൽ ഇതുണ്ടാക്കുന്ന അതീവഗുരുതരമായ മാനസിക സമ്മർദം കാണാതിരുന്നുകൂടാ. പോക്സോ നിയമത്തിനൊപ്പം അതു നടപ്പാക്കാൻവേണ്ട സൗകര്യങ്ങളും സംവിധാനങ്ങളും സമയക്രമവും എല്ലാം വിശദമായി പറയുന്നുണ്ട്. അവ കൃത്യമായി നടപ്പായാൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ മിക്കതും തീരുമെന്നിരിക്കെ, ഈ മെല്ലെപ്പോക്കിനു പൊതുസമൂഹത്തിന്റെ മുന്നിൽ ന്യായീകരണമില്ല. മൂന്നു ജില്ലകളിലേ നിലവിൽ പോക്സോ കോടതികളുള്ളൂ. അതു പോരാ. കുട്ടികൾ പ്രതിയുമായി നേർക്കുനേർ കാണാത്ത, കോടതിയിലേക്കുള്ള വരവ് ഇരയ്ക്കു മാനക്കേടിന്റെ മറ്റൊരു അധ്യായമാകാത്ത ശിശുസൗഹൃദ കോടതികൾ എല്ലാ ജില്ലകളിലും ഉടൻ സ്ഥാപിക്കണം.

മലപ്പുറം ജില്ലയിലെ എടപ്പാളിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടിക്കു പത്തിലേറെത്തവണയാണു വിവിധ ഏജൻസികൾക്കു മുന്നിൽ തനിക്കുണ്ടായ ദുരനുഭവം വിവരിക്കേണ്ടി വന്നത്. ഒരു ഇരയ്ക്കും ഇനി ഇങ്ങനെയൊരു സങ്കടാവസ്ഥ ഉണ്ടായിക്കൂടാ. ജില്ലാ ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ മനഃശാസ്ത്രജ്ഞ, സാമൂഹികപ്രവർത്തക, ചൈൽഡ്‌ ലൈൻ അംഗം, പോക്സോ ജില്ലാ നോഡൽ ഓഫിസർ, മെഡിക്കൽ ഓഫിസർ എന്നിവരടങ്ങുന്ന സംഘം രൂപീകരിച്ചാൽ കേസുകൾ കൃത്യമായി നിരീക്ഷിക്കാനും മൊഴിയെടുപ്പ്, വൈദ്യപരിശോധന തുടങ്ങിയവ സുഗമമാക്കാനും സാധിക്കും. ആദ്യഘട്ട മൊഴിയെടുപ്പിൽത്തന്നെ ഇവരെയെല്ലാം പങ്കെടുപ്പിക്കുകയും റിക്കോർഡ‍് ചെയ്യാനുമായാൽ ഇരയ്ക്ക് പലതവണ അനുഭവം വിവരിക്കേണ്ടിവരുന്ന പീഡനം ഒഴിവാക്കാം.

പോക്സോ കേസുകളിലെ അന്വേഷണവും നടപടികളും വൈകുന്നതിന്റെ പല ഉദാഹരണങ്ങളും മലയാള മനോരമ പ്രസിദ്ധീകരിച്ച ‘കെടുത്തരുത് കുഞ്ഞിച്ചിരി’ എന്ന അന്വേഷണപരമ്പര ചൂണ്ടിക്കാട്ടിയിരുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെയും അവരുടെ ഭാവിയെത്തന്നെയും ബാധിക്കുന്നതാണ് ഈ കേസുകളെന്ന ബോധ്യം പ്രാഥമികമായി നിയമപാലകർക്കും ഉണ്ടാകണം. എന്തുകൊണ്ട് പോക്സോ കേസുകൾ അന്വേഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംവിധാനം രൂപീകരിച്ചുകൂടാ? സ്ഥിരം ബാലപീഡകരുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി ചില രാജ്യങ്ങളിലുണ്ട്. ഇവിടെയും അതു ചെയ്യാനാകുമോയെന്ന സാധ്യത ആരായണം.

കുട്ടികളുടെ കാര്യത്തിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ അതു സമൂഹത്തെ സഹായിക്കും. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യം അറി‍ഞ്ഞാൽ അക്കാര്യം നിയമസംവിധാനത്തിന്റെ ശ്രദ്ധയിൽപെടുത്താതിരിക്കുന്നതും പോക്സോ വ്യവസ്ഥകളിൽ കുറ്റകരമാണ്. ഇതുൾപ്പെടെയുള്ള നിയമത്തിന്റെ വിശദാംശങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും നിയമപാലകർക്കുമെല്ലാം കൃത്യമായ ബോധവൽക്കരണം നൽകേണ്ടതുണ്ട്. ആൺകുട്ടിയായാലും പെൺകുട്ടിയായാലും പീഡനത്തിന് ഇരയാകുന്നവരിൽ അധികവും പന്ത്രണ്ടിനും പതിനാറിനും ഇടയിൽ പ്രായമുള്ളവരാണ്. കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുന്ന സുപ്രധാന കാലഘട്ടം കൂടിയാണിതെന്നതിനാൽ അങ്ങേയറ്റത്തെ ജാഗ്രത ആവശ്യമായിവരുന്നു.

‘പോക്സോ’ സുശക്തമായ നിയമമായിത്തീരാൻ ഇനിയും ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട്. പക്ഷേ, നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതത്തെയും ഭാവിയെയും സംബന്ധിച്ച് ഏറെ നിർണായകമായതിനാൽ സർക്കാരും നിയമസംവിധാനവും പൊതുസമൂഹവും ഒരുമിച്ചു ചിന്തിച്ച് പോക്സോയ്ക്കുമുന്നിലുള്ള തടസ്സങ്ങളൊക്കെയും എത്രയും വേഗം മാറ്റിയേ തീരൂ.