Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് മല്യയിൽ നിർത്തരുത്

ചെറു വായ്പയാണെങ്കിലും തിരിച്ചടയ്ക്കാൻ കഴിയാതെ നിയമനടപടി നേരിടുന്ന സാധാരണജനത്തിനു മുന്നിലാണ് വമ്പൻ തട്ടിപ്പു നടത്തി ബാങ്കുകളെ വീഴ്ത്തി സഹസ്രകോടികൾ കൈക്കലാക്കിയവർ നെഞ്ചുവിരിച്ചു നടക്കുന്നതെന്നതു വല്ലാത്ത വൈരുധ്യംതന്നെ. ബാങ്കുകളിൽനിന്നു വൻതുക വായ്പ വാങ്ങി തിരിച്ചടയ്ക്കാതെ വിദേശത്തേക്കു മുങ്ങിയ വിജയ് മല്യ ആവർത്തിക്കരുതാത്തൊരു ദുരനുഭവമാണു നമ്മുടെ ബാങ്കിങ് മേഖലയ്ക്കു നൽകിയത്. മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിവിധിയിൽ അതുകൊണ്ടുതന്നെ വലിയൊരു പാഠവും മുന്നറിയിപ്പും കണ്ടെടുക്കാം. 

മദ്യവ്യവസായിയും മുൻ രാജ്യസഭാംഗവുമായ വിജയ് മല്യ കിട്ടാക്കടത്തിന്റെ പേരിൽ ബാങ്കുകൾ നടപടി ത്വരിതപ്പെടുത്തിയപ്പോഴേക്കും രാജ്യം വിട്ടത് നിയമസംവിധാനങ്ങളുടെ പാളിച്ചകളിലേക്കാണു വിരൽ ചൂണ്ടിയത്. 9400 കോടി രൂപയായി കിട്ടാക്കടം പെരുകിയിട്ടും മല്യയെ പിടികൂടാൻ അന്വേഷണ ഏജൻസികൾ വൈകിയതെന്ത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. വൻകിടക്കാർക്കു വേണ്ടത്ര ഈടില്ലാതെ വായ്‌പ നൽകി ബാങ്കുകൾ പ്രതിസന്ധിയിലാകുന്നതിന്റെ ഒരു ‘ടെസ്‌റ്റ് കേസ്’ കൂടിയായിത്തീർന്നു മല്യയുടെ മുങ്ങൽ. 

വജ്രവ്യാപാരി നീരവ് മോദിയും കൂട്ടരും പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നടത്തിയ 11,400 കോടി രൂപയുടെ തട്ടിപ്പാകട്ടെ, നമ്മുടെ ബാങ്കിങ് മേഖലയിലെ അശ്രദ്ധയും നോട്ടക്കുറവും സുരക്ഷിതത്വമില്ലായ്മയും കൃത്യമായി വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യയുടെ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലുതെന്നു പറയാവുന്ന ഈ തട്ടിപ്പ് പിഎൻബിയിൽ ഏഴു വർഷമായി നിർബാധം തുടരുകയായിരുന്നു എന്നതിലെ നാണക്കേട് ചെറുതല്ല. തട്ടിപ്പിനു സംരക്ഷണവും പിന്തുണയും നൽകിയവർ ആ ബാങ്കിൽതന്നെ ഉണ്ടായിരുന്നുതാനും.

ഇപ്പോഴുള്ള നിയമവ്യവസ്‌ഥയും ഇക്കാര്യത്തിൽ പ്രതിക്കൂട്ടിലാണ്. തിരിച്ചടവിൽ മനഃപൂർവം മല്യ വീഴ്‌ചവരുത്തുകയാണെന്നു പ്രഖ്യാപിച്ച് ഒരു ബാങ്ക് നേരത്തേ നടപടി സ്വീകരിച്ചെങ്കിലും കോടതി സാങ്കേതികകാരണങ്ങൾ ചൂണ്ടിക്കാട്ടി ബാങ്ക് നടപടി റദ്ദാക്കുകയായിരുന്നു. നിയമ അവ്യക്‌തതകൾ മുതലെടുത്ത് നമ്മുടെ രാജ്യത്ത് ഒട്ടേറെപ്പേർ ബാങ്ക് നടപടികളെ ഇപ്പോഴും ചെറുത്തുനിൽക്കുന്നുണ്ടെന്നതു നിർഭാഗ്യകരംതന്നെ.

ധനവും സ്വാധീനവും വക്രബുദ്ധിയുമുള്ള തട്ടിപ്പുകാർക്ക് അന്തിമവിജയം ഉണ്ടാവില്ലെന്ന പാഠംകൂടി ഇപ്പോഴത്തെ വിധിയിലുണ്ട്. വായ്പതിരിച്ചടവു സംബന്ധിച്ച സിവിൽ കേസ് മാത്രമാണ് ഇന്ത്യയിലുള്ളതെന്നും അതിനെ നിയമപരമായി നേരിടാൻ തനിക്കു കഴിയുമെന്നും ബ്രിട്ടനിൽനിന്നു ‘നാടുകടത്താൻ’ തക്കവണ്ണമുള്ള ഒരു കേസും ഇന്ത്യയിൽ തനിക്കെതിരെയില്ലെന്നും കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് മല്യ. ആ അഹങ്കാരത്തിനു പോറലേൽക്കുന്നത് നീതിയെ മാനിക്കുന്ന ഇന്ത്യയിലെ സാധാരണക്കാർക്കാവും ആത്മവിശ്വാസം പകരുക.

മല്യ രാജ്യം വിടുന്നതു തടഞ്ഞില്ലെന്ന പേരിൽ കേന്ദ്ര സർക്കാർ കടുത്ത വിമർശനം നേരിട്ട കേസിൽ നിർണായക വഴിത്തിരിവാണിത്. പക്ഷേ, ഇന്ത്യയ്ക്കു കൈമാറപ്പെടാതിരിക്കാൻ മല്യ ഇനിയും ഏറെ ശ്രമിക്കുമെന്നു തീർച്ച. അതുകൊണ്ടുതന്നെ, മല്യയെ ഇവിടെയെത്തിക്കാനും മാതൃകാപരമായ അനന്തരനടപടികൾക്കു വിധേയമാക്കാനുംവേണ്ട ജാഗ്രത കാണിക്കേണ്ടത് കേന്ദ്ര സർക്കാരും മറ്റു സംവിധാനങ്ങളുമാണ്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുമായി ബന്ധപ്പെട്ട് കഴി‍ഞ്ഞ അഞ്ചു സാമ്പത്തിക വർഷങ്ങളിലായി റജിസ്റ്റർ ചെയ്തത് 8670 സാമ്പത്തിക തട്ടിപ്പുകേസുകളാണെന്നും 61,260‌ കോടി രൂപയുടെ തട്ടിപ്പ് ആകെ നടന്നിട്ടുണ്ടെന്നും ഇതോടുചേർത്ത് ഓർമിക്കാം. ചെറിയൊരു ബാങ്ക് വായ്പ കിട്ടാൻ പോലും ഈ രാജ്യത്തെ സാധാരണക്കാർ അനുഭവിക്കുന്ന ക്ലേശം തിരിച്ചറിഞ്ഞ്, ഇത്തരം തട്ടിപ്പുകാരെയെല്ലാം നിയമത്തിന്റെ മുന്നിലെത്തിക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാർ  മറക്കരുത്.