Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപി വീണ്ടും ചോര ചിന്തുന്നു

ഗോമാംസത്തിന്റെയും മറ്റും പേരിലുണ്ടായ കൊലപാതകങ്ങളും അസഹിഷ്ണുത കയ്ക്കുന്ന മറ്റ് അക്രമങ്ങളുംകൊണ്ട് ഒരു വലിയ വിഭാഗം ജനങ്ങൾക്കു സ്വന്തം സുരക്ഷയിൽ ആശങ്ക ജനിപ്പിച്ച സാഹചര്യമാണ് ഇടക്കാലത്തു രാജ്യത്തുണ്ടായിരുന്നത്. തുടർച്ചയായി കേട്ട ഹിംസാത്മക വാർത്തകൾ രാജ്യമനസ്സാക്ഷിയെ ജാഗ്രതയിലെത്തിക്കുകയും ചെയ്തു. ഇതിനിടെ, വലിയൊരു ഇടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽനിന്നുകേട്ട ആൾക്കൂട്ട അക്രമത്തിന്റെ വാർത്ത വീണ്ടും ആശങ്കയുയർത്തുന്നു.

ബുലന്ദ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തിൽ പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടുവെന്ന് ആരോപിച്ചതിനെ തുടർന്നുണ്ടായ അക്രമങ്ങളിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങും സ്ഥലവാസിയായ ഒരു യുവാവും കൊല്ലപ്പെട്ട സംഭവമാണു വീണ്ടും രാജ്യത്തെ ‍ഞെട്ടിച്ചത്. ഗ്രാമത്തിൽനിന്നെത്തിയ ജനക്കൂട്ടം ട്രാക്ടറിൽ പശുവിന്റെ ജഡാവശിഷ്ടവുമായി പൊലീസ് പോസ്റ്റിൽ എത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തതിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിലാണു മരണങ്ങൾ.

ഉത്തർപ്രദേശിലെതന്നെ ദാദ്രിയിൽ ഗോമാംസം കഴിക്കുകയും വീട്ടിൽ സൂക്ഷിക്കുകയും ചെയ്‌തുവെന്നാരോപിച്ചു മുഹമ്മദ് അഖ്‌ലാഖ് എന്ന കർഷകനെ 2015ൽ ജനക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയും മകനെ കയ്യേറ്റം ചെയ്‌ത് അവശനാക്കുകയും ചെയ്‌ത സംഭവം രാജ്യം മറന്നിട്ടില്ല. ആ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സുബോധ് കുമാർ ആണെന്നത് സംഭവത്തിനു മറ്റൊരു മാനം നൽകുന്നു.

അഖ്‌ലാഖിനെ ആക്രമിച്ചവരെ പിടികൂടാൻ സുബോധിന്റെ അന്വേഷണമാണു സഹായിച്ചത്. എന്നാൽ, അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കാതെ സുബോധിനെ വാരാണസിയിലേക്കു സ്ഥലം മാറ്റുകയായിരുന്നു അതുകൊണ്ടുതന്നെ, സുബോധിനെതിരെ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണോ എന്നു സംശയമുയർന്നിട്ടുണ്ട്. ഇൻസ്പെക്ടറുടെ ശരീരത്തിൽ വെടിയേറ്റിരുന്നുവെന്നും ശക്തമായി അടിയേറ്റതിന്റെ മുറിവുകളുമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ദാദ്രി സംഭവത്തിനുശേഷവും അസഹിഷ്ണുത ആയുധമെടുത്ത എത്രയോ നിർഭാഗ്യസംഭവങ്ങൾ ഇവിടെ നടന്നുകഴിഞ്ഞു. ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികരുടെ മർദനത്തിലും കത്തിക്കുത്തിലും ജീവൻ നഷ്ടമായ ജുനൈദ് ഖാൻ എന്ന പതിനേഴുകാരനടക്കമുള്ളവർ രാജ്യത്തിന്റെ വിങ്ങലാണ് ഇപ്പോഴും. പശുക്കളെ സംരക്ഷിക്കാനെന്നപേരിൽ ആളുകളെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതു മഹാത്മാഗാന്ധിയുടെ തത്വങ്ങൾക്കു വിരുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ കർക്കശസ്വരത്തിൽ പറഞ്ഞിട്ടുണ്ട്. ഗോസംരക്ഷകരെന്നപേരിൽ നിയമം കയ്യിലെടുക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നവർക്കെതിരെയുള്ള അദ്ദേഹത്തിന്റെ താക്കീത്, അസഹിഷ്ണുത മൂലം ഇത്തരം അക്രമങ്ങൾക്കു മുതിരുന്ന ആൾക്കൂട്ടങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

ഗോരക്ഷയുടെ പേരിൽ നിയമം കയ്യിലെടുക്കുന്നതിനെതിരെയുള്ള സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാകുന്നില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബുലന്ദ്ഷഹർ സംഭവം. ആൾക്കൂട്ടക്കൊലയ്ക്കെതിരെ നിയമം പാസാക്കണമെന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ സുപ്രീംകോടതി കേന്ദ്രത്തോടു നിർദേശിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളും ഇതു കർശനമായി നടപ്പാക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിട്ടും ബുലന്ദ്ഷഹറിൽ സംഭവിച്ചത് രാജ്യത്തിനാകെ നാണക്കേടായിത്തീരുന്നു. ഇത്തരം കേസുകളിൽ അതിവേഗം വിചാരണ നടത്താനും ശിക്ഷ വിധിക്കാനും ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കണമെന്നും ഉത്തരവുണ്ടായിട്ടുണ്ട്.

ഓരോ ജില്ലയിലും ആൾക്കൂട്ടക്കൊല തടയാൻ പ്രത്യേകം പൊലീസ് ഓഫിസർമാരെ നിയമിക്കണമെന്നും കോടതി നിഷ്കർഷിക്കുകയുണ്ടായി.
ബുലന്ദ്ഷഹർ സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിനു കാരണമായിരിക്കുന്നു. തിരഞ്ഞെടുപ്പിനു മുൻപു ചേരിതിരിവ് ഉണ്ടാക്കാനുള്ള ആസൂത്രിതശ്രമമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, സംഭവത്തിന്റെ പിന്നിലുള്ളവരെ മുഴുവൻ പിടികൂടി മാതൃകാപരമായി നിയമത്തിനു മുന്നിലെത്തിക്കേണ്ട ചുമതല യുപി സർക്കാരിനുണ്ട്; തീർച്ചയായും, കേന്ദ്ര സർക്കാരിനും.