Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതസ്വാതന്ത്ര്യത്തിൽ കോടതി കൈകടത്തുന്നത് ശരിയല്ല: ജസ്റ്റിസ് കുര്യൻ ജോസഫ്

മുഖദാവിൽ ∙ ജോമി തോമസ്
Author Details
Follow Facebook
Justice Kurian Joseph ജസ്റ്റിസ് കുര്യൻ ജോസഫ്

അദ്വൈതമായ ഈ ജീവിതത്തിൽ, വ്യക്തിയും ന്യായാധിപനും ഒന്നുതന്നെ. കാലടി താന്നിപ്പുഴ മാണിക്കത്ത് ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകൻ കുര്യൻ ജോസഫും, സുപ്രീം കോടതിയിൽനിന്ന് ഇന്ന് വിരമിക്കുന്ന ജസ്റ്റിസ് കുര്യൻ ജോസഫും.

‘‘ജഡ്ജിയായപ്പോൾ എടുത്ത പ്രതിജ്ഞ ഭയമോ പക്ഷപാതമോ ഇല്ലാതെ താൽപര്യമോ വിദ്വേഷമോ ഇല്ലാതെ ജോലി ചെയ്യുമെന്നാണ്. ദൈവനാമത്തിലാണു ഞാൻ സത്യപ്രതിജ്ഞ ചെയ്തത്. ആ ദൈവത്തോടു 100% സത്യസന്ധതയോടുകൂടി, എന്റെ മനസാക്ഷിയനുസരിച്ച്, ദൈവത്തിന്റെ അനുഗ്രഹത്താൽ വളരെ സത്യസന്ധവും നീതിപൂർവകവുമായി ഉത്തരവാദിത്തം നിർവഹിക്കാൻ പറ്റി. നിയമത്തിന് അപ്പുറത്തൊരു നീതിയുണ്ടോ എന്നൊരു അന്വേഷണമായിരുന്നു ഇത്രയും വർഷം. ആ നീതി കാണാൻ കഴിയുകയെന്നതാണ് ഒരു ന്യായാധിപന്റെ ഏറ്റവും വലിയ ചാലഞ്ച്. ആ ചാലഞ്ചിൽ ഞാൻ വിജയിച്ചെന്നു സത്യസന്ധമായി പറയാം. നീതി കണ്ടെത്തുന്നതിലും നിർവഹിക്കുന്നതിലും ഒരു സാങ്കേതികതടസവും ഞാൻ പരിഗണിച്ചിട്ടില്ല.നീതീക്കുവേണ്ടി കരയുന്ന മുഖം എന്റെ മനസിൽ എപ്പോഴും തെളിയും ഒാരോ കേസെടുക്കുമ്പോൾ. നീതി അർഹിക്കുന്നയാളാണോ എന്ന് – അഭിഭാഷകന്റെ സാമർഥ്യവും കീഴ്ക്കോടതികളിലെ പരാമർശങ്ങളും ഒന്നും മനസിൽ വരില്ല അപ്പോൾ. നീതി ന്യായ വ്യവസ്ഥിതി അവസ്ഥയ്ക്ക് അപ്പുറത്തേക്കു കടന്നുചിന്തിക്കാൻ ന്യായാധിപനു കഴിയണം.’’ - കുര്യൻ ജോസഫ് മനോരമയോട്

അഭിഭാഷകന്റെ മിടുക്കല്ല പ്രശ്നം, നീതി കിട്ടാൻ ആ മിടുക്കിനു നൽകേണ്ട തുകയാണ്. അതു പലപ്പോഴും ഭീകരമാണ്.

ഒട്ടേറെ അഭിഭാഷകരോടു ഞാൻചോദിച്ചിട്ടുണ്ട്, എന്തുകൊണ്ട് ഉദ്യോഗസ്ഥർ അഴിമതിക്കാരാവുന്നു. ഒരു കാരണം, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ചെലവഴിക്കേണ്ടിവരുന്ന വൻതുകകളാണ്. അവരുടെ ആയുഷ്കാല ശമ്പളംകൊണ്ടുപോലും തികയാത്ത തുകയാണ് സുപ്രീം കോടതിവരെ കേസ് നടത്താൻ ചെലവഴിക്കേണ്ടിവരിക. അതുകൊണ്ടുതന്നെ ഞാൻ പലപ്പോഴും സർക്കാരോ തൊഴിലുടമയോ കേസുമായി വരുമ്പോൾ അത്ര ഗൗരവമുള്ള നിയമപ്രശ്നം ഉൾക്കൊള്ളുന്നില്ലെങ്കിൽ എതിർകക്ഷിയെ ഞാൻ വിളിച്ചുവരുത്തിയിട്ടില്ല., നോട്ടീസ് അയച്ചിട്ടില്ല. കാരണം, സുപ്രീം കോടതിയിൽ ഒരു ഉദ്യോഗസ്ഥനു കേസ് നടത്താനുള്ള ബുദ്ധിമുട്ടും ചെലവും അതുണ്ടാക്കുന്ന ഭവിഷ്യത്തും എനിക്കു വ്യക്തമായറിയാം. അത് അദ്ദേഹത്തിലുണ്ടാക്കുന്ന സമ്മർദ്ദം എത്രയെന്ന്, അത് സ്വഭാവത്തെ ബാധിക്കാവുന്നതും, സമൂഹത്തെ ബാധിക്കാവുന്നതും എങ്ങനെയെന്ന് എനിക്കു ബോധ്യമുണ്ട്.

സാധാരണക്കാരന് സുപ്രീം കോടതി അപ്രാപ്യമാണ്. ലീഗൽ സർവീസ് അതോറിറ്റിയെന്നതൊക്കെ പരിമിതമായ സംവിധാനമാണ്.

ആ യാഥാർഥ്യം നിഷേധിക്കാനാവില്ല. അതിനെ കൈകാര്യം ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് – പലപ്പോഴും എന്റെ മുന്നിൽ വരുന്ന കേസുകളിൽ, സീനിയർ വക്കീൽ ഹാജരാകാൻ മാറ്റിവയ്ക്കുന്നതിനു ചോദിക്കുമ്പോഴും നീതിയുള്ള കേസെങ്കിൽ ജൂനിയർ വക്കീലൻമാരെക്കൊണ്ടു വാദിപ്പിച്ച് കേസ് അവസാനിപ്പിച്ചിട്ടുണ്ട്. അത്രയെങ്കിലും സാധാരണക്കാരനത് ഗുണകരമാവട്ടേയെന്നു കരുതി. അതിന്റെ പേരിലും ഒരു സീനിയറും എന്നോടു പിണങ്ങിയിട്ടില്ല.

സാധുക്കളെ സഹായിക്കാൻ നിലവിലുള്ള ഒരു വ്യവസ്ഥിതി ലീഗൽ സർവീസ് അതോറിറ്റിയാണ്. പല കേസുകളിലും സീനിയർ അഭിഭാഷകരെ ഞാൻ അമിക്കസ് ക്യൂറിയായി വച്ചിട്ടുണ്ട്. അവരതു സ്നേഹപൂർവം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലും ഹിമാചലിലും സുപ്രീം കോടതിയിലുമൊക്കെ 24 അഭിഭാഷകരെ ഞാൻ മധ്യസ്ഥരായി വച്ചു. 90% കേസുകളിലും അത് തീർക്കാൻ സഹായിച്ചു. അത് കോടതിയുടെ ഇടപെടലുള്ള മധ്യസ്ഥതയാണ്. ഒട്ടേറെ സാധാരണ അഭിഭാഷകരെ മധ്യസ്ഥരാക്കിയിട്ടുണ്ട്..

താങ്കൾക്കും ജഡ്ജി എന്നതിനേക്കാൾ മധ്യസ്ഥനാകാനുള്ള താൽപര്യമാണ് കൂടുതൽ കണ്ടിട്ടുള്ളത്. പ്രത്യേകിച്ചും ദാമ്പത്യ, കുടുംബബന്ധങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിൽ.

കുടുംബക്കോടതിയുടെ തന്നെ ഉദ്ദേശ്യം കേസിന്റെ വിധി പ്രസ്താവിക്കലോ നിയമപ്രശ്നം പരിഗണിക്കലോ അല്ല. കുടുംബക്കോടതി നിയമത്തിന്റെ ഉദ്ദേശ്യമായി പറയുന്നത് നിയമപ്രകാരം കേസുകൾ രമ്യമായി പരിഹരിക്കാൻ ശ്രമിക്കണമെന്നാണ്. വിവാഹമെന്ന സ്ഥാപനത്തെ പരിപാലിക്കുക, പരിഹാരങ്ങൾ കാണുകയെന്നാണ്. കുടുംബ പ്രശ്നങ്ങളിലും കുടുംബാംഗങ്ങൾ തമ്മിലുള്ള വസ്തുപ്രശ്നങ്ങളിലുമൊന്നും ആത്യന്തികമായി ഗൗരവമുള്ള നിയമപ്രശ്നങ്ങൾ അടങ്ങിയിട്ടുണ്ടാവില്ല. ആ കേസുകൾ ഒരു മധ്യസ്ഥ ശ്രമത്തിലൂടെ പരിഹരിക്കാൻ സാധിച്ചാൽ, അതിലൂടെ കുടുംബത്തിൽ സമാധാനവും നാട്ടിൽ സമാധാനവും ഉണ്ടാവും. ഒട്ടേറെ മുന്നോട്ടു കേസുകൾ ഒഴിവാക്കാൻ പറ്റും. മൂന്നു തലമുറ വരെ പോരാടി, മൂന്നോ നാലോ കൊലപാതകങ്ങൾ നടന്നിട്ടുള്ള കേസുകൾ പലതും ഞാൻ ഇവിടെ പരിഹരിച്ചിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശ കേസുകളും കൊമേഴ്സ്യൽ കേസുകളും അങ്ങനെ പരിഹരിച്ചിട്ടുണ്ട്.

ആ സമീപനത്തിനു പ്രേരിപ്പിക്കുന്ന നീതി–മൂല്യ ബോധം?

ജഡ്ജിക്കൊരു ആറാമിന്ദ്രയം ഉണ്ടാവണം. ഈ കേസിൽ ഗൗരവമുള്ള നിയമപ്രശ്നമാണോ പരിഹരിക്കേണ്ടത് അതോ കക്ഷികൾ തമ്മിൽ പറഞ്ഞവസാനിപ്പിക്കാനാണോ നോക്കേണ്ടത്? കേസ് നിയമപ്രശ്നം എന്ന നിലയ്ക്ക് സമീപിക്കേണ്ടതും കക്ഷി തമ്മിൽ അവസാനിപ്പിക്കേണ്ടതുമുണ്ട് – ഈ വ്യത്യാസം മനസിലാക്കാൻ ന്യായാധിപന്റെ ഉൾക്കണ്ണു തുറക്കണം. സുപ്രീം കോടതിയിൽ പോലും പകുതിയിലധികം കേസുകളും ഗൗരവമുള്ള നിയമപ്രശ്നങ്ങളല്ല. പറഞ്ഞവസാനിപ്പിക്കാവുന്നതോ ഒത്തുതീർക്കാവുന്നതോ ആണ്. കുടുംബപ്രശ്നങ്ങൾ മാത്രമല്ല. കമ്പനികൾ തമ്മിലുള്ള കേസുകൾ പോലും.

തൃപ്തി നൽകിയെന്ന് എടുത്തു പറയാവുന്ന വിധികൾ? ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായുള്ള വിധി പ്രസ്താവങ്ങൾ?

ഒരു ക്ളാസ് ഫോർ ജീവനക്കാരന്റെ സേവന വേതന പരാതി അവസാനിപ്പിച്ച വിധിയിൽ തുടങ്ങി കോടിക്കണക്കിനു രൂപയുടെ തർക്കങ്ങളുൾപ്പെട്ട വിധിവരെ – എല്ലാം എനിക്ക് ഒരു പോലെയായിരുന്നു. ഭരണഘടനാ കോടതിയിലിരുന്നിട്ട് എഴുതിയ വിധികളെക്കുറിച്ചു പറഞ്ഞാൽ, വധശിക്ഷ സംബന്ധിച്ച് ഇന്നലെഴുതിയ വിധിയും സുപ്രീം കോടതിയിൽ ഞാനെടുത്ത വ്യത്യസ്ത നിലപാടുകളും എന്നെ സംബന്ധിച്ച് സംതൃപ്തിതന്നിട്ടുണ്ട്.

ശ്രദ്ധേയമായ വ്യത്യസ്ത നിലപാടുകളിലൊന്ന് മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ കേസിലേതാണ്. താങ്കളുടെ ഉത്തരവിനെ മറികടക്കാൻ പാതിരയ്ക്ക് കോടതി കൂടി – ഞെട്ടലുണ്ടാക്കുന്ന രീതിയിലാണ് കോടതി അന്നു പെരുമാറിയത്

ലോകത്തിനു മുഴുവൻ അതു ഞെട്ടലുണ്ടാക്കി. കാരണം, ജീവൻ രക്ഷിക്കാൻ വേണ്ടി സമയം ചെലവഴിക്കേണ്ട കോടതി, ജീവൻ അവസാനിപ്പിക്കാൻ അധിക സമയം ചെലവഴിച്ചു എന്നത് ജനത്തിന് വല്ലാത്തൊരു അസ്വസ്ഥതയുണ്ടാക്കി. എന്റെ മനസിലും അത് വലിയ അസ്വസ്ഥതയുണ്ടാക്കി. ജീവൻ അവസാനിപ്പിക്കാൻ എഴുതിയ വിധിക്കെതിരെ ആ വ്യക്തിക്ക് ഭരണഘടനയുടെ 137ാം വകുപ്പു പ്രകാരം ഒരു റിവ്യു ഹർജിക്ക് ഭരണഘടനാപരമായ അവകാശമുണ്ടായിരുന്നു. ആ അവകാശം നിഷേധിച്ചു. അതിൽ എനിക്കു സങ്കടമുണ്ടായിരുന്നു.

യാക്കൂബ് മേമനെ കൊലക്കയറിലേക്കു കൊണ്ടു പോകാൻ ഒരുക്കുമ്പോൾ വിധി പറഞ്ഞിട്ടില്ല!

ജീവൻ നിലനിർത്താനും ജീവന്റെ അന്തസു നിലനിർത്താനും നിലകൊള്ളുന്ന ലോകത്തിലെ പ്രധാനപ്പെട്ട കോടതിയാണ് ഇന്ത്യൻ സുപ്രീം കോടതി. ഭരണഘടനയിലെ 21ാം വകുപ്പിന്റെ അന്തസ് ഇത്രയും ഉയർത്തിപ്പിടിച്ച ഒരു കോടതിയും ലോകത്തുണ്ടാവില്ല. ആ കോടതിയാണ് അധികസമയമെടുത്ത് ജീവൻ അവസാനിപ്പിക്കാൻ നടപടിയെടുത്തത്. അതു ചിന്തിക്കുമ്പോൾ ഇപ്പോഴും അസ്വസ്ഥത മനസിലുണ്ട്.

ഈ അസ്വസ്ഥ മറ്റു ജഡ്ജിമാരുമായി പങ്കുവച്ചിട്ടുണ്ട്?

ജുഡീഷ്യൽ നടപടിയെക്കുറിച്ച് പിന്നെ ഞങ്ങൾ ചർച്ച ചെയ്യാറില്ല. അങ്ങനൊരു സമ്പ്രദായമില്ല. അതു ജഡ്ജിമാരല്ല, പൊതു സമൂഹമാണ് നടത്തേണ്ടത്.

കേസ് കേൾക്കുന്നതിൽനിന്ന് ജഡ്ജി പിൻമാറുമ്പോൾ അതിന്റെ കാരണം രേഖാമൂലം വ്യക്തമാക്കണമെന്നാണ് താങ്കൾ വിധിയെഴുതിയത്. അതുപക്ഷേ, പല ജഡ്ജിമാരും പാലിക്കുന്നില്ല.

വിധിയിൽതന്നെ പറഞ്ഞിട്ടുണ്ട്, ചില പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാൻ പറ്റിയില്ലെന്നു വരാമെന്ന്. അത് ഒാരോ ജഡ്ജിയുടെയും മനഃസാക്ഷിക്കു വിടുന്നു. കാരണം വ്യക്തമാക്കൽ ഒരു ജഡ്ജിയുടെ സുതാര്യതയുടെ ലക്ഷണമാണ്. എല്ലായ്പോഴും അങ്ങനെ നടന്നെന്നു വരില്ല. ചിലപ്പോൾ വെളിപ്പെടുത്താനാവാത്ത,പറ്റാത്ത, വെളുപ്പെടുത്തിയാൽ ദോഷമുണ്ടാവുന്ന കാരണങ്ങളുണ്ടാവാം. അങ്ങനെയുള്ള കാരണങ്ങൾ പറയാതിരിക്കുകയാണ് നല്ലത്. എന്തുകൊണ്ട് പിൻമാറുന്നുവെന്ന് ഞാൻ എഴുതാറുണ്ട്.

ജഡ്ജി ഏതു കേസും സ്വതന്ത്രമായി കേൾക്കണം, പിൻമാറിയാൽ സ്വാധീനങ്ങൾക്കു വഴിപ്പെടുന്നുയാൾ എന്ന സന്ദേശമാവാമെന്നൊരു വാദമുണ്ട്.

നടപ്പാക്കിയാൽ പോര, നടപ്പാക്കിയെന്നു തോന്നണം എന്നത് നമ്മുടെ നീതിനിർവഹണത്തിലെ തത്വമാണ്. ഞാൻ വക്കീലായി വാദിച്ച കക്ഷിയുടെ കേസ് ഞാൻ പിന്നീടു വാദം കേട്ടു തീരുമാനിച്ചാൽ സത്യസന്ധമായി, മനസാക്ഷിയനുസരിച്ച്, നീതിപൂർവകമായി വിധിയെഴുതിയാലും മറുഭാഗം ചിന്തിക്കും അതു ശരിയായില്ലെന്ന്. ആ ഫെയർനെസ് നീതി നിർവഹണത്തിന്റെ വിശ്വാസ്യതയുടെ ഭാഗമാണ്. അതുകൊണ്ടാണ് ഒഴിവാകുന്നത്. നേരെ മറിച്ച്, ഭയംകൊണ്ടോ അല്ലെങ്കിൽ ഗൗരവമുള്ള കാര്യമെന്നു കരുതിയോ അല്ലെങ്കിൽ മെനക്കെടാൻ ബുദ്ധിമുട്ടുണ്ടെന്നു കരുതിയോ ഒഴിവുകഴിവു പറഞ്ഞ് ന്യായാധിപൻമാർ കേസുകളിൽനിന്നു മാറുന്നത് തീർച്ചയായും തെറ്റാണ്.

ഫെയർനെസ് എന്നു പറയുമ്പോൾ – കോടതിയിൽനിന്നു പ്രതീക്ഷിക്കാവുന്ന നീതിപൂർവകമായ സമീപനത്തിന്റെ വിഷയമാണ്. കഴിഞ്ഞ വർഷം അവസാന മാസങ്ങളിലെ പ്രശ്നം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പരോക്ഷ ആരോപണമുള്ള ഹർജി ഏതു ബെഞ്ച് കേൾക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു, ഇടയ്ക്ക് അദ്ദേഹം തന്നെ വാദം കേട്ടു.

ഉന്നതസ്ഥാനം വഹിക്കുന്നവർ ആത്മവിമർശനത്തോടെ കാണേണ്ട കാര്യമാണത്. ആത്മശോധന ചെയ്ത്, ആത്മവിമർശനത്തോടെ എടുക്കേണ്ട തീരുമാനമാണത്.

അങ്ങനെ തത്വവത്കരിക്കാം. പക്ഷേ, അത് സുപ്രീം കോടതിയുടെ വിശ്വാസ്യതയ്ക്കു ക്ഷതമേൽപിച്ചു. പൊതു ചർച്ചയായി.

ആ പൊതു ചർച്ച പിന്നീട് അത്തരം കാര്യങ്ങളിൽ കൂടുതൽ സൂക്ഷ്മത പുലർത്താൻ മറ്റുള്ളവർക്കു സഹായകമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. നീതി നിർവഹണ സംവിധാനത്തിന്റെ ഏതു പോരായ്മയും അപാകതയും ഒരു പൊതു സമൂഹം വിലയിരുത്തണമെന്നു ഞാൻ ശക്തമായി പറയുന്നത്. എങ്കിൽ മാത്രമേ ഭാവിയിലത് ആവർത്തിക്കപ്പെടാതിരിക്കാനോ തിരുത്താനോ മാറ്റാനോ സഹായകമാവൂ.

കഴിഞ്ഞ ജനുവരിയിൽ, ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയ 4 റിബൽ ജഡ്ജിമാരിലൊരാളാണ് താങ്കൾ.

റിബൽ ജഡ്ജിമാർ എന്നു പറയുന്നതു തെറ്റാണ്. ഒന്നിനോടുമുള്ള ‘റിബല്യൻ’ ആയിരുന്നില്ല. നീതി നിർവഹണ സംവിധാനത്തിൽ വന്ന ഗുരുതരമായ ഒരു പ്രശ്നം സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ സമയമായി എന്നതുകൊണ്ട് അവതരിപ്പിച്ചു. നാലു വ്യക്തികളുടെ റിബല്യൻ അല്ല. ശോചനീയാവസ്ഥ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കേണ്ട സമയമായി. കാരണം, ഇനി സമൂഹമാണ് ഉണരേണ്ടത് എന്നുള്ള ഒരു നടപടിയായി അതിനെ കാണുന്നു.

നീതി നടപ്പാകുന്നുവെന്ന് ഉറപ്പാക്കേണ്ട ന്യായാധിപൻമാർ സമൂഹത്തോട് പരാതി പറയുകയായിരുന്നു. അന്നത്തെ നടപടിയെക്കുറിച്ച് സ്വയം വിമർശനം നടത്തിയിട്ടുണ്ടോ? നടപടി ശരിയെന്നതിൽ ഉറച്ചുനിൽക്കുന്നു?

ഈ നാലു പേർ അതിനു മുൻപ് എന്തെല്ലാം കാര്യങ്ങൾ ചെയ്തെന്ന് മുഴുവനായി പൊതു സമൂഹത്തോടു പറയാനാവില്ല. കാവൽ നായ കുരച്ചിട്ടും യജമാനൻ ഉണരുന്നില്ലെങ്കിൽ മാത്രമേ കാവൽ നായ കടിക്കുകയുള്ളു. എല്ലാ നടപടികൾക്കും ശേഷമാണ് – അളമുട്ടിയാൽ കടിക്കുന്ന – അസ്വാഭിക നടപടിയായിരുന്നു അത്. കാര്യങ്ങൾ പൂർണമായി അറിയാത്തവർക്ക്, പശ്ചാത്തലം പൂർണമായി അറിയാത്തവർക്ക് സാധാരണ ജനത്തിന് അംഗീകരിക്കാൻ പറ്റാത്ത അസ്വാഭാവിക നടപടി. അകത്തുനിന്ന് പൊരുതിയ, നീറിയ ഞങ്ങൾക്കേ അതു പൂർണമായി മനസിലാവൂ. ആ നടപടി ശരിയായിരുവെന്ന് 100% ഉറച്ചുവിശ്വസിക്കുന്നു.

നിങ്ങൾക്കെതിരെ ഉണ്ടായ വിമർശനം ചെറുതല്ല. ഒൗദ്യോഗികമായല്ലെങ്കിലും, പ്രശ്നപരിഹാരത്തിന് രാഷ്ട്രപതിയുടെ ഇടപെടലിനു ശ്രമിക്കാമായിരുന്നു.

ഇതൊക്കെ നിർദ്ദേശങ്ങളാണ്. ഇതിന്റെ അകത്തുനിൽക്കുന്നവർക്കേ എന്തു നടപടിയെടുക്കാമെന്ന് അറിയാവൂ. രാഷ്ട്രപതിക്ക് സുപ്രീം കോടതിയുടെ കാര്യത്തിൽ ഒരു തരത്തിലും ഇടപെടാൻ പറ്റില്ല.

നിയമപരമായമല്ല, സവിശേഷ സാഹചര്യത്തിൽ സമൂഹത്തിലേക്കു പോകുംമുൻപ്?

സുപ്രീം കോടതിയുടെ നീതി ന്യായ നിർവഹണ കാര്യത്തിൽ, ജഡ്ജിമാരെ നിയമിച്ചുകഴിഞ്ഞാൽ രാഷ്ട്രപതിക്ക് ഒന്നും ചെയ്യാനില്ല.
രാഷ്ട്രപതിക്കു പരാതികൊടുത്തിട്ട് പൊതു സമൂഹം അറിയുന്നതുപോലെയാണ് ഞങ്ങൾ ചെയ്തതും. രാഷ്ട്രപതി ഭവനിലേക്കു മാർച്ച് ചെയ്യുന്നു, കാണുന്നു, നിവേദനം കൊടുക്കുന്നു – എന്നൊക്കെ വാർത്ത നമ്മൾ സാധാരണ കാണാറുള്ളതാണ്. അതേപൊലെ തന്നെയാണ് ഞങ്ങൾ ചെയ്തത്. രാഷ്ട്രപതിയോടു പറയാതെ, ലോകത്തോടു മുഴുവൻ പറഞ്ഞു.

നിങ്ങളുടെ നടപടി കീഴ്‌വഴക്കമാവും. നിങ്ങൾക്കെതിരെ നടപടിയുണ്ടായതുമില്ല. അച്ചടക്ക ലംഘനത്തിന്റെ കീഴ്‌വഴക്കമാണ് നിങ്ങൾ സൃഷ്ടിച്ചത്.

അച്ചടക്കം ലംഘിച്ചാലല്ലേയുള്ളു.. ഞങ്ങൾ അച്ചടക്കം ലംഘിച്ചെന്ന് ഞങ്ങൾക്ക് ഇപ്പോഴും ബോധ്യമില്ല. അച്ചടക്കത്തോടെ ചെയ്ത നടപടിയാണത്. ഞങ്ങൾ ചെയ്തത് വ്യക്തിപരമായ കാര്യസാധ്യത്തിനല്ല. നീതി നിർവഹണ സംവിധാനത്തിന്റെ പരിശുദ്ധിക്കുവേണ്ടി ഞങ്ങളെടുത്ത വലിയ ബോധപൂർവമായ തീരുമാനമായിരുന്നു. അങ്ങനെയൊരു നടപടിയെടുത്തതുകൊണ്ട്, അങ്ങനെയൊരു അവസ്ഥയിലേക്കു പോകാതെ, ഈ തരത്തിലുള്ള നീതി നിർവഹണ സംവിധാനങ്ങൾ ജാഗ്രത പുലർത്തുന്നുവെന്ന് പിന്നീടു ഞങ്ങൾക്കു ബോധ്യപ്പെട്ടിട്ടുണ്ട്.

അതിലൂടെ ഉദ്ദേശിച്ച ലക്ഷ്യം ഫലം കണ്ടോ?

നല്ലൊരു ശതമാനം. 100% വിജയിച്ചെന്നു പറയാനാവില്ല. അതിനുശേഷം വ്യവസ്ഥിതിയിൽ, ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നൊക്കെ തിരുത്തൽ നടപടിയുണ്ടായി എന്നതു സത്യമാണ്.

ചീഫ് ജസ്റ്റിസുമായി പിന്നീട് ഗുണകരമായ ചർച്ചകൾ? അദ്ദേഹവുമായി നിങ്ങൾ പിന്നീടു നടത്തിയ യോഗങ്ങളൊക്കെ എങ്ങുമെത്താതെ പോയി.

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അതിനകത്ത് ഉണ്ടാവേണ്ടിയിരുന്നത് ചില സ്ഥാപനപരമായ തീരുത്തലുകളാണ്. അന്നത്തെ ചീഫ് ജസ്റ്റിസിന്റെ വ്യക്തിപരമായ ഒരു പ്രശ്നം മാത്രമല്ല അത്. ഏതു ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നും ഉണ്ടാവാൻ സാധ്യതയുള്ള ചില നടപടികളാണ്. സുപ്രീം കോടതിപോലുള്ള സ്ഥാപനത്തിൽ ചീഫ് ജസ്റ്റിസാവുന്ന വ്യക്തിയുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും അനുസരിച്ചല്ല സ്ഥാപനം നടക്കേണ്ടത്. അതിന് വ്യവസ്ഥാപിതമായ, സ്ഥാപനപരമായ നടപടിക്രമങ്ങൾ വേണം. അങ്ങനെ ഉണ്ടാവണം എന്നാഗ്രഹിച്ച് ഞങ്ങൾ വച്ച ഒരു നിർദ്ദേശമായിരുന്നു ഈ വക കാര്യങ്ങളെക്കുറിച്ചൊക്കെ ചിന്തിക്കാൻ ഭാവിയിലെ ചീഫ് ജസ്റ്റിസുമാരുടെ കമ്മിറ്റിയുണ്ടാവണമെന്നത്. ആ നിർദ്ദേശം ഫലം കാണാതെ പോയതിൽ സങ്കടമുണ്ട്. അങ്ങനെ വന്നിരുന്നെങ്കിൽ മാറിമാറി വരുന്ന ചീഫ് ജസ്റ്റിസുമാർക്ക് നയങ്ങളോ സമീപനങ്ങളോ മാറ്റേണ്ട അവസ്ഥ വരില്ലായിരുന്നു.

നിങ്ങളുടെ നിലപാടിനെ തിരുത്തിക്കൊണ്ടുള്ള വിധി കോടതിയിൽനിന്നുതന്നെ ഉണ്ടായി, മാസ്റ്റർ ഒാഫ് റോസ്റ്റർ (ജഡ്ജിമാരുടെ ജോലിവിഭജനത്തിനുള്ള അധികാരം) വിഷയത്തിൽ.

ഒട്ടേറെ സുതാര്യത വന്നിട്ടുണ്ട്. കേസ് അലോട്ട്മെന്റ്, സബ്ജക്ട് അലോക്കേഷൻ. ഇതിലൊക്കെ. എന്റെ നിലപാടു മുഴുവൻ, ചില വ്യവസ്ഥാപിത മാർഗരേഖകളുണ്ടാവണമെന്നാണ്. ശരിയാണ്, മാസ്റ്റർ ഒാഫ് റോസ്റ്റർ ഒരു വ്യക്തിയാണ്. ആ വ്യക്തിയെ സഹായിക്കാൻ ചില സംവിധാനങ്ങളുണ്ടാവണം. അതിൽ പ്രധാനമായിരുന്നു ഞാൻ വച്ച നിർദ്ദേശം – ചർച്ചയ്ക്കായി മുന്നോട്ടു നിയമിക്കപ്പെടേണ്ട ചീഫ് ജസ്റ്റിസുമാരുടെ സ്ഥിരം സമിതി.

ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യാൻ നീക്കമുണ്ടായി.

അതേക്കുറിച്ചു ഞാൻ സംസാരിക്കില്ല. അത് അവരുടെ കാര്യമാണ്.

മറ്റൊരു ചീഫ് ജസ്റ്റിസിന്റെ നടപടിയെ, ജസ്റ്റിസ് എച്ച്.എൽ.ദത്തുവിന്റെ നടപടിയെ ചോദ്യം ചെയ്ത് താങ്കൾ പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്തെഴുതി. ദുഃഖവെള്ളിയാഴ്ചയും ഈസ്റ്ററും പ്രവൃത്തിദിവസമാക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചപ്പോൾ അതിനെ ചോദ്യം ചെയ്ത്.

അതൊരു പ്രവാചക ധീരതയായാണ് ഞാൻ കാണുന്നത്. മതനിരപേക്ഷതയ്ക്കെതിരെയുള്ള വെല്ലുവിളിയായാണ് ഞാനതിനെ കണ്ടത്.

അത്തരമൊരു സാഹചര്യത്തിലാണോ നമ്മൾ ജീവിക്കുന്നത്?

അതിന്റെയൊരു സൂചന അന്നു ഞാൻ കണ്ടു. അതുകൊണ്ടാണ് അതെഴുതാൻ കാരണം. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഞാൻ ഇപ്പോൾ പറയുന്നില്ല.

മുത്തലാഖ് വിധിയെഴുതിയവരിലൊരാളാണ് താങ്കൾ. ഖുറാന്റെ വെളിച്ചത്തിലാണ് അങ്ങ് നിലപാടെടുത്തത്.

ഖുറാൻ വ്യക്തിനിയമമാണ്. അതനുസരിച്ചാണ് ആ വിധിയെഴുതിയത്. ‌മുസ്‌ലിമിന്റെ വ്യക്തിനിയമമാണ് ശരിഅത്ത്. ആ നിയമത്തെയാണ് ഞാൻ വ്യാഖ്യാനിച്ചത്. വേദപുസ്തകത്തെയല്ല, ശരിഅത്ത് നിയമത്തെ ആശ്രയിച്ചാണ് വിധിച്ചത്.

കോടതി വിധികൾ പ്രായോഗികമായിരിക്കണം, നടപ്പാക്കാൻ പറ്റണമെന്നതാണ് ഇപ്പോൾ സജീവമായിരിക്കുന്ന വാദം. സമീപകാലത്തെ പല വിധികളെക്കുറിച്ചും പ്രശ്നമുന്നയിക്കപ്പെടുന്നു.

ഭരണഘടനാനുസൃതമായി നിയമത്തെ വ്യാഖ്യാനിക്കുകയാണ് കോടതി ചെയ്യേണ്ടത്. നിയമം ഉണ്ടാക്കിയവരാണ് നിയമം പ്രായോഗികമായി നടപ്പാക്കാൻ പറ്റുമോയെന്ന് ആദ്യം പരിഗണിക്കേണ്ടത്. പ്രായോഗികമായി നടപ്പാക്കാൻ പറ്റില്ലെങ്കിൽ, നടപ്പാക്കാൻ പറ്റുന്ന നിയമങ്ങളേ നിർമ്മിക്കാവൂ. നിർമ്മിക്കപ്പെട്ട നിയമങ്ങൾ നടപ്പാക്കുക പ്രായോഗികമല്ലെന്ന നിലപാടു ശരിയല്ല. അങ്ങനെയെങ്കിൽ നിയമം മാറ്റണം.

ഭരണഘടനാ തത്വങ്ങൾ വ്യാഖ്യാനിച്ചുള്ള, പ്രത്യേകിച്ചും മതപരമായ കാര്യങ്ങളിലുള്ള, വിധികളിലാണ് പലപ്പോഴും അപ്രായോഗികത ആരോപിക്കുന്നത്

പൊതു താൽപര്യം അഥവാ പൊതു ധാർമ്മികത – ഇതൊന്നും നിയമം ഉണ്ടാക്കിയവർക്ക് അറിയില്ലെന്നൊരു നിലപാട് കോടതിയെടുക്കുന്നതു ശരിയല്ല. നിയമം നിർമ്മിക്കുന്നവർക്കും ഈ പൊതുജന താൽപര്യവും പൊതു ധാർമ്മികതയും അറിയാം. അതു കോടതി അംഗീകരിക്കണം. അതുകൊണ്ട് പൊതു താൽപര്യത്തിന്റെ കാര്യത്തിൽ നിയമം വ്യാഖ്യാനിക്കുമ്പോൾ നിയമം ഉണ്ടാക്കിയവർക്കു ധാരണയില്ലായിരുന്നുവെന്നു കരുതുന്നതു ശരിയല്ല.

നമ്മുടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ധാർമ്മികത – അതാണ് കോടതി അടുത്ത കാലത്തെ പല പ്രധാന വിധികളിലും എടുത്തെടുത്തു പറയുന്നത്

ഭരണഘടനാപരമായ ധാർമ്മികതയെന്നത് ഭരണഘടനാപരമായ അധികാരമുപയോഗിച്ചു നിയമമുണ്ടാക്കിയവർക്ക് അറിയില്ലെന്നു നമുക്കു പറയാൻ പറ്റുമോ? ഭരണഘടനാപരമായ ധാർമ്മികതയെന്നത് ഭരണഘടനയെ വ്യാഖ്യാനിക്കുന്ന കോടതിയുടെ കുത്തകയല്ല. നിയമങ്ങളെല്ലാം ഭരണഘടനയ്ക്കു വിധേയമായി ഉണ്ടാക്കുന്നത്. ഭരണഘടനയ്ക്കു വിധേയമായി നിയമങ്ങൾ ഉണ്ടാക്കുന്നവർക്ക് ഈ ധാർമ്മികതയെക്കുറിച്ച് അറിയാം. അറിവുണ്ട് എന്നാണ് കരുതുന്നതുതന്നെ. ഭരണഘടനാപരമായ ധാർമ്മികതയുടെ കുത്തക കോടതി അവകാശപ്പെടുന്നതു ശരിയല്ല.

ഭരണഘടനയെ വ്യാഖ്യാനിക്കേണ്ട ഉത്തരവാദിത്തം കോടതിക്കാണ്.

ഭരണഘടനാപരമാണോ നിയമം എന്നു നോക്കാനേ കോടതിക്ക് അവകാശമുള്ളു. ഭരണഘടനാ ധാർമ്മികതയ്ക്കൊത്തതാണോ എന്നു നോക്കേണ്ടതു കോടതിയുടെ ഉത്തരവാദിത്തമല്ല. അതു വേറെ വകുപ്പാണ്. നിയമം ഉണ്ടാക്കുന്നവരാണ് അതു നോക്കേണ്ടത്. കോടതിയല്ല. പൊതു സമൂഹം നോക്കണം, വോട്ടു ചെയ്യുന്നവർ നോക്കണം. ഭരണഘടനാ തത്വങ്ങൾക്കു നിരക്കാത്തതിനെ മാത്രമേ ഭരണഘടനാ ധാർമ്മികതയ്ക്കു വിരുദ്ധമെന്നു കോടതിക്കു പറയാൻ പറ്റൂ.

തുല്യത, ജീവിതാന്തസ്, സ്വാതന്ത്ര്യം – ഈ വിഷയങ്ങളിലാണ് കോടതിയുടെ ഊന്നൽ

അന്തസും തുല്യതയും സ്വാതന്ത്ര്യവും നിയമമുണ്ടാക്കുന്നവർക്ക് അറിയില്ലേ? അറിയാം.അവരും നിയമം പഠിച്ചിട്ടാണ് നിയമമുണ്ടാക്കുന്നത്. നിയമത്തെക്കുറിച്ച് അറിവില്ലാതെയല്ല. ആ മൂന്നു തലങ്ങളിൽ അവരുണ്ടാക്കുന്ന നിയമങ്ങളിൽ എത്രമാത്രം ഭരണഘടനാ വിരുദ്ധതയുണ്ടെന്നു മാത്രമേ കോടതി പരിശോധിക്കേണ്ടതുള്ളു. പ്രത്യേകിച്ചും മൗലികാവകാശങ്ങളുടെ ഭാഗം.

മതപരമായ നിലപാടുകളും തുല്യത, ജീവിതാന്തസ്,വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ സംബന്ധിച്ച ഭരണഘടനാ തത്വങ്ങളും പലപ്പോഴും ഒത്തുപോകില്ല.

നമ്മുടെ ഭരണഘടനയുടെ സവിശേഷത അതിലുൾപ്പെടുത്തിയിട്ടുള്ള ചില സുരക്ഷാ സംവിധാനങ്ങളാണ്. അതിലൊന്നാണ് ഭരണഘടനയുടെ 25ാം വകുപ്പ്. അത് പൊതു ക്രമത്തിനും സദാചാരത്തിനും വിധേയമായിരിക്കുമെന്നേ പറഞ്ഞിട്ടുള്ളു. എന്നിട്ട്, സദാചാരമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു മതവും അധാർമ്മികമായ കാര്യങ്ങൾക്കു നിൽക്കില്ല. മതങ്ങൾ നിലകൊള്ളുന്നത് ധാർമ്മിക മൂല്യങ്ങൾക്കുവേണ്ടിയാണ്. മതങ്ങൾ പറയുന്ന ധാർമ്മിക മൂല്യങ്ങളും ഭരണഘടനാ ധാർമ്മികതയും തമ്മിൽ ഏറ്റുമുട്ടലിന്റെ ആവശ്യമില്ല. അത് മതങ്ങൾക്കു വിടണം. അമ്പലത്തിൽ പൂജ എങ്ങനെ നടത്തണം, പള്ളിയിൽ എങ്ങനെ പ്രാർഥിക്കണം, മോസ്കിൽ എങ്ങനെ നിസ്കരിക്കണം, മുട്ടുകുത്തുന്നത് ശരീരഘടനയ്ക്ക് എതിരാണ് – എന്നൊക്കെ പറയുന്നത് ഭരണഘടനാ ധാർമ്മികതയ്ക്ക് എതിരാണ്. അത് മതങ്ങൾക്കു കൊടുത്തിട്ടുള്ള ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യങ്ങൾക്ക് അകത്തുള്ളതാണ്. അതിനകത്തേക്കു ഭരണഘടനാ ധാർമ്മികയതയുടെയോ തുല്യതയുടെയോ അന്തസിന്റെയോ പേരിൽ കോടതി കൈകടത്തുന്നത് ശരിയല്ല. എന്നല്ല, ഭരണഘടനാപരമായി പാടില്ല.

മറ്റൊരു കൈകടത്തലാണ് വിഷയം. സുപ്രീം കോടതിയുടെ പ്രവർത്തനത്തിൽ, പ്രത്യേകിച്ചും, ജഡ്ജിനിയമനത്തിലെ സർക്കാരിന്റെ ഇടപെടൽ, ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുന്നുവെന്ന് താങ്കൾ ചീഫ് ജസ്റ്റിസിനു കത്തെഴുതി.

ഇപ്പോഴത്തെ നിയമവ്യാഖ്യാനമനുസരിച്ച് സുപ്രീം കോടതിയുടെ അധികാര പരിധിക്കുള്ളില്ലാണ് ജഡ്ജിനിയമനം. സ്വതന്ത്രമായ തീരുമാനത്തിനുള്ള അധികാരം കോടതിക്കാണെന്നു പറഞ്ഞിരിക്കെ, അതിനുള്ളിൽ കൈകടത്തുന്നതോ അവകാശത്തെ പരാജയപ്പെടുത്തുന്നതോ ആയ ഇടപെടലിനെതിരെയാണ് ഞ‍ാൻ ശബ്ദിച്ചത്. നിയമനം വൈകിക്കുന്നു, അയച്ച പട്ടികയിൽനിന്ന് സൗകര്യമുള്ളവരുടെ പേരെടുത്തിട്ടു ബാക്കി മാറ്റിവയ്ക്കുന്നു, അല്ലെങ്കിൽ ഇഷ്ടമുള്ളവരെ എടുത്തിട്ടു സീനിയോറിറ്റി മറികടക്കുന്നു – അങ്ങനെയുള്ള നടപടിക്രമങ്ങൾക്കെതിരെയാണ് ശബ്ദിച്ചത്.

ഈ പ്രശ്നത്തിന്റെ സമീപകാലത്തെ ഇരകളിലൊരാളാണ് ജസ്റ്റിസ് കെ.എം.ജോസഫ്. ഈ രീതിക്കു മാറ്റം വരുമോ?

സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് നട്ടെല്ലോടുകൂടി നിലകൊണ്ടാൽ മാറ്റം വരും. അങ്ങനെ നിലകൊള്ളണം.

നിയമനങ്ങളിലെ രാഷ്ട്രീയ സ്വാധീനം പരിഗണിക്കുമ്പോൾ, നമ്മുടെ സംവിധാനത്തിൽ എത്രത്തോളം പറ്റും?

പറ്റണം. ഭരണഘടനാപരമായി പറ്റണം. ഈ രാജ്യത്തിന്റെ ഭാവിയെക്കരുതി പറ്റണം. അങ്ങനെയുള്ളവരേ ചീഫ് ജസ്റ്റിസ് ആകാൻ പാടുള്ളു. അങ്ങനെ പറ്റില്ലെന്ന് ഉറപ്പുള്ളവർ ചീഫ് ജസ്റ്റിസ് പദവി ഏറ്റെടുക്കരുത്.

താങ്കൾക്കും കേരള കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ചതിന്റെ പശ്ചാത്തലമുണ്ട്. ജഡ്ജിക്ക് തന്റെ രാഷ്ട്രീയവിശ്വാസങ്ങൾ എത്രത്തോളം മാറ്റിനിർത്താൻ പറ്റും?

രാഷ്ട്രീയത്തിൽ പ്രവർത്തിച്ച ജഡ്ജിക്ക് പൊതു ജനങ്ങളുമായി ഇടപെട്ടു പ്രവർത്തിച്ചവർക്ക് ഉള്ള തുറവി, ഇത്തരത്തിലല്ലാതെ പ്രവർത്തിച്ചവരേക്കാൾ വളരെ വളരെ വലുതാണ്. അവർക്കു ജനങ്ങളുടെ പ്രശ്നങ്ങൾ ഭരണഘടനാപരമായ തുറവിയോടെ മനസിലാക്കാൻ പറ്റും. ഒരിക്കൽ പോലും പ്രവത്തിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രമോ അതിന്റെ സ്വാധീനനോ എന്റെ കാര്യത്തിലും മറ്റേതെങ്കിലും ജഡ്ജിയുടെ കാര്യത്തിലും ഉണ്ടായതായി എനിക്കു തോന്നിയിട്ടില്ല. ആ വ്യക്തികളൊക്കെ അതിനപ്പുറം നിലകൊള്ളാനും നിലപാടെടുക്കാനും കഴിവുള്ളവരെന്നതുകൊണ്ടാണ് ആ സ്ഥാനത്തു നിയമിക്കപ്പെട്ടത്.

1991ൽ എന്നിലെ കേരള കോൺഗ്രസുകാരൻ ഇല്ലാതായി. അതിനുശേഷം ഞാൻ രാഷ്ട്രീയ പ്രവർത്തനത്തിനു പോയിട്ടില്ല. 1994ലാണ് ഞാൻ അഡിഷനൽ അഡ്വക്കറ്റ് ജനറലാവുന്നത്. അതിനുശേഷം രാഷ്ട്രീയമായ ചിന്തകളില്ല, പ്രവർത്തനവുമില്ല. പോകുന്നതു തെറ്റാണെന്നു ഞാൻ കരുതുന്നുമില്ല. ഞാൻ പോയിട്ടില്ലെന്നു മാത്രം. എനിക്കു വിരമിച്ചശേഷം രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപര്യമില്ല. രാഷ്ട്രീയത്തെക്കുറിച്ചല്ല, രാഷ്ട്രത്തെക്കുറിച്ചു ചിന്തിക്കാമെന്നതാണ് ഇപ്പോഴത്തെ തീരുമാനം.

ആ തീരുമാനം മാറാം?

ഒരു വ്യക്തിയുടെ അഭിപ്രായമോ സമീപനങ്ങളോ ഏതു സമയവും മാറാം.

താങ്കളുടെ ബെഞ്ചുള്ള കോടതിയിലേക്കു പോകുമ്പോൾ സുപ്രീം കോടതിയിലെ അഭിഭാഷകർ പലരും പറയാറുള്ളത് വൈദികന്റെ കോടതിയിലേക്കു പോകുന്നുവെന്നാണ്. സെമിനാരിജീവിതം ഇടയ്ക്കു നിർത്തിയിട്ട് ജുഡീഷ്യറിയുടെ ഭാഗമായ വ്യക്തിക്കു യോജിച്ച വിശേഷണം!

വൈദിക വൃത്തിയെക്കുറിച്ചുള്ള പൊതുജനത്തിന്റെ വിശുദ്ധമായ കാഴ്ചപ്പാടിനെ അല്ലെങ്കിൽ അതിന്റെ അന്തസിനെയാണ് അതു കാണിക്കുന്നത്. വൈദികർ വൃത്തിയായി കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവരാണെന്ന പൊതുജനത്തിന്റെ കാഴ്ചപ്പാടാണ് ഞാൻ അതിനകത്തു കാണുന്നത്.

എനിക്ക് വിളിയില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് സെമിനാരി ജീവിതം പൂർത്തിയാക്കാതിരുന്നത്. ദൈവം വിളിച്ചാലേ ആ അവസ്ഥയിൽ നിലനിൽക്കാനാവൂ. എനിക്കുള്ള വിളി അതല്ലായിരുന്നുവെന്നത് ചില കാരണങ്ങളിലൂടെ എനിക്കു
വെളിവായിക്കിട്ടി, അല്ലെങ്കിൽ അധികാരികൾക്കു ബോധ്യപ്പെട്ടു. അവരുടെ തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീടെനിക്കു ബോധ്യമായിട്ടുണ്ട്.

എന്തായാലും, വൈദികവൃത്തി കോടതിയിൽ പൂർത്തിയാക്കാനായി!

അവരുടെ വിശേഷണത്തെ ഞാൻ നമ്രശിരസ്കനായി വണങ്ങുന്നു.

സൗന്ദര്യത്തെയും ചിരിയെയുംകുറിച്ച് സിനിമാനടി ശാരദ അടുത്തിടെ പറഞ്ഞ നല്ലവാക്കുകളല്ല, 18 വർഷവും നാലര മാസവും നീണ്ട ജഡ്ജിജീവിതത്തിൽ ശരിക്കും ഹൃദയത്തിൽ തട്ടിയ അഭിന്ദനമെന്താണ്?

സാധാരണക്കാരന്റെ വേദന മനസിലാക്കാൻ കഴിയുന്ന ജഡ്ജിയെന്ന് ഞാൻ പ്രവർത്തിച്ച കേരള ഹൈക്കോടതിയിലും ഹിമാചൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എന്നെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. എല്ലാവരും പറഞ്ഞിട്ടുള്ളതാണ്. അതെനിക്കു വളരെ സന്തോഷം നൽകിയിട്ടുണ്ട്. കാരണം, സാധാരണക്കാരന്റെ വേദന മനസിലാക്കാൻ കഴിയുന്നതാണ് യഥാർഥത്തിൽ ഒരു നീതിമാനുള്ള ഏറ്റവും നല്ല ക്വാളിറ്റിയെന്നാണ് എന്റെ വിശ്വാസം.

സുപ്രീം കോടതിയിൽ ഏറ്റവും കൂടുതൽ വിധിന്യായങ്ങളെഴുതിയ 10 ജഡ്ജിമാരിലൊരാളുടെ ഗണത്തിലാണ് താങ്കൾ. ഹൃസ്വമായ ഉത്തരവുകളും മറ്റുമല്ല, വിധിന്യായങ്ങൾതന്നെ ആയിരത്തിലേറെയുണ്ട്, ആറു വർഷത്തിൽ. എന്നാൽ, കോടതിയില്ലാത്തപ്പോൾ ഒരു പരിപാടിയും വിടാറുമില്ല.

ഒട്ടേറെ പൊതുപരിപാടികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. എന്നുണ്ടെങ്കിലും എന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ അതൊന്നും തടസമായിട്ടില്ല. കാരണം, ഞാനൊരു സിനിമയ്ക്കു പോകില്ല, ക്ളബിൽ അംഗമല്ല, ടിവി വിനോദ പരിപാടികൾക്കും ന്യൂസ് ചാനലുകൾ കാണുന്നതിനും സമയം കളയാറില്ല. ആ സമയങ്ങളൊക്കെ ലാഭിച്ചിട്ടാണ് ഞാൻ കഠിനാധ്വാനം ചെയ്തത്. വെളുപ്പിനെ മൂന്നു മണിക്ക് എഴുന്നേറ്റാണ് ഞാൻ ജോലി തുടങ്ങുന്നത്. അത് കോടതിയിലും വീട്ടിലുമായി രാത്രി 10 – 10.30വരെ നീളും. ഇത്രയും വിധിന്യായങ്ങളും കഠിനാധ്വാനംകൊണ്ടു സാധിച്ചതാണ്. ക്വാളിറ്റിയിൽ ഒരു കോംപ്രമൈസും വരുത്തിയിട്ടില്ല.

സിനിമയിൽ അവസരം നൽകുന്നതിനെക്കുറിച്ച് ശാരദ നൽകിയ ഒാഫർ?

ഒരു പച്ചയായ മനുഷ്യന് എത്രമാത്രം അഭിനയിക്കാൻ പറ്റുമെന്ന് എനിക്കറിയില്ല. അഭിനയം ഒരു കലയാണ്. അത് എന്നിൽ എത്രമാത്രം ഉണ്ടെന്നറിയില്ല. ജീവിതത്തിൽ അഭിനയിക്കാൻ എനിക്കറിയില്ല. ജീവിതംകൊണ്ട് അഭിനയിക്കാനും അറിയില്ല. ജീവിതത്തിൽ ഞാൻ അഭിനയിച്ചിട്ടില്ല. തുറന്ന പുസ്തകവും പച്ചയായ മനുഷ്യനുമാണു ഞാൻ.

ജസ്റ്റിസ് കുര്യൻ ജോസഫും കുര്യൻ ജോസഫും തമ്മിൽ ഒരു വ്യത്യാസവും കാണുന്നില്ല. ഒരു മുഖമേയുള്ളു.

ഒരു വ്യത്യാസവുമില്ല. 100% അങ്ങനെ സൂക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അങ്ങനെയൊരു സംതൃപ്തിയോടെയാണ് വിരമിക്കുന്നത്. എന്നെയതിന് സ്നേഹിച്ച് പ്രോൽസാഹിച്ച് പ്രാർഥിച്ച് എന്നെ അനുഗ്രഹിച്ച കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഗുരുക്കൻമാരോടും ഞാൻ നന്ദി പറയുന്നു.

ഇനിയങ്ങോട്ട്?

നിയമവുമായി ബന്ധപ്പെട്ട് ഡൽഹിയിൽതന്നെ പ്രവർത്തിക്കും. ആർബ്രിട്രേഷൻ രംഗത്ത്. എന്റെയൊരു സ്വപ്നമാണ് മീഡിയേറ്റഡ് ആർബിട്രേഷൻ. ഒരു സർക്കാർ നിയമനവും ഞാൻ എടുക്കില്ല.

സർക്കാർ പദവികൾ വേണ്ടാത്തതിന്റെ കാരണം?

എനിക്ക് ആ രംഗത്തു ചെയ്യാൻ കഴിയുന്നതിൽ കൂടുതൽ ആർബിട്രേഷനിൽ ചെയ്യാൻ പറ്റും. രണ്ടാമത്, ഇപ്പോഴത്തെ കാലാവസ്ഥയിൽ, സർക്കാരിന്റെ സൗജന്യം സ്വീകരിക്കുന്നതുപോലെയാണ് സർക്കാർപോലും അതിനെ കാണുന്നത്. അങ്ങനെയൊരു സർക്കാരിന്റെ സൗജന്യം സ്വീകരിക്കാൻ ഞാൻ തയ്യാറല്ല.

പതിവുപോലെ, പിന്നിട്ട ദിവസവും ജസ്റ്റിസ് കുര്യൻ ജോസഫിന് നല്ല തിരക്കായിരുന്നു. ഡൽഹി മോട്ടിലാൽ നെഹ്റു മാർഗിലെ വീട്ടിലെ സ്വീകരണമുറിയിൽ തുടങ്ങിയ അഭിമുഖം അവസാനിച്ചത്, തിരുഹൃദയ ദേവാലയത്തിന്റെ പടിക്കലാണ്. ഏതു തിരക്കിലും മുടക്കമില്ലാത്ത ദിനചര്യയാണ് ദേവാലയവും കുർബാനയും. നീതി നടപ്പാക്കുന്നവനല്ല, അതിനുള്ള ചെറിയൊരു ഉപകരണം മാത്രമെന്ന ബോധ്യത്തോടെ, കരുത്താർജിക്കാനുള്ള മാർഗം.

നല്ല മനുഷ്യൻ എന്നാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ഓഫിസ് സ്റ്റാഫും ജസ്റ്റിസ് കുര്യൻ ജോസഫിനെക്കുറിച്ചു പറയുക. നല്ല ജഡ്ജി ആ നന്മയുടെ ഒരു ഭാഗം മാത്രമായിരുന്നു. അതുകൊണ്ടാണല്ലോ വ്യക്തിയും ന്യായാധിപനും ഒരാൾതന്നെയായിരുന്നത്.

related stories