Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാവികസേനയുടെ അംഗബലം കുറയ്ക്കില്ല; ഇന്ത്യൻ സമുദ്രത്തിൽ നിതാന്ത ജാഗ്രത: അഡ്മിറൽ സുനിൽ ലാംബ

Sunil-Lamba

നാവികസേനയുടെ അംഗബലം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും 200 കപ്പലുകളുള്ള സേനയായി മാറുമ്പോൾ കൂടുതൽ പേർ ആവശ്യമായി വരുമെന്നും അഡ്മിറൽ സുനിൽ ലാംബ. കരസേന അംഗബലം കുറയ്ക്കുന്നതിനെപ്പറ്റി പഠനം നടത്തുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ നാവികസേനയുടെ നീക്കം എന്താണെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ന്നു അദ്ദേഹം.

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന ഇന്ത്യയ്ക്കു ഭീഷണിയാവുകയാണോ? മേഖലയിലെ ചില രാജ്യങ്ങൾ ഇന്ത്യയെ അവഗണിക്കുകയും ചൈനയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു?

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് നാവികസേനയുടെ 6 മുതൽ 8 വരെ കപ്പലുകൾ മുഴുവൻ സമയവുമുണ്ട്. 2008 മുതൽ സ്ഥിരമായി ചൈനീസ് നാവികസേനയുടെ സാന്നിധ്യം‌ മേഖലയിലുണ്ട്. കടൽക്കൊള്ളക്കാർക്കെതിരെ ചൈന നീങ്ങുന്നുണ്ട്. ഇതെല്ലാം ഇന്ത്യ ജാഗ്രതയോടെ നിരീക്ഷിക്കുന്നുമുണ്ട്. മേഖലയിലെ രാജ്യങ്ങളിൽ ചൈന വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. സുഹൃദ് രാജ്യങ്ങളുമായി ഇന്ത്യയും നിരന്തര ബന്ധം പുലർത്തുകയും പല കാര്യങ്ങളിലും മുൻകൈയെടുക്കുകയും ചെയ്യുന്നുണ്ട്. ഈ രാജ്യങ്ങളിലെ നാവിക സേനകൾ തമ്മിൽ മാത്രമല്ല, സർക്കാരുകൾ തമ്മിലും അടുത്ത ബന്ധം പുലർത്തുന്നുണ്ട്.  

ചൈനയിൽ നിന്നാണോ അതോ പാക്കിസ്ഥാനിൽ നിന്നാണോ ഇന്ത്യയ്ക്കു കൂടുതൽ ഭീഷണി? 

വ്യത്യസ്ത വിഷയങ്ങളാണ്. ചൈനയുമായി അതിർത്തിയിൽ പ്രശ്നങ്ങളുണ്ട്. എന്നാൽ ഇന്ത്യയും ചൈനയും തമ്മിൽ വലിയതോതിൽ വ്യാപാര ബന്ധങ്ങളുണ്ട്. പാക്കിസ്ഥാനാകട്ടെ ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തുന്നു.

ക്യാപ്റ്റൻ അഭിലാഷ് ടോമിയുടെ കടൽ യാത്രകളെപ്പറ്റി? 

ഇന്ത്യയുടെ മഹാനായ നാവികനാണദ്ദേഹം. ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിന് ഏഷ്യയിൽ നിന്ന് അഭിലാഷ് ടോമിയെ മാത്രമാണു ക്ഷണിച്ചത്. 1968ൽ ആദ്യം നടത്തിയ മത്സരത്തിന്റെ അതേ മാതൃകയിൽ ജിപിഎസ് അടക്കമുള്ള ആധുനിക സംവിധാനങ്ങളില്ലാതെയായിരുന്നു മത്സരം. നിർഭാഗ്യവശാൽ അദ്ദേഹത്തിനു മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. 

കൊച്ചിയെ നന്നായി അറിയുന്നയാളാണു താങ്കൾ...

കൊച്ചിക്കു പല കാര്യങ്ങളിലും നല്ല പുരോഗതിയുണ്ട്. 1977ൽ കെഡറ്റ് ആയാണ് ആദ്യം കൊച്ചിയിലെത്തിയത്. അക്കാലത്തു സൈക്കിളിലായിരുന്നു നഗരത്തിലേക്കുള്ള യാത്രകൾ. തലങ്ങും വിലങ്ങും ജലപാതകളുണ്ടായിരുന്നു. പിന്നീടു ദക്ഷിണ കമാൻഡ് േമധാവിയായി കൊച്ചിയിൽ ജോലി ചെയ്തു. മറ്റു നഗരങ്ങളേക്കാൾ വേഗത്തിലും മികവുറ്റ രീതിയിലും കൊച്ചി വളർന്നതു കാണാൻ സന്തോഷമുണ്ട്. 

ഏതു നാവികനും തന്റെ ഔദ്യോഗിക ജീവിതത്തിൽ കൊച്ചിയെയും കേരളത്തെയും മാറ്റി നിർത്താൻ കഴിയില്ല. മനോഹരമാണ് ഈ നാടും നാട്ടുകാരും.