Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽസംസ്കാരം നാണംകെടരുത്

ആലപ്പുഴ എഫ്സിഐ ഗോഡൗണിൽ കണ്ടെയ്നർ ലോറിയിൽ എത്തിച്ച പച്ചരി ഇറക്കാൻ ‘മറിക്കൂലി’കൂടി വേണമെന്ന തൊഴിലാളി യൂണിയന്റെ ആവശ്യത്തെ തുടർന്ന് അരിയിറക്ക് സ്തംഭിച്ച സംഭവം കേരളത്തെ വീണ്ടും നാണംകെടുത്തുന്നു. ലോറികൾ അരിയുമായി  ഗോഡൗണിനു മുന്നിലെ റോഡിൽ കിടക്കേണ്ടിവന്നത് തൊഴിൽതർക്കങ്ങൾ കൈവിട്ടുപോകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി കാണാം. എന്നാൽ, സംഭവത്തിൽ ജില്ലാ കലക്ടർ ഇടപെട്ടതോടെ അരിയിറക്കൽ ഇന്നലെ പുനഃസ്ഥാപിച്ചിട്ടുണ്ട്. 

ഒരു ലോഡിനു 2,000 രൂപ വീതം മറിക്കൂലി നൽകണമെന്ന യൂണിയൻ ആവശ്യമാണ് ഈ സാഹചര്യത്തിലെത്തിച്ചേർന്നത്. സമ്മർദത്തെ തുടർന്നു കരാറുകാരൻ പകുതി തുക നൽകാൻ സന്നദ്ധനായെങ്കിലും എഐടിയുസി യൂണിയൻ മുഴുവൻ തുകയും ആവശ്യപ്പെട്ടതോടെ അരിയിറക്ക് തടസ്സപ്പെടുകയാണുണ്ടായത്. മറ്റു യൂണിയനുകൾ കുറഞ്ഞനിരക്കിൽ ഇറക്കാമെന്നു ധാരണയായെങ്കിലും ആവശ്യപ്പെട്ട കൂലി പൂർണമായും ലഭിച്ചാലേ അരിയിറക്കാൻ കഴിയൂ എന്ന നിലപാടിലായിരുന്നു എഐടിയുസി.

വല്ലാർപാടത്തുനിന്നു കണ്ടെയ്നർ ലോറിയിലാണ് ഗോഡൗണിൽ പച്ചരി എത്തിക്കുന്നത്. എഫ്സിഐയി‍ലേക്കുള്ള സാധനങ്ങൾ ഇറക്കുന്നതിനുള്ള തൊഴിൽ അവകാശം സ്വകാര്യവ്യക്തിക്ക് രണ്ടു വർഷത്തേക്കു കരാർ നൽകിയിരിക്കുകയാണ്. സാധാരണ നൽകുന്ന കൂലിക്കു പുറമെ, മറിക്കൂലികൂടി നൽകി അരിയിറക്കുന്നതു നഷ്ടമാണെന്ന നിലപാടിലാണു കരാറുകാരൻ. മറ്റു ഡിപ്പോകളിൽ ഇറക്കുകൂലിയല്ലാതെ മറിക്കൂലി നൽകാറില്ലെന്നു കരാറുകാരൻ കലക്ടർക്കു നൽകിയ നിവേദനത്തിൽ പറഞ്ഞിരുന്നു. ജില്ലാ ലേബർ ഓഫിസർ 24നു യൂണിയൻ നേതാക്കളുമായി നടത്തുന്ന ചർച്ചയിൽ പ്രശ്നത്തിനു ശാശ്വതപരിഹാരം ഉണ്ടായേതീരൂ. 

മറിക്കൂലിക്കും നോക്കുകൂലിക്കുമിടയിൽ അധികം ദൂരമില്ലെന്നുകൂടി ഓർമിക്കാം. വർഷങ്ങളായി കേരളത്തിലെ തൊഴിൽരംഗത്തെ മുരടിപ്പിച്ച, വികസനത്തിനു തളർച്ച വരുത്തിയ നോക്കുകൂലി എന്ന ദുർഭൂതം എന്നന്നേക്കുമായി പടികടക്കുകയാണെന്ന പ്രതീക്ഷ നൽകിയാണു കഴിഞ്ഞ മേയ് ഒന്നിനു ലോക തൊഴിലാളിദിനം വന്നെത്തിയത്. നോക്കുകൂലി സമ്പ്രദായം പൂർണമായി ഇല്ലാതാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. പക്ഷേ, വിലക്കുകളുടെ കുടത്തിൽനിന്ന് പിന്നെയും ഇടയ്‌ക്കിടെ നോക്കുകൂലി പുറത്തുചാടുകതന്നെ ചെയ്തു. 

രാഷ്‌ട്രീയ പാർട്ടികളുടെയും അവരുടെ ട്രേഡ് യൂണിയൻ നേതാക്കളുടെയും പിൻബലത്തിലാണു നോക്കുകൂലി ഈ നാട്ടുകാരെ മുഴുവൻ നോക്കിപ്പേടിപ്പിച്ചതെന്നിരിക്കെ, യൂണിയനുകളുടെ ആത്മാർഥ പിന്തുണ ഇക്കാര്യത്തിൽ അനിവാര്യമാണ്. നോക്കുകൂലി ഒഴിവാക്കാൻ കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി കാലത്തിന്റെ ആവശ്യംതന്നെയായിരുന്നു. കയറ്റിറക്കിന് അംഗീകാരമുള്ള തൊഴിലാളികളുടെ സേവനം ഉപയോഗിക്കണമെന്നാണു തീരുമാനം. ഇവർക്കു സർക്കാർ നിശ്ചയിക്കുന്ന നിരക്കുമാത്രം നൽകിയാൽ മതി. അമിതകൂലി ഈടാക്കിയാൽ തൊഴിൽവകുപ്പിനെ അറിയിക്കാമെന്നും കൂടുതലായി വാങ്ങിയ കൂലി തിരികെ വാങ്ങിക്കൊടുക്കുമെന്നും ബന്ധപ്പെട്ട തൊഴിലാളിയുടെ റജിസ്ട്രേഷൻ കാർഡ് റദ്ദാക്കുമെന്നും നിയമസഭയിൽ മന്ത്രി ടി.പി. രാമകൃഷ്ണൻതന്നെ പറഞ്ഞതുമാണ്. 

ന്യായമല്ലാത്തതോ ബാലിശമായതോ ആയ ആവശ്യങ്ങളുന്നയിക്കുന്നത് ഒരു തൊഴിലാളി യൂണിയനും ഭൂഷണമല്ല. തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനും മാതൃകാപരമായ പ്രവർത്തനശൈലിക്കും മുൻകയ്യെടുക്കേണ്ട രാഷ്‌ട്രീയ പാർട്ടികൾ പേശിബലം ഉപയോഗിച്ച് വികസനംതന്നെ മുരടിപ്പിക്കുന്നതു കുറെക്കാലമായി കണ്ടുകൊണ്ടിരിക്കുകയാണു കേരളം. നിയമങ്ങളുടെ സംരക്ഷണമുണ്ടെങ്കിലും തൊഴിലാളികളുടെ സംഘടിതശക്‌തി ഭയന്ന് അവർ ചോദിക്കുന്ന പണം നൽകാൻ ജനങ്ങൾ നിർബന്ധിതരാകുന്ന സാഹചര്യം ഇനിയും ഉണ്ടായിക്കൂടാ. നോക്കുകൂലിയോ മറിക്കൂലിയോ എന്തുതന്നെ ആയാലും, പൊതുസമൂഹത്തിനു ന്യായമല്ലെന്നു തോന്നുന്ന ആവശ്യങ്ങളൊന്നും ഇനിയും ഇവിടെ വേരുപിടിച്ചുകൂടാ.