Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറയാതിരിക്കട്ടെ, പാതയും കാഴ്ചയും

സംസ്ഥാനത്ത് അനധികൃത ഫ്ലെക്സ്, പരസ്യ ബോർഡുകൾ കഴിഞ്ഞ മാസം മുപ്പതിനുശേഷവും മാറ്റാതെ അവശേഷിച്ചാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാരും ഉദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്നു ഹൈക്കോടതി നേരത്തേ കർശനമായി പറഞ്ഞിട്ടും സംഭവിച്ചതെന്താണ്? സർക്കാർ ഉത്തരവിറങ്ങിയശേഷവും, ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്കാർ ഉൾപ്പെടെ അനധികൃത ഫ്ലെക്സ്, പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതു വേലിതന്നെ വിളവു തിന്നുന്നതിനു തുല്യമാണെന്നു കോടതിക്ക് ചൊവ്വാഴ്ച പറയേണ്ടിവന്നത് അതുകൊണ്ടാണ്. 

സുപ്രീം കോടതിയും ഹൈക്കോടതിയും മുൻപു പലതവണ അനധികൃത പരസ്യ ബോർഡുകൾക്കെതിരെ കർശന നിലപാട് എടുത്തിട്ടുള്ളതാണ്. കോടതിവിധിയെ പരിഹസിക്കുന്ന മട്ടിൽ കോടതികൾക്കു മുന്നിൽപോലും പുതിയ ബോർഡുകൾ ഉയരുന്നുണ്ടെന്നു ഹൈക്കോടതി  പറഞ്ഞതിലെ ഗൗരവം ഉൾക്കൊള്ളേണ്ടതുതന്നെ. വികസിത രാജ്യങ്ങളിലൊന്നും ഫ്ലെക്സ് ഇല്ല. അതു മൂലമുണ്ടാകുന്ന സാമൂഹിക–പരിസ്ഥിതി പ്രശ്നങ്ങൾ ശുദ്ധമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഈ വിപത്ത് ഒഴിവാക്കാൻ നടപടി വേണമെന്നും കോടതി പറയുകയുണ്ടായി.

വാഹനമോടിക്കുന്നവരുടെ കാഴ്ച മറച്ച് നമ്മുടെ വഴിയോരങ്ങളിൽ ഉയർന്നുനിൽക്കുന്ന അനധികൃത ഫ്ലെക്സുകളും പരസ്യ ബോർഡുകളും കമാനങ്ങളും അപകടകരമായി തൂങ്ങിക്കിടക്കുന്ന കേബിൾ, വൈദ്യുതി, ഫോൺ ലൈനുകളുമെ‌ാക്കെ സഞ്ചാരസ്വാതന്ത്ര്യത്തെയല്ലേ വെല്ലുവിളിക്കുന്നത്? വീണുകിടക്കുന്ന കൊടിക്കമ്പുകളും തോരണങ്ങളും ഇവിടെ പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.  

ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതും കാഴ്ച മറയ്ക്കുന്നതുമായ ഫ്ലെക്സുകളും പരസ്യബോർഡുകളും റോഡുകളിൽനിന്ന് ഒഴിവാക്കാനുള്ള നടപടികൾ സമകാല കേരളം ആവശ്യപ്പെടുന്നതുതന്നെ. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ പൊലീസ് നിയമം അനുസരിച്ചുള്ള നടപടി വേണമെന്നാണു ഹൈക്കോടതി പറഞ്ഞത്. ഹൈക്കോടതി വിധിയോടു സർക്കാരിന് അനുകൂല നിലപാടാണെങ്കിലും ഭരണകക്ഷികൾ ഉൾപ്പെടെ അതു ലംഘിക്കുന്നുവെന്നായിരുന്നു പരാമർശം. ‘പല കാര്യങ്ങളിലും ശക്തമായ നിലപാട് എടുക്കുന്നയാളാണു മുഖ്യമന്ത്രി. ഒരു ഫോൺകോൾ മതി നടപടിക്ക്. ഇക്കാര്യത്തിൽ എന്തുകൊണ്ട് അത്തരം നടപടിയുണ്ടാവുന്നില്ല’ എന്നുപോലും കോടതിക്കു ചോദിക്കേണ്ടിവന്നു. 

പരിസ്ഥിതി സംരക്ഷണത്തിനായുള്ള ദേശീയ, രാജ്യാന്തര വ്യവസ്ഥകൾ പിന്തുടരാൻ ബാധ്യതയുള്ള അധികൃതർ പരിസ്ഥിതി നാശമുണ്ടാക്കുന്ന ഫ്ലെക്സ് ബോർഡ് അനുവദിച്ചത് എങ്ങനെയാണ്? മണ്ണിൽ അലിഞ്ഞുചേരില്ലെന്നതും കത്തിച്ചാൽ വിഷവാതകങ്ങൾ പുറന്തള്ളുമെന്നതും പുനരുപയോഗസാധ്യതയില്ലാത്തതും ഫ്ലെക്സിന്റെ വലിയ അപകടമാണ്. സംസ്ഥാന സർക്കാർ തന്നെ ഹരിത പ്രോട്ടോക്കോൾ സ്വീകരിച്ചിട്ടുമുണ്ട്. 

അനധികൃത ഫ്ലെക്സ്, പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്ഥായിയായ പരിഹാരനടപടി സർക്കാർ നിർദേശിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും അവ തുടരുന്നുണ്ടെന്ന് കേസിൽ കോടതിയെ സഹായിക്കുന്ന ‘അമിക്കസ് ക്യൂറി’ കഴിഞ്ഞ മാസാവസാനം റിപ്പോർട്ട് നൽകിയിരുന്നു. അനധികൃത ബോർഡുകൾ നീക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ ചുമതലപ്പെട്ട നഗരസഭയിലെയും കെഎസ്ഇബിയിലെയും ഉദ്യോഗസ്ഥരും പൊലീസും കാര്യമായ നടപടിയെടുക്കുന്നില്ലെന്നായിരുന്നു റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ അനധികൃത ബോർഡുകളുടെ തരംഗംതന്നെയുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്. 

നിയമവിരുദ്ധമായി ബോർഡ് വയ്ക്കുന്നവരുടെ സ്വാധീനവും അധികാരവും സമൂഹനന്മയെ കരുതി നടപടിയെടുക്കേണ്ട പൊതുഅധികാരികൾക്കു തടസ്സമാകരുതെന്നു കോടതി ഓർമപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ മാറ്റാത്തതു പൊതുജനങ്ങൾക്കു തെറ്റായ മാതൃകയാകുമെന്ന തിരിച്ചറിവ് ഇനിയും നമ്മുടെ നേതൃനിരയ്ക്കു തോന്നാത്തതെന്തുകൊണ്ടാണ്?