Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എങ്കിലും എന്റെ പോത്തുകുട്ടീ...

tharangangalil-21-11-18

തമാശയായിപ്പോലും ‘പോത്തേ’ എന്ന് ഇനി ആരെയും വിളിക്കരുത്; പരമാവധി വിളിക്കാവുന്നത് അൽപം സ്നേഹം കൂട്ടി പോത്തുകുട്ടീ എന്നു മാത്രം. നല്ല പോത്തിറച്ചി നാട്ടുകാർക്കു കൊടുക്കണം എന്ന സദുദ്ദേശ്യത്തോടെ മൃഗസംരക്ഷണ വകുപ്പും പ‍ഞ്ചായത്തുകളും ചേർന്നു നടപ്പാക്കുന്ന പദ്ധതിയുടെ പേരു കേട്ടാൽ ഏതു പോത്തും തലകുലുക്കും:  ‘എന്റെ പോത്തുകുട്ടി’.

വയനാട് ബ്രഹ്മഗിരി സൊസൈറ്റിയിൽനിന്നു പതിനായിരം രൂപ നിരക്കിൽ നൽകുന്ന പോത്തിൻകുട്ടികളെ പരിപാലിച്ച് പോത്തിറച്ചിയാക്കി മാറ്റുന്ന മാംസള പദ്ധതിയാണിത്.
പോത്തിറച്ചിയാക്കിക്കഴിഞ്ഞാൽ എന്റെ പോത്തിറച്ചി എന്നു പേരു മാറുമോ എന്ന് പദ്ധതിരേഖകളിൽ കാണുന്നില്ല. തിന്നാൻ തോന്നുന്നു എന്നു പറയുന്ന സ്നേഹത്തെക്കാൾ വലിയ സ്നേഹമില്ലല്ലോ.
സ്ത്രീസമത്വത്തിന്റെ ഇക്കാലത്ത് എന്റെ പോത്തുകുട്ടി പദ്ധതിക്കു സമാന്തരമായി എന്റെ എരുമക്കുട്ടി പദ്ധതികൂടി ഉടൻ അവതരിപ്പിക്കുമെന്നാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം.

ഇതേ മൃഗസംരക്ഷണ വകുപ്പുതന്നെ നല്ല കോഴിയിറച്ചി ലക്ഷ്യമിട്ട് ഒരു കോഴിപ്പദ്ധതി തുടങ്ങിയാൽ ‘എന്റെ കോഴിക്കുഞ്ഞ്’ എന്നാവും പദ്ധതിയുടെ പേര്. ഒരുപാടു കോഴികൾ ചുറ്റുമുള്ളവർക്കു ‘ഞാനും കോഴികളും’ എന്നു പേരുമാറ്റാൻ അവകാശമുണ്ടാവുമോ എന്നറിയില്ല.

സുപ്രീം കോടതി ദയാമരണം അനുവദിച്ചിട്ടുള്ള ഇക്കാലത്ത് സുഖമരണത്തിനായി ഒരു പദ്ധതി ആരെങ്കിലും ആവിഷ്കരിക്കുന്നുണ്ടെങ്കിൽ അതിനു പറ്റിയ പേര് ‘എന്റെ പോത്ത്’ എന്നായിരിക്കുമെന്നു തോന്നുന്നു.  പോത്തിൻ പുറത്തേറി, കയറുമായി വരുന്നയാളിനു ദയയുണ്ടായാൽ മതിയല്ലോ.