Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാനം വഴി കാട്ടട്ടെ

നമ്മുടെ എല്ലാ ആരാധനാലയങ്ങളിലും സമാധാനവും ശാന്തിയും ആഗ്രഹിക്കുകയും അവിടങ്ങളിലെ തീർഥാടനകാലം സുഗമമാക്കാനുള്ള ശ്രമങ്ങളിൽ ജാതിമതഭേദമില്ലാതെ പങ്കുകൊള്ളുകയും ചെയ്യുന്നതാണു കേരളത്തിന്റെ പാരമ്പര്യം. പക്ഷേ, പവിത്രശോഭയാർന്ന ശബരിമലയിൽനിന്നു സമീപകാലത്തു കേട്ട സംഘർഷവാർത്തകളും വിവാദകോലാഹലവും കേരളത്തെയാകെ സങ്കടപ്പെടുത്തുന്നതായി. അതീവസങ്കീർണമായ ഇപ്പോഴത്തെ സാഹചര്യത്തിൽ നിർണായകമായ മറ്റൊരു തീരുമാനംകൂടി ഇന്നലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൽനിന്നുണ്ടായിരിക്കുകയാണ്.
ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷവിധി നിലനിർത്തിയും പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാനുമുള്ള സുപ്രീംകോടതിയുടെ തീരുമാനം സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. മണ്ഡലകാല തീർഥാടനത്തിനും മകരവിളക്കിനുംശേഷം, ജനുവരി 22നാണ് ഇനി കോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുക.

ആധ്യാത്മികതേജസ്സാർന്ന്, അന്യനാടുകളിലടക്കം കേരളത്തിന്റെ മുഖമുദ്രകളിലൊന്നായി നിലകൊള്ളുകയാണു ശബരിമല. ബഹുസ്വരതയുടെയും മതനിരപേക്ഷകതയുടെയുമൊക്കെ നിത്യപ്രതീകംതന്നെയായി പരിലസിക്കുന്ന ഈ പുണ്യഭൂമിയിൽ ആ മഹനീയതയെ മാനിക്കുന്ന കാര്യങ്ങളാണ് ഉണ്ടാവേണ്ടതും. ശനിയാഴ്ച മണ്ഡലകാലം തുടങ്ങുകയാണ്. ശബരിമല അയ്യപ്പനെ ദർശിക്കാൻ ലക്ഷക്കണക്കിനു തീർഥാടകർ ദൂരദേശങ്ങളിൽനിന്നു പോലും എത്തിത്തുടങ്ങുന്നതു സംഘർഷകലുഷമായ അന്തരീക്ഷത്തിലായിക്കൂടാ. കോടതിവിധിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തീർഥാടകപ്രവാഹം സുഗമമാക്കാൻ മനസ്സൊരുക്കിയേതീരൂ.

ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷവിധി നിലനിർത്തിയ സുപ്രീം കോടതി ഇന്നലെ സംസ്ഥാന സർക്കാരിനു കൂടുതൽ ഉത്തരവാദിത്തം തന്നെയാണു നൽകിയതെന്നു നിരീക്ഷിക്കുന്നവരുണ്ട്. ഈ തീർഥാടനകാലം സുഗമവും സമാധാനപൂർണവും ആക്കേണ്ട ആ വലിയ ഉത്തരവാദിത്തം തിരിച്ചറിഞ്ഞുവേണം സർക്കാരിന്റെ ഇനിയുള്ള ഓരോ കാൽവയ്പും. ആരാധനയുടെയും തീർഥാടനത്തിന്റെയും പവിത്രത മാനിച്ച്, ഒൗചിത്യത്തോടെയുള്ള തീരുമാനങ്ങൾ ഉണ്ടാവണമെന്ന് കേരളം ആഗ്രഹിക്കുന്നു.

ഇക്കാര്യത്തിൽ സർക്കാരിനൊപ്പം, നിർണായക പങ്കുവഹിക്കേണ്ടതു നമ്മുടെ രാഷ്ട്രീയകക്ഷികൾതന്നെയാണ്. ഇതൊരു രാഷ്ട്രീയവിഷയമല്ല എന്ന ബോധ്യത്തോടെ അവർ ഒരുമിച്ചുമുന്നോട്ടുനീങ്ങിയാൽതന്നെ സമാധാനത്തിലേക്കുള്ള വഴി കൂടുതൽ തുറക്കുകയും പ്രകാശപൂർണമാവുകയും ചെയ്യും. കേരളത്തിന്റെയും ശബരിമലയുടെയും നന്മയ്ക്കും സമാധാനത്തിനുംവേണ്ടിയല്ലാതെ, രാഷ്ട്രീയ താൽപര്യങ്ങൾമാത്രം മുന്നിൽവച്ച് അണികളെ നയിച്ചാൽ അതിനു കാലം മാപ്പുനൽകില്ല. അതുകൊണ്ടുതന്നെ, ശബരിമലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഇല്ലാതാക്കാൻ സർക്കാരും ദേവസ്വം ബോർഡും രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും ഏക മനസ്സോടെ മുന്നോട്ടുവരികതന്നെ ചെയ്യണം.

ഓരോ നാടിനും സർക്കാരിനും സമൂഹത്തിനുതന്നെയും ഇത്തരം പരീക്ഷണഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി‌വരുന്നതു ചരിത്രപാഠമാണ്. വിവേകത്തോടും ഒൗചിത്യത്തോടും കൂടി ഇങ്ങനെയുള്ള സങ്കീർണസാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിലാണു ഭരണകൂടത്തിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും കാര്യനിർവഹണശേഷി വിലയിരുത്തപ്പെടുക. കേരളം ഇപ്പോൾ ആവശ്യപ്പെടുന്നത് മാതൃകാപരമായ ആ നിർവഹണശേഷിയാണ്. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്തിട്ടുള്ള സർവകക്ഷിയോഗം സമാധാന പുനഃസ്ഥാപനത്തിന്റെ ആധാരശിലയായിത്തീരട്ടെ.
കൂട്ടായ ആലോചനകളിലൂടെ, സാധ്യമായ നേർമാർഗങ്ങളെല്ലാം സ്വീകരിച്ച്, ശബരിമലയുടെയും കേരളത്തിന്റെയും സമാധാനത്തിനായി നാം കൈകോർക്കണമെന്ന് ഓർമപ്പെടുത്തുകയാണു കാലം. അതു കേൾക്കാതിരുന്നുകൂടാ.