Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരന്തനാടകം; സംഭവബഹുലം പക്ഷേ അർഥശൂന്യം ഈ ‘ബ്രെക്സിറ്റ്’

Theresa-May-brexit-press-conference മാധ്യമസമ്മേളനത്തിൽ ബ്രെക്സിറ്റ് ഉടമ്പടി സംബന്ധിച്ചു വിശദീകരിക്കുന്നതിനിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. ചിത്രം: എഎഫ്പി

വില്യം ഷേക്സ്പിയറിന്റെ മക്ബെത്ത്. ആ ദുരന്തനാടകത്തെയാണു ബ്രെക്സിറ്റ് ഓർമിപ്പിക്കുന്നത്. ഒപ്പം ജീവിതത്തെക്കുറിച്ച് അതിലെ നായകനായ മക്ബെത്ത് പറയുന്നതും: വിഡ്ഢി പറയുന്ന കഥയാണു ജീവിതം; സംഭവബഹുലം പക്ഷേ അർഥശൂന്യം.  സംഭവബഹുലമായിക്കൊണ്ടേയിരിക്കുന്ന ബ്രെക്സിറ്റ് ദുരന്തനാടകത്തിന്റെ അവസാനം എന്തായാലും, അത് യുകെയ്ക്കു സമ്മാനിക്കുക വിനാശം മാത്രമാണ്. മൂന്നു നാടകാന്ത്യങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ഒന്നാമത്തേത് ബ്രിട്ടന്റെ സാമ്പത്തിക അടിത്തറയും രാഷ്ട്രീയ ഐക്യവും പൊളിച്ചടുക്കുന്ന കടുപ്പമുള്ള ഒരു ‘എക്സിറ്റാ’ണ്. രണ്ടാമത്തേത്, ബ്രിട്ടന് വലിയ പരുക്കൊന്നുമില്ലാതെ മയത്തിലൊരു പിൻമാറ്റം. മൂന്നാമത്തേത് സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയ സുസ്ഥിരതയും ഒരുമിച്ചു തകർത്ത്, സമൂഹത്തിൽ ദൂരവ്യാപകനാശം വിതച്ച്, അനിശ്ചിതത്വം ഒഴിയാതെ നീളുന്ന ബ്രെക്സിറ്റും.

ബ്രിട്ടൻ എക്കാലവും നോട്ടമെറിഞ്ഞിട്ടുള്ളതു റോമൻ ദേവനായ ജാനസിനെ പോലെ ഇരട്ടമുഖവുമായാണ്. പിന്നോട്ടും മുന്നോട്ടും നോക്കാൻ പാകത്തിനു രണ്ടു മുഖങ്ങളിലൊന്നുകൊണ്ട് അങ്ങു ദൂരെയുള്ള യുഎസിനെ നോക്കുന്നു. ജോർജ് മൂന്നാമൻ ചക്രവർത്തിയുടെ മണ്ടൻനയങ്ങൾ കാരണം കൈവിട്ടുപോയ പഴയ കോളനിയാണത്.  ബ്രിട്ടന്റെ രണ്ടാംമുഖം നോക്കുന്നത് യൂറോപ്യൻ ഭൂഖണ്ഡത്തിലേക്ക്. ആ ഭൂഖണ്ഡത്തിലെ ഇരിപ്പ് ബ്രിട്ടന് ഒരുകാലത്തും സുഖകരമായിട്ടില്ല. 18,19 നൂറ്റാണ്ടുകളിൽ സമർഥമായ അധികാരക്കളിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ബ്രിട്ടൻ. രണ്ടാം ലോകയുദ്ധം ബ്രിട്ടന്റെ ശക്തി ക്ഷയിപ്പിച്ചതിനൊപ്പം യൂറോപ്പിനെ താറുമാറാക്കിക്കളഞ്ഞു. ഴോങ് മോനെയും റോബർട്ട് ഷുമാനെയും പോലെ  ദീർഘവീക്ഷണമുള്ള നേതാക്കൾ ജർമനിയും ഫ്രാൻസും തമ്മിൽ യൂറോപ്പിൽ ഇനിയൊരു യുദ്ധം ഉണ്ടാകരുതെന്ന് ആഗ്രഹിച്ചു.

യൂറോപ്യൻ യൂണിയനായി കാലാന്തരത്തിൽ പരിണമിച്ച യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്യൂണിറ്റി പിറവിയെടുത്തത് അങ്ങനെയാണ്. യൂറോപ്പിൽ ഇപ്പോ‍ൾ അനൈക്യം നാൾതോറും വളരുന്ന അവസ്ഥയിലാണ്. യൂറോപ്യൻ ഭൂഖണ്ഡം വിപണിയുൾപ്പെടെ മേഖലകളിൽ ഏകീകരണത്തിന്റെ ഘട്ടത്തിലായിരുന്നപ്പോൾ ബ്രിട്ടൻ ആദ്യം വിട്ടുനിൽക്കുകയായിരുന്നു. ഒടുവിൽ അംഗത്വത്തിന് അപേക്ഷിച്ചപ്പോൾ ഫ്രാൻസിലെ ഇതിഹാസതുല്യനായ നേതാവ് ചാൾസ് ദെഗോൾ 1963ലും 1967ലുമായി രണ്ടുതവണ വീറ്റോ ചെയ്തു. അവസാനം 1972ലാണ് യുകെയ്ക്ക് അംഗത്വം നേടിയെടുക്കാനായത്.

ബ്രിട്ടനെ കട തുറന്നിരിക്കുന്ന വ്യാപാരികളുടെ നാടെന്നു വിളിച്ചത് നെപ്പോളിയനായിരുന്നു. വിപണിയുടെ ഏകീകരണത്തിൽ മാത്രമായിരുന്നു ഭരണകർത്താക്കൾക്കു താൽപര്യം. അതിൽക്കവിഞ്ഞുള്ള, ആഴത്തിലുള്ള ഏകീകരണം ചെറുക്കാൻമാത്രം ജാഗ്രത കാണിച്ചതുമില്ല.  അങ്ങനെ, ബ്രസൽസിൽ ഇരുന്ന് ഒരുപറ്റം ഉദ്യോഗസ്ഥർ സ്വന്തം താൽപര്യങ്ങൾ ബ്രിട്ടനുമേൽ അടിച്ചേ‍ൽപ്പിക്കുന്ന ഒരു ഘട്ടത്തിലേക്ക് യൂറോപ്യൻ ഏകീകരണം എത്തിച്ചേർന്നു. 1975ൽ ബ്രിട്ടനിൽ ഹിതപരിശോധന നടത്തിയപ്പോൾ 67.2% ആളുകൾ യൂറോപ്പിന്റെ ഭാഗമായി തുടരണമെന്ന് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൺ 2015ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ വോട്ടു കൂടുതൽ കിട്ടുമെന്നു കരുതി ഒരു മണ്ടൻ വാഗ്ദാനം മുന്നോട്ടു വച്ചു– യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമോയെന്ന വിഷയത്തിൽ ഹിതപരിശോധന നടത്താം. യൂറോപ്യൻ യൂണിയനുമായി ബന്ധം മുറിക്കാൻ ജനങ്ങൾ ആഗ്രഹിക്കില്ലെന്നു തെറ്റിദ്ധരിച്ചതാണ് അദ്ദേഹം കാണിച്ച അബദ്ധം.
സ്കൂൾകുട്ടികൾക്കുപോലും അറിയാവുന്ന ചരിത്രപ്രസിദ്ധ അവകാശപ്രഖ്യാപനരേഖയായ മാഗ്നകാർട്ട നിലവിൽവന്നത് ഏതു വർഷമാണെന്ന് ഓർത്തെടുക്കാൻവരെ വിഷമിച്ചിട്ടുള്ളയാളാണു കാമറൺ. ഹിതപരിശോധനയ്ക്കുള്ളതെല്ലാം ചെയ്തുകൊടുത്ത് ഒടുവിൽ ഫലം വന്നപ്പോൾ തലനാരിഴയ്ക്കാണെങ്കിലും ‘ബ്രെക്സിറ്റ്’ ജയം കണ്ടു– 48നെതിരെ 52ശതമാനത്തിന്.

ഹിതപരിശോധനയുടെ അന്തസത്ത മനസ്സിലാക്കാതെ വ്യക്തിപരമായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം സർക്കാരിനോടു പരിഭവം തീർക്കുകയായിരുന്നു ജനങ്ങൾ. കാമറൺ രാജിവച്ച് തെരേസ മേ അധികാരത്തിൽ വന്നു. കൂടുതൽ വ്യക്തമായ ഭൂരിപക്ഷം കൊതിച്ച് സമയം തികയുംമുൻപേ മേ അതിമോഹം കാട്ടി പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നടത്തി. ഉണ്ടായിരുന്ന ഭൂരിപക്ഷവും കൈവിട്ട്, നോർത്തേൺ അയർലൻഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയോടു സഖ്യമുണ്ടാക്കേണ്ടിയും വന്നു.  സത്യത്തിൽ, തെരേസ മേയും ബ്രെക്സിറ്റിന് എതിരായി വോട്ടു ചെയ്തതാണ്. പക്ഷേ, അവർക്ക് ബ്രെക്സിറ്റ് നടപ്പിലാക്കേണ്ട ചുമതല ഏറ്റെടുക്കേണ്ടി വന്നു. ബ്രെക്സിറ്റിനു ശേഷവും ഏകവിപണിയായി തുടരാനാണു ബ്രിട്ടന്റെ മോഹമെങ്കി‍ൽ യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ അനുസരിക്കേണ്ട സ്ഥിതി വരും.

ചുരുക്കത്തിൽ, ഗ്രേറ്റ് ബ്രിട്ടനെ ലിറ്റിൽ ഇംഗ്ലണ്ടിലേക്കു ചുരുക്കുന്ന ഈ സാഹസികയാത്രയ്ക്കു ബ്രിട്ടൻ ഇറങ്ങിപ്പുറപ്പെടേണ്ടിയിരുന്നില്ല. സ്കോട്‌ലൻഡിന് യൂറോപ്യൻ യൂണിയൻ വിടാൻ താൽപര്യമില്ല. ബ്രെക്സിറ്റ് ആഗ്രഹിച്ചിരുന്നില്ലാത്ത തെരേസ മേ സത്യത്തിൽ മാക്കിയവെല്ലിയിൽനിന്നു പഠിക്കേണ്ടിയിരുന്നു. ബ്രിട്ടന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന അല്പം കടുത്ത ഒരു ബ്രെക്സിറ്റിനു വ്യവസ്ഥകൾ ചെയ്ത് ഹിതപരിശോധന നടത്തണമായിരുന്നു. ഇനിയൊരു ഹിതപരിശോധന നടത്തിയാൽ ബ്രെക്സിറ്റ് നാലു ശതമാനത്തിനു തള്ളിപ്പോകുമെന്നാണു നിരീക്ഷകർ പറയുന്നത്.

പക്ഷേ മേ ആ നേതൃമികവിനു പ്രാപ്തയാണോ? ഉത്തരം ദയനീയമാംവിധം വ്യക്തമാണ്. അവരുടെ ദിനങ്ങൾ മിക്കവാറുംതന്നെ എണ്ണപ്പെട്ടിരിക്കുന്നു. പൗണ്ട് ഇടിയുന്നു. ബ്രെക്സിറ്റ് ഇന്ത്യയ്ക്കു പല വിധത്തിൽ ദോഷം ചെയ്യും. യൂറോപ്പിലേക്കുള്ള കവാടമായി ഇന്ത്യൻ കമ്പനികൾ ആശ്രയിച്ചിരുന്നത് ബ്രിട്ടനെയാണ്. മാത്രവുമല്ല, ബ്രെക്സിറ്റിനുശേഷമുള്ള ബ്രിട്ടൻ സ്വന്തം താൽപര്യങ്ങൾക്കു കൂടുതൽ വിലകൽപിച്ചേക്കാം. ബ്രെക്സിറ്റ് ഒരു മനുഷ്യനിർമിത ദുരന്തം തന്നെ. ക്ഷണിച്ചുവരുത്തിയ ഒന്ന്.

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)