Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപമാനിച്ച് ഇറക്കിവിടാൻ നോക്കി; കടിച്ചുതൂങ്ങാൻ ഞാനില്ല: മാത്യു ടി. തോമസ്

Mathew_T_Thomas

അപമാനിച്ചു കളങ്കിതനാക്കി തന്നെ ഇറക്കിവിടാൻ ചിലർ ശ്രമിച്ചുവെന്ന് മന്ത്രി മാത്യു ടി.തോമസ്. ‘‘എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കാൻ ശ്രമിച്ചു. പാർട്ടിയിലിരുന്നുകൊണ്ട് പ്രതിപക്ഷത്തെക്കാൾ മോശമായി വിമർശിച്ചു. കേസിൽ കുടുക്കാനുള്ള ശ്രമം ചീറ്റിയപ്പോൾ വീട്ടുകാരെ അതിലേക്കു വലിച്ചിഴയ്ക്കാൻ നോക്കി. എല്ലാം മന്ത്രിസ്ഥാനമാറ്റത്തിനുള്ള നീക്കത്തിന്റെ തുടർച്ചയായിരുന്നു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. മന്ത്രിപദം ഒഴിയാൻ ഇത്രയൊന്നും വേണ്ടിയിരുന്നില്ല. എങ്ങനെയും മന്ത്രിപദത്തിൽ കടിച്ചുതൂങ്ങുന്ന വ്യക്തിയല്ല ഞാനെന്ന് എന്നെ അറിയുന്നവർക്കൊക്കെ അറിയാം. പാർട്ടി പിളർത്താനോ, മറ്റാരെങ്കിലുമായി ചേർന്ന് മന്ത്രിസ്ഥാനം നിലനിർത്താനോ ഇല്ല. പൊതുപ്രവർത്തകൻ എന്ന നിലയിൽ സംഘടനാ തീരുമാനത്തിനു വഴിപ്പെടണം. അതേസമയം, 2009ലെ പിളർപ്പിനുശേഷം രണ്ട് എംഎൽഎമാരിൽ ഒതുങ്ങിയ പാർട്ടിയെ, ഇപ്പോഴത്തെ നിലയിൽ എത്തിക്കാൻ കഴിഞ്ഞതും ഓർമയിൽ വേണം’’. സ്വന്തം പാർട്ടിയിൽനിന്നു തന്നെ നേരിട്ട ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങൾക്കൊടുവിൽ മന്ത്രിസ്ഥാനം ഒഴിയുന്ന മാത്യു ടി.തോമസ് മനോരമയോട്. 

രണ്ടര വർഷം കഴിഞ്ഞാൽ മന്ത്രിപദം ഒഴിയാമെന്നു വ്യവസ്ഥ ഉണ്ടാക്കിയിരുന്നോ?

ഇല്ല എന്നു ഞാൻ വ്യക്തമായി പറഞ്ഞുകഴിഞ്ഞതാണ്. അങ്ങനെയൊരു തീരുമാനം ഉണ്ടെന്ന് പാർട്ടി അധ്യക്ഷൻ ഇപ്പോൾ പറഞ്ഞ സ്ഥിതിക്ക് ഇനി തർക്കത്തിനില്ല. 

പാർട്ടിക്കു വേണ്ടി ഫണ്ട് ഉണ്ടാക്കാത്തതിൽ നേതൃത്വത്തിന് അനിഷ്ടമുണ്ടെന്നു കേട്ടിരുന്നു?

എനിക്ക് ആ ശീലമില്ല. എന്നെ ജനങ്ങൾക്കറിയാം. 

താങ്കളുടെ ഭാര്യയ്ക്കെതിരായി ജോലിക്കാരി കേസ് കൊടുത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ?

ആദ്യം ജോലിക്കാരിയോട് ഭാര്യ ഷൂസ് തുടയ്ക്കാൻ പറഞ്ഞു എന്നായിരുന്നു പത്രസമ്മേളനത്തിൽ ആരോപിച്ചത്. അത് മാധ്യമങ്ങൾ അവഗണിച്ചു. പിന്നീട്, ഭാര്യ ജാതിപ്പേരു വിളിച്ചു എന്നായി. 

എന്താണ് ജോലിക്കാരിയുടെ പ്രകോപനം?

ദിവസവേതനക്കാരിയായിരുന്നു. മോഷണം സിസിടിവിയിൽ തെളിഞ്ഞതോടെ ഇനി വരേണ്ട എന്ന് അവരോടു പറഞ്ഞു. മാസങ്ങൾക്കുശേഷം അവർ പരാതിയുമായി വന്നതിനു പിന്നിൽ ചിലരുടെ കൈകൾ ഉണ്ടാവാം. 

ബജറ്റ് ചർച്ചയ്ക്കിടയിൽ ജലസേചന വകുപ്പിൽ ഒന്നും നടക്കുന്നില്ല എന്ന് പാർട്ടിക്കുള്ളിൽനിന്നുതന്നെ വിമർശനം ഉയർന്നതിനു പിന്നിൽ?

അതിനുള്ള മറുപടി ഞാൻ സഭയിൽത്തന്നെ പറഞ്ഞിട്ടുണ്ടല്ലോ. 

പിളർപ്പിനുശേഷം പാർട്ടി നേരിട്ട പ്രതിസന്ധിയെക്കുറിച്ച്...

2009ലെ പിളർപ്പിനെത്തുടർന്ന് വീരേന്ദ്രകുമാറും മറ്റും പാർട്ടിവിട്ടു പോയശേഷം ഇന്നത്തെ നിലയിലേക്കു വളർത്തിയെടുക്കാൻ കഴിഞ്ഞു. പാർട്ടി പിളരുമ്പോൾ എംഎൽഎമാരായി ഞാനും ജോസ് തെറ്റയിലും മാത്രം. ഇപ്പോൾ മൂന്നുപേർ.   

പാർട്ടി അധ്യക്ഷനായിരുന്നുകൊണ്ട് എ.നീലലോഹിത ദാസൻ നാടാരെയും കെ.കൃഷ്ണൻകുട്ടിയെയും സി.കെ. നാണുവിനെയും സഹപ്രവർത്തകരെയും ഈ കാലയളവിൽ പാർട്ടിയിലേക്കു തിരികെ കൊണ്ടുവന്നു.

മന്ത്രിസ്ഥാനം നഷ്ടപ്പെട്ട്, നാളെ സഭയുടെ പിൻനിരയിൽ ഇരിക്കാൻ വിഷമമുണ്ടോ? 

ഞാൻ ഒന്നിലും അഭിരമിച്ചിട്ടില്ല. മന്ത്രിയാകാൻ ആഗ്രഹിച്ചില്ല. ഒരിക്കലും അധികാരത്തിൽ കടിച്ചുതൂങ്ങിക്കിടക്കാനും ശ്രമിച്ചിട്ടില്ല. അധികാരമൊന്നും ഇല്ലാതെ ജീവിക്കാൻ വിഷമമില്ല. കഴിഞ്ഞതവണ ഗതാഗതമന്ത്രിയായിരിക്കെ ഞാൻ രാജിവച്ചപ്പോൾ, നിങ്ങൾ കൊടുത്ത തലക്കെട്ട് ‘സീറ്റില്ല, മന്ത്രി വഴിക്കിറങ്ങി’ എന്നായിരുന്നു. ഞാനത് ആസ്വദിച്ചു. 

നാളത്തെ തലക്കെട്ട് ‘ജലസേചന മന്ത്രിയെ വെള്ളത്തിലാക്കി’ എന്നു വന്നാൽ ഏറ്റവും നന്നായി ആസ്വദിക്കുക ഞാനായിരിക്കും.

related stories