Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമക്ഷേത്രനിർമാണം സജീവ ചർച്ച; മോദിക്ക് അയോധ്യാപരീക്ഷ

Yogi Adityanath visits Ram Janmabhoomi Nyas ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദിവസങ്ങൾക്കു മുൻപ് അയോധ്യയിൽ രാമ ജന്മഭൂമി ന്യാസ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസിനെ സന്ദർശിച്ചപ്പോൾ. ചിത്രം: പിടിഐ

അടൽ ബിഹാരി വാജ്പേയി അയോധ്യയിലേക്കു പോകാൻ തയാറായിരുന്നില്ല. 1990–കളിൽ അയോധ്യാ വിഷയവുമായി എൽ. കെ. അഡ്വാനിയും കൂട്ടരും മുന്നോട്ടുപോയപ്പോൾ വാജ്പേയി അതിൽനിന്ന് അകലം പാലിച്ചു നിന്നു. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വാജ്പേയിയെ അനുകരിക്കുകയാണോ എന്നു സംശയമുണ്ട്. പ്രധാനമന്ത്രിയായി നാലരവർഷം പിന്നിടുമ്പോഴും മോദി അയോധ്യ സന്ദർശിക്കാൻ തയാറായിട്ടില്ല. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണം എന്നു സമ്മർദമുയരുമ്പോൾ മോദി മൗനംപാലിക്കുകയുമാണ്.

ഇരുപതു വർഷങ്ങൾക്കുശേഷം വീണ്ടും  അയോധ്യയിലെ രാമക്ഷേത്രനിർമാണം സജീവ ചർച്ചാവിഷയമായിരിക്കയാണ്. വിശ്വഹിന്ദു പരിഷത് ആദ്യം ഉന്നയിക്കുകയും ആർഎസ്എസ് അതിനായി ശക്തമായി രംഗത്തുവരികയും ചെയ്തതോടെ കേന്ദ്ര മന്ത്രിസഭയിലെതന്നെ പല അംഗങ്ങളും രാമക്ഷേത്രനിർമാണം ഉടൻ ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു. 

1990–കളിൽ അഡ്വാനിയുടെ രഥയാത്രയും 1992–ൽ ബാബ്‌റി മസ്ജിദ് തകർത്തതും ബിജെപിക്കു രാഷ്ട്രീയമായി നേട്ടമുണ്ടാക്കിയതാണ്. എന്നാൽ ആ തലമുറ ഇന്നു ബിജെപി നേതൃത്വത്തിൽനിന്നു പിൻവാങ്ങിക്കഴിഞ്ഞു. നരേന്ദ്ര മോദി അധികാരത്തിലേക്കു വന്നതു സംശുദ്ധഭരണവും വികസനവും വാഗ്ദാനം ചെയ്താണ്– ഹിന്ദുത്വം ആയിരുന്നില്ല മോദിയുടെ മുദ്രാവാക്യം. 

യോഗിയുടെ നീക്കം  

എന്നാൽ ഇപ്പോൾ നരേന്ദ്ര മോദി നിശ്ശബ്ദത പാലിക്കുന്ന സ്ഥലത്ത് രാമക്ഷേത്രത്തിനുവേണ്ടി ശബ്ദമുയർത്താൻ തയാറായി മുന്നോട്ടു വന്നിരിക്കുകയാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ യോഗി ആദിത്യനാഥ് നടത്തിയ പ്രഖ്യാപനങ്ങൾ ശ്രദ്ധേയമാണ്. വിഎച്ച്പിയും ആർഎസ്എസും ഉന്നയിക്കുന്ന ആവശ്യങ്ങളെ പൂർണമായും പിന്താങ്ങുന്നതാണു യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനങ്ങൾ. അദ്ദേഹം പറഞ്ഞതിലെ പ്രധാന കാര്യങ്ങൾ ഇങ്ങനെ: ഒന്ന്–അയോധ്യയിൽ ശ്രീരാമൻ നിശ്ചയിക്കുന്ന സമയത്ത് രാമക്ഷേത്രം ഉയരും. രണ്ട്–അയോധ്യയിൽ രാമക്ഷേത്രം ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഇനി അതു മഹാക്ഷേത്രമാവുകയും ചെയ്യും. മൂന്ന്– 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് അവിടെ ക്ഷേത്രനിർമാണം പൂർത്തിയായിരിക്കും.  നാല്–രാമക്ഷേത്ര നിർമാണം തിരഞ്ഞെടുപ്പു വിഷയം അല്ല. അഞ്ച്– അയോധ്യയിലോ സരയൂ തീരത്തോ ശ്രീരാമന്റെ പ്രതിമയും സ്ഥാപിക്കും. ഈ പറഞ്ഞതു കൂടാതെ ഫൈസാബാദിന്റെ പേര് അയോധ്യ എന്നു മാറ്റാനും യോഗി ഉത്തരവിട്ടു. 

ബിജെപിയിലും സംഘപരിവാറിലും യോഗി ആദിത്യനാഥ് പുതിയ നേതൃസ്ഥാനത്തേക്ക് ഉയരുന്നതിന്റെ സൂചനയാണ് ഇപ്പോൾ കാണുന്നത്. സുപ്രീം കോടതിയിൽ കേസ് നിലനിൽക്കവേതന്നെ ക്ഷേത്രനിർമാണം തുടങ്ങും എന്നു പ്രഖ്യാപിക്കുകവഴി യോഗി ആദിത്യനാഥ് കേന്ദ്രസർക്കാരിനും പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. കാരണം ക്ഷേത്രം നിർമിക്കണമെങ്കിൽ കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുകയോ നിയമനിർമാണം നടത്തുകയോ വേണം. 

നിയമനിർമാണം 

അടുത്തമാസം പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുമ്പോൾ അയോധ്യയിൽ ക്ഷേത്രനിർമാണത്തിനായി നിയമം പാസാക്കണം എന്നാണു വിശ്വഹിന്ദു പരിഷത്തും ആർഎസ്എസും മോദി സർക്കാരിനോട് ആവശ്യപ്പെടുന്നത്. അതിനു മുമ്പുതന്നെ ഓർഡിനൻസ് പുറപ്പെടുവിക്കണം എന്നും അവർക്ക് അഭിപ്രായമുണ്ട്. രാജ്യസഭയിൽ ഈ ആവശ്യമുന്നയിച്ചു സ്വകാര്യ ബിൽ കൊണ്ടുവരും എന്നു രാകേഷ് സിൻഹ എംപി പറഞ്ഞിട്ടുണ്ട്.

ഇതുവരെ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തെക്കുറിച്ച് ഒരഭിപ്രായവും പറഞ്ഞിട്ടില്ല. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തനിലയ്ക്ക് ഇങ്ങനെ ഒരു നിയമം പാസാക്കിയെടുക്കണമെങ്കിൽ പ്രതിപക്ഷത്തിന്റെ സഹകരണം കൂടിയേ തീരൂ. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. രാഷ്ട്രീയമായി അതീവ സംവേദനക്ഷമമായ വിഷയമായതിനാൽ ഇക്കാര്യത്തിൽ പെട്ടെന്ന് അഭിപ്രായ സമന്വയം എളുപ്പവുമല്ല. 

Ayodhya രാമക്ഷേത്ര നിർമാണത്തിനുള്ള കല്ലുകൾ അയോധ്യയ്ക്കു സമീപം സൂക്ഷിച്ചിരിക്കുന്നു (ഫയൽ ചിത്രം).

ആദ്യ ഓർഡിനൻസ് 

അയോധ്യ സംബന്ധിച്ച് ആദ്യ ഓർഡിനൻസ് പുറപ്പെടുവിച്ചതു പി.വി. നരസിംഹറാവു സർക്കാരാണ്. 1992 ഡിസംബർ ആറിനാണ് ബാബ്‌റി മസ്ജിദ് തകർത്തത്. 1993 ജനുവരി ഏഴിനു കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ ഒപ്പുവച്ചത് അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയാണ്. അയോധ്യയിലെ തർക്കപ്രദേശത്തെ 66.7 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ഓർഡിനൻസായിരുന്നു ഇത്. ഇതിൽ ശിലാന്യാസം നടന്ന 2.77 ഏക്കർ ഭൂമിയും ഉൾപ്പെടുന്നു. 

ഈ ഓർഡിനൻസിനു പകരമുള്ള നിയമം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പാസാക്കുകയും ചെയ്തു. ദി അക്വിസിഷൻ ഓഫ് സേർട്ടൻ ഏരിയ ഓഫ് അയോധ്യാ ആക്ട് 1993 എന്നാണ് ഇത് അറിയപ്പെടുന്നത്. അയോധ്യയിൽ രാമക്ഷേത്രവും പള്ളിയും ഒരു ലൈബ്രറിയും മ്യൂസിയവും നിർമിക്കാൻ ലക്ഷ്യമിട്ടാണ് ഈ സ്ഥലം ഏറ്റെടുക്കുന്നതെന്നു ബിൽ അവതരിപ്പിച്ച് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി എസ്‌.ബി. ചവാൻ പാർലമെന്റിൽ പറഞ്ഞു. ഈ നിയമപ്രകാരം കേന്ദ്രസർക്കാരിനാണു ഭൂമിയുടെ കൈവശാവകാശം. 

നിലവിലുള്ള കേസ് 

കേന്ദ്രസർക്കാർ ഭൂമി ഏറ്റെടുത്തതിനെതിരെ എം.ഇസ്മാഈൽ ഫാറൂഖി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഭൂമി ഏറ്റെടുത്തതിനെ സുപ്രീം കോടതി ശരിവച്ചു. ഇ‌സ്‌ലാം മതവിശ്വാസികൾക്കു പള്ളി എന്നത് അനിവാര്യമല്ല എന്നും  മുസ്‌ലിംകൾക്കു പ്രാർഥിക്കാൻ പള്ളി വേണമെന്നു നിർബന്ധമില്ല എന്നും 1994–ൽ കോടതി നിരീക്ഷിച്ചു. ഈ വിധി അഞ്ചംഗ ബെഞ്ചിനു വിടണം എന്ന ആവശ്യം കോടതി തള്ളി.  

2010–ൽ അലഹാബാദ് ഹൈക്കോടതി 2.77 ഏക്കർ സ്ഥലം മൂന്നായി പകുത്തു നൽകി–സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാം ലല്ല എന്നിവർക്ക്. മൂന്നു കക്ഷികളും ഈ വിധിയെ ചോദ്യം ചെയ്തു സുപ്രീം കോടതിയിലെത്തി. ഒക്ടോബർ 29നു സുപ്രീം കോടതി ഈ കേസ് 2019 ജനുവരിയിലേക്കു മാറ്റി. കേസ് വാദം കേൾക്കുന്ന ബെഞ്ചിനെയും ജനുവരിയിലേ തീരുമാനിക്കൂ. ഇതു വ്യക്തമാക്കുന്നതു 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഈ കേസ് വാദം കേൾക്കാനും തീർപ്പു കൽപിക്കാനും സാധ്യത കുറവാണ് എന്നാണ്. 

അടുത്ത നീക്കം 

രാഷ്ട്രീയമായും ഭരണപരമായും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിടുന്ന വലിയൊരു പ്രതിസന്ധിയാണു രാമക്ഷേത്ര നിർമാണം. വിശ്വഹിന്ദു പരിഷത്തിന്റെയും ആർഎസ്എസിന്റെയും ബിജെപിയിൽ ഒരു വിഭാഗത്തിന്റെയും സമ്മർദം ഉണ്ടെങ്കിലും ക്ഷേത്രനിർമാണത്തിനായി നിയമനിർമാണം കൊണ്ടുവരാൻ നരേന്ദ്രമോദി തുനിയും എന്നു തോന്നുന്നില്ല. സുപ്രീം കോടതിയുടെ തീർപ്പു വരാതെ നിയമം കൊണ്ടുവന്നാലും അതിനെതിരെ എതിർകക്ഷികൾ കോടതിയെ സമീപിക്കും എന്നത് ഉറപ്പാണ്. 

കോടതിയെ മറികടന്നു ക്ഷേത്രനിർമാണത്തിനു മുതിർന്നാൽ അതു മോദിയുടെയും ബിജെപിയുടെയും പ്രതിച്ഛായയെ ബാധിക്കും. ന്യൂനപക്ഷങ്ങളുടെ എതിർപ്പു ബിജെപി കാര്യമാക്കുന്നില്ലെങ്കിലും രാജ്യാന്തരതലത്തിൽ മോദി സർക്കാരിനോടുള്ള മതിപ്പു നഷ്ടപ്പെടാൻ അതിടയാക്കും. കോടതിയിൽ നിലനിൽക്കുന്ന കേസായതിനാൽ അതു തീരുന്നതുവരെ തങ്ങൾ നിയമനിർമാണത്തെ അനുകൂലിക്കുന്നില്ല എന്നു പ്രതിപക്ഷത്തിന് ഒഴിഞ്ഞുമാറാം. 

ബിജെപിക്കുള്ളിൽ ഇപ്പോൾത്തന്നെ ഈ വിഷയത്തിൽ യോഗി ആദിത്യനാഥിനോട് അനുഭാവമുള്ളവർ ഏറെയുണ്ട്. എന്നാൽ അയോധ്യയിലെ തർക്കസ്ഥലത്തിന്റെ കൈവശാവകാശം കേന്ദ്രത്തിനായതിനാൽ യോഗി ആദിത്യനാഥിന് ഏകപക്ഷീയമായി ഇക്കാര്യത്തിൽ നടപടിയെടുക്കാനാവില്ല. 2019 ജനുവരി 15 മുതൽ മാർച്ച് 4 വരെ പ്രയാഗ് രാജിൽ (അലഹാബാദ്) അർധ കുംഭമേള നടക്കാനിരിക്കുകയാണ്. ക്ഷേത്രനിർമാണത്തിന് അനുയോജ്യമായ സമയമാണിതെന്നു സന്യാസിമാരിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നു. 

കോടതിയെ മറികടന്നു ക്ഷേത്രനിർമാണവുമായി മുന്നോട്ടു പോയാൽ അതു തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന സംശയവും ബിജെപിക്കുണ്ട്. ഒരു ഭരണകർത്താവ് എന്ന നിലയിൽ മോദി നേരിടുന്ന കടുത്ത പരീക്ഷണമായിരിക്കുന്നു രാമക്ഷേത്ര നിർമാണം.

related stories