Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനന്ത് കുമാർ: നഷ്ടമാകുന്ന നുറുങ്ങുകഥകൾ

Author Details
anantha-kumar

1998ൽ ബിജെപി കേന്ദ്രമന്ത്രിസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായിരുന്നു അനന്ത്കുമാർ. രണ്ടു ദശകത്തിലേറെ ദേശീയ വേദിയിൽ ബിജെപിയുടെ മുഖ്യ വ്യക്തിത്വങ്ങളിലൊരാൾ.  

ഒരു ദശകത്തോളം കേന്ദ്രമന്ത്രിയായിരുന്നതിനു പുറമേ, പാർട്ടി ജനറൽ സെക്രട്ടറി, പാർട്ടിയുടെ ഉന്നതാധികാരസമിതിയായ 11 അംഗ പാർലമെന്ററി ബോർഡ് അംഗം എന്നീ നിലകളിലും ബിജെപിയിൽ നിർണായക സ്വാധീനമുണ്ടായിരുന്നു.

ബിജെപിയുടെ രണ്ടു തലമുറയിലെ ശക്തരുടെ നിരയിൽ, മധ്യസ്ഥാനത്തായിരുന്നു അദ്ദേഹം. പ്രബലമായ നേട്ടങ്ങളുണ്ടാക്കിയ നരേന്ദ്ര മോദി, പ്രമോദ് മഹാജൻ, രാജ്‌നാഥ് സിങ്, അരുൺ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, ഗോവിന്ദാചാര്യ എന്നിവരാണ് ആദ്യ നിരയിൽ. രണ്ടാമത്തേതിൽ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ജെ.പി. നഡ്ഡ, ഭൂപേന്ദർ യാദവ് എന്നിവരും. ഇവരെ തിരഞ്ഞെടുത്തതാകട്ടെ പാർട്ടിയുടെ പരമോന്നത നേതാക്കളായ എ.ബി. വാജ്‌പേയിയെയും എൽ.കെ. അഡ്വാനിയെയും പോലെയുള്ളവർ.  

വിദ്യാർഥിയായിരിക്കെ അനന്ത്കുമാറിലെ രാഷ്ട്രീയപ്രതിഭ കണ്ടെത്തിയത് കർണാടകയിലെ ധാർവാഡ് ജില്ലയിൽനിന്നുള്ള പ്രമുഖ ആർഎസ്എസ് നേതാവ് ജഗന്നാഥ്റാവു ജോഷിയാണ്. അനന്ത്കുമാറും ഇതേ ജില്ലക്കാരൻ. ജോഷിയാണ് അനന്ത്കുമാറിനോടു രാഷ്ട്രീയത്തിൽ സജീവമാകാൻ ഉപദേശിച്ചത്. കന്നഡയിൽ ഒഴുക്കോടെ പ്രസംഗിക്കാനുള്ള അനന്ത്കുമാറിന്റെ മികവായിരുന്നു പ്രധാന കാരണം. ഇതോടെ അഖില ഭാരതീയ വിദ്യാർഥി പരിഷത്തിലൂടെ (എബിവിപി) രാഷ്ട്രീയത്തിൽ പ്രവേശിച്ചു. എബിവിപിയിൽ അദ്ദേഹത്തിന്റെ സീനിയറായിരുന്ന കന്നഡികൻ ദത്താത്രേയ ഹൊസബൊല ഇപ്പോൾ ആർഎസ്എസിലെ മൂന്നാമനാണ്. 

നിയമം പഠിച്ചെങ്കിലും തന്റെ പ്രവർത്തനരംഗം രാഷ്ട്രീയമാണെന്ന കാര്യത്തിൽ അനന്ത്കുമാറിനു സംശയമുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം ആറാഴ്ചയോളം തടവിലായിരുന്നു. പിതാവ് സോഷ്യലിസ്റ്റ് പാർട്ടി അംഗമായിരുന്നു. മാതാവ് ഭാരതീയ ജനസംഘ് അംഗവും. 

വാജ്‌പേയിയുടെ പ്രസംഗം കന്നഡയിലേക്കു സുന്ദരമായി മൊഴിമാറ്റിയാണ് അനന്ത്കുമാർ അദ്ദേഹത്തിന്റെ പ്രീതി പിടിച്ചുപറ്റിയത്. താമസിയാതെ ഹിന്ദിയിലും ഒഴുക്കോടെ പ്രസംഗിക്കാൻ പഠിച്ചു. ഭാഷകളോടു പ്രത്യേക മമതയുണ്ടായിരുന്നു. ഇംഗ്ലിഷിനും ഹിന്ദിക്കും പുറമേ തെലുങ്ക്, മറാഠി ഭാഷകളും അനായാസമായി കൈകാര്യം ചെയ്യാനറിയാമായിരുന്നു.

1983–85ൽ രാമകൃഷ്ണ ഹെഗ്‍ഡേയുടെ ന്യൂനപക്ഷ സർക്കാരിനെ ബിജെപി പിന്തുണയ്ക്കുന്ന കാലത്താണു കർണാടക കോളജുകളിലെ ക്യാപിറ്റേഷൻ ഫീസിനെതിരെ വിദ്യാർഥിസമരം നടന്നത്. ഇത് ഹൊസബൊലയെയും അനന്ത്കുമാറിനെയും എബിവിപിയുടെ ദേശീയനിരയിലേക്ക് ഉയർത്തി. സമരത്തിന്റെ ഭാഗമായി ഇരുവർക്കും രാജ്യത്തുടനീളം വിപുലമായ യാത്രയ്ക്കും അവസരം ലഭിച്ചു. 

അവിവാഹിതനായി തുടരാൻ തീരുമാനിച്ച ഹൊസബൊല ആർഎസ്എസിലേക്കു വഴിമാറിയപ്പോൾ, കൂട്ടുകാരി തേജസ്വിനിയെ വിവാഹം ചെയ്ത അനന്ത്കുമാർ ബിജെപിയിൽ സജീവമായി. കർണാടകയിലാണു പ്രവർത്തനം തുടങ്ങിയതെങ്കിലും ഡൽഹിയിലെ കേന്ദ്രനേതാക്കളും നാഗ്‌പുരിലെ ആർഎസ്എസ് നേതൃത്വവുമായുള്ള അടുപ്പം അനന്ത്കുമാറിനെ 1995ൽ പാർട്ടിയുടെ ദേശീയ സെക്രട്ടറി പദത്തിലേക്ക് ഉയർത്തി. 

1996ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. വാജ്‌പേയി പ്രധാനമന്ത്രിയായെങ്കിലും അത് 13 ദിവസം മാത്രമായിരുന്നു. 

അന്ന് ബെംഗളൂരു സൗത്ത് സിറ്റിങ് എംപിയെ രാജിവയ്പിച്ചാണ് അനന്ത്കുമാറിനെ അവിടെ മൽസരിപ്പിച്ചത്. ആ ജയത്തോടെ ഡൽഹിയിൽ പ്രബലരുടെ സംഘത്തിലെ അംഗമായി അദ്ദേഹം മാറി.

വ്യോമയാനം, സാംസ്കാരികം, വിനോദസ‍ഞ്ചാരം, നഗരവികസനം തുടങ്ങിയ ശ്രദ്ധേയമായ വകുപ്പുകളാണു കേന്ദ്രത്തിലെ യുവ കാബിനറ്റ് മന്ത്രിയെന്ന നിലയിൽ അനന്ത്കുമാർ കൈകാര്യം ചെയ്തത്. 

വ്യോമയാനരംഗത്തു സ്വകാര്യവൽക്കരണത്തിനായി മുന്നിട്ടിറങ്ങി. സോണിയഗാന്ധിയുടെ നിയന്ത്രണത്തിൽനിന്ന് ഇന്ദിരാഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്സ് പിടിച്ചെടുത്ത് അതിലൂടെ ആർഎസ്എസിന്റെ സാംസ്കാരിക അജൻഡകൾ സാക്ഷാൽക്കരിക്കാൻ വഴിയൊരുക്കി. രാജ്യത്തു സ്മാർട് സിറ്റി പദ്ധതികൾക്കു തുടക്കമിട്ടു. 

പിന്നീട് അനന്ത്കുമാറിന് കർണാടകയുടെ ചുമതല പാർട്ടി നൽകി. 2004ൽ സംസ്ഥാനത്തു ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി, പക്ഷേ കേന്ദ്രത്തിൽ അധികാരം നഷ്ടമായി. നിയമസഭാകക്ഷിനേതാവായ യെഡിയൂരപ്പയും അനന്ത്കുമാറും തമ്മിൽ അഭിപ്രായഭിന്നതകൾ വളർന്നതോടെ അദ്ദേഹത്തെ വീണ്ടും ദേശീയ ജനറൽ സെക്രട്ടറിയായി ഡൽഹിയിലേക്കു തിരിച്ചുകൊണ്ടുപോയി. നിർണായകമായ മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയേൽപിച്ചു. താമസിയാതെ പാർലമെന്ററി ബോർഡിലും അംഗമാക്കി. 

ഇക്കാലയളവിൽ ദേശീയ അധ്യക്ഷപദവിയിൽനിന്ന് എൽ.കെ. അഡ്വാനി മാറി രാജ്‌നാഥ് സിങ്ങും പിന്നാലെ നിതിൻ ഗഡ്‌കരിയും വീണ്ടും രാജ്‌നാഥ് സിങ്ങും വന്നെങ്കിലും അനന്ത്കുമാറിന്റെ സ്വാധീനത്തിനു മാറ്റമില്ലാതെ തുടർന്നു. എന്നാൽ, 2013ൽ ആർഎസ്എസും പാർട്ടിയിലെ ഭൂരിപക്ഷവും നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി തീരുമാനിച്ചപ്പോൾ അനന്ത്കുമാർ ധർമസങ്കടത്തിലായി. അതുവരെ അഡ്വാനിയായിരുന്നു പാർട്ടിയുടെ മുഖം. കണ്ണീരണിഞ്ഞാണ് അനന്ത്കുമാർ അഡ്വാനിയോട് അനിവാര്യമായത് അംഗീകരിക്കാൻ അപേക്ഷിച്ചത്. തന്റെ വിശ്വസ്തരുടെ കയ്യൊഴിയൽ അഡ്വാനിയെ വല്ലാതെ വേദനിപ്പിച്ചു.

നരേന്ദ്ര മോദിയാകട്ടെ പിന്നീട് അനന്ത്കുമാറിനു വലിയ വകുപ്പുകൾ നൽകിയതുമില്ല. വളം–രാസവസ്തു വകുപ്പു മാത്രം നൽകി. സുപ്രധാനമായ റെയിൽവേ വകുപ്പ് അത്ര പ്രബലനല്ലാത്ത, കുറച്ചുകാലം കർണാടക മുഖ്യമന്ത്രിയായിരുന്ന, സദാനന്ദ ഗൗഡയ്ക്കു നൽകുകയും ചെയ്തു. അനന്ത്കുമാർ, വളം നിർമാണമേഖലയിൽ ആധുനികവൽക്കരണം കാര്യക്ഷമമായി നടപ്പിലാക്കി. രാസവസ്തുക്കളുടെയും മരുന്നുകളുടെയും ഉൽപാദനം ഉയർത്തി. 

അതേസമയം, അമിത് ഷാ അനന്ത്കുമാറിനെ പാർലമെന്ററി ബോർഡിൽ നിലനിർത്തിയത് ആർഎസ്എസിനു പ്രിയപ്പെട്ട നേതാവായി അദ്ദേഹം തുടർന്നതിന്റെ സൂചനയായിരുന്നു. കഴിഞ്ഞവർഷം നരേന്ദ്ര മോദി അനന്ത്കുമാറിന് പാർലമെന്ററി കാര്യ വകുപ്പിന്റെ അധികചുമതല കൂടി നൽകി. 

ദീർഘകാലമായി പ്രമേഹം വേട്ടയാടിയിരുന്നുവെങ്കിലും ചിട്ടയായ ഭക്ഷണനിയന്ത്രണത്തിലൂടെയും മരുന്നുകളിലൂടെയും അതിനെ നേരിട്ടിരുന്നു. സൽക്കാരപ്രിയനായ അദ്ദേഹം പറയാറുണ്ടായിരുന്നു, താനൊരിക്കലും ഡൽഹിയിൽ തനിച്ചു ഭക്ഷണം കഴിച്ചിട്ടില്ലെന്ന്. തീൻമേശയിൽ അദ്ദേഹത്തിനൊപ്പം എപ്പോഴും അതിഥികളുണ്ടായിരുന്നു.  മന്ത്രാലയ ഓഫിസിൽ സന്ദർശകർക്കും പഴ്‌സനൽ സ്റ്റാഫിനും എപ്പോഴും  വലിയ അളവിൽ ഭക്ഷണസാധനങ്ങൾ എത്തിയിരുന്നു. 

അനന്ത്കുമാറിനു രാജ്യമൊട്ടാകെ, ഓരോ താലൂക്ക് ആസ്ഥാനത്തും ബന്ധങ്ങളുണ്ടായിരുന്നു. പ്രശ്നപരിഹാരത്തിനുള്ള അദ്ദേഹത്തിന്റെ കഴിവും മനോഭാവവും സവിശേഷമായിരുന്നു. രാഷ്ട്രീയനുറുങ്ങുകഥകളുടെയും നർമങ്ങളുടെയും വലിയൊരു ശേഖരം കൂടി അനന്ത്കുമാറിന്റെ വേർപാടിനൊപ്പം നമുക്കു നഷ്ടമാകുന്നു.

സന്നദ്ധസേവന രംഗത്തും നിറഞ്ഞ വ്യക്തിത്വം

∙ 1959 ജൂലൈ 22ന് റെയിൽവേ ജീവനക്കാരൻ നാരായണ ശാസ്ത്രിയുടെയും എൻ.ഗിരിജയുടെയും മകനായി ജനിച്ചു. ബിഎ, എൽഎൽബി ബിരുദധാരി. 

∙ എബിവിപി കർണാടക സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 

∙ 1987ൽ ബിജെപിയിൽ അംഗമായി.

∙1998ൽ വാജ്പേയി മന്ത്രിസഭയിൽ സിവിൽ വ്യോമയാന മന്ത്രിയാകുമ്പോൾ പ്രായം 38. ആ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി അനന്ത്കുമാർ. ടൂറിസം, സ്പോർട്സ്, യുവജനക്ഷേമം, നഗരവികസനം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തു. 

∙ 2003ൽ പാർട്ടി കർണാടക പ്രസിഡന്റും തുടർന്ന് ദേശീയ ജനറൽ സെക്രട്ടറിയുമായി.

∙ സന്നദ്ധസേവനരംഗത്തും അനന്ത്കുമാറിന്റെയും ഭാര്യ തേജസ്വിനിയുടെയും കയ്യൊപ്പുണ്ട്. അമ്മ ഗിരിജയുടെ സ്മരണാർഥം 1998ൽ ആരംഭിച്ച അദമ്യ ചേതന ഫൗണ്ടേഷൻ ദിവസം രണ്ടു ലക്ഷം നിർധന സ്കൂൾ കുട്ടികൾക്കാണ് ഉച്ചയൂണു നൽകുന്നത്.  സൻസദ് ആദർശ് യോജനയ്ക്കു കീഴിൽ റാഗിഹള്ളി ഗ്രാമത്തെയും അനന്ത് കുമാർ ദത്തെടുത്തിരുന്നു.