Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനു മുൻപിൽ വാതിലടയ്ക്കരുത്

ഈ ലോകത്തു തുടരാൻ മറ്റു ചിലർക്കുകൂടി അവസരമൊരുക്കുന്ന അവയവദാനം എന്ന മഹനീയ സന്ദേശത്തിന്റെ പ്രസക്‌തി വർധിച്ചുവരുമ്പോൾ  ജീവപ്രത്യാശയുടെ പച്ചിലകളാണു തളിർക്കുന്നത്. അവയവദാന സന്ദേശത്തിന്റെ എത്രയോ മാതൃകകൾ ഉണ്ടായ നാടാണു നമ്മുടേത്. എന്നിട്ടും, കേരളത്തിൽ മരണാനന്തര അവയവദാനം വഴിമുട്ടിനിൽക്കുകയാണെന്ന വിവരം ‍ഞെട്ടിക്കുന്നതും സങ്കടകരവുമാണ്. 

സമ്മതപത്രം ഒപ്പിട്ടു നൽകുന്നത് ബന്ധുക്കളുടെ അറിവോടെയല്ല എന്നതും കഴിഞ്ഞ വർഷം മുതൽ നിയമം കൂടുതൽ കർക്കശമായതുമാണ് ഈ സ്തംഭനത്തിന്റെ മുഖ്യകാരണങ്ങൾ. 7.5 ലക്ഷം പേർ സമ്മതപത്രം ഒപ്പിട്ടു നൽകിയിട്ടുണ്ടെങ്കിലും മരണാനന്തര അവയവദാനം യാഥാർഥ്യമാകാതെ വന്നതോടെ സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയും അനിശ്ചിതത്വത്തിലായി. 2015ൽ 76 പേർ അവയവദാനം നിർവഹിച്ചപ്പോൾ ഈ വർഷം ഇതുവരെ നാലു പേർ മാത്രമാണു സമ്മതം നൽകിയതെന്നതിലെ നിർഭാഗ്യസൂചന സർക്കാരിനും പൊതുസമൂഹത്തിനുമുള്ളതാണ്.

ലോക്സഭ 1994ൽ പാസാക്കിയ നിയമം അടിസ്ഥാനമാക്കി, 2012ൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഭാഗമായിട്ടാണു മരണാനന്തര അവയവദാനത്തിനായി മൃതസഞ്ജീവനി (കേരള നെറ്റ്‌‌വർക്ക് ഫോർ ഓർഗൻ ഷെയറിങ്) പദ്ധതിക്കു തുടക്കം കുറിച്ചത്. അഞ്ചു വർഷത്തിനിടെ, മസ്തിഷ്കമരണം സംഭവിച്ച രണ്ടായിരത്തിലേറെ ദാതാക്കളിൽനിന്നായി 750 അവയവങ്ങൾ മൃതസഞ്ജീവനിയിലൂടെ മാറ്റിവയ്ക്കാനായെങ്കിലും ഇപ്പോഴുണ്ടായിട്ടുള്ള സ്തംഭനാവസ്ഥ ആപൽഭീഷണി ഉയർത്തുകയാണ്.

അവയവങ്ങളുടെ പ്രവർത്തനപരാജയം മൂലം സംസ്ഥാനത്തു മരണമടയുന്നവരുടെ എണ്ണം ക്രമാതീതം ഉയരുന്നതായി പഠനങ്ങൾ പറയുന്നു. അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ മൂലം ജീവിതം അനിശ്ചിതത്വത്തിലായ ലക്ഷക്കണക്കിനുപേരുണ്ട്. വൃക്കരോഗബാധിതരെ ഉദാഹരണമായി എടുക്കാം. ഡയാലിസിസിന്റെ ബുദ്ധിമുട്ടുകളും സാമ്പത്തികബാധ്യതയും താങ്ങാനാകാതെ എത്രയോ ജീവിതങ്ങൾ നമുക്കരികിൽ പിടയുകയാണ്. വൃക്ക മാറ്റിവയ്‌ക്കേണ്ട സാഹചര്യം വരുമ്പോൾ സങ്കീർണമായ നടപടിക്രമങ്ങളുടെ നീരാളിപ്പിടിത്തത്തിൽ രോഗിയും വീട്ടുകാരും വലയുന്ന കാഴ്‌ച ദയനീയമാണ്. വൃക്ക മാറ്റിവയ്ക്കാൻ മൃതസഞ്ജീവനിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത് 1739 രോഗികളാണ്. കരളിനായി 353 പേരും ഹൃദയത്തിനായി 33 പേരും ശ്വാസകോശത്തിനായി മൂന്നു പേരും കാത്തിരിക്കുന്നു. 

അവയവക്കച്ചവടത്തെക്കുറിച്ചുള്ള പരാതികളെ തുടർന്ന്, അവയവദാനത്തിലെ സുതാര്യത ഉറപ്പുവരുത്താൻ എല്ലാ മസ്തിഷ്ക മരണങ്ങളും സർട്ടിഫൈ ചെയ്യുന്നതു നിർബന്ധിതമാക്കാൻ സർക്കാർ തീരുമാനിച്ചത് ഈയിടെയാണ്. സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവദാനത്തെക്കുറിച്ചു ബന്ധുക്കളോടു സംസാരിക്കാൻ കൗൺസലർമാരെ നിയമിക്കാനും തീരുമാനമുണ്ടായി. നിയമങ്ങളിലെ സങ്കീർണത കാരണം പല സ്വകാര്യ ആശുപത്രികളും മസ്തിഷ്ക മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതിനിടെ നിർത്തിയിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചാലും രക്ഷപ്പെടാമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നതും അവയവദാനത്തെ ബാധിച്ചതായി കരുതാം.

അവയവങ്ങൾക്കായി സംസ്ഥാനത്തു കാത്തിരുന്ന 650 രോഗികൾ അഞ്ചു വർഷത്തിനിടെ മരിച്ചുകഴിഞ്ഞു. യഥാസമയം അവയവം കിട്ടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഒരുവർഷത്തിനിടെ മരിച്ചത് 56 പേരാണെന്നും ഇവർ സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ റജിസ്റ്റർ ചെയ്തിരുന്നവരാണെന്നും മന്ത്രി കെ.കെ.ശൈലജ ഇക്കഴിഞ്ഞ ജൂണിൽ നിയമസഭയിൽ പറയുകയുണ്ടായി. അവയവങ്ങൾ ലഭിക്കാത്തതു മൂലം ഒട്ടേറെപ്പേർ മരണമടയുന്നതു സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിൽ ഉണർന്നുപ്രവർത്തിക്കേണ്ടതു സർക്കാർതന്നെയാണ്. മരണാനന്തര അവയവദാനത്തിലെ സങ്കീർണമായ കുരുക്കുകൾ അഴിച്ചും ബന്ധുക്കൾക്കായി ബോധവൽക്കരണം നടത്തിയും അവയവക്കച്ചവടത്തിന്റെ വേരറുത്തും മഹാദാനത്തിന്റെ തുടർവിളംബരം എത്രയുംവേഗം ഉണ്ടാവേണ്ടതുണ്ട്. നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷത്തിനും ജീവന്റെ വിലയാണുള്ളതെന്ന് ഇതോടൊപ്പം ഓർമിക്കുകയും വേണം.