Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്പരം അറിയാതെ പോകുന്നവർ

subhadinam

വംശീയ ലഹളകൾ അരങ്ങേറുമ്പോൾ വിരുദ്ധചേരികളിൽ ഉള്ളവർക്കു സംരക്ഷണം നൽകിയിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ ഒരു യുദ്ധകാലത്ത് എതിർചേരികളിലുള്ള ഓരോരുത്തരെ തന്റെ വീട്ടിൽ രഹസ്യമായി പാർപ്പിച്ചു. അവർ പരസ്‌പരം കാണുകയോ സംസാരിക്കുകയോ ചെയ്‌തില്ല. അവരുടെ എല്ലാ ആവശ്യങ്ങളും അദ്ദേഹം നിറവേറ്റി. കുറച്ചു കാലങ്ങൾക്കുശേഷം അദ്ദേഹം മരിച്ചു. അന്ന് ഒരേ വീട്ടിൽ താമസിച്ചിരുന്ന ആ നിത്യവൈരികൾ ആദ്യമായി കണ്ടു. പരസ്‌പരം ആലിംഗനബദ്ധരായി നിന്ന അവർ, അദ്ഭുതം പൂണ്ട ആളുകളോടു പറഞ്ഞു: ‘ഇത് ഇത്രയും നാൾ ഞങ്ങളെ സംരക്ഷിച്ച ആളോടുള്ള കൃതജ്‌ഞതയാണ്’.

കരുണ കാണിക്കുന്നവരുടെ മുമ്പിൽ എളിമപ്പെടാതെ നിവൃത്തിയില്ല. സ്വന്തം സംരക്ഷണവലയങ്ങൾ ഭേദിച്ച് സുഖാനുഭവങ്ങൾക്കു ഭംഗം വരുത്തി അന്യന്റെ പാതയിൽ വഴിവിളക്ക് ആകുന്നവരാണ് യഥാർഥ ശുശ്രൂഷകർ. നഷ്‌ടങ്ങളും അപകടസാധ്യതകളും മുൻകൂട്ടി കണ്ടിട്ടും സംരക്ഷണമൊരുക്കുന്നവരുടെ മുമ്പിൽ കൈകൂപ്പി നിൽക്കാനേ നിവൃത്തിയുള്ളൂ. സന്മാർഗം പഠിപ്പിക്കാൻ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയോ പരീക്ഷകൾ നടത്തുകയോ വേണ്ട. ജീവിച്ചു കാണിച്ചാൽ മതി. എത്ര ദേഷ്യപ്പെട്ടാലും തിരികെ സൗമ്യമായി ഇടപെടുന്നവനോടു ക്ഷിപ്രകോപിക്ക് എന്തുചെയ്യാൻ കഴിയും. 

ചില പുണ്യങ്ങൾ സമ്പർക്കങ്ങളെ ശ്രേഷ്‌ഠമാക്കും. അടുത്തു ജീവിക്കാൻ തുടങ്ങുമ്പോൾ മനസ്സിലാകും പരസ്പരം അകറ്റിനിർത്തിയിരുന്ന ഘടകങ്ങൾ അർഥരഹിതമായിരുന്നു എന്ന്. സ്വയം കണ്ടെത്തിയതോ മറ്റുള്ളവർ കണ്ടെത്തി തന്നതോ ആയ കാരണങ്ങളുടെ പേരിൽ വിദ്വേഷവും ശത്രുതയും പുലർത്തിയവർ തമ്മിൽ ഒരു ദിവസം പങ്കിട്ടാൽ വർഷങ്ങളുടെ വൈരത്തെ അലിയിക്കുന്നതിനുള്ള കാരണവും അവർ തന്നെ കണ്ടെത്തും.