Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നണികൾക്ക് അജൻഡകളിൽ ശബരിമല മാത്രം

Author Details
ldf-udf-bjp

ശബരിമലയുടെ പേരിൽ ‘വനിതാമതിൽ’ എന്ന പുതിയ വൻ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഇടതുമുന്നണി. സന്നിധാനത്തു സംഘർഷത്തിന് അയവുണ്ടെങ്കിലും പുറത്ത് അതേച്ചൊല്ലിയുള്ള രാഷ്ട്രീയക്കളിക്ക് അവധിയില്ല. ഇടതു – വലതു മുന്നണികളും ബിജെപിയും മാസങ്ങളായി ആ തിരിക്കുറ്റിയിൽ തളച്ചിടപ്പെട്ടിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പിനെത്തന്നെ അതു ബാധിച്ചിരിക്കുന്നു. ഏതു യോഗം ചേർന്നാലും ഒരേയൊരു അജൻഡ ‘ശബരിമല’യായി മാറുന്നതിൽ നിന്ന് എന്നു പുറത്തുകടക്കാൻ കഴിയുമെന്നതിനെക്കുറിച്ചു നേതാക്കൾക്കു രൂപമില്ല. 

പ്രളയവും പുനർനിർമാണവുമാകും വരുംകാല രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുകയെന്നു കരുതിയവരുണ്ടെങ്കിൽ, രാഷ്ട്രീയനേതൃത്വങ്ങൾ അതു പാതി വിസ്മരിച്ച മട്ടാണ്. പ്രളയം കേരളത്തെ ഒരുമിപ്പിക്കുകയാണു ചെയ്തത്. ഒരുമയിൽ വിള്ളൽ വീഴുമ്പോഴേ രാഷ്ട്രീയക്കാരുടെ ഭാഷയിൽ ‘സ്കോപ്’ ഉള്ളൂ. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി പൊടുന്നനെ സൃഷ്ടിച്ചത് ഉഴുതുമറിക്കാൻ പറ്റിയ മണ്ണാണ്. അതുണ്ടാക്കിയ രാഷ്ട്രീയചേരിതിരിവിൽ  സാമുദായിക സംഘടനകൾ അനിഷേധ്യമായ ഇടമുണ്ടാക്കിയതിനു തെളിവാണ് ‘വനിതാമതിൽ’ നീക്കം. 

മുഖ്യമന്ത്രി വിളിച്ചുചേർത്ത സാമുദായിക സംഘടനകളുടെ യോഗത്തിൽ പൊടുന്നനെയുണ്ടായ വെളിപാടായാണു വനിതാമതിലിനെ വിശേഷിപ്പിക്കുന്നതെങ്കിലും യഥാർഥത്തിൽ അങ്ങനെയല്ല. സിപിഎമ്മും ഡിവൈഎഫ്ഐയും നേരത്തേ വിജയകരമായി നടപ്പാക്കിയിട്ടുള്ള ‘മനുഷ്യച്ചങ്ങല’ പോലെ ഒരു ‘വനിതാച്ചങ്ങല’ തീർക്കാനുള്ള സിപിഎം തീരുമാനത്തിലാണ് അത് ഉയിർകൊണ്ടത്. സിപിഐ നേതൃത്വവും സമ്മതം മൂളിയതിനെത്തുടർന്ന് ഇടതുമുന്നണിയുടെ തീരുമാനമായി പ്രഖ്യാപിക്കാനാണ് യഥാർഥത്തിൽ നാലാം തീയതി എൽഡിഎഫ് യോഗം വിളിച്ചത്. എന്നാൽ, അതിനു രണ്ടുദിവസം മുൻപു ചേർന്ന സാമുദായികസംഘടനാ യോഗത്തിൽ കെപിഎംഎസ് സമാനമായ ഒരു  പരിപാടി നിർദേശിച്ചപ്പോൾ മുഖ്യമന്ത്രി അരക്ഷണം മടിച്ചില്ല. എൽഡിഎഫിന്റേതായി പ്രഖ്യാപിച്ചാൽ ഈ സംഘടനകളുടെയെല്ലാം പിൻബലം ഉറപ്പാക്കുക എളുപ്പമല്ല. അതുകൊണ്ടു സംഘടനകളെ മുന്നിൽ നിർത്തി ‘മതിലി’നുള്ള ആഹ്വാനം നൽകി. പിന്നാലെ, ഇടതുമുന്നണി ചേർന്നു രാഷ്ട്രീയവും സംഘടനാപരവുമായ പിന്തുണ ഉറപ്പാക്കി. 

അതേസമയം, മതിലിന്റെ സംഘാടകസമിതിയെക്കുറിച്ചുള്ള ആശങ്ക മാത്രമല്ല എൽഡിഎഫ് യോഗം പങ്കുവച്ചത്. സ്ത്രീകൾ കൈകോർത്തു ചങ്ങലയായി നിൽക്കുന്നതിലും ഇരട്ടിയിലധികം പേർ വേണ്ടി വരും, അടുത്തു ചേർന്നുനിന്നുള്ള ‘മതിൽ’രൂപത്തിന്. പാറശാല മുതൽ മഞ്ചേശ്വരം വരെ വിള്ളലുണ്ടാക്കാതെ ഒറ്റ മതിലാകാൻ 50 ലക്ഷം പേരെങ്കിലും വേണം. ഏതു സാഹചര്യത്തിലും ഫലപ്രദമാകണമെങ്കിൽ 30 ലക്ഷം സ്ത്രീകളെങ്കിലുമുണ്ടാകണം. ഇനിയുള്ള ദിവസങ്ങളിൽ എൽഡിഎഫിലെ ഓരോ കക്ഷിയുടെയും ഓരോ ഘടകത്തിന്റെയും അധ്വാനം അതുറപ്പാക്കാനാണ്. നവകേരളം പടുത്തുയർത്താൻ പ്രതിജ്ഞാബദ്ധമായ സർക്കാർ, പകരം ഒരു ‘നവോത്ഥാന മതിലിന്റെ’ നിർമാണത്തിലാണെന്നു വിമർശകർക്കും ആരോപിക്കാം. 

‘മെനു’വിൽ മറ്റൊന്നുമില്ല

രാഷ്ട്രീയപ്പാർട്ടികൾ അകപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിന്റെ ആശങ്ക കഴിഞ്ഞ യുഡിഎഫ് യോഗത്തിലും ഉയർന്നു. സിഎംപി നേതാവ് സി.പി. ജോൺ വിശേഷിപ്പിച്ചത് ‘പൊളിറ്റിക്കൽ മെനു’വിൽ വേറൊന്നുമില്ലെന്നാണ്. വോട്ടർപട്ടികയിൽ പേരു ചേർക്കുന്ന സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു തയാറെടുപ്പുകളെ ഇതു ബാധിച്ചിട്ടുണ്ടെങ്കിൽ, യുഡിഎഫിന്റെ കാര്യം പറയാനില്ല. 

തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് ആധികാരിക വ്യക്തിരേഖയായിരുന്നുവെങ്കിൽ, ‘ആധാർ’ വന്നതോടെ അതിന്റെ മൂല്യം കുറഞ്ഞെന്നാണു രാഷ്ട്രീയപ്പാർട്ടികളുടെ വിലയിരുത്തൽ. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ സ്വമേധയാ പോകുന്ന രീതി കുറഞ്ഞതിനുള്ള കാരണം ചികഞ്ഞപ്പോഴാണു പാർട്ടികൾ‍ക്ക് ഇക്കാര്യം വ്യക്തമായത്. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായശേഷം സംഘടനയെ അടിമുടി സുശക്തമാക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെയെല്ലാം ശബരിമലയുടെ പേരിലുള്ള പ്രചാരണ–പ്രക്ഷോഭ പരിപാടികൾ ബാധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മണിക്കൂറുകൾ ശബരിമലയ്ക്കായി മാറ്റിവയ്ക്കുമ്പോൾ, കോൺഗ്രസിന്റെ രാഷ്ട്രീയകാര്യസമിതിക്കും വേറെ വഴിയില്ല. മുന്നണി വിപുലീകരണമെന്ന സുപ്രധാന അജൻഡ വരെ എൽഡിഎഫ് നീട്ടിക്കൊണ്ടുപോകുന്നതിനു കാരണവും മറ്റൊന്നല്ല.

അജൻഡയിൽ മുറുകെപ്പിടിച്ച് ബിജെപി

സുപ്രീംകോടതി വിധി വന്നശേഷം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷണൻ ഒന്നു നടുനിവർത്തിയതു സെക്രട്ടേറിയറ്റിലെ സമരപ്പന്തലിൽ നിരാഹാരം തുടങ്ങിയശേഷമായിരിക്കുമെന്ന തമാശ ബിജെപിയിലുണ്ട്. ശബരിമലയിൽ ആരൊക്കെ പോകണമെന്നു സർക്കുലർ കൊടുത്തു വെട്ടിലായ രാധാകൃഷ്ണനാണ് തുടക്കംമുതൽ ഇതുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുഖ്യ സംഘാടനച്ചുമതല. 58 ഹിന്ദു സംഘടനകളുടെ പൊതുവേദിയായ ശബരിമല കർമസമിതിയിൽ ബിജെപിയെ പ്രതിനിധീകരിക്കുന്നതും അദ്ദേഹം തന്നെ. യുഡിഎഫിനും എൽഡിഎഫിനും ഈ വിഷയത്തിൽനിന്നു വഴുതിമാറിയാൽ കൊള്ളാമെന്നുണ്ടാകും. എന്നാൽ, ബിജെപിയും ആർഎസ്എസും ‘ശബരിമല’ വിടാൻ ഒരുക്കമല്ല. 

ഇന്ത്യയുടെ ഭാവിഭാഗധേയത്തിന്റെ ചുവരെഴുത്തു തന്നെയാകാവുന്ന ഒരു രാഷ്ട്രീയ ബലപരീക്ഷ ഇതിനിടെ നടക്കുന്നുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിര‍ഞ്ഞെടുപ്പു ഫലം പുറത്തുവരുന്ന 11നു തൊട്ടുതലേന്നാണ് വിശാലസഖ്യമെന്ന ശുഭപ്രതീക്ഷയോടെ 17 പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗം ഡൽഹിയിൽ വിളിച്ചിരിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്രനിർമാണ കാഹളം മുഴക്കിക്കൊണ്ട് വിഎച്ച്പിയുടെ റാലി ഡൽഹിയിലെ രാംലീല മൈതാനത്തു ചേരുന്നത് അതിനു തലേദിവസവും. ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള  ഈ ചൂളംവിളി കേരള രാഷ്ട്രീയം കേൾക്കുന്നുണ്ടോ?