Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലാമും ആലിയയും: രണ്ടു സങ്കടങ്ങൾ

റിട്ട. അധ്യാപകൻ അബ്ദുൽ സലാമിന് 78 വയസ്സായിരുന്നു; കൊച്ചുമകൾ ആലിയ ഫാത്തിമയ്ക്ക് 11 വയസ്സും. വ്യാഴാഴ്ച വൈകിട്ടുവരെ നമ്മോടൊപ്പമുണ്ടായിരുന്ന അവർ ഇപ്പോഴില്ല. തിരുവനന്തപുര‌ം കണിയാപുരത്തിനടുത്ത്, സ്കൂൾ ബസിൽനിന്ന് ഇറങ്ങിയ ആലിയയെയും കൂട്ടി അബ്ദുൽ സലാം റോഡിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ രണ്ടുപേരെയും കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മദ്യലഹരിയിൽ കാർ ഓടിച്ച മുൻ പൊലീസുകാരനെ അറസ്റ്റ് ചെയ്ത്, മനഃപൂർവമായ നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്. അമിതവേഗത്തിലോടിയ കാർ ഇരുചക്രവാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു.

മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണത്തിൽ, അങ്ങനെ രണ്ടു ജീവന്റെ അവസാനത്തെ ശ്വാസംകൂടിയുണ്ടാവുന്നു.
മദ്യപിച്ചു വാഹനമോടിക്കുന്നവർ മനുഷ്യ ചാവേറുകൾക്കു തുല്യരെന്നു ഡൽഹി സെഷൻസ് കോടതി പറഞ്ഞതു കഴിഞ്ഞ വർഷമാണ്. ഇതൊരു കുറ്റകൃത്യം മാത്രമല്ലെന്നും പല സാമൂഹിക പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നും അന്നു കോടതി വിലയിരുത്തുകയുണ്ടായി. മദ്യപിച്ചു വാഹനമോടിക്കുന്നവർ അവരുടെ മാത്രമല്ല, സാധാരണക്കാരായ വഴിയാത്രക്കാരുടെ ജീവനും അപകടത്തിലാക്കുകയാണ്. അവരുടെ കുടുംബാംഗങ്ങളും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ കോടതിക്കും സർക്കാരിനും പൊതുസമൂഹത്തിനും കണ്ടില്ലെന്നു നടിക്കാനാവുന്നതെങ്ങനെ?

ഇടുക്കി ജില്ലയിലെ രാജകുമാരിക്കടുത്തുനിന്ന് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കേട്ട ഒരു വാർത്ത ഞെട്ടിക്കുന്നതായിരുന്നു. എൺപതോളം യാത്രക്കാരുമായി കൊക്കയിലേക്കു മറിയാൻ തുടങ്ങിയ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് മണ്ണുമാന്തി യന്ത്രക്കൈ കൊണ്ട് ഒരു മണിക്കൂറോളം പിടിച്ചുനിർത്തുകയും യാത്രക്കാർ പുറത്തിറങ്ങി രക്ഷപ്പെടുകയും ചെയ്ത സംഭവം കേട്ടുമറക്കാനുള്ളതല്ല. മദ്യലഹരിയിലായിരുന്നു ബസ് ഡ്രൈവർ എന്നതു ചേർത്തുവേണം ഈ വാർത്ത ഓർമിക്കേണ്ടത്. ബോഡിനായ്ക്കന്നൂർ-രാജാക്കാട് റൂട്ടിൽ ഓടുന്ന ബസ് തുടക്കംമുതൽ റോഡിൽ തെറ്റായദിശകളിലൂടെയാണ് ഓടിച്ചിരുന്നതെന്നു യാത്രക്കാർ പറയുകയുണ്ടായി. ഭീതിയിലായ യാത്രക്കാർ ഒച്ചയുണ്ടാക്കിയെങ്കിലും ഡ്രൈവർ കാര്യമാക്കിയില്ലെന്നാണു പരാതി.
മദ്യപിച്ചു സ്കൂൾ വാഹനങ്ങളോടിക്കുന്നവർപോലും ഇവിടെയുണ്ടെന്നതിൽ ലജ്ജിക്കുക. മദ്യപിച്ചു വാഹനമോടിക്കുന്ന പല സ്കൂൾ ബസ് ഡ്രൈവർമാരും ഓട്ടോറിക്ഷ ഡ്രൈവർമാരുമൊക്കെ പരിശോധനയ്ക്കിടെ പൊലീസ് പിടിയിലാവുന്നതു പതിവാണ്. രാവിലെതന്നെ ബോധം കൈവിട്ടു സ്റ്റിയറിങ് പിടിക്കുന്ന ഇവരുടെ കയ്യിലാണോ നമ്മുടെ കുരുന്നുകളെ ഏൽപിച്ചുകൊടുക്കേണ്ടത്? സ്‌കൂൾയാത്ര സുരക്ഷിതമാക്കണം എന്ന് ഓരോ അധ്യയനവർഷാരംഭത്തിലും സർക്കാരും സ്കൂൾ അധികൃതരുമൊക്കെ പ്രഖ്യാപിക്കാറുണ്ട്. പക്ഷേ, ഇത്രയും ഭീഷണമായ സാഹചര്യമാണു നിലവിലുള്ളതെന്ന് എത്രപേർക്ക് അറിയാം?

പല വാഹനാപകടങ്ങളിലെയും പ്രധാന വില്ലനാണു മദ്യം. മദ്യപിച്ചു വാഹനം ഓടിക്കുന്നതു തടയാൻ കർശന നടപടികൾ പൊലീസ് സ്വീകരിക്കുകതന്നെവേണം. മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള സംവിധാനവും ഉണ്ടാകണം. മദ്യപിച്ചു വാഹനമോടിച്ചതിന് 9938 പേരുടെ ഡ്രൈവിങ് ൈലസൻസാണു മോട്ടോർ വാഹന വകുപ്പ് കഴി‍ഞ്ഞ വർഷം സംസ്ഥാനത്തു സസ്പെൻഡ് ചെയ്തത്. അപകടവും മരണവും കേരളത്തിൽ ഇപ്പോൾ കുറയുന്നതു നിയമം ശക്തമായി നടപ്പാക്കുന്നതുകൊണ്ടാണെന്നു മോട്ടോർ വാഹനവകുപ്പ് പറയുന്നുണ്ട്.
മദ്യപിച്ചു ഗതാഗതനിയമലംഘനം നടത്തുന്നവർക്കു കടുത്ത ശിക്ഷ നൽകുകയും ആവർത്തിച്ചുള്ള അപകടങ്ങൾക്കു ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് ഉറപ്പുവരുത്തിയാലേ റോഡിലെ ഈ കുരുതികൾക്ക് അറുതിവരൂ.