Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഷ്ടകാലത്തെ കല

തൽസമയം - എൻ. എസ്. മാധവൻ
HELLER,-Churchil ജോസഫ് ഹെല്ലർ, വിൻസ്റ്റൺ ചർച്ചിൽ

കൊച്ചി ബിനാലെയുടെ നാലാം പതിപ്പിന്റെ ഉദ്ഘാടനം, പതിവുപോലെ 12–ാം മാസത്തിലെ 12–ാം തീയതി മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിൽ പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ, കലയും സമൂഹവുമായി ബന്ധപ്പെടുത്തുന്ന ചില കാര്യങ്ങളെക്കുറിച്ചു പരാമർശിച്ചിരുന്നു. മഹാപ്രളയത്തിനു ശേഷം കേരളം സാമ്പത്തിക പരാധീനതകളിലൂടെ കടന്നുപോകുന്ന സമയമാണിത്. മുഖ്യമന്ത്രി അതിനെക്കുറിച്ച് പറഞ്ഞതിതാണ്: ‘‘മുട്ടുന്യായങ്ങൾ പറഞ്ഞ് കലയെ ഒഴിവാക്കുന്ന നടപടിയല്ല സർക്കാർ പിന്തുടരുന്നത്. ജീവിതത്തെ മനുഷ്യത്വപൂർണമാക്കുന്നത് കലയും സാഹിത്യവുമാണ്. അതുകൊണ്ടുതന്നെയാണ് പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ പുനർനിർമാണത്തിനു വലിയ തുക ആവശ്യമുള്ളപ്പോഴും, ബിനാലെയ്‌ക്കായി വകയിരുത്തിയ തുകയിൽ കുറവു വരുത്താത്തത്’’.  

മുഖ്യമന്ത്രിയുടെ വാക്കുകൾ ഓർമിപ്പിച്ചത് വിൻസ്റ്റൺ ചർച്ചിലിനെപ്പറ്റിയുള്ള ഒരു കഥയാണ്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് അന്നത്തെ ഗ്രേറ്റ് ബ്രിട്ടനിലെ പ്രധാനമന്ത്രിയായ ചർച്ചിൽ, ബജറ്റിൽ കലകൾക്കുവേണ്ടി കൂടുതൽ തുക വകയിരുത്തിയതിന്റെ പേരിൽ വിമർശിക്കപ്പെട്ടു. 

ഒരു എംപി ചോദിച്ചു: ‘‘അതീവഗുരുതരമായ പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോൾ ഇത്തരമൊരു നിർദേശം മുന്നോട്ടുവയ്‌ക്കാൻ താങ്കൾക്ക് എങ്ങനെ കഴിഞ്ഞു?’’

‘‘എനിക്കു കഴിയും, സർ. എന്തിനുവേണ്ടിയാണു നാം ഈ യുദ്ധം ചെയ്യുന്നതെന്ന് ഓർമിപ്പിക്കാൻ’’– ചർച്ചിൽ പറഞ്ഞു.

പ്രസിദ്ധമായ ചർച്ചിലിന്റെ ഈ മറുപടി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഒരു മിത്തുപോലെ അതു നിലനിൽക്കുന്നു. കലയെ ഭരണകൂടം സഹായിക്കണമെന്ന വാദം ഉയരുമ്പോൾ മിക്കപ്പോഴും ചർച്ചിലിന്റെ വാക്കുകൾ ഉദ്ധരിക്കപ്പെടുന്നു. 

അഴിയാക്കുരുക്ക് 

ജോസഫ് ഹെല്ലറുടെ പ്രസിദ്ധമായ യുദ്ധവിരുദ്ധ നോവലാണ് ക്യാച്ച് – 22. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുന്ന ഫൈറ്റർ പൈലറ്റുമാരുടെ കഥയാണിത്. യുദ്ധവിമാനങ്ങൾ പറപ്പിക്കുന്നതു നിർത്തി, സേവനം അവസാനിപ്പിക്കണമെങ്കിൽ അവരുടെ നിയമത്തിലെ 22–ാം വകുപ്പ് പ്രകാരം ഒരു വഴിയേ ഉള്ളൂ – പൈലറ്റ്‌ മനോരോഗി ആയിരിക്കണം. അതുമാത്രം പോരാ, അക്കാരണം പറഞ്ഞ് വിമാനം പറപ്പിക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് അയാൾതന്നെ അപേക്ഷിക്കുകയും വേണം. മാനസികപ്രശ്നമുള്ള ആൾക്ക്‌ അങ്ങനെ അപേക്ഷിക്കാൻ പറ്റില്ലല്ലോ. അഥവാ ആരെങ്കിലും അപേക്ഷിക്കുകയാണെങ്കിൽ, അയാൾക്കു ഭ്രാന്തില്ലെന്നതിനു തെളിവാകും. ചുരുക്കത്തിൽ ഒരു ഫൈറ്റർ പൈലറ്റിന്‌ ഒരിക്കലും വിമാനം പറപ്പിക്കുന്നതിൽനിന്നു മാറിനിൽക്കാൻ കഴിയില്ല. ഇതാണ് 22–ാം വകുപ്പിന്റെ ‘കുരുക്ക്’ – ക്യാച്ച്.

ചെങ്ങന്നൂർ താലൂക്കിലെ പാണ്ടനാട്ടെ ഓമനയും മഞ്ജുവും ഇത്തരമൊരു നൂലാമാലയിൽപെട്ടിരിക്കുകയാണ്. പ്രളയം മഹാതാണ്ഡവം നടത്തിയ ഇടങ്ങളിലൊന്നാണു പാണ്ടനാട്. അവർ താമസിച്ചിരുന്ന സഹോദരന്റെ ഒറ്റമുറിവീട് പ്രളയത്തിനു ശേഷം നിലം‌പൊത്തുന്ന സ്ഥിതിയിലാണ്. ഇപ്പോൾ അവർ ഒരു ഹോമിയോ ആശുപത്രിയുടെ ടെറസിലാണു താമസിക്കുന്നത്. അവരുടെ പേരിൽ ഒരിഞ്ചു ഭൂമിയില്ല. അത്തരക്കാരെ സഹായിക്കാൻ വകുപ്പില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു ചാനൽ ചർച്ചയിൽ ജില്ലാ കലക്ടറും ഇതാവർത്തിച്ചു. എന്നാൽ,  ഭവനരഹിതർക്കുള്ള ക്ലസ്റ്റർ ഹൗസിങ് പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തി വീടു നൽകാമെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെയാണ് ‘ക്യാച്ച് - 22’. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിൽ ലൈഫ് മിഷൻ എന്ന പേജിൽ ക്ലസ്റ്റർ ഭവനനിർമാണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടു കാലം കുറെയായി. അതായത്, ഇതൊരു പ്രളയപൂർവപദ്ധതിയാണ്. അതു നടപ്പിലാക്കുന്നതിൽ ശുഷ്കാന്തി കാണിച്ചിരുന്നെങ്കിൽ ഓമനയ്‌ക്കും മഞ്ജുവിനും വീടുണ്ടായേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, അവർ പ്രളയത്തിനുശേഷം ഭൂരഹിതർ ആവില്ലായിരുന്നു. ആ കാരണം പറഞ്ഞ് അവർക്കു സഹായം നിഷേധിക്കപ്പെടില്ലായിരുന്നു; ചുവപ്പുനാടയുടെ ഊരാക്കുരുക്കുകളിൽ അവരെ കെട്ടിയിടില്ലായിരുന്നു. 

നവകേരളനിർമാണം ഒരു ഭാഗത്തു നടക്കട്ടെ, പഴയ കേരളത്തിന്റെ ഓമനയെയും മഞ്ജുവിനെയും പോലുള്ള ദൈന്യമായ ശേഷിപ്പുകളെ – ദുരിതാശ്വാസ ക്യാംപുകളിലും മറ്റുമായി അവരുടെ സംഖ്യ വലുതാണ് – കൈപിടിച്ച് ഉയർത്തുക തന്നെയാണു സർക്കാരിന്റെ പ്രാഥമിക കടമ. 

അവിയൽ ചെറിയ കളിയല്ല

ഭക്ഷണം ഉണർത്തുന്ന വികാരങ്ങളെപ്പറ്റി സമകാലിക ഇന്ത്യയിൽ അധികം വിശദീകരണം ആവശ്യമില്ല. കാര്യങ്ങൾ അങ്ങനെയിരിക്കുമ്പോഴാണ് കേരള വിനോദ സഞ്ചാരവകുപ്പ് അവിയൽ എന്ന പേരിൽ വിചിത്രമായ ഒരു ഭക്ഷണത്തിന്റെ പടം ട്വീറ്റ് ചെയ്യുന്നത്. ‘അവിയൽ വികാരം’ വ്രണപ്പെട്ട ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ വലിയ പുകിലുണ്ടാക്കി.

Aviyal

ഇന്ത്യയിലെ ഭക്ഷണ ചരിത്രകാരന്മാരുടെ കുലപതിയായ അന്തരിച്ച കെ.ടി. അചയയുടെ ഗ്രന്ഥങ്ങൾ വായിച്ചാൽ മനസ്സിലാകുന്നത്, എതെങ്കിലും ഒരു ദേശത്തിനു തനതു വിഭവങ്ങൾ എന്നു പറയാവുന്നത് അതിവിരളമാണ്. ഭക്ഷണവും രുചികളും വളരെ ദൂരം താണ്ടിയാണു തീൻമേശകളിൽ എത്തുന്നത്. ഉദാഹരണത്തിന് തനിനാടൻ എന്നു നാം കരുതുന്ന പുട്ട് എതാണ്ട് അതേ പേരിൽ ഫിലിപ്പീൻസിലും ഉണ്ട്. 

എന്നാൽ, അവിയൽ അതുപോലെയല്ല. മലയാളിയുടെ ഭക്ഷണപൈതൃകത്തിന്റെ ഭാഗമായ അപൂർവം ചില വിഭവങ്ങളിൽ ഒന്നാണത്. കേരള സർവകലാശാലയുടെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ‘ടി-166 ബി’ എന്നു നമ്പറിട്ട ‘പലവകപ്പാട്ടുകൾ’ എന്ന ഗ്രന്ഥത്തിൽ, അവിയലിന്റെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പഴയ പാചകക്കുറിപ്പു കാണാം. നേന്ത്രക്കായ, ചക്കയുടെ ചുളയും കുരുവും, കാച്ചിൽ, കോവയ്‌ക്ക, വഴുതനങ്ങ, കൂർക്ക, ഇളവൻ തുടങ്ങിയ നാടൻ പച്ചക്കറികൾ നുറുക്കിയാണ് അവിയൽ ഉണ്ടാക്കിയിരുന്നത്. ഇവ, ‘വേറെ കഴുകിയൊരുമിച്ചൊരുരുളിയിൽ / ഒന്നിച്ചുചേർത്ത് മുളകോടു മഞ്ഞളും തേങ്ങയും കൂട്ടിത്തിരുമ്മിയൊരുപോലെ / ഉപ്പും പാലും പതം ചേർത്തടുപ്പേറ്റീട്ട്...’ അങ്ങനെ പോകുന്നു, പഴയ കാലത്തെ അവിയൽ പാചകം.

ആധുനിക കാലത്തെ ക്ലാസിക് അവിയൽ കുറിപ്പായി ഞാൻ സൂക്ഷിച്ചുവച്ചിരിക്കുന്നത്, പാചകവിദഗ്ധനായ അന്തരിച്ച അനന്തരാമൻ ഒരു പഴയ മനോരമ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതാണ്. ആദ്യം ചേന നീളത്തിൽ മുറിച്ച് ഒരു പാത്രത്തിൽ വെള്ളത്തിലിടുക. പിന്നെ മുരിങ്ങയ്ക്ക, പടവലങ്ങ തുടങ്ങിയവ മറ്റൊരു പാത്രത്തിൽ വെള്ളത്തിലിടുക. മൂന്നാമതൊരു പാത്രത്തിൽ നേന്ത്രക്കായ വെള്ളത്തിലിടുക. എന്നാൽ, പച്ചമാങ്ങ വെറുതെ പാത്രത്തിൽ വച്ചാൽ മതി...’ പറഞ്ഞുവരുന്നത് അവിയൽ ഒരു ചെറിയ കളി അല്ലെന്നാണ്.  

സ്കോർപ്പിയൺ കിക്ക്: അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം ഒറ്റനോട്ടത്തിൽ:

അപ്പു - 0, പപ്പു - 3