Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതയ്ക്ക് പുതുവഴികൾ

എയ്റോസ്പെയ്സ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്കു ചിറകുയർത്താൻ സഹായവുമായി പ്രശസ്ത ഫ്രഞ്ച് വിമാനനിർമാണക്കമ്പനി എയർബസ് സംസ്ഥാന സർക്കാരുമായി കൈകോർക്കുന്നുവെന്ന ശുഭവിശേഷം കേരളം കേട്ടുകഴിഞ്ഞു. എയർബസ് ആരംഭിച്ച ബിസ്‍ലാബ് ആക്സിലറേറ്റർ പദ്ധതിയുടെ ഇന്നവേഷൻ സെന്റർ തിരുവനന്തപുരത്ത് ആരംഭിക്കാനുള്ള ധാരണാപത്രം ശനിയാഴ്ച ഒപ്പുവച്ചതോടെ നവതൊഴിൽഭൂമികയിലേക്ക് ഒരു മുദ്രകൂടി പതിഞ്ഞിരിക്കുകയാണ്. കേരളത്തിൽ തൊഴിലവസരം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഫലം കാണുന്നുണ്ടെന്ന് ഇൻഫോസിസ് സ്ഥാപകരിലൊരാളും മുൻ മാനേജിങ് ‍ഡയറക്ടറുമായ എസ്.ഡി. ഷിബുലാൽ വെള്ളിയാഴ്ച കൊച്ചിയിൽ പറഞ്ഞത് ഇതോടു ചേർത്തുവയ്ക്കുകയും വേണം.

അതെ; ആശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും നവസാധ്യതകളുടെയും വിസ്മയാകാശം നമ്മുടെ യുവതയ്ക്കായി ഒരുങ്ങുകയാണ്. പുതിയ തൊഴിൽസാധ്യതകൾ നൽകുന്ന ആത്മവിശ്വാസത്തോടെ നവലോകത്തെ അഭിമുഖീകരിക്കാൻ പുതിയ തലമുറയെ പ്രാപ്‌തരാക്കേണ്ടതു സമൂഹത്തിന്റെയും സർക്കാരിന്റെയും കടമയാണെന്നിരിക്കേ, അതിനുവേണ്ടിയുള്ള മണ്ണൊരുക്കങ്ങളൊക്കെയും പ്രത്യാശ നൽകുന്നു.

നൂതന ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകൾക്കൊപ്പം പ്രവർത്തിച്ചു മികച്ച സംരംഭങ്ങളെ എയർബസിന്റെ ഭാഗമാക്കുന്നതാണ് ഇപ്പോൾ തുടക്കമിട്ട ബിസ്‍ലാബിന്റെ രീതി. ഡ്രൈവർരഹിത വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഗവേഷണങ്ങൾക്കായി മുൻനിര വാഹനനിർമാതാക്കളായ നിസാൻ മോട്ടോർ കമ്പനിയുടെ ആദ്യ ഗ്ലോബൽ ഡിജിറ്റൽ ഹബ് തലസ്ഥാനത്തു പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ഇതിനുപിന്നാലെ, നിസാൻ മോട്ടോർ കമ്പനിയുടെ ഡിജിറ്റൽ പങ്കാളിയായ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള ഭീമൻമാരും എത്തിയേക്കുമെന്നാണു സൂചന.
നിസാൻ ഡിജിറ്റലിനു പിന്നാലെ, ജപ്പാനിലെ പ്രമുഖ ഫോർച്യൂൺ 500 ഐടി കമ്പനിയായ ഫുജിറ്റ്സു തലസ്ഥാനത്തേക്ക് ഉടൻ എത്തുകയാണ്. നിസാന്റെ സപ്ലെയർ കമ്പനികളിലൊന്നായ ഹിന്ദുജ ടെക്കും സോഫ്റ്റ്‌‌വെയർ വികസനകേന്ദ്രവുമായി തിരുവനന്തപുരത്തെത്തുന്നുണ്ട്. പല മലയാളി വ്യവസായികളും അവരുടെ സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കാൻ വിമുഖത കാട്ടുമ്പോഴാണ് ഇത്തരം നവീനസംരംഭങ്ങൾ പുറത്തുനിന്നെത്തുന്നതെന്നതു ശുഭോദർക്കംതന്നെ. കൊച്ചിയിലെ സ്‌മാർട് സിറ്റി പദ്ധതിക്കുശേഷം സംസ്ഥാനത്തു വരുന്ന ഏറ്റവും വലിയ ഐടി വിദേശനിക്ഷേപമായ ടെക്നോപാർക്ക് ഡൗൺടൗൺ പദ്ധതിയും യാഥാർഥ്യത്തിലേക്കു നീങ്ങുകയാണ്.

കേരളത്തിൽ ഒന്നും നടക്കില്ലെന്ന പൊതുധാരണ തെറ്റാണെന്നു തെളിയിക്കാൻ കഴിഞ്ഞുവെന്നും കൊച്ചിയിലെ ടൈകോൺ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവേ ഷിബുലാൽ ചൂണ്ടിക്കാട്ടിയിരുന്നു. ഐടി വികസനത്തിനായി സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഉന്നതാധികാര സമിതി പല വൻകിട സംരംഭങ്ങളിലേക്കും വഴികാട്ടിയിരിക്കുകയാണ്. പഴയ രീതികളിൽനിന്നു മാറിയുള്ള നവകേരളവും നവചിന്തയുമാണ് ഇപ്പോഴുള്ളതെന്നു പറയാൻ ഷിബുലാലിന് ഉറപ്പുകിട്ടിയതിൽ പ്രത്യാശ തളിർക്കുന്നു.

സംസ്ഥാനത്തെ സ്റ്റാർട്ടപ് സംരംഭങ്ങളിൽ കഴിഞ്ഞ സെപ്റ്റംബർ വരെ ലഭിച്ചത് 273 കോടി രൂപയുടെ നിക്ഷേപമാണെന്ന സന്തോഷവും ഇതിനിടെ നാം കേട്ടു. 2020 ആകുമ്പോഴേക്കും സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിൽ 500 കോടി രൂപ നിക്ഷേപഫണ്ടായി സ്വരൂപിക്കുമെന്നാണു പ്രതീക്ഷ. നേരത്തേ, യുവസംരംഭകരെ പ്രോൽസാഹിപ്പിക്കാൻ പ്രത്യേക നയം ഉണ്ടാക്കുകയും തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഇൻക്യുബേഷൻ സെന്റർ ആരംഭിക്കുകയും അതു കൊച്ചി ഇൻഫോപാർക്കിൽ സ്‌റ്റാർട്ടപ് വില്ലേജായി വളർത്തുകയും ചെയ്‌ത കേരളം, ആത്മവിശ്വാസത്തിന്റെ പാതയിലെത്തിയിരിക്കുകയാണ്.

വിദ്യാർഥികളെ ആശയങ്ങളിലേക്കു പ്രചോദിപ്പിക്കുന്ന രീതിയിലേക്കു നമ്മുടെ വിദ്യാഭ്യാസരീതി മാറേണ്ടതുണ്ടെന്നുകൂടി ഇപ്പോഴത്തെ മുന്നേറ്റം ഓർമിപ്പിക്കുന്നു. സ്റ്റാർട്ടപ്പുകളിലേക്കും നവീനാശയങ്ങളിലേക്കും വിദ്യാർഥികളെ നയിക്കുന്ന ഇന്നവേഷൻ കൗൺസിലിനു രൂപം നൽകാൻ എല്ലാ സർവകലാശാലകൾക്കും യുജിസി നിർദേശം നൽകിക്കഴിഞ്ഞു.
പുതിയ കാലം അനന്തസാധ്യതകളിലേക്കുള്ള ദിശ കാണിക്കുമ്പോൾ കേരളത്തിലെ വിദ്യാഭ്യാസരംഗത്തിനു നേതൃത്വം നൽകുന്നവരും നമ്മുടെ യുവതയും അതു തിരിച്ചറിയേണ്ടതുണ്ട്.