Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സങ്കീർണമാക്കരുത് ശബരിമല പ്രശ്നം‌‌

ജന്മാന്തരപുണ്യം നൽകുന്ന അയ്യപ്പദർശനം തേടി ഭക്‌തലക്ഷങ്ങൾ വന്നെത്തുന്ന മണ്ഡലകാല തീർഥാടനത്തിനായി പരമപവിത്രമായ ശബരിമല നട ഇന്നു തുറക്കുകയാണ്. ശബരിമലയുടെയും കേരളത്തിന്റെതന്നെയും സമാധാന പുനഃസ്ഥാപനത്തിനായി വഴിതുറക്കുമെന്ന പ്രതീക്ഷയിൽ എല്ലാവരും കാത്തിരുന്ന സർവകക്ഷിയോഗം പരാജയപ്പെട്ടതോടെ വർധിച്ച ആശങ്കയുടെകൂടി പശ്ചാത്തലത്തിലാണ് ഈ തീർഥാടനകാലം തുടങ്ങുന്നത്. മണ്ഡലകാലത്തിനു മുന്നോടിയായി നടക്കേണ്ട ഒരുക്കങ്ങൾ പലതും പൂർത്തിയായിട്ടില്ലെന്നത് ഇപ്പോഴത്തെ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു.

മുഖ്യമന്ത്രി ഇന്നലെ വിളിച്ചുചേർത്ത സർവകക്ഷി യോഗം വ്യർഥമായിത്തീർന്നതിന്റെ കാരണം എന്തുതന്നെയായാലും, ശബരിമലയെ ഹൃദയത്തിലേറ്റുന്ന, ഈ പുണ്യഭൂമിയിലെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കൊക്കെയും അതു കടുത്ത ഇച്ഛാഭംഗത്തിനു കാരണമായെന്നതിൽ സംശയമില്ല. ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷവിധി നിലനിർത്താനും പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാനുമുള്ള സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ തീരുമാനത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഇന്നലത്തെ യോഗം നിർണായകമായിരുന്നു. ആ യോഗത്തിൽ ഉരുത്തിരിയുന്ന ശുഭസൂചനകൾക്കായി ശബരിമലയുടെ സമാധാനം ആഗ്രഹിക്കുന്നവരുടെയെല്ലാം പ്രാർഥനയുമുണ്ടായിരുന്നു. 

പക്ഷേ, നിർഭാഗ്യവശാൽ അതല്ല സംഭവിച്ചത്. മണ്ഡലകാല തീർഥാടനത്തിനും മകരവിളക്കിനുംശേഷം, ജനുവരി 22നാണ് ഇനി കോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുകയെന്നിരിക്കെ നീറിപ്പുകയുന്ന പ്രശ്നത്തിനു ക്രിയാത്മകവും പ്രായോഗികവും ആരുടെയും വിശ്വാസത്തെ മുറിപ്പെടുത്താത്തതുമായൊരു പരിഹാരം എത്രയും പെട്ടെന്ന് അനിവാര്യമായിരുന്നുതാനും. ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചതു കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയെട്ടിനാണ്. എന്നിട്ടും, ഒരു സർവകക്ഷിയോഗം വിളിക്കാൻ ശബരിമല നട തുറക്കുന്നതിന്റെ തലേന്നുവരെ സർക്കാർ വൈകിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യവും ബാക്കിവരുന്നു.  

സർവകക്ഷി യോഗത്തിനുശേഷം, തന്ത്രി കുടുംബത്തിലെയും പന്തളം രാജകുടുംബത്തിലെയും പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരമായില്ലെങ്കിലും അവർ മുഖ്യമന്ത്രിക്കു കൈമാറിയ ആവശ്യങ്ങൾ ദേവസ്വം ബോർഡിന്റെ പരിഗണനയ്ക്കുവിട്ടതു ശുഭസൂചനയായി കാണാം. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൻമേൽ സാവകാശം തേടാനുള്ള ആലോചനയിലാണു ദേവസ്വം ബോർഡ്.  

നിരോധനാജ്ഞ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇത്തവണത്തെ തീർഥാടനകാലാരംഭം. പ്രശ്നം സങ്കീർണമായ സാഹചര്യത്തിൽ, ലക്ഷക്കണക്കിനു തീർഥാടകർ ദൂരദേശങ്ങളിൽനിന്നുപോലും ഇന്നുമുതൽ ശബരിമലയിലേക്ക് എത്തിത്തുടങ്ങുന്നതു സംഘർഷകലുഷമായ അന്തരീക്ഷത്തിലാവരുത് എന്ന് ഉറപ്പുവരുത്തിയേതീരൂ. കോടതിവിധിയെ അനുകൂലിക്കുന്നവരിൽനിന്നും എതിർക്കുന്നവരിൽനിന്നും  ശബരിമലയുടെ സമാധാനവും ശാന്തിയും മുറിപ്പെടുത്തുന്ന ഒരു കാര്യവും ഉണ്ടായിക്കൂടാ. 

ഇതിനിടയിലാണ്, ഒരുക്കങ്ങളുടെ കാര്യത്തിലുള്ള മന്ദഗതി. നിലയ്ക്കലിൽ നിർമിക്കുന്ന മൂന്നു വലിയ വിരിപ്പന്തലുകളുടെ കോൺക്രീറ്റിങ് പൂർത്തിയാക്കിയെങ്കിലും  ശുദ്ധജലം എത്തിക്കുന്നതിനായി പൈപ്പ് ഇടുന്ന ജോലികൾ നടക്കുന്നതേയുള്ളൂ. നിലയ്ക്കലിൽ കെഎസ്ഇബി ലൈൻ വലിക്കുന്ന ജോലി ഇന്നു തീരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കെഎസ്ആർടിസി കൗണ്ടർ നിർമാണമാകട്ടെ പൂർത്തിയായിട്ടുമില്ല. പമ്പയിലെ ശുചിമുറി സൗകര്യങ്ങളും സ്വീവേജ് ടാങ്കുകളും ഇനിയും പൂർത്തിയാവാനുണ്ട്. തീർഥാടനകാലം എത്തിയിട്ടും പല ഒരുക്കങ്ങളും തീരാത്തതു വലിയ ആശങ്കതന്നെയാണ്. 

തീർഥാടകർക്കെല്ലാം സുഗമമായ പുണ്യദർശനം സാധ്യമാക്കേണ്ട ചുമതല പൊലീസും കെഎസ്ആർടിസിയും മറ്റു സർക്കാർ സംവിധാനങ്ങളും ചേർന്നു  മാതൃകാപരമായി നിറവേറ്റേണ്ടതുണ്ട്. കാലങ്ങളോളം തീർഥാടകർ മനസ്സിൽ സൂക്ഷിക്കേണ്ട സുകൃതദർശനം സമാധാനപരമായ അന്തരീക്ഷത്തിലാവാൻ മനസ്സുവയ്ക്കേണ്ടതു കേരളം ഒന്നാകെ തന്നെ. നമ്മുടെ സാമൂഹികചരിത്രത്തിൽത്തന്നെ ഏറ്റവും ഗൗരവമേറിയ ഒരു പ്രതിസന്ധിയാണു കേരളം അഭിമുഖീകരിക്കുന്നതെന്ന ബോധ്യത്തോടെയുള്ള നിലപാടാണു സർക്കാരിൽനിന്നും രാഷ്ട്രീയ കക്ഷികളിൽനിന്നും പൊതുസമൂഹത്തിൽനിന്നും നാട് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.