Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതുബെഞ്ചിലെ കല്ലുകടി

Author Details
keraleeyam-cartoon

ഇന്നലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ ഭരണ – പ്രതിപക്ഷ പോർവിളികൾ മുഴങ്ങിയപ്പോൾ, സാധാരണ അതിൽ ആവേശപൂർവം പങ്കുചേരാറുള്ള ചിലരുടെ മൗനമോ നിസ്സംഗതയോ ശ്രദ്ധേയമായി. മന്ത്രിയാണെങ്കിലും, പിൻനിരക്കാരുടെ ഉഷാറോടെ പ്രതിപക്ഷത്തെ വെല്ലുവിളിക്കാറുള്ള കെ.ടി.ജലീൽ അനക്കമില്ലാതെയിരുന്നു. കയ്യും കലാശവും കാട്ടാറുള്ള പി.ടി.എ. റഹീമോ പി.വി.അൻവറോ അതിനു മുതിർന്നില്ല. പ്രതിപക്ഷത്തെ എഴുന്നേറ്റൊന്നു നോക്കാൻ പോലും പി.കെ.ശശി മെനക്കെട്ടില്ല. തൊട്ടടുത്ത ബെഞ്ചുകളിലുള്ളവരോടു പ്രസന്നതയോടെ സംസാരിച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്നു സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. 

പ്രതിപക്ഷത്തിനെതിരെ ആക്രോശിച്ചവരിൽ ഒരാൾ എ.എൻ.ഷംസീറായിരുന്നു. ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയായിരുന്നല്ലോ ചർച്ചാവിഷയം. അതുകൊണ്ടുതന്നെ, ഷംസീറിന്റെ തലയുയർന്നു കാണുമ്പോഴെല്ലാം പ്രതിപക്ഷം ആർത്തുവിളിച്ചു: ‘മറ്റേ കോടതി വിധിയെക്കുറിച്ചുകൂടി പറയൂ’. ഭാര്യയുടെ വിവാദനിയമനം ഹൈക്കോടതി റദ്ദാക്കിയതിന്റെ പേരിലുള്ള ആ ഒളിയമ്പിലും ഷംസീർ കൂസാതെനിന്നു.  

‌ഇടതുമുന്നണിയുടെ പാർലമെന്ററി പാർട്ടി പൊടുന്നനെ എത്തിച്ചേർന്ന ദുര്യോഗത്തിലേക്കാണു നിയമസഭയുടെ ഈ ആദ്യദിന ദൃശ്യങ്ങൾ വെളിച്ചം പകർന്നത്. മന്ത്രിമാരും ഒരുപിടി എംഎൽഎമാരും ആക്ഷേപങ്ങളുടെയോ ആരോപണങ്ങളുടെയോ നടുവിലാണ്. ചിലർക്കെതിരെ കേസുകളുമുണ്ട്. അധികാരത്തിലേറിയതു മുതൽ പിണറായി സർക്കാരിനെ പിന്തുടരുന്ന ഈ രോഗം, അതിന്റെ മൂർധന്യത്തിലെത്തിയതാണ് ശശിയുടെ കാര്യത്തിൽ കണ്ടത്. ആറുമാസം സിപിഎമ്മിന് അദ്ദേഹത്തെ പുറത്തു നിർത്തേണ്ടി വന്നിരിക്കുന്നു.  

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിസഭയിലെ രണ്ടാമനുമായ ഇ.പി. ജയരാജൻ ബന്ധുനിയമനക്കേസിൽ കുടുങ്ങിയതിലായിരുന്നു തുടക്കം. വൈകാതെ, ഫോൺകെണിയിൽ എ.കെ.ശശീന്ദ്രൻ വീണു. പകരമെത്തിയ തോമസ് ചാണ്ടിയെ കയ്യേറ്റങ്ങൾ വിഴുങ്ങി. ഭൂമിസംബന്ധമായ സമാന ആരോപങ്ങൾ പി.വി.അൻവർ എംഎൽഎയെ (‌നിലമ്പൂർ) വേട്ടയാടുന്നു. സാമ്പത്തിക ഇടപാടുകളുടെ പേരിൽ മകനും മരുമകനും വിദേശത്ത് അറസ്റ്റിലായതിന്റെ പ്രതിസന്ധിയിലാണ് പി.ടി.എ. റഹീം (കുന്നമംഗലം). സ്വർണക്കടത്തു കേസിൽ കൊഫെപോസ ചുമത്തപ്പെട്ട പ്രതിയെ സഹായിക്കാനായി, റഹീമിനൊപ്പം ആഭ്യന്തര വകുപ്പിനു കത്തുകൊടുത്തു കുഴപ്പത്തിലായിരിക്കുകയാണ് കാരാട്ട് റസാഖ് (കൊടുവള്ളി). 

മന്ത്രിമാരും എംഎൽഎമാരുമടക്കം ഇടതുബെഞ്ചിലെ ഒൻപതു പേരാണ് ഓരോരോ വിവാദങ്ങൾ സ്വയം ക്ഷണിച്ചുവരുത്തിയത്. ഇടതുപക്ഷത്തിന്റെ നിയമസഭാകക്ഷിയെ സംബന്ധിച്ചിടത്തോളം ഈ കൂട്ടക്കുഴപ്പം മുൻപില്ലാത്തതാണ്.

പരീക്ഷണത്തിന്റെ വിജയവും കെടുതിയും 

കുഴപ്പത്തിൽ ചാടിയവരിലേറെയും ഇടതു സ്വതന്ത്രരായി നിയമസഭയിലെത്തിയവരാണ്. ഇവരെ തിരഞ്ഞുപിടിച്ചു ‘സ്വതന്ത്ര’ സ്ഥാനാർഥികളാക്കിയത് സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ ചൂതാട്ടം തന്നെയായിരുന്നു. ജയിക്കാൻ ഒരു സാധ്യതയുമില്ലാത്ത മലപ്പുറത്തെയും കോഴിക്കോട്ടെയും മണ്ഡലങ്ങളിൽ, ഈ മുൻ കോൺഗ്രസുകാരെയും ലീഗുകാരെയും പാർട്ടി തുറുപ്പുചീട്ടുകളായിറക്കി. ഇവരെല്ലാവരും തന്നെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. തൊഴിലാളിവർഗത്തിന്റെ പാർട്ടിയാണു സിപിഎം എങ്കിൽ, ഇവരെല്ലാം എതിർവർഗത്തെ പ്രതിനിധീകരിക്കുന്നവരാണ്. അതിസമ്പന്നർ സിപിഎം സ്ഥാനാർഥികളാകാൻ പാടില്ലെന്ന പൊതുധാരണ തിരുത്തുകയാണ് അതുവഴി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചെയ്തത്. 

റസാഖും പി.ടി.എ. റഹീമും മുസ്‌ലിം ലീഗിന്റെ പ്രാദേശിക ഭാരവാഹികളായിരുന്നു. അന്തരിച്ച ഇ.അഹമ്മദ് കേരളത്തിൽ വ്യവസായ മന്ത്രിയായിരുന്നപ്പോൾ റഹീം അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിലുമുണ്ടായിരുന്നു. അൻവറും താനൂരിൽ ജയിച്ച വി.അബ്ദുറഹ്മാനും കോൺഗ്രസുകാരായിരുന്നു. ഇരുവരും ഒട്ടേറെ വ്യവസായങ്ങളിലേർപ്പെടുന്നവർ. 

വിഎസ് – പിണറായി വിഭാഗീയതയിൽ ആശയസമരംകൂടി ഉൾച്ചേർന്നിരുന്നു. ഭൂപ്രഭുക്കളുമായും സാമ്പത്തികശക്തികളുമായും നേത‍ൃത്വം സന്ധിചെയ്യുന്നു എന്നതായിരുന്നു കേന്ദ്രനേതൃത്വത്തിനു മുന്നിൽ വിഎസ് സ്ഥിരമായി ഉന്നയിച്ചുവന്ന ആക്ഷേപം. ഉൾപ്പാർട്ടി സമരത്തിൽ വിഎസ് ചേരി ഉന്മൂലനം ചെയ്യപ്പെടുകയും പിണറായി പക്ഷം പൂർണമായും പിടിമുറുക്കുകയും ചെയ്തതോടെ അത്തരം അയിത്തങ്ങളെല്ലാം ഏറെക്കുറെ ഇല്ലാതായി. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ കൂടുതലായി കേന്ദ്രീകരിക്കുന്ന പ്രായോഗികത പിണറായി പയറ്റിയപ്പോൾ മലപ്പുറത്തെ ലീഗ് കോട്ടകൾ കുലുങ്ങി. ഈ ‘വലതുപക്ഷ നേതാക്കൾ’ ഇടതുമുന്നണിയുടെ എംഎൽഎമാരായി മാറിയാൽ നാളെ നേരിടാനിടയുള്ള കെടുതികളെക്കുറിച്ച് അന്നേ ഉയർന്ന മുന്നറിയിപ്പുകൾ നേതാക്കളിൽ ചിലരെങ്കിലും ഇപ്പോൾ ഓർമിച്ചേക്കാം.

 വെള്ളംചേർക്കലിന്റെ വിനകൾ 

സിപിഎമ്മിന്റെ നിയമസഭാംഗങ്ങൾ പാർട്ടി നയങ്ങളിൽനിന്നോ നിലപാടുകളിൽനിന്നോ വ്യതിചലിക്കരുതെന്നാണു സിപിഎം ഭരണഘടന നിഷ്കർഷിക്കുന്നത്. അവർ ‘ജനങ്ങളുടെ താൽപര്യം ഉയർത്തിപ്പിടിക്കാൻ എപ്പോഴും ബദ്ധശ്രദ്ധരായിരിക്കണമെന്നും’  നിർദേശിക്കുന്നു. എന്നാൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്തു സിപിഎം സംസ്ഥാന കമ്മിറ്റി ആശങ്കപ്പെട്ടത് സ്ഥാനാർഥികളാകാൻ നടക്കുന്ന മത്സരത്തെക്കുറിച്ചായിരുന്നു. ബാഹ്യശക്തികൾ സിപിഎമ്മിന്റെ സ്ഥാനാർഥിനിർണയത്തിൽ കൈകടത്തുന്നുവെന്ന ആക്ഷേപംവരെ പാർട്ടി നേരിട്ടു. സ്ഥാനാർഥിനിർണയത്തിലെ ഈ വെള്ളം ചേർക്കലുകൾ ഇപ്പോൾ പാർട്ടിയെയും നിയമസഭാകക്ഷിയെയും പലതരത്തിൽ വേട്ടയാടുന്നു. 

യുഡിഎഫ് മന്ത്രിസഭയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാനായി എ.കെ.ബാലൻ കൺവീനറായ മന്ത്രിതലസമിതിയെ വച്ചതാണ് പിണറായി സർക്കാർ ആദ്യമെടുത്ത മുഖ്യതീരുമാനങ്ങളിലൊന്ന്. ആ അന്വേഷണം ഇതുവരെ എങ്ങുമെത്തിയതായി വിവരമില്ല. പാർലമെന്ററി മന്ത്രി കൂടിയായ ബാലനാണ് എൽഡിഎഫ് നിയമസഭാകക്ഷിയുടെ  മുഖ്യചുമതല. സ്വന്തം ജില്ലക്കാരനായ പി.കെ. ശശിയടക്കമുള്ള  സഹപ്രവർത്തകർ‍ക്കെതിരെ അമ്പുകൾ പാഞ്ഞുവരുന്നത് അദ്ദേഹത്തിനു കണ്ടിരിക്കേണ്ടിയും വരുന്നു.