Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുതലമൂർച്ചയുള്ള ‘ശശി’ക്കേസ്

Author Details
keraleeyam

നവകേരള നിർമിതിയും ശബരിമല വിവാദവും അലയടിക്കാനിടയുള്ള നിയമസഭാസമ്മേളനത്തിനു മുൻപായി ചേരുന്ന സിപിഎം സംസ്ഥാനകമ്മിറ്റി യോഗം സ്വാഭാവികമായും അക്കാര്യങ്ങളിലാണു ശ്രദ്ധയൂന്നേണ്ടത്. പക്ഷേ, ഒരു നിയമസഭാംഗത്തിന്റെ രാഷ്ട്രീയഭാവി സംബന്ധിച്ച സംഘടനാതീരുമാനമെടുക്കേണ്ട ജോലിയാണ് പ്രധാനമായും ഇന്നു കമ്മിറ്റിക്ക്. വിമർശനങ്ങൾ കണക്കിലെടുത്തു സമകാലിക പ്രശ്നങ്ങളിന്മേലും യോഗം അഭിപ്രായം പറഞ്ഞേക്കാം. എന്നാൽ, പി.കെ.ശശി എംഎൽഎക്കെതിരെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാകമ്മിറ്റി അംഗമായ യുവതി നൽകിയ പരാതിയെക്കുറിച്ചുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ എന്തു തീരുമാനമെടുക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. 

സിപിഎമ്മിന്റെ ശക്തനായ ജില്ലാതല നേതാവിനെതിരെ അതേ പാർട്ടിയുടെ സഹസംഘടനാ പ്രവർത്തക നൽകിയ പരാതിയെന്നതാണ് സമാനമായ മുൻകാല വിവാദങ്ങളുമായി ഇതിനുള്ള വ്യത്യാസം. രണ്ടു പേരും ഇപ്പോഴും പാർട്ടിയിലും സംഘടനയിലും സജീവമാണ്. നാളെ വീണ്ടും കണ്ടുമുട്ടുകയും ഒരുപക്ഷേ, ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്യേണ്ടവരുമാണ്. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു കേസിൽ സിപിഎം എടുക്കുന്ന തീരുമാനം സംഘടനയ്ക്കുള്ളിലെ പുരുഷമേധാവിത്തപരമായ പ്രശ്നങ്ങളോടുള്ള പാർട്ടിയുടെ കീഴ്‌വഴക്കം തന്നെയായി മാറാം. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നതല്ല, സിപിഎം നിയമസഭാകക്ഷി അംഗം എന്നതാണ് ശശിയെ സംബന്ധിച്ചു നിലവിൽ വലിയ പദവി. ഒരു നേതാവ് ജനപ്രതിനിധിയായിരിക്കെ, ഇങ്ങനെ  ആക്ഷേപത്തിനിരയായാൽ സിപിഎം എന്തു തീരുമാനമെടുക്കുമെന്നതിനും നാളെ ഈ കേസ് മാതൃകയാകാം.

വേറെയും തലകൾ ഉരുളുമോ? 

അതേസമയം സിപിഎം ഒരു തീരുമാനമെടുക്കുന്നതിന് അടിസ്ഥാനമാക്കുന്നതു കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതിയും എ.കെ. ബാലനും അംഗങ്ങളായ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടാണ്. വിചാരിച്ചതിലും വൈകിയ അന്വേഷണം രണ്ടാഴ്ചയോളം മുൻപാണ്  ഇരുവരും പൂർത്തിയാക്കിയത്. 

ആരോപണവിധേയനായപ്പോൾ ജില്ലാകമ്മിറ്റി യോഗങ്ങളിൽനിന്നുപോലും വിട്ടുനിൽക്കേണ്ടിവന്ന ശശി ഇപ്പോൾ സ്വന്തം മണ്ഡലമായ ഷൊർണൂരിലെ സിപിഎം കാൽനടജാഥയ്ക്കു നേതൃത്വം നൽകുകയാണ് എന്നോർക്കണം. മണ്ഡലങ്ങളിൽ അതത് എംഎൽഎമാരെയാണു ജാഥാച്ചുമതല ഏൽപിക്കുന്നതെങ്കിലും ഇക്കാര്യത്തിൽ ഒരു സന്ദേഹമുണ്ടായി. എന്നാൽ, ‘ആക്ഷേപത്തിന്മേൽ തീർപ്പാകുന്നതിനു മുൻപ് അദ്ദേഹത്തെ മാത്രം മാറ്റിനിർത്താമോ’ എന്ന് ജില്ലാകമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ തിരിച്ചുചോദിച്ചതോടെ അതു മാറി.  

പാലക്കാട് ജില്ലയിലെ പാർട്ടിയിൽ ഇന്ന് ഏറ്റവും ശക്തനായ നേതാവിനെതിരെയാണ് ഈ ആക്ഷേപമെന്നത് ഇത്തരം കരണം മറിച്ചിലുകൾക്കു പ്രേരകമാണ്. ജില്ലയിൽ വിഎസിനു കടുത്ത സ്വാധീനമുണ്ടായിരുന്ന കാലത്തും, ശശി പിണറായി പക്ഷക്കാരനായിരുന്നു. എം.ചന്ദ്രനും എൻ.എൻ. കൃഷ്ണദാസും നേതൃത്വം നൽകിയിരുന്ന ശക്തമായ വിഎസ് ചേരിയെ നിർമാർജനം ചെയ്ത ‘കോർ ഗ്രൂപ്പിൽ’ ഒരാളാണ് അദ്ദേഹം. ഒറ്റപ്പാലത്തു മത്സരിക്കാനൊരുങ്ങിയ ശശി കൂടുതൽ സുരക്ഷിതമായ ഷൊർണൂർ വാങ്ങിയെടുക്കുകയും എതിരാളികളെ ഒഴിവാക്കിയും ഇഷ്ടക്കാരെ ഉൾപ്പെടുത്തിയും ജില്ലാ സെക്രട്ടേറിയറ്റിലടക്കം ആധിപത്യം നേടുകയും ചെയ്തതോടെ, അതേ ഔദ്യോഗികചേരിയിൽ നീരസങ്ങൾ തലപൊക്കി. എം.ബി.രാജേഷിനെപ്പോലെ, ഗ്രൂപ്പ് കള്ളികളിൽനിന്നു വിട്ടുനിന്നവരും ശശിയുടെ ശത്രുപക്ഷത്തായി. ഇതെല്ലാം ജില്ലയിലെ ഡിവൈഎഫ്ഐയെയും സ്വാധീനിച്ചതിനിടയിലാണു പരാതിയുടെ ഉദയമെന്ന് സാക്ഷികളെ കൂട്ടി ശശി കമ്മിഷനു മുന്നിൽ സമർഥിച്ചതോടെയാണ് അവരുടെ ജോലി കൂടിയത്. 

പരാതി ഉന്നയിച്ച യുവതി, നാളെ പൊലീസിനെയും സമീപിക്കാനിടയുണ്ടെന്നതിനാൽ എംഎൽഎക്കെതിരെ അച്ചടക്കനടപടിയെടുക്കാതെ ഒഴിഞ്ഞുമാറുക എളുപ്പമല്ല. ആരോപിക്കുന്ന ഗൂഢാലോചനയുടെ പേരിൽ വെറെയും തല ഉരുളുമോയെന്നതാണ് അറിയേണ്ടത്. സദാചാരവും വിഭാഗീയതയും കണ്ണിചേരുമ്പോൾ അക്കാര്യത്തിലെ നടപടിക്ക് ഇരുതലമൂർച്ചയുണ്ടാകും.

ഡിവൈഎഫ്ഐ നൽകുന്ന തലവേദന

ശശിക്കെതിരെ പരാതി നൽകിയ ഡിവൈഎഫ്ഐ പ്രവർത്തക കൂടി പങ്കെടുത്ത, കോഴിക്കോട്ടെ ഡിവൈഎഫ്ഐ സംസ്ഥാനസമ്മേളനത്തിൽ ഇക്കാര്യം ഉയർത്താതെയിരിക്കുന്നതിൽ പാർട്ടിയും സംഘടനയും വിജയിച്ചു. പക്ഷേ, അവിടെ സ്ഥാനമൊഴിഞ്ഞ നേതാക്കളും സംഘടനാ ചുമതലയുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം. വി.ഗോവിന്ദനും തമ്മിലുണ്ടായ ഉരസൽ അസാധാരണമായി. 37 വയസ്സ് പ്രായപരിധിയായി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിൽ ആദ്യം സംഘടനാനേതൃത്വം ഭാരവാഹികളായി കണ്ടുവച്ചവരുടെ കാര്യത്തിൽ പാർട്ടി സെക്രട്ടേറിയറ്റ് ചേർന്ന് നാടകീയമായി മാറ്റം വരുത്തിയതാണു തർക്കത്തിനു കാരണമായത്.

പുതിയ പേരുകളുമായി എം.വി.ഗോവിന്ദൻ കോഴിക്കോട്ടെത്തി പാർട്ടി ഫ്രാക്‌ഷൻ വിളിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ, എ.എൻ.ഷംസീറും എം.സ്വരാജും ഇതു കൈകാര്യം ചെയ്ത രീതിയിലെ അതൃപ്തി അറിയിച്ചു. സംഘടനാതത്വങ്ങളെക്കുറിച്ചുള്ള വാഗ്വാദങ്ങൾ ഉയർന്നു. നേരത്തേ തീരുമാനിച്ച ‘ചെറുപ്പക്കാരിലേക്കു’ പോയാൽ ‘എസ്എഫ്ഐ പോലെ’യാകും എന്ന സെക്രട്ടേറിയറ്റിന്റെ നിരീക്ഷണം ഗോവിന്ദൻ വ്യക്തമാക്കി. 37 എന്ന പ്രായപരിധി ആദ്യം അംഗീകരിച്ചതും പാർട്ടി തന്നെയല്ലേ എന്നതായിരുന്നു മറുചോദ്യം.

സിപിഎം സംസ്ഥാനകമ്മിറ്റി അംഗങ്ങളാണു ഗോവിന്ദനും സ്വരാജും ഷംസീറുമെന്നിരിക്കെ, ഇതെല്ലാം പാർട്ടിതലത്തിലേക്കു കൂടി വ്യാപിക്കാവുന്ന അസുഖകരമായ അന്തരീക്ഷമാണ് ഫ്രാക്‌ഷൻ നൽകിയത്. ഡിവൈഎഫ്ഐയെ ആരു നയിക്കുമെന്ന കാര്യത്തിൽ ഇത്രയധികം ആശയക്കുഴപ്പം നിലനിന്ന സംസ്ഥാനസമ്മേളനം അടുത്തകാലത്തുണ്ടായിട്ടുമില്ല.