Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർത്താലിനു നേരെ പടിയടയ്ക്കാം

നവകേരളത്തിനു വേണ്ടിയുള്ള ശുഭകരമായ ആമുഖമായിവേണം, ഹർത്താലിനെതിരെ നാടെങ്ങും കരുത്താർജിക്കുന്ന ജനമുന്നേറ്റങ്ങളെ കാണാൻ. നമ്മുടെ സംസ്ഥാനം അനുഭവിച്ചുപോരുന്ന ഏറ്റവും നാശോന്മുഖമായ ഈ സാമൂഹികവിപത്ത് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത് ഏറെ പ്രത്യാശ നൽകുന്നു. ഏറ്റവുമൊടുവിലായി, ഇന്നലെ സംസ്ഥാനത്തെ വ്യാപാര, വ്യവസായ മേഖലകളിലെ സംഘടനകൾ കോഴിക്കോട്ടും  ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ കൊച്ചിയിലും ഒരേ സ്വരത്തിൽ ഹർത്താലിനെതിരെ പ്രതിഷേധ വിളംബരം നടത്തിയിരിക്കുകയാണ്.  

പ്രളയാനന്തര കേരളം നേരിടുന്ന പുതിയ പ്രതിസന്ധികൾ, ആവേശത്തോടെ ഇവിടെ ഹർത്താൽ ആഹ്വാനം ചെയ്യുന്ന നമ്മുടെ നേതാക്കൾക്ക് അറിയാത്തതാവില്ല. കൊടുംപ്രളയം, നാം ഇതിനകം നേടിയ വികസനത്തെത്തന്നെ പല വർഷങ്ങൾ പിന്നോട്ടു കൊണ്ടുപോയിരിക്കുകയാണ്. പ്രളയംമൂലം അധ്യയനദിവസങ്ങൾ നഷ്ടപ്പെട്ട സ്കൂളുകളെയും വ്യാപാരം നഷ്ടപ്പെട്ട സ്ഥാപനങ്ങളെയും ആളൊഴിഞ്ഞ ടൂറിസം മേഖലയെയുമൊക്കെ കാണാതെയാണോ ഇപ്പോഴത്തെ ഹർത്താൽ ആഹ്വാനങ്ങളുണ്ടാവുന്നത്? 

ടൂറിസം മേഖലയെ ഉദാഹരണമായെടുക്കാം. കേരളത്തിനു വർഷം 34,000 കോടി രൂപയുടെ വരുമാനം നേടിത്തരുന്ന വ്യവസായമാണ് ടൂറിസം. പതിനൊന്നു ലക്ഷത്തോളം വിദേശികളും ഒന്നരക്കോടിയോളം ആഭ്യന്തര സഞ്ചാരികളും കഴിഞ്ഞ വർഷം നമ്മുടെ നാട്ടുകാഴ്ചകൾ തേടിയെത്തി. 15 ലക്ഷം പേർക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന മേഖലകൂടിയാണിത്. ടൂറിസ്റ്റുകൾക്കു മുന്നിൽ ഇങ്ങനെയൊരു ഹർത്താൽബാധിത കേരളത്തെയാണോ നാം കാണിച്ചുകൊടുക്കേണ്ടത്? അതുകൊണ്ടുതന്നെയാണ് ഹർത്താൽ പാടില്ലെന്നു കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ (കെടിഎം) നേതൃത്വത്തിൽ ചേർന്ന കേരള ടൂറിസം ടാസ്ക് ഫോഴ്സ് യോഗം ശക്തമായി ആവശ്യപ്പെട്ടത്. ഹർത്താൽദിനത്തിൽ  ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കുമെന്നും ആ ദിനത്തിൽ ടൂറിസം മേഖലയിൽ അക്രമത്തിന് ഇരയാകുന്ന ഓരോ സംഭവത്തിലും കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും യോഗം വ്യക്തമാക്കിയിട്ടുണ്ട്.

നോട്ട് നിരോധനം, ജിഎസ്ടി, പ്രളയം എന്നിവമൂലം തകർന്ന വ്യാപാരമേഖലയ്ക്കു താങ്ങാവുന്നതിലും അപ്പുറമായി ഹർത്താലുകൾ എന്നാണു വ്യാപാരികളുടെ വിലയിരുത്തൽ. സംഘടനയുടെ അനുവാദമില്ലാതെ നടത്തുന്ന എല്ലാ ഹർത്താലുകളും ബഹിഷ്കരിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ 15ന് തിരുവനന്തപുരത്തു തീരുമാനിച്ചിരുന്നു. അതിനു തലേന്ന് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ തലസ്ഥാന ജില്ലയിൽ പാങ്ങോട്ട് കടകൾ തുറന്നു വ്യാപാരികൾ നടത്തിയ പ്രതിഷേധം വിജയം കണ്ടതിന്റെ ചുവടുപിടിച്ചായിരുന്നു ഈ നീക്കം. തിരുവനന്തപുരത്തു ചാല കമ്പോളത്തിലാവും ആദ്യം ഈ തീരുമാനം നടപ്പാക്കുകയെന്നും സമിതി പറഞ്ഞു. ഹർത്താലിനു വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ കൊച്ചിയിലെ വ്യാപാരികളും കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. 

ഇന്നലെ കോഴിക്കോടു നടന്ന ഹർത്താൽവിരുദ്ധ കൂട്ടായ്മയിൽ വ്യാപാരിസംഘടനകൾക്കു പുറമെ സ്വകാര്യ ബസ് ഉടമകളുടെയും  ചരക്കുലോറി ഉടമകളുടെയും ഹോട്ടൽ ഉടമകളുടെയും മറ്റും സംഘടനകളും പങ്കെടുക്കുകയുണ്ടായി. 2019 ഹർത്താൽവിരുദ്ധ വർഷമായി ആചരിക്കാനാണു യോഗതീരുമാനം. ഹർത്താൽവിരുദ്ധ ആചരണം ശാശ്വതമായി നടപ്പായിക്കാണാനാണു കേരളം ആഗ്രഹിക്കുന്നത്. അടുത്ത വർഷം മുതൽ എല്ലാ ഹർത്താലുകൾക്കും കടകൾ തുറക്കാനും ബസുകൾ ഓടിക്കാനും  മിന്നൽഹർത്താലുകളെ ഒറ്റക്കെട്ടായി നേരിടാനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. 

ഹർത്താലിനു തിയറ്ററുകൾ തുറക്കാനും ചിത്രീകരണവും അനുബന്ധ പ്രവർത്തനങ്ങളും നടത്താനും കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് തീരുമാനിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ പല പ്രദേശങ്ങളും ഹർത്താലിനെ കയ്യൊഴിയാൻ ഇതിനകം തീരുമാനിച്ചിട്ടുണ്ട്.  കേരളത്തെ ഹർത്താൽവിമുക്തമാക്കാനുള്ള ഈ വലിയ ദൗത്യത്തിൽ പൊതുസമൂഹത്തോടൊപ്പം തീർച്ചയായും രാഷ്ട്രീയ പാർട്ടികളും കൈകോർക്കണം. കാലത്തിന്റെ ചുവരെഴുത്തു വായിക്കാത്തവരെ പിന്നീടു ചോദ്യം ചെയ്യുന്നത് കാലം തന്നെയാവുമെന്നതു മറന്നുകൂടാ.