Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടിഎമ്മുകൾ പൂട്ടരുത്

രാജ്യത്ത് ഇപ്പോഴുള്ളതിന്റെ പകുതിയോളം എടിഎമ്മുകൾ 2019 മാർച്ചോടെ നിലയ്ക്കുമെന്ന വിവരം അത്യധികം ആശങ്കയുളവാക്കുന്നു. എടിഎം സേവനദാതാക്കളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി (സിഎടിഎംഐ) യുടെ ഈ നീക്കം യാഥാർഥ്യമാവുകയാണെങ്കിൽ, അതു കേരളത്തിലെ എടിഎം ഉപയോക്താക്കൾക്കും വലിയ ആഘാതമാവുമെന്നു തീർച്ച. കറൻസിരഹിത വ്യവസ്‌ഥയിലേക്ക് അതിവേഗം നീങ്ങുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു നീക്കം ഉണ്ടാവുന്നതു പ്രതിസന്ധിയിലേക്കാവും രാജ്യത്തെ നയിക്കുക.

ഈ നീക്കം യാഥാർഥ്യമാവുകയാണെങ്കിൽ, രാജ്യത്തെ ബാങ്കുകളുടെ ഒരു ലക്ഷത്തോളം എടിഎമ്മുകളും സ്വകാര്യ എടിഎം നടത്തിപ്പുകാരുടെ  ഏകദേശം 15,000 എടിഎമ്മുകളും അടയും. ഇപ്പോൾ രാജ്യത്ത് 2,38,000 എടിഎമ്മുകളാണ് ആകെയുള്ളത്. കേരളത്തിൽ 9705 എടിഎം കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു റിസർവ് ബാങ്കിന്റെ കണക്ക്. ദേശസാൽകൃത-സഹകരണ-സ്വകാര്യ ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ കൗണ്ടറുകൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ എത്ര എടിഎമ്മുകൾ അടച്ചിടുമെന്നു പറയാനാവില്ലെങ്കിലും നമ്മളെ ഈ നീക്കം കാര്യമായി ബാധിക്കുമെന്നുതന്നെ വേണം വിചാരിക്കാൻ. ഡിജിറ്റൽ ധന ഇടപാടുകളിലേക്ക് അതിവേഗം നീങ്ങുന്ന കേരളത്തിലും  വലിയൊരു വിഭാഗം ഉപയോക്താക്കളെ ഈ നീക്കം ബുദ്ധിമുട്ടിലാക്കും.

കേരളീയ ജീവിതത്തിന്റെ അവിഭാജ്യഘടകമാണിപ്പോൾ എടിഎമ്മുകൾ. കറൻസി നിരോധനകാലത്ത് എടിഎമ്മുകൾക്കു മുന്നിലുണ്ടായ തിരക്ക് നാം കണ്ടറിഞ്ഞതാണ്. പകുതിയോളം എടിഎമ്മുകൾ പൂട്ടേണ്ടിവന്നാൽ ഉണ്ടാവുന്ന പ്രതിസന്ധി അതിലും കടുത്തതാവാനാണു സാധ്യത. പുതിയ സാഹചര്യത്തിൽ, രാജ്യത്തു നഗരങ്ങൾക്കു പുറത്തുള്ള വലിയൊരു പങ്ക് എടിഎമ്മുകളും പ്രവർത്തനം അവസാനിപ്പിച്ചേക്കാമെന്ന  ആശങ്കയുമുണ്ട്. ഇതു സംഭവിക്കുകയാണെങ്കിൽ ജനങ്ങളെ ബാങ്കിങ് സേവനങ്ങളുടെ പരിധിക്കുള്ളിൽ കൊണ്ടുവരാനുള്ള പദ്ധതികളെ അതു ബാധിക്കും. ‘ജൻ ധൻ’ പദ്ധതിക്കു കീഴിൽ സബ്‌സിഡികൾ എടിഎം വഴി പിൻവലിക്കുന്ന കോടിക്കണക്കിനുപേർ പ്രതിസന്ധിയിലായേക്കാം.

ധനമിടപാടുകളിലെ സൗകര്യത്തിന്റെ മറുപേരുതന്നെയായി മാറിയിരിക്കുന്നു എടിഎമ്മുകൾ. പിൻവലിക്കാവുന്ന പണത്തിന്റെ പരിധി കുറച്ചിട്ടുപോലും നഗരത്തിലും ഗ്രാമത്തിലും എടിഎമ്മുകൾ ജനകീയമുദ്ര വഹിച്ചാണു നിലകൊള്ളുന്നത്. ഒരു ബാങ്ക് ബ്രാഞ്ച് തുടങ്ങുന്നതിനെക്കാൾ ലാഭകരമാണ് എടിഎം സ്‌ഥാപിക്കുന്നതെന്നതും എടിഎമ്മിന്റെ പ്രവർത്തനച്ചെലവു താരതമ്യേന കുറവാണെന്നതും, കൂടുതൽ എടിഎമ്മുകൾ സ്‌ഥാപിക്കാൻ ബാങ്കുകൾ തമ്മിൽ മത്സരിക്കാൻവരെ ഇടക്കാലത്തു കാരണമായി. എടിഎം ഹാർഡ്‌വെയറുകൾ, സോഫ്റ്റ്‌വെയറുകൾ എന്നിവ സംബന്ധിച്ച് ഈയിടെ ഉണ്ടായ മാർഗനിർദേശങ്ങൾ, പണം കൈകാര്യം ചെയ്യുന്നതിന്റെ നിലവാരവും പണം നിറയ്ക്കുന്ന സംവിധാനവും സംബന്ധിച്ച് ഈയിടെ വരുത്തിയ നിബന്ധനകൾ എന്നിവയാണ് എടിഎമ്മുകൾ പൂട്ടാൻ നിർബന്ധിതരാക്കുന്നതെന്നാണ് സിഎടിഎംഐ പറയുന്നത്.

പുതിയ നിർദേശങ്ങൾ പാലിക്കാൻ വേണ്ടിവരുന്ന വൻ സാമ്പത്തികച്ചെലവുകൾ താങ്ങാനാകാത്ത സേവനദാതാക്കൾക്ക് എടിഎമ്മുകൾ അടച്ചുപൂട്ടുകയല്ലാതെ നിർവാഹമില്ലെന്നു പറയുന്നു. ഈ അധികച്ചെലവുകൾ വഹിക്കാൻ ബാങ്കുകൾ മുന്നോട്ടു വരണമെന്നാണ് ആവശ്യം.

എടിഎമ്മുകളിലുണ്ടാവുന്ന ഹൈടെക് കവർച്ചകൾ വലിയ ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്. സംസ്ഥാനത്തെ എടിഎമ്മുകളിലും മതിയായ സുരക്ഷയില്ലാതെയാണു കോടിക്കണക്കിനു രൂപ സൂക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം, ഒരേ രാത്രി ഒരേ രീതിയിൽ, രണ്ട് എടിഎം കൗണ്ടറുകൾ തകർത്ത് പണം കവർന്നതും മൂന്നിടത്തു കവർച്ചാശ്രമം ഉണ്ടായതും വലിയ ആശങ്കയ്ക്കു കാരണമായിരുന്നു. സംസ്ഥാനത്തു മിക്കയിടത്തും എടിഎം കാവലിന് ആകെയുള്ളത് സിസിടിവി ക്യാമറ മാത്രമാണ്; അതുപോലുമില്ലാത്ത എടിഎമ്മുകളുമുണ്ട്.

എടിഎം പൂട്ടുന്നതുമൂലം സാധാരണക്കാരുടെ നിത്യജീവിതത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് ഇപ്പോഴത്തെ തീരുമാനം പുനഃപരിശോധിക്കണമെന്നാണു പൊതുസമൂഹത്തിന്റെ ആവശ്യം. എടിഎം സേവനദാതാക്കളുടെ സംഘടനയും ബാങ്കുകളും കേന്ദ്ര സർക്കാരും ഈ ആവശ്യം തിരിച്ചറിയേണ്ടതുണ്ട്.