Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിനൊരു പൊൻചിറക്

കണ്ണൂരിന്റെ ചിരകാല സ്വപ്നമാണു നാളെ യാഥാർഥ്യത്തിലേക്കു ചിറകടിച്ചുയരുന്നത്. ഇവിടെ വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ കണ്ണൂരിനു മാത്രമല്ല, സമീപ ജില്ലകളായ കാസർകോടിനും വയനാടിനും കർണാടക സംസ്ഥാനത്തെ കുടകിനുമെല്ലാം പ്രതീക്ഷയുടെ ചിറകു മുളയ്ക്കുകയാണ്. വടക്കൻ കേരളത്തിലെ യാത്രാസൗകര്യത്തിൽ കുതിച്ചു ചാട്ടമുണ്ടാകുമെന്നുറപ്പാണ്. ഇതെങ്ങനെ മറ്റു മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കാനാകും എന്നതിനെ ആശ്രയിച്ചിരിക്കും കണ്ണൂർ വിമാനത്താവള പദ്ധതിയുടെ വിജയം. 

വൻനിര വിമാനത്താവളങ്ങളോടു കിടപിടിക്കാവുന്ന സൗകര്യങ്ങളെല്ലാം ഒരുക്കി വിമാനങ്ങളെ കാത്തിരിക്കുകയാണ് കണ്ണൂർ. 2300 ഏക്കറിൽ 2350 കോടി രൂപ ചെലവിലാണു വിമാനത്താവളം 

പൂർത്തിയായത്. 3050 മീറ്റർ റൺവേ, 20 വിമാനങ്ങൾക്കു പാർക്കിങ് സൗകര്യം, ആറ് എയ്റോബ്രിജ്, നാവിഗേഷനുവേണ്ടി ഡിവിഒആർ, മോശം കാലാവസ്ഥയിലും വിമാനം സുരക്ഷിതമായി ഇറക്കാനുള്ള ഐഎൽഎസ്, ഫയർ ആൻഡ് സേഫ്റ്റിക്ക് അഞ്ചു കോടിരൂപ വീതം വിലയുള്ള നാലു ഫയർ എൻജിൻ എന്നിവയെല്ലാം സവിശേഷതകളാണ്. അടുത്ത ഘട്ടത്തിൽ റൺവേ 4000 മീറ്ററാക്കുന്നതോടെ റൺവേയുടെ നീളത്തിൽ രാജ്യത്തു നാലാമത്തെ വിമാനത്താവളമാകും. ഒരു ലക്ഷം ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയിലാണു ടെർമിനൽ കെട്ടിടം ഒരുക്കിയിരിക്കുന്നത്.  

ഉദ്ഘാടനദിനത്തിൽ രാജ്യാന്തര സർവീസ് മാത്രമാണു പ്രതീക്ഷിച്ചിരുന്നതെങ്കിൽ, അന്നുതന്നെ ആഭ്യന്തര സർവീസ് തുടങ്ങുമെന്നത് ഇരട്ടി സന്തോഷം നൽകുന്നു. അബുദാബി, റിയാദ്, ഷാർജ, ദോഹ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ രാജ്യാന്തര സർവീസുകളും ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് ഗോ എയറിന്റെ ആഭ്യന്തര സർവീസുകളും ആദ്യ ആഴ്ചയിലുണ്ടാകും. 

ഉഡാൻ വ്യവസ്ഥകൾ കണ്ണൂരിനു തടസ്സമായിരുന്നെങ്കിലും വിമാനത്താവള കമ്പനിയുടെയും സംസ്ഥാന സർക്കാരിന്റെയും ശ്രമഫലമായി വ്യവസ്ഥകളിൽ ഇളവു ലഭിച്ചതു വലിയ ആശ്വാസമാണ്. എങ്കിലും രണ്ടു പ്രതിസന്ധികൾ കൂടി തരണം ചെയ്യേണ്ടതുണ്ട്. വിദേശ കമ്പനികളുടെ വിമാനങ്ങൾക്കു കണ്ണൂരിൽ പറന്നിറങ്ങാനുള്ള അനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകിയിട്ടില്ല. ഗൾഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കരാറിൽ കൂടുതൽ സീറ്റുകൾ ഉൾപ്പെടുത്തണമെന്ന ആവശ്യമാണു രണ്ടാമത്തേത്. ഗൾഫ് യാത്രക്കാരെയാണു കൂടുതലായി പ്രതീക്ഷിക്കുന്നത്. രണ്ടു വിഷയങ്ങളിലും കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാകണം. 

വിമാനത്താവളം വരുന്നതോടെ സഞ്ചാരികളുടെ വരവു കൂടും. കണ്ണൂരിലെ അടിസ്ഥാനസൗകര്യ വികസനങ്ങളുടെ പോരായ്മ ഇപ്പോഴും വലിയ പ്രശ്നമാണ്. വിമാനത്താവളം പൊതുജനങ്ങൾക്കു സന്ദർശിക്കാനായി തുറന്നുകൊടുത്ത ഒരാഴ്ച വിമാനത്താവളത്തിലേക്കുള്ള എല്ലാ റോഡുകളും ഗതാഗതക്കുരുക്കിന്റെ പിടിയിലായിരുന്നു. വാഹനസഞ്ചാരം സുഗമമാക്കുന്ന റോഡ് വികസനം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. 

ഒന്നരവർഷം കൊണ്ട് കാർഗോ കോംപ്ലക്സ് പൂ‍ർത്തിയാകും. വിമാനത്താവളത്തിൽനിന്നും തിരിച്ചുമുള്ള ചരക്കുനീക്കത്തിനും യാത്രാസൗകര്യത്തിനുമായി റെയിൽ ബന്ധം വേണമെന്ന ആവശ്യവും പരിഗണിക്കപ്പെടണം. താമസസൗകര്യവും വളരെ പ്രധാനമാണ്. ഒരു പഞ്ചനക്ഷത്ര ഹോട്ടൽ പോലുമില്ലാത്ത ജില്ലയെന്ന പരിമിതി കണ്ണൂരിനുണ്ട്. അതിനു മാറ്റം വരുത്താനും സ്വകാര്യ സംരംഭകരെ ആകർഷിക്കാനും കഴിയേണ്ടതുണ്ട്. സംരംഭകത്വ സൗഹൃദ ജില്ലയെന്ന പുതിയ പ്രതിഛായ കണ്ണൂർ രൂപപ്പെടുത്തുകയും വേണം.

പ്രവാസികളല്ലാത്ത യാത്രക്കാരെയും ആകർഷിക്കേണ്ടതുണ്ട്. ടൂറിസം മേഖല വികസിപ്പിക്കുകയും ആകർഷകമാക്കുകയുമാണ് അതിനുള്ള മാർഗം. കൂടുതൽ അടിസ്ഥാനസൗകര്യ പദ്ധതികൾക്കു തുടക്കമിടാൻ ഇനി കണ്ണൂരിനു കഴിയട്ടെ.