Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരൂഹം കേന്ദ്ര സർക്കാരിന്റെ ഈ ‘നോട്ടം’; സമ്പൂർണ പൊലീസ് സ്റ്റേറ്റിന്റെ തുടക്കം

data-(people)

പ്രക്ഷോഭങ്ങളെയും വിമർശനങ്ങളെയും ഭയപ്പെടുന്ന ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ നടപടി – സ്വകാര്യ കംപ്യൂട്ടറുകളിലെ വിവരങ്ങൾ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളെ ചുമതലപ്പെടുത്തിയ കേന്ദ്ര ഉത്തരവിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഭയം ജനിപ്പിച്ചാൽ എതിരഭിപ്രായങ്ങളുടെ ശക്തി കുറയുമെന്ന  കണക്കുകൂട്ടലാണ് ഇതിനു പിന്നിൽ. ഒരു കേസ് റജിസ്റ്റർ ചെയ്ത് നിയമപ്രകാരം അന്വേഷണം നടത്തുന്നതിനു പകരം, ദേശവിരുദ്ധം എന്നു മുദ്രകുത്തി എവിടെയും അന്വേഷണം നടത്താമെന്നും രേഖകൾ പിടിച്ചെടുക്കാമെന്നുമാണ് ഐടി നിയമത്തിന്റെ മറവിൽ സർക്കാർ വാദിക്കുന്നത്. ശക്തമായ നിയമവ്യവസ്ഥയും ഭരണഘടനയും നിലവിലുള്ള നമ്മുടെ രാജ്യത്ത്, പൗരാവകാശങ്ങളെ ഒരു ഉത്തരവിലൂടെ നിയന്ത്രിക്കാൻ കഴിയുമോ എന്നാണ് നോട്ടം. 

ലക്ഷ്യം, ഭയപ്പെടുത്തൽ

ജനങ്ങളെ ഭയപ്പെടുത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണ്. അതിനു തടയിടാൻ വേണ്ട ധാരാളം വകുപ്പുകൾ നിയമവ്യവസ്ഥയിലുണ്ട്. ഈ നിയന്ത്രണങ്ങൾ ഇപ്പോഴത്തെ ഉത്തരവിലൂടെ ഒഴിവാക്കാനാണു ശ്രമം. നിലവിൽ പ്രധാനമായും, പൊലീസിനും എൻഫോഴ്സ്മെന്റ് ഏജൻസികൾക്കുമാണ് കേസെടുക്കാനും അന്വേഷിക്കാനും അധികാരമുള്ളത്. ഇന്റലിജൻസ് ബ്യൂറോയ്ക്ക് (ഐബി) കേസെടുക്കാനും അന്വേഷണം നടത്താനും അധികാരമില്ല. സിബിഐക്ക് കേന്ദ്ര വകുപ്പുകളിലെ അഴിമതി അന്വേഷിക്കാനും അവരെ ചുമതലപ്പെടുത്തുന്ന കേസുകൾ അന്വേഷിക്കാനുമാണ് അധികാരമുള്ളത്. ഇതിൽ ഐബിക്കു നൽകുന്ന അധികാരം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. 

ഐബിക്ക് അധികാരം

വിദേശ രാജ്യങ്ങളിലെ പ്രമുഖ ചാരസംഘടനകളായ മൊസാദ്, കെജിബി, ഐഎസ്ഐ എന്നിവയെപ്പോലെ കേസുകൾ അന്വേഷിക്കാനുള്ള അധികാരം നിലവിൽ ഐബിക്ക് ഇല്ല. ദേശവിരുദ്ധശക്തികളെന്നു കരുതുന്നവരുടെ വിവരങ്ങൾ ശേഖരിക്കണമെങ്കിൽ പോലും, കേന്ദ്രത്തിൽ ശുപാർശ സമർപ്പിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെയാണ് അതു ചെയ്യേണ്ടത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ പൊലീസിനെയോ ബന്ധപ്പെട്ട അന്വേഷണ ഏജൻസികളെയോ ഏൽപിക്കാനേ ഐബിക്കു സാധിക്കൂ. ദുരുപയോഗം തടയാനാണ് ഇത്രത്തോളം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. 

ഐബിക്ക് കൂടുതൽ അധികാരം നൽകി, കേസ് റജിസ്റ്റർ ചെയ്യാതെ അന്വേഷണമാകാം എന്നുവന്നാൽ അത് അപകടമാണ്. കാരണം, ഐബിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പാർലമെന്റിനു പോലും അധികാരമില്ല. 

എന്തുകൊണ്ട് 10 ഏജൻസി?

കുറ്റകൃത്യങ്ങൾക്കു പുറമെ, മറ്റു മേഖലകളിലും ഉണ്ടാകുന്ന ചലനങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയാണ് കൂടുതൽ ഏജൻസികൾക്ക് അധികാരം നൽകുന്നത്. വ്യവസായം, സാംസ്കാരികം, മതം, രാഷ്ട്രീയം തുടങ്ങി സമൂഹത്തിന്റെ വിവിധ ആവിഷ്കാരമേഖലകളെയും  പൗരന്റെ ബഹുമുഖ പ്രവൃത്തികളെയുമെല്ലാം ‘കവർ’ ചെയ്യാൻ ഇതുമൂലം സർക്കാരിനു സാധിക്കും. നിർമാല്യം പോലുള്ള സിനിമകൾ പുറത്തിറക്കാൻ കഴിയാതെ വരും. സാഹിത്യസൃഷ്ടികൾക്കു മേലും പിടിവീഴും. ഏതു കലാരൂപവും ഹിന്ദുവിരുദ്ധം എന്ന് വിശേഷിപ്പിച്ചു കേസെടുക്കാം. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഇല്ലാതാകുന്നത് പൗരന്റെ ആത്മവിശ്വാസത്തെ ബാധിക്കും. കഴമ്പുള്ള വിമർശനങ്ങൾ ഉയർത്തുന്ന വ്യക്തികൾ പീഡിപ്പിക്കപ്പെട്ടേക്കാം. രാഷ്ട്രീയപാർട്ടികൾക്ക് പിന്നെയും പിടിച്ചുനിൽക്കാൻ കഴിയും.

ചോദ്യം ചെയ്യപ്പെടേണ്ടത്

2009ലെ നിയമം നടപ്പാക്കുകയാണെന്നും ആർക്കും പുതിയ അധികാരം നൽകിയിട്ടില്ലെന്നുമുള്ള സർക്കാർ ന്യായീകരണം തെറ്റാണ്. കൂടുതൽ സർക്കാർ ഏജൻസികൾക്ക് വിവരങ്ങൾ പിടിച്ചെടുക്കാനും കേസെടുക്കാനും അധികാരം നൽകുകയാണ് ഇപ്പോൾ. കൂടാതെ, അന്വേഷണവുമായി സഹകരിക്കാത്തവർക്ക് ഏഴുവർഷം വരെ ശിക്ഷ നൽകാൻ വകുപ്പുണ്ട്. ഇതിനു പുറമെ, വിവരങ്ങൾ സ്വീകരിക്കുന്നവരെയും കുറ്റവാളികളുടെ പട്ടികയിലേക്കു കൊണ്ടുവരുന്നു. പ്രതിപക്ഷം, മാധ്യമങ്ങൾ, പൗരാവകാശ പ്രവർത്തകർ എന്നീ വിമർശകരുടെ വായടപ്പിക്കാൻ പൗരന്റെ സ്വാതന്ത്ര്യംതന്നെ ഇല്ലാതാക്കാനാണു ശ്രമം. 

എല്ലാ പൗരന്മാരും കള്ളന്മാരാണ് എന്ന മട്ടിൽ എല്ലാവരെയും നിരീക്ഷിക്കുന്നത് ഒരു ആധുനിക ജനാധിപത്യരാജ്യത്തിനു ഭൂഷണമല്ല. വിമർശിച്ചാൽ രാജ്യവിരുദ്ധതയുടെ പേരുപറഞ്ഞ് പിടിക്കപ്പെടും എന്നു വന്നാൽ, ക്രമേണ നിങ്ങൾ മൗനിയാകും. അതാണ് സർക്കാർ ഉദ്ദേശിക്കുന്നതും. അതിനു പര്യാപ്തമായ ‘ബ്ലാങ്കറ്റ് ഓർഡർ’ ആണ് അന്വേഷണ ഏജൻസികൾക്കു നൽകുന്നത്. 

രാജ്യതാൽപര്യം എന്ന മറ

രാജ്യതാൽപര്യത്തിനു ഹാനികരമായ നീക്കങ്ങളെ തടയുകയാണു ലക്ഷ്യമെങ്കിൽ അതിന് നിലവിലുള്ള നിയമങ്ങൾ പര്യാപ്തമാണ്. വിവിധ ഏജൻസികൾക്കു പ്രത്യേക അധികാരങ്ങളുണ്ട്. അസം പോലുള്ള സംസ്ഥാനങ്ങളിൽ പ്രത്യേക നിയമംവഴി അധികാരം നൽകുന്നു. സാമ്പത്തിക കുറ്റകൃത്യം നടത്തിയ വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരെ പിടികൂടാൻ കഴിയാത്തത് നിലവിലെ നിയമങ്ങൾ നൽകുന്ന അധികാരം പ്രയോഗിക്കാത്തതുകൊണ്ടു മാത്രമാണ്. അതിനാൽ, രാജ്യവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സർക്കാർവിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കുക എന്നതാണ് സർക്കാരിന്റെ ഗൂഢലക്ഷ്യം. 

ഈയിടെയായി സമൂഹമാധ്യമങ്ങളിൽ ശക്തിപ്പെട്ടുവരുന്ന മോദിവിരുദ്ധ വികാരമാണ് ഇതിനു പിന്നിലെന്ന് ആരെങ്കിലും ആരോപിച്ചാൽ, തെറ്റുപറയാനാകില്ല. കംപ്യൂട്ടറിലുള്ള എന്തും പിടിച്ചെടുക്കാൻ കഴിയും എന്നുവന്നാൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കാൻ ഭയപ്പെടും. ചുരുക്കത്തിൽ, ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ കൈയിലാണ് നിങ്ങളുടെ പൗരാവകാശവും സ്വാതന്ത്ര്യവും. 

ചെറുത്തുനിൽക്കണം

ഒരു പൊലീസ് ഉദ്യോഗസ്ഥന് അന്വേഷണാധികാരം നൽകുന്നത് ഇന്ത്യൻ നിയമവ്യവസ്ഥയാണ്. അല്ലാതെ രാഷ്ട്രീയ, ഉദ്യോഗസ്ഥ മേലാളന്മാരല്ല. അതിനാൽ, കൂടുതൽ അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുകയാണെങ്കിൽ അതു പാർലമെന്റിൽ ചർച്ച ചെയ്യണം. അതിനു പകരം ഒരു ഉത്തരവുവഴി പൗരന്റെ സ്വാതന്ത്ര്യം ഹനിക്കാൻ ആർക്കും അധികാരമില്ല. ഇക്കാര്യം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചതു ശരിയാണ്. നിലവിൽ സിബിഐയും ഐബിയും അടക്കമുള്ള ഏജൻസികൾ കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലാണെങ്കിലും അവയുടെ പ്രവർത്തനത്തിൽ വകുപ്പിന് അധികാരമില്ല. നിയമവ്യവസ്ഥ അനുസരിച്ചാണ് ഈ ഏജൻസികൾ പ്രവർത്തിക്കുന്നത്. ജനങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും ഭയപ്പെടുത്താൻ ഈ ഏജൻസികളെ ഉപയോഗിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

അറസ്റ്റ് ചെയ്യുന്നതിന് ഉൾപ്പെടെയുള്ള അധികാരം കൂടുതൽ ഏജൻസികൾക്കു നൽകുകയാണെങ്കിൽ അത് പാർലമെന്റിന്റെ അനുമതിയോടെ ആയിരിക്കണം. അതിൽ ഭരണഘടനാവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയുകയും ചെയ്യും. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പിടികൂടുന്നതിനു പകരം, ആരെയും കേസിൽ കുടുക്കാം എന്നു വരുന്നത് പൗരാവകാശങ്ങളുടെ നഗ്നമായ ലംഘനം തന്നെയാണ്. ഒരു സമ്പൂർണ പൊലീസ് സ്റ്റേറ്റിന്റെ തുടക്കമാണിത്.  

(ഗുജറാത്ത് മുൻ ഡിജിപിയായ ലേഖകൻ, ദീർഘകാലം ഐബിയിലും പ്രവർത്തിച്ചു)

related stories