Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീർഥാടകരെ കാത്ത് ശരണവഴികൾ

ശരണമന്ത്രങ്ങളുമായി, അയ്യപ്പദർശനപുണ്യം തേടി ഭക്‌തലക്ഷങ്ങൾ വന്നെത്തുന്ന മണ്ഡലകാല തീർഥാടനത്തിനു ശബരിമലനട തുറക്കാൻ ഇനി നാലു ദിവസം മാത്രം. മണ്ഡലകാലത്തിനുശേഷം മകരജ്യോതിയുടെ ധന്യനിമിഷങ്ങൾ ഏറ്റുവാങ്ങാൻ പൊന്നമ്പലവാസന്റെ മണ്ണും വിണ്ണും ഒരുങ്ങുകയുമാണ്. തീർഥാടകപ്രവാഹത്തെ കാത്തിരിക്കുന്ന ശരണപാതയ്‌ക്കു മുന്നിൽനിന്ന് ആ പതിവു ചോദ്യം ഇത്തവണയും ചോദിക്കേണ്ടിവരുന്നു: ഒരുക്കങ്ങൾ എവിടെവരെയായി?

സന്നിധാനവും പമ്പയും നിലയ്ക്കലും ഇടത്താവളങ്ങളും ശരണവഴികളും കാര്യമായി ഒരുങ്ങിയിട്ടില്ല എന്നതാണ് ഉത്തരം. മഹാപ്രളയത്തിൽ പമ്പാ ത്രിവേണിയിലെ  അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇല്ലാതാകുകയും നിലയ്ക്കൽവരെ മാത്രമായി വാഹനങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഒരുക്കങ്ങളിൽ ഏറെ ശ്രദ്ധിക്കേണ്ട സമയമായിട്ടും ഇതാണ് അവസ്ഥ.

പതിവുശൈലിയിലുള്ള ഒരുക്കങ്ങൾ പോലും ഇത്തവണ കാണുന്നില്ലെന്നതു പറയാതെവയ്യ. വിവാദ വിഷയങ്ങളിൽ ശ്രദ്ധ കൊടുത്തതുകൊണ്ടാവണം, സന്നിധാനത്തിൽ ഏതാനും കെട്ടിടങ്ങളുടെ ചായംപൂശൽ മാത്രമാണ് നടക്കുന്നത്. മുൻവർഷങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റോ ഏതെങ്കിലും അംഗമോ സ്ഥിരമായി ക്യാംപ് ചെയ്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുമായിരുന്നു. ഇത്തവണ അതുണ്ടാവാത്തതിന്റെ പോരായ്മ ശബരിമലയിലെ ഒരുക്കങ്ങൾക്കുണ്ടുതാനും.

പ്രളയത്തിൽ തകർന്ന പമ്പയുടെ പുനരുദ്ധാരണത്തിനു ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിനെ സർക്കാർ നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര വേഗമില്ല. പമ്പയിൽ താൽക്കാലിക സൗകര്യങ്ങളാണ് ഒരുക്കുന്നതെങ്കിലും അതും പൂർണമല്ല. ആവശ്യത്തിനു ശുചിമുറികളും ശുദ്ധജല വിതരണ സംവിധാനങ്ങളും ഉണ്ടാകേണ്ടതുണ്ട്. ചെറിയാനവട്ടത്തെ മാലിന്യ സംസ്കരണശാല, ഇൻസിനറേറ്റർ എന്നിവയുടെ തകരാറുകൾ പരിഹരിക്കാനുള്ള പണികൾ തുടങ്ങിയതേയുള്ളു. ചെറിയാനവട്ടത്തേക്കുള്ള ഞുണങ്ങാർ പാലം പ്രളയത്തിൽ മണ്ണടിഞ്ഞുകിടക്കുന്നു.

കരിമല വഴി കാൽനടയായി എത്തുന്ന തീർഥാടകരുടെ പ്രധാന ഇടത്താവളമാണ് വലിയാനവട്ടം. ഇവിടെയും പ്രളയത്തിൽ ഒഴുകിവന്ന മണ്ണു കൂടിക്കിടക്കുകയാണ്.  നിലയ്ക്കൽ അടിസ്ഥാന താവളമായി പ്രഖ്യാപിച്ചിട്ടുണ്ട്. തീർഥാടകരുടെ വണ്ടികൾ നിലയ്ക്കൽവരെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. തീർഥാടകരെ ഏറെ നേരം നിലയ്ക്കലിൽ തടഞ്ഞുനിർത്തിയാൽ അതിനുള്ള അടിസ്ഥാന സൗകര്യം അവിടെ ഉണ്ടായേപറ്റൂ. കഴിഞ്ഞ വർഷം വരെ 12,000 വാഹനങ്ങൾക്കുള്ള പാർക്കിങ് ഉണ്ടായിരുന്നു. ശുദ്ധജല വിതരണത്തിനുള്ള സംവിധാനങ്ങളും ഇവിടെ കാര്യക്ഷമമാക്കേണ്ടതുണ്ട്.

ശബരിമലയിലേക്കുള്ള മണ്ണാരക്കുളഞ്ഞി–പമ്പ റോഡിന്റെ വശങ്ങൾ പേമാരിയിൽ തകർന്നത് സംരക്ഷണഭിത്തി കെട്ടി നികത്തിയെടുക്കാൻ കഴിഞ്ഞുവെങ്കിലും തീർഥാടനത്തിനു മുൻപു റോഡുകളുടെ നവീകരണം പൂർത്തിയാക്കാൻ ഇത്തവണ മരാമത്തു വകുപ്പിനു കഴിഞ്ഞിട്ടില്ല. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർ ഏറെ സഞ്ചരിക്കുന്ന പുനലൂർ–മൂവാറ്റുപുഴ പാത കുണ്ടുംകുഴിയുമായി കിടക്കുന്നു.

ഇനിയുള്ള ദിവസങ്ങളിലെങ്കിലും പണികളിൽ മെല്ലെപ്പോക്ക് പാടില്ല. ശബരിമലയിലേക്കു ശരണം തേടിയെത്തുന്ന തീർഥാടകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ  അധികൃതരുടെ ഭാഗത്തുനിന്നു നിരന്തര ശ്രദ്ധ ഉണ്ടായേ തീരൂ. പവിത്രമായ ശബരിമല തീർഥാടനം സംബന്ധിച്ച ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുക എന്നതു ഭരണകൂടത്തിന്റെ കർമശേഷിയുടെ പരീക്ഷണം കൂടിയാണ്.