Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുതൽ കൊണ്ടും സ്നേഹം കൊണ്ടും

പ്രശസ്‌തമായ ഒരു ഹോളിവുഡ് സിനിമയുടെ പേരാണ് ‘നോ കൺട്രി ഫോർ ഓൾഡ് മെൻ.’ വയോജനങ്ങൾക്കു രാജ്യമില്ല എന്ന സങ്കടകരമായ സങ്കൽപ പ്രയോഗത്തോടൊപ്പം വയോജനങ്ങൾക്കു സുരക്ഷയും സനാഥത്വവുമില്ല എന്ന സമകാലീന യാഥാർഥ്യവും നമുക്കു ചേർത്തുവയ്‌ക്കാം. കേരളത്തിലെ അനാഥ വൃദ്ധപരിചരണകേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ടു കഴിയുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നതു നമ്മെ സങ്കടപ്പെടുത്തുന്ന സത്യമാണ്.  

മക്കളുണ്ടായിട്ടും അനാഥരാക്കപ്പെട്ടവരുടെ വിങ്ങലും വിലാപവും കേൾക്കാതെ കേരളത്തിനു മുന്നോട്ടുപോകാനാകില്ല. ദാരിദ്ര്യം ഉൾപ്പെടെ പല കാരണങ്ങളാൽ സ്വയം സംരക്ഷിക്കാനാവാത്തവരെ ഏറ്റെടുക്കാൻ സർക്കാരിനു ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞതിന് അതുകൊണ്ടുതന്നെ  ഏറെ മാനുഷികപ്രസക്തി കൈവരുന്നു. 

ചൈനയ്‌ക്കുശേഷം, ലോകത്ത് ഏറ്റവുമധികം വയോജനങ്ങളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ; 60 വയസ്സിനു മുകളിലുള്ള പത്തരക്കോടിയോളം പേർ. രാജ്യാന്തര സർവേഫലപ്രകാരം ലോകത്തു വയോജനങ്ങളെ ഏറ്റവും കൂടുതൽ അവഗണിക്കുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യ തന്നെ. അരക്ഷിതരായ മുതിർന്ന പൗരന്മാർക്കു വേണ്ട പരിരക്ഷയും പരിഗണനയും നൽകുന്നതിൽ നാമെത്ര ശ്രദ്ധിക്കുന്നുണ്ട് എന്ന ആത്മപരിശോധനയിലേക്ക്, സാക്ഷരതയിലും മാനുഷികതയിലുമൊക്കെ പെരുമകൊള്ളുന്ന കേരളീയ സമൂഹം ഇനിയും എത്തിച്ചേരാത്തതെന്തുകൊണ്ടാണ് ?  

കുറച്ചു കണക്കുകൾകൂടി ചേർത്തുവച്ചുവേണം, ഉറ്റവരുണ്ടായിട്ടും ഉപേക്ഷിക്കപ്പെട്ടവരുടെ  സമീപക്കാഴ്ചകളിലെത്താൻ. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് കേരളത്തിലെ അനാഥ വൃദ്ധപരിചരണകേന്ദ്രങ്ങളിലെ അന്തേവാസികളുടെ എണ്ണം 15,000ൽനിന്ന് 23,823 ആയിക്കഴിഞ്ഞു. ഇവരിൽ മിക്കവരുടെയും മക്കൾ ജീവിച്ചിരിക്കുന്നുണ്ട്. സർക്കാരിന്റെയും ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും മേൽനോട്ടത്തിലുള്ള വൃദ്ധസദനങ്ങളുടെ എണ്ണം അഞ്ചു വർഷം കൊണ്ട് 520ൽനിന്ന് 631 ആയി. ഓർഫനേജ് കൺട്രോൾ ബോർഡിൽ റജിസ്റ്റർ ചെയ്ത സന്നദ്ധസംഘടനകൾ നടത്തുന്ന 615 വൃദ്ധസദനങ്ങളിലാണ് ഏകദേശം 23,000 പേരും. സർക്കാരിന്റെ അറിവോടെ നടക്കുന്ന അനാഥാലയങ്ങളിൽനിന്നുള്ള കണക്കുകൾ മാത്രമാണിത്.

സുരക്ഷിതത്വത്തിനു വലിയ ഭീഷണി നിലനിൽക്കുന്ന ഇക്കാലത്ത് വൃദ്ധസദനങ്ങൾ പോലെയുള്ള സംവിധാനങ്ങൾ ഒരുപരിധിവരെ അനിവാര്യവും ആശ്വാസവുമാണ്. എന്നാൽ, വാർധക്യം പല കുടുംബങ്ങളിലും ബാധ്യതയാകുന്നു എന്നതാണു സമൂഹത്തിന്റെ പുതിയ രോഗം. സ്വത്തെല്ലാം കൈക്കലാക്കിയ ശേഷം മക്കൾ ഇറക്കിവിട്ട മാതാപിതാക്കൾ ഒട്ടേറെയുണ്ട് നമ്മുടെ വൃദ്ധസദനങ്ങളിൽ. പല കാരണങ്ങളാലും വീട്ടിൽ ഒറ്റയ്‌ക്കു താമസിക്കേണ്ടിവരുന്ന വയോജനങ്ങളുടെ കാര്യവും കഷ്‌ടംതന്നെ. ജീവിതസന്ധ്യയിലെത്തിയവർക്കു ശാന്തിയും സുരക്ഷയും നൽകുന്നതോളം വലിയ കടംവീട്ടലില്ലെന്നു നാം മറക്കാൻ പാടില്ല.

60 വയസ്സു കഴിഞ്ഞ രക്ഷിതാക്കളുടെയും മുതിർന്നവരുടെയും സംരക്ഷണച്ചുമതലയുള്ളവർ അതുമറന്നു പെരുമാറിയാൽ തടവും പിഴയും അടക്കം ഉറപ്പുനൽകുന്നവിധം നിയമ പരിഷ്കരണത്തിനു തയാറെടുക്കുകയാണു കേന്ദ്രം. നിലവിലുള്ള വയോജനകേന്ദ്രങ്ങളെ പരിചരണകേന്ദ്രമെന്നനിലയിൽ രൂപമാറ്റം വരുത്തുന്നതടക്കമുള്ള നിർദേശങ്ങളുമുണ്ട്. ഇതുപ്രകാരം, ഭക്ഷണം, പാർപ്പിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, മുതിർന്നവരുടെ സുരക്ഷയും മക്കളുടെ ചുമതലയാണ്.

ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ ചികിൽസ വലിയൊരു സാമൂഹികപ്രശ്നമായി നമ്മെ അസ്വസ്ഥരാക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽനിന്നു ശ്രദ്ധേയനിർദേശങ്ങൾ വരുന്നത്. കുട്ടികൾ ഉൾപ്പെടെ കുടുംബാംഗങ്ങളുടെ ചികിൽസയ്ക്കു വൻതുക ചെലവിടേണ്ടി വരുന്നവർക്കു സഹായമെത്തിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നു പറഞ്ഞ കോടതി, അതിനു മാർഗമില്ലാത്തവരെ സഹായിക്കാൻ സർക്കാരിനു സംവിധാനങ്ങളുണ്ടോ എന്നറിയിക്കാൻ നിർദേശിച്ചിട്ടുമുണ്ട്. സ്വയം സംരക്ഷിക്കാൻ കഴിയാത്തവരെ സർക്കാർ ഏറ്റെടുക്കണമെന്ന നിർദേശം തുടർനടപടികളിലേക്കു കൊണ്ടുപോകേണ്ടതുതന്നെ.