Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യപ്രദേശ് ചൂണ്ടുപലകയോ? കണ്ണുനട്ട് രാജ്യം

Madhya Pradesh campaign 1. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഭോപാൽ നോർത്ത് മണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ. ബിജെപി സ്ഥാനാർഥി ഫാത്വിമ സിദ്ധീഖി സമീപം. 2. മധ്യപ്രദേശിലെ ഭോജ്പുർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിക്കായി പ്രചാരണത്തിനെത്തിയ ബോളിവുഡ് താരം അമീഷ പട്ടേൽ

നാളത്തെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കണ്ണാടിയായിരിക്കും. ജിഎസ്ടി, നോട്ട് നിരോധനം, കൃഷിമേഖലയിലെ പ്രശ്നങ്ങൾ, കർഷക ആത്മഹത്യകൾ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ വിധിയെഴുത്തിനെ സ്വാധീനിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അതിനാൽ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചുള്ള സൂചന കൂടിയാകും മധ്യപ്രദേശ് നൽകുക. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിൽ, ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ളതും ഇവിടെ തന്നെ– 29. 

ഒന്നര പതിറ്റാണ്ടായി മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി എല്ലാ വിഭാഗം വോട്ടർമാർക്കിടയിലും സ്വാധീനം ശക്തമാക്കിയിരുന്നു. 230 അംഗ നിയമസഭയിൽ കഴിഞ്ഞതവണ 165 സീറ്റാണ് അവർ നേടിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയത് 54.76 % വോട്ട്. അന്നു ബിജെപിയെക്കാൾ 19.41% കുറവ് വോട്ട് നേടിയ കോൺഗ്രസ്, ഇക്കുറി തിരിച്ചുവരവു നടത്തിയാൽ അതിന്റെ പ്രതിഫലനം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുണ്ടാകും.

കാത്തിരിക്കാം, കർഷക  വിധിയെഴുത്ത്

നഗരകേന്ദ്രീകൃത പാർട്ടിയെന്നാണ് ചിലർ ബിജെപിയെ വിശേഷിപ്പിക്കുന്നതെങ്കിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരവാസികളുടെ എണ്ണം 50 ശതമാനത്തിൽ താഴെയായ 194 മണ്ഡലങ്ങളിൽ 132ലും വിജയിച്ചത് അവരാണ്. എന്നാൽ ഇക്കുറി കർഷകമേഖലകളിൽ പാർട്ടി കടുത്ത വെല്ലുവിളി നേരിടുന്നു. കഴി‍ഞ്ഞവർഷം മൻസോറിലെ കർഷകസമരത്തിനിടെ പൊലീസ് വെടി‍വയ്പിൽ 5 പേർ കൊല്ലപ്പെട്ടതിന്റെ രോഷം ഗ്രാമങ്ങളിലുണ്ട്. കർഷകവികാരത്തെ കൂട്ടുപിടിച്ചാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രചാരണവും. 

കർഷക വോട്ടർമാരിൽ 45 % വരുന്ന ഒബിസി വിഭാഗം കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഒപ്പമായിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഒബിസി വിഭാഗത്തിൽപെട്ടയാളാണ്. കർഷകപുത്രനായാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്. എസ്‌സി, എസ്ടി വിഭാഗങ്ങൾ നിർണായകമായ മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ബിജെപിക്കായിരുന്നു നേട്ടം. ഇത്തവണ ഇവർ എങ്ങനെ ചിന്തിക്കുന്നു എന്നതു ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.

മോദിജിയല്ല, മാമാജി 

ജനങ്ങൾ ‘മാമാജി’യെന്നു വിളിക്കുന്ന ശിവരാജ്സിങ് ചൗഹാൻ പ്രചാരണത്തിന്റെ കലാശക്കൊട്ടു നടക്കുമ്പോൾ മാൾവായിലായിരുന്നു. ചെറുകിട കർഷകർക്കു ബോണസ് വാഗ്ദാനം ചെയ്താണ് അദ്ദേഹം തന്റെ അവസാന ലാപ്പ് പ്രചാരണത്തിനു തിരശ്ശീലയിട്ടത്.‘സ്റ്റാർ ക്യാംപെയ്നർ’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാളും ബിജെപി സംസ്ഥാനത്ത് ആശ്രയിക്കുന്നതു ‘മാമാജി’യെത്തന്നെ. പാർട്ടി അതിരുകൾക്കപ്പുറം സൗഹൃദങ്ങളുള്ള രാഷ്ട്രീയക്കാരനാണു പഴയതലമുറയുടെ രീതികൾ പിന്തുടരുന്ന ചൗഹാൻ.  

രാജ്ഗറിലും മാൾവയിലും മുഖ്യമന്ത്രി ആവർത്തിച്ചത് ഇതാണ് – കർഷർക്കു ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. അവരുടെ കണ്ണീരൊപ്പാൻ സർക്കാർ പരമാവധി ശ്രമിച്ചു. കോടിക്കണക്കിനു രൂപയാണു കടാശ്വാസത്തിനും മറ്റും ചെലവഴിച്ചത്. അടുത്ത ബിജെപി സർക്കാർ കൂടുതൽ ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകും. ‘വികസനമാണു പ്രധാനം, അമ്പലമല്ല’ എന്ന ചൗഹാന്റെ പ്രസ്താവന, പാർട്ടിയിലെ തന്നെ ചിലരുടെ മുഖം ചുളിപ്പിച്ചിരുന്നു.

ബിജെപിയുടെ രാഷ്ട്രീയത്തോട് എതിർപ്പുള്ളവർക്കു പോലും പ്രിയങ്കരനായി മാറുന്നതാണു ചൗഹാന്റെ കരുത്ത്. ജന്മനാടായ ജെയ്ത് ഗ്രാമത്തിലുള്ളവർ മുഴുവൻ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം മൽസരിക്കുന്ന ബുധ്നിയിൽ പ്രചാരണം നടത്തുകയായിരുന്നു. 260 വീടുകൾ മാത്രമുള്ള ഗ്രാമമാണു ജെയ്ത്. 

നിർണായകം ബിഎസ്പി

മധ്യപ്രദേശ് രാഷ്ട്രീയത്തിന്റെ ഗതി തീരുമാനിക്കുന്നതിൽ ഇത്തവണ മായാവതിയുടെ ബിഎസ്പി നിർണായക പങ്കുവഹിക്കുമെന്ന് തിരഞ്ഞെടുപ്പു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിഎസ്പിയും സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ  41 സീറ്റെങ്കിലും അധികം നേടുമായിരുന്നുവെന്നാണു വിലയിരുത്തൽ. എങ്കിലും ഭരണമാറ്റത്തിന് അതും മതിയാകുമായിരുന്നില്ല. മൽസരം ഇഞ്ചോടിഞ്ചെന്നു വ്യക്തമായ ഇത്തവണ കോൺഗ്രസ് - ബിഎസ്പി സഖ്യത്തിന്റെ സാധ്യതകൾ തുടക്കത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ ബിഎസ്പി കുറഞ്ഞത് 30 സീറ്റെങ്കിലും വേണമെന്നു പറഞ്ഞതോടെ ചർച്ച പൊളിഞ്ഞു. 6 – 9 % വോട്ടാണു മുൻ തിരഞ്ഞെടുപ്പുകളിൽ അവർ നേടിയത്. 

ഇക്കുറിയും അതേ തോതിൽ വോട്ട് നേടിയാൽ കോൺഗ്രസിനാണു ക്ഷീണം. 5 % വോട്ടെങ്കിലും അധികമായി ലഭിച്ചാലേ, കോൺഗ്രസിന് ബിജെപിയുടെ 15 വർഷത്തെ ഭരണം അവസാനിപ്പിക്കാനാകൂ.

‘ബെസ്റ്റ് ഓഫ് ലക്ക് ’ ബെതുൽ 

മധ്യപ്രദേശിലെ ഭാഗ്യമണ്ഡലമാണു ബെതുൽ. ഇവിടെ ജയിക്കുന്ന പാർട്ടിയാകും സംസ്ഥാനം ഭരിക്കുക. 1980ൽ ഒഴികെ ഒരിക്കലും ഈ വിശ്വാസം തെറ്റിയിട്ടില്ല. 1956ൽ സംസ്ഥാന രൂപീകരണത്തിനു ശേഷം, 1957ലും 62ലും കോൺഗ്രസ് ഇവിടെ ജയിച്ചു, സംസ്ഥാനം ഭരിച്ചു. 1967ൽ ജനസംഘം ബെതുലിൽ ജയിച്ചു. ജനസംഘം ഉൾപ്പെട്ട കോൺഗ്രസ്‌വിരുദ്ധ മുന്നണി, സംയുക്ത വിധായക് ദൾ, സംസ്ഥാനം ഭരിച്ചു.1972ൽ കോൺഗ്രസ് ഇവിടെ ജയിച്ചു; ഭരണവും തിരിച്ചുപിടിച്ചു. 

ഇന്ദിരാവിരുദ്ധ വികാരം വീശിയടിച്ച 1977ൽ സ്വതന്ത്ര സ്ഥാനാർഥി മാധവ് ഗോപാൽ നസ്റിയാണു ജയിച്ചത്. അദ്ദേഹം പിന്തുണച്ച ജനതാ പാർട്ടി മധ്യപ്രദേശ് ഭരിച്ചു. 1980ൽ മണ്ഡലത്തിലെ ജയവും മധ്യപ്രദേശിലെ ഭരണവും പരസ്പരപൂരകമായില്ല. ബെതുലിൽ തോറ്റെങ്കിലും കോൺഗ്രസ് സർക്കാരുണ്ടാക്കി; അർജുൻ സിങ് മുഖ്യമന്ത്രിയായി. 1985ൽ മണ്ഡലം തിരിച്ചുപിടിച്ച കോൺഗ്രസ് സംസ്ഥാന ഭരണം നിലനിർത്തി. 1990ൽ മണ്ഡലം ബിജെപിക്കൊപ്പം നിന്നു. 1992ൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടതിനെത്തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇവിടെ ജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു. 2003 മുതൽ മണ്ഡലം ബിജെപിക്കൊപ്പമാണ്. സിറ്റിങ് എംഎൽഎ ഹേമന്ത് ഖണ്ഡേൽവാൽ ആണു ബിജെപി സ്ഥാനാർഥി. നിലയ് ദാഗാ കോൺഗ്രസിനായി മൽസരിക്കുന്നു.