Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷവേളയിലെ യാത്രാദുരിതം

പൊതുഗതാഗത സംവിധാനങ്ങൾ മൽസരിച്ച് നാടിന്റെ സഞ്ചാരസ്വാതന്ത്ര്യം താറുമാറാക്കിയ ഇങ്ങനെയൊരു ആഘോഷക്കാലം കേരളം ഇതിനുമുൻപു കണ്ടിട്ടില്ലെന്നു പറയാം. 

റെയിൽവേയും കെഎസ്ആർടിസിയും വാശി പോലെയാണ് ഈ ക്രിസ്മസ് – പുതുവൽസര അവധിക്കാലത്തെ പെരുവഴിയിലാക്കിയിരിക്കുന്നത്. ട്രെയിനിനെയും ബസിനെയും ആശ്രയിക്കാനാവാതെ ദുരവസ്ഥയിലായതു  പതിനായിരക്കണക്കിനു യാത്രക്കാരാണ്. ട്രെയിനുകൾ ചിലതു റദ്ദാക്കുകയും മറ്റു ചിലതു വഴിതിരിച്ചുവിടുകയും ചെയ്തതിനോടൊപ്പം ആയിരത്തോളം കെഎസ്ആർടിസി സർവീസുകളാണു കഴിഞ്ഞ ചില ദിവസങ്ങളിൽ റദ്ദാക്കിയത്. 

ചിങ്ങവനം - ചങ്ങനാശേരി  റെയിൽ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നലെവരെ കോട്ടയം വഴിയിൽ കാര്യമായ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ വഴിയുള്ള മിക്ക ട്രെയിനുകളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു. നാട് കാത്തിരുന്ന ഇരട്ടപ്പാത യാഥാർഥ്യമാക്കാൻ വേണ്ടിയായിരുന്നു ഇതെന്നതിനാൽ പരാതി പറയാനാവില്ല. ഇതിനിടെ, കരുനാഗപ്പള്ളിയിലെയും ഇടപ്പള്ളിയിലെയും യാർഡ് അറ്റകുറ്റപ്പണി ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇടപ്പള്ളിയിലെ അറ്റകുറ്റപ്പണി ഉടൻ തീരുമെങ്കിലും കരുനാഗപ്പള്ളിയിലെ പണികൾ മുപ്പതിനേ തീരൂ. ട്രെയിനുകൾ റദ്ദാക്കുന്ന സാഹചര്യങ്ങളിൽ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള കെഎസ്ആർടിസി സർവീസുകൾ അടിയന്തരാവശ്യംതന്നെയാണ്. 

അല്ലെങ്കിൽതന്നെ, രണ്ടു വർഷത്തിലേറെയായി കേരളത്തിലെ ട്രെയിൻ ഗതാഗതം കുത്തഴിഞ്ഞ നിലയിലാണ്. മിക്ക ട്രെയിനുകളും കൃത്യസമയത്തു ലക്ഷ്യസ്ഥാനത്ത് എത്തില്ല. അഥവാ കൃത്യസമയത്ത് ഓടിയാൽതന്നെ, എത്താനുള്ള സ്റ്റേഷന്റെ ഒൗട്ടറിൽ കിടക്കും. കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ ഇത്രയും മോശമായ രീതിയിൽ ട്രെയിനോടിയ കാലമുണ്ടായിട്ടില്ല. 

കേരളത്തിലുള്ളവരുടെ മാത്രമല്ല, ഇവിടെ വരാനാഗ്രഹിക്കുന്നവരുടെയും യാത്ര ക്ലേശഭരിതമായിക്കഴിഞ്ഞു. മറുനാട്ടിൽ സ്‌ഥിരതാമസമാക്കിയവർ പോലും ആഘോഷവേളകളിൽ എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ആഗ്രഹമുള്ളവരാണെന്നിരിക്കെ, ഇതിനനുസൃതമായ തരത്തിൽ കേരളത്തിനും അന്യസംസ്‌ഥാന നഗരങ്ങൾക്കുമിടയിലുള്ള ഗതാഗത സൗകര്യങ്ങളിൽ വർധനയുണ്ടായിട്ടില്ല. ഡൽഹി, മുംബൈ അടക്കമുള്ള എല്ലാ മറുനാടൻ നഗരങ്ങളിൽനിന്നും ആഘോഷവേളകളിൽ നാട്ടിലേക്കു വരാൻ തിരക്കുണ്ട്. 

യാത്രാക്കുരുക്ക് ഏറ്റവും ഗുരുതരമായ ആഘോഷവേളയാണിത്. ബെംഗളൂരുവിൽനിന്നും ചെന്നൈയിൽനിന്നും കേരളത്തിലേക്കുള്ള യാത്രക്കാർ ദുരിതത്തിൽ നരകിക്കുന്നു. ടിക്കറ്റ് കിട്ടുന്നില്ലെന്നു മാത്രല്ല, വെയ്റ്റ് ലിസ്റ്റിന്റെ നീളം വളരെ കൂടുതലാണുതാനും.  സ്പെഷൽ ട്രെയിനുകൾ അനുവദിക്കാത്തതിനാൽ യാത്രാദുരിതം കൂടുകയും ചെയ്തു. ട്രെയിൻ ടിക്കറ്റ് ലഭിക്കാത്തതിനോടൊപ്പം കെഎസ്ആർടിസി ബസ് സർവീസ് കുറയുകകൂടി ചെയ്തപ്പോൾ ബെംഗളൂരു റൂട്ടിൽ സ്വകാര്യ ബസുകൾ നിരക്കു കുത്തനെ കൂട്ടിക്കഴിഞ്ഞു.

ഹൈക്കോടതി വിധിപ്രകാരം താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെത്തുടർന്ന് കെഎസ്ആർടിസിയിലുണ്ടായ പ്രതിസന്ധിയാണു വ്യാപകമായ സർവീസ് റദ്ദാക്കലിലെത്തിച്ചത്. സർക്കാരിന്റെ വിശദീകരണങ്ങൾക്കൊക്കെയപ്പുറത്ത്, ഇപ്പോഴത്തെ യാത്രാക്ലേശത്തിനു ശാശ്വതപരിഹാരമാണ് കേരളത്തിന്റെ ആവശ്യം.

ഇത്തരത്തിൽ ട്രെയിൻ –ബസ് യാത്രകൾ ഒരുമിച്ചു ദുരിതമയമായ ഒരു ആഘോഷവേള ഇതിനുമുൻപ് ഇതുപോലെ കേരളത്തിലുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, സവിശേഷമായ സാഹചര്യം തിരിച്ചറിഞ്ഞ് യാത്രക്കാരുടെ ക്ലേശം അകറ്റാനുള്ള വഴികൾ എത്രയും വേഗം കെഎസ്ആർടിസി – റെയിൽവേ അധികൃതരിൽനിന്ന് ഉണ്ടായേതീരൂ. ഇക്കാര്യത്തിൽ സർക്കാരിന്റെ സജീവമായ ഇടപെടൽ ഉണ്ടാവുകയും വേണം.