Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം തോറ്റു; കല ജയിച്ചു

അതിജീവനത്തിന്റെ അജയ്യ സംഘഗാനം മുഴക്കി സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 59–ാം പതിപ്പിന് ആലപ്പുഴയിൽ തിരശ്ശീല വീണു. ജനകീയവും പരമ്പരാഗതവുമായ നമ്മുടെ കലകളിൽ കുട്ടികളുടെ സർഗമുദ്ര പതിയുന്ന കൗമാരോത്സവത്തിന്റെ മികവും തികവും ഒരിക്കൽകൂടി ഉയരത്തിൽ കൊടികെട്ടി. 

കേരളത്തെ കെടുതിയിലേക്ക് ഒഴുക്കിവിട്ട പ്രളയകാലത്തുനിന്നു നീന്തിക്കയറി, ഉണർവിന്റെയും ഊർജത്തിന്റെയും കെടാവിളക്കു കൊളുത്തിവയ്ക്കുകയായിരുന്നു കലോത്സവം. ഒരുവേള വേണ്ടെന്നുവയ്ക്കപ്പെട്ട ഈ മേള, കലാകേരളത്തിന്റെയാകെ അഭ്യർഥനയിലൂടെയാണ് അരങ്ങിലെത്തിയത്. അതുവഴി സൃഷ്ടിക്കപ്പെട്ടത് അതിജീവനത്തിന്റെ പുതിയൊരു മാതൃകതന്നെയാണ്. ആർഭാടങ്ങളും അനാവശ്യചെലവുകളും നിയന്ത്രിച്ചും ദിവസങ്ങൾ കുറച്ചും നടത്തിയ കലോത്സവം, വരുംവർഷങ്ങളിലും ഈ ശൈലി സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കും വഴിതുറന്നു. 

മത്സരത്തിന്റെ ഉത്സവഭാവം കെട്ടുകാഴ്ചകളിലല്ലെന്നു തെളിയിക്കുന്നതായിരുന്നു ഇത്തവണത്തെ ചെലവുചുരുക്കലുകളിൽ പലതും. കുട്ടികളുടെ സർഗാത്മകത അളക്കാനുള്ള വേദികൾ എന്ന സങ്കൽപത്തിൽനിന്ന് അനാരോഗ്യകരമായ ആർഭാടങ്ങളിലേക്കു വഴിതെറ്റിപ്പോയ കലോത്സവത്തെ തിരിച്ചുപിടിക്കാൻകൂടി ഈ ശൈലി സഹായകമാവുമെന്നു കരുതണം. കലാരൂപം ആവശ്യപ്പെടുന്ന ചമയങ്ങൾക്കും ആടയാഭരണങ്ങൾക്കുമപ്പുറം, ആലങ്കാരികതകൾ കുട്ടികൾക്കിടയിൽ അനാവശ്യ മത്സരബുദ്ധിക്കു കാരണമാകുന്ന സാഹചര്യം ഇനിയും മാറിയെന്നു പറയാറായിട്ടില്ല. വരുംവർഷങ്ങളിൽ അതിൽകൂടി അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. 

കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ

നാളെയുടെ തലമുറയ്ക്കു നൽകേണ്ട നല്ല സന്ദേശങ്ങളാണു കലോത്സവം ബാക്കിവയ്ക്കേണ്ടത്. വിധിയെ ദുർവിധിയാക്കുന്ന ചില പ്രവണതകൾ ഇക്കുറിയും കലോത്സവത്തിനു കളങ്കമായി. വിധിനിർണയത്തിന്റെ മാനദണ്ഡങ്ങളും വിധികർത്താക്കളുടെ യോഗ്യതയും ദുർലഭമായെങ്കിലും പാലിക്കപ്പെടാതെ പോകുമ്പോൾ നഷ്ടപ്പെടുന്നത് സംഘാടനത്തിന്റെതന്നെ വിശ്വാസ്യതയാണ്. 

ജില്ലാതലത്തിൽനിന്നുള്ള അപ്പീലുകൾ നിയന്ത്രിച്ചുകൊണ്ടു സർക്കാർ കാണിച്ച നല്ല മാതൃക നീതിപീഠങ്ങളും പിന്തുടർന്നു. അതുകൊണ്ട് പലവഴിയുള്ള അപ്പീലുകളുടെ കുത്തൊഴുക്കുണ്ടായില്ല. എങ്കിലും, അപ്പീലിന്റെ പേരിൽ അന്യായപാതകളിലേക്കു തുറക്കുന്ന സാഹചര്യങ്ങൾ ഈ കലോത്സവത്തിലും തലപൊക്കിയെന്നതു കാണാതിരുന്നുകൂടാ. മത്സരദിനങ്ങളുടെ എണ്ണം കുറഞ്ഞതുകൊണ്ട് അപ്പീലുകൾ കുറയ്ക്കാനും കഴിഞ്ഞെങ്കിൽ ആ രീതി തുടരാവുന്നതേയുള്ളൂ. 

സർഗാത്മകതയുടെ വിജയക്കൊടി ഉയർന്നു പാറുമ്പോൾ, എല്ലാം തുടച്ചെടുത്ത പ്രളയത്തിന്റെ നഷ്ടങ്ങളെ അതിജീവിച്ചവരുടെ നേട്ടങ്ങൾക്ക് ഒരു കയ്യടി കൂടുതൽ കൊടുക്കാം. പ്രളയനൊമ്പരക്കലകൾ ഇനിയും ബാക്കികിടക്കുന്ന ആലപ്പുഴ ഏറ്റെടുത്തു വിജയിപ്പിച്ച കലയുടെ ഉത്സവത്തിന് ശോഭ ഒന്നുവേറെതന്നെ.