Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയം ചൊല്ലും പ്രാർഥന

subhadhinam-21-11-18

കാർഷികോൽപന്നങ്ങൾ അടുത്ത ഗ്രാമത്തിൽ വിറ്റാണ് പാവപ്പെട്ട ആ കർഷകൻ ജീവിച്ചിരുന്നത്. വനത്തിലൂടെയാണു യാത്ര. ഒരു ദിവസം മടക്കയാത്രയിൽ കാടിനു നടുവിൽ എത്തിയപ്പോഴാണ് താൻ പ്രാർഥനാപുസ്തകം എടുത്തില്ലെന്ന കാര്യം അദ്ദേഹം ഓർത്തത്.

അയാൾ ദൈവത്തോടു പറഞ്ഞു – ‘ഒരു പ്രാർഥനപോലും എനിക്കു മനഃപാഠമല്ല. ക്ഷമിക്കണം. ഞാൻ അക്ഷരമാല അഞ്ചുതവണ ചൊല്ലും. അവ കൂട്ടിച്ചേർത്ത് എന്റെ പ്രാർഥനയായി സ്വീകരിക്കണം’. ദൈവം പ്രത്യക്ഷപ്പെട്ടു പറഞ്ഞു. ‘നിങ്ങൾ ചൊല്ലിയിട്ടുള്ളതിൽവച്ച് ഏറ്റവും വിശുദ്ധമായ പ്രാർഥന ഇതായിരുന്നു. ഇന്ന് നിങ്ങൾ ഹൃദയത്തിൽനിന്നാണു പ്രാർഥിച്ചത്’. ഹൃദയത്തിൽനിന്നു വരുന്ന പ്രാർഥനകളാണ് ശ്രേഷ്‌ഠവും ഫലദായകവും. അർഥരഹിതമെന്നുകരുതി നടത്തിയ ജൽപനങ്ങൾ അദ്ഭുതം സൃഷ്‌ടിക്കുന്നത് അവ അധരവ്യായാമങ്ങൾ ആയിരുന്നില്ല, അവസാന ആശ്രയവും നഷ്‌ടപ്പെട്ടവന്റെ ശരണമന്ത്രമായിരുന്നു എന്നതുകൊണ്ടാണ്. ഭാഷയുടെ ഭംഗിയല്ല പ്രാർഥന; ഉരുവിടുന്നവന്റെ ഉള്ളാണത്.

അറിവു കുറഞ്ഞവരുടെ പ്രാർഥനയ്‌ക്കാകും നെറിവ് കൂടുതൽ. ഒന്നു കണ്ണടച്ചിരുന്നാൽ ലഭിക്കുന്ന ആത്മശാന്തിയാകും പ്രാർഥനയുടെ കൃത്യമായ പ്രതിഫലം. അവതരണഭംഗിക്കനുസരിച്ചു കാര്യങ്ങൾ സാധിച്ചുതരുന്ന മൽസരവിധികർത്താവായി ഈശ്വരനെ തരംതാഴ്‌ത്തരുത്.  പാണ്ഡിത്യം പൊതുജനമധ്യേ പ്രകീർത്തിക്കപ്പെട്ടേക്കാം. ജ്‌ഞാനം മറ്റെല്ലായിടത്തും പ്രസക്തമാകും; പ്രാർഥനയിലൊഴികെ. അക്ഷരമറിയാത്തവന്റെയും അവിവേകിയുടെയും ആവശ്യങ്ങളും ദൈവത്തിനു മനസ്സിലാകും.

ഈശ്വരാനുഭവവും പ്രാർഥനാനുഭവവും വ്യക്തിപരമാണ്. ആൾക്കൂട്ട പ്രാർഥനകളും സാമ്പ്രദായിക പ്രാർഥനാശൈലികളും സ്വകാര്യ ദൈവാനുഭവങ്ങളിലേക്കു നയിക്കണം.  അക്ഷരത്തെറ്റുകളും ആധികാരികതയും നോക്കിയല്ല, പ്രാർഥനയെ കുറ്റമറ്റതാക്കേണ്ടത്. ഉച്ചരിക്കുന്ന വാക്കുകളിലെ ഉൺമയല്ലാതെ മറ്റെന്താണ് ഈശ്വരൻ പ്രതീക്ഷിക്കുക?