Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെളിഞ്ഞുകത്തട്ടെ ഈ ജ്വാല

അടുക്കളകളിൽ പ്രകൃതിവാതക വിപ്ലവത്തിനു തുടക്കമെന്ന വാഗ്ദാനവുമായി സിറ്റി ഗ്യാസ് പദ്ധതിയുടെ ആദ്യ ബർണർ എറണാകുളം ജില്ലയിലെ കളമശേരിയിൽ തെളിഞ്ഞിട്ടു രണ്ടര വർഷം പിന്നിടുന്നു. 2016 ഫെബ്രുവരിയിൽ തുടക്കമിട്ട പദ്ധതി പ്രകാരം ഇതുവരെ പക്ഷേ, നൽകാനായത് 1500ൽതാഴെ ഗാർഹിക കണക്‌ഷൻ മാത്രം. 5000 കണക്‌ഷൻ വൈകാതെ നൽകിയേക്കുമെങ്കിലും അടുത്തവർഷം അവസാനത്തോടെ ജില്ലയിൽ 50,000 കണക്‌ഷനിലെത്തിക്കുക എന്ന ലക്ഷ്യം ഏറെ അകലെയാണ്. തദ്ദേശസ്ഥാപനങ്ങളിൽനിന്നു സാങ്കേതിക അനുമതികൾ ലഭിക്കാൻ വൈകുന്നതും പെരുമഴയുമെല്ലാം പദ്ധതിയെ പിന്നോട്ടുവലിച്ചു. സിറ്റി ഗ്യാസ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു നാളെ ഏഴു ജില്ലകളിൽ തുടക്കംകുറിക്കുമ്പോൾ എങ്ങുമെത്താതെ ഇഴയുന്ന എറണാകുളം അനുഭവം ഓർക്കാതെവയ്യ.

കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകൾക്കൊപ്പം പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും പദ്ധതിയുടെ നിർമാണപ്രവൃത്തികൾക്കു നാളെ തുടക്കമാകും. 1200 കോടി രൂപ ചെലവിട്ട് ഈ മേഖലകളിൽ 5827 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ ലക്ഷ്യം 17,26,971 അടുക്കളകളിലെ കണക്‌ഷനാണ്. പദ്ധതിയുടെ ഭാഗമായി, വാഹന ഇന്ധനമായ സമ്മർദ്ദിത പ്രകൃതിവാതകം (സിഎൻജി) ലഭ്യമാക്കുന്നതിനായി 596 പമ്പുകൾ സ്ഥാപിക്കും. രാജ്യത്തെ 84 മേഖലകളിൽക്കൂടി സിറ്റി ഗ്യാസ് നടപ്പാക്കുന്നതിനുള്ള ലൈസൻസ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് (പിഎൻജിആർബി) ഏതാനും മാസം മുൻപാണ് അനുവദിച്ചത്; കേരളത്തിലെ ഏഴു ജില്ലകളും മാഹിയും ഉൾപ്പെടെ.

ജ്വലിക്കുന്ന പ്രതീക്ഷകളോടെയാണു വടക്കൻ കേരളത്തിലെ ഗാർഹിക, വാഹന ഉപയോക്താക്കൾ സിറ്റി ഗ്യാസ് പദ്ധതി കാത്തിരിക്കുന്നത്. എൽപിജിയെക്കാൾ 30% ചെലവു കുറവാണു പിഎൻജിക്ക്; അഥവാ, പൈപ്പിലൂടെ അടുക്കളയിലേക്കു വരുന്ന പ്രകൃതിവാതകത്തിന്. 24 മണിക്കൂർ ലഭ്യതയാണു മറ്റൊരു നേട്ടം. കുറഞ്ഞതോതിലുള്ള മർദ്ദമേ വാതകത്തിനുള്ളു. എൽപിജിയിൽനിന്നു വ്യത്യസ്തമായി പ്രകൃതിവാതകത്തിനു ഭാരം കുറവായതിനാൽ തങ്ങിനിൽക്കാതെ മുകളിലേക്കു പൊയ്ക്കോളും. അതുകൊണ്ടുതന്നെ തീപിടിത്തം മൂലമുള്ള അപകടസാധ്യത കുറവാണ്. പെട്രോൾ, ഡീസൽ ഇന്ധനങ്ങളെക്കാൾ വില കുറവാണെന്നു മാത്രമല്ല, ഡീസലിനെക്കാൾ 25% അധിക മൈലേജും സിഎൻജി നൽകുന്നു. തികച്ചും ഹരിത ഇന്ധനം കൂടിയായ പ്രകൃതിവാതകം കാര്യമായ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നുമില്ല.

നേട്ടങ്ങളേറെയുണ്ട് സിറ്റി ഗ്യാസ് പദ്ധതിക്ക്. പക്ഷേ, പ്രായോഗിക തടസ്സങ്ങളിൽത്തട്ടി പദ്ധതി വൈകുന്നതാണ് എറണാകുളം ജില്ലയിൽ കണ്ടത്. രണ്ടര വർഷം കഴിഞ്ഞിട്ടും പദ്ധതി കളമശേരി നഗരസഭയിലെ ഏതാനും വാർഡുകളിൽ ഒതുങ്ങുകയാണ്. തൃപ്പൂണിത്തുറ, ആലുവ, മരട്, തൃക്കാക്കര, ഏലൂർ നഗരസഭകളിലേക്കുകൂടി പദ്ധതിക്കായി പൈപ്പിടൽ തുടങ്ങിക്കഴിഞ്ഞു. കൊച്ചി നഗരസഭയിലാകട്ടെ, അനുമതി വൈകുകയാണ്. പൈപ്പിടലിനായി പൊളിക്കുന്ന റോഡ് പുനഃസ്ഥാപിക്കുന്നതിന്റെ ചെലവിനെച്ചൊല്ലി (റിസ്റ്ററേഷൻ ചാർജ്) ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീടു കൊച്ചി ഉൾപ്പെടെയുള്ള നഗരസഭകളും പദ്ധതി നടപ്പാക്കുന്ന ഇന്ത്യൻ ഓയിൽ – അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡുമായി (ഐഒഎജിപിഎൽ) ഇടഞ്ഞു. അതോടെ, പദ്ധതി ഇഴഞ്ഞു. സംസ്ഥാന സർക്കാർ ഇടപെട്ടതോടെ റിസ്റ്ററേഷൻ ചാർജ് പുതുക്കി നിശ്ചയിച്ചിട്ടു മാസങ്ങളായെങ്കിലും കൊച്ചി നഗരസഭ അന്തിമതീരുമാനമെടുത്തിട്ടില്ല.

പദ്ധതി അനന്തമായി ഇഴയുന്നതു ജനങ്ങളോടുള്ള അനീതിയാണെന്ന് അധികൃതർ തിരിച്ചറിയണം; വേഗം കൂട്ടാൻ ഐഒഎജിപിഎൽ തയാറാകുകയുംവേണം. വടക്കൻ ജില്ലകളിലും പദ്ധതിക്കു ലൈസൻസ് ലഭിച്ചത് ഐഒഎജിപിഎലിനാണ്. എറണാകുളത്തെ ഗതികേടു മറ്റു ജില്ലകളിൽ സംഭവിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെ‍ടേണ്ടതുണ്ട്. വിവിധ ഏജൻസികളെ ഏകോപിപ്പിച്ചു തർക്കങ്ങൾ ഉടൻ പരിഹരിക്കണം. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽനിൽക്കെയുള്ള വെറുമൊരു ഉദ്ഘാടന പ്രഖ്യാപനം മാത്രമായി പദ്ധതി മാറില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത കേന്ദ്ര സർക്കാരിനുമുണ്ട്.