Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഖനിയിരുട്ടിൽ നമുക്കുള്ള പാഠം

നാം ഇന്നു ക്രിസ്മസിലേക്കു മിഴി തുറക്കുമ്പോൾ കണ്ണോരത്ത് പതിനേഴു സങ്കടങ്ങളുടെ നിഴൽകൂടി വീണുകിടക്കുന്നുണ്ട്. സർക്കാരിന്റെയല്ല, അനൗദ്യോഗിക കണക്കുകളെ വിശ്വസിക്കാമെങ്കിൽ അവർ പതിനേഴു പേരാണ്. മേഘാലയയിലെ ഈസ്റ്റ് ജയ്ൻതിയ ഹിൽസ് ജില്ലയിൽ അനധികൃത കൽക്കരി ഖനിയിൽ കുടുങ്ങിയ അത്രയും തൊഴിലാളികളുടെ  ആശയറ്റ നിലവിളികൾ ഇനിയെന്നും നമ്മുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കും. അവരുടെ വിളിയൊച്ചകൾ വേണ്ടവിധം കേൾക്കാനായില്ലെന്ന പശ്ചാത്താപം നമുക്കൊപ്പം എന്നുമുണ്ടാവുകയും ചെയ്യും. ആ ഖനിയിരുട്ടിൽ നിസ്സഹായം അമരുന്ന വിലാപങ്ങൾ നമുക്കൊക്കെ ഉണ്ടെന്നു പറയുന്ന സഹജാവബോധത്തെത്തന്നെ എക്കാലത്തും ചോദ്യം ചെയ്യുമെന്നു തീർച്ച.

ജയ്ൻതിയ ഹിൽസിലെ ‘എലിമട’ ഖനികൾ എന്നറിയപ്പെടുന്ന സുരക്ഷാ സംവിധാനങ്ങളില്ലാത്ത അനധികൃത കൽക്കരി ഖനികളുടെ പ്രവർത്തനം 2014 ൽ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചതാണ്. എങ്കിലും അധികൃതരുടെ മൗനാനുവാദത്തോടെ അവിടെ വ്യാപകമായി ഖനനം നടക്കുന്നു. അനധികൃത ഖനനത്തിനു പിന്നിൽ ഖനി മാഫിയയും പൊലീസും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘമാണെന്ന അറിവ് ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷനൽ പീപ്പിൾസ് പാർട്ടി – ബിജെപി സഖ്യം നൽകിയ മുഖ്യവാഗ്ദാനം ഖനന വിലക്കു നീക്കുമെന്നതായിരുന്നുവെന്നുകൂടി ഓർമിക്കാം.

അത്യന്തം അപകടകരമായ ഖനിയിൽ, ഏതു നിമിഷവും അപകടമുണ്ടാകാമെന്നറിഞ്ഞിട്ടും എന്തിനു കയറിയെന്ന ചോദ്യത്തിന് ഒന്നു മാത്രമേ ഉണ്ടാവൂ ആ പാവം തൊഴിലാളികളുടെ കയ്യിലുള്ള മറുപടി: ദാരിദ്ര്യം.  മറ്റു ജോലികൾ ചെയ്താൽ കിട്ടുന്നത് ഇരുനൂറോ മുന്നൂറോ രൂപയാണെന്നിരിക്കെ, പരിചയസമ്പന്നരായ ഖനിത്തൊഴിലാളികൾക്കു ദിവസം 2000 രൂപ വരെ സമ്പാദിക്കാം. രാജ്യത്തു പല മേഖലകളിലുമുള്ള ദാരിദ്ര്യത്തിന്റെ ആഴംകൂടി ആ ഖനിക്കുള്ളിൽനിന്നു കണ്ടെടുക്കാം.

വേണ്ടവിധം രക്ഷാപ്രവർത്തനങ്ങൾ നടന്നിരുന്നുവെങ്കിൽ അവർ തീർച്ചയായും നമുക്കൊപ്പം ഉണ്ടായേനെ. മഴ പെയ്തതോടെ തുരങ്കത്തിൽ ജലനിരപ്പുയരുകയായിരുന്നു. ദശലക്ഷക്കണക്കിനു ലീറ്റർ പമ്പു ചെയ്തു കളഞ്ഞെങ്കിലും ജലനിരപ്പ് കുറയ്ക്കാനായതുമില്ല. ശേഷി കൂടിയ പമ്പുകൾക്കുവേണ്ടി നീണ്ട കാത്തിരിപ്പുണ്ടായതു രാജ്യത്തെത്തന്നെ നാണംകെടുത്തുന്നു.  അതീവ ശേഷിയുള്ള പമ്പുകൾ എത്തിക്കാതെ കൂടുതൽ എന്തെങ്കിലും ചെയ്യാനില്ലെന്നു ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) അറിയിച്ചിട്ടും സംസ്ഥാന സർക്കാർ പ്രതികരിച്ചില്ല. ‘സർക്കാർ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാൻ നിർദേശിക്കുന്നില്ല. ശക്തികൂടിയ പമ്പുകൾ എത്തിക്കുന്നുമില്ല. പമ്പുകൾ ലഭിക്കാത്തിടത്തോളം രക്ഷാപ്രവർത്തനം തുടരുന്നതിൽ അർഥമില്ല’ – സേനാ വൃത്തങ്ങൾ പറ‍ഞ്ഞതിൽ വരുംകാലത്തേക്കുകൂടിയുള്ള പാഠമുണ്ട്. അപകടമുണ്ടായ ഖനിയിലെ രക്ഷാപ്രവർത്തനം ഇപ്പോൾ സ്തംഭിച്ചുകഴിഞ്ഞു.

മേഘാലയയിലെ ഖനിയിൽ കുടുങ്ങിയവർക്കായി സർക്കാർ സംവിധാനങ്ങൾക്കു വേണ്ടവിധം പ്രവർത്തിക്കാനായില്ലെന്നതാണു യാഥാർഥ്യം. ദേശീയശ്രദ്ധയിലെത്തിയിട്ടും രക്ഷാപ്രവർത്തനങ്ങൾ ഫലവത്താക്കാൻ കഴിഞ്ഞില്ല. ഈയിടെ തായ്‍ലൻഡിലെ ഗുഹയ്ക്കുള്ളിൽ 15 ദിവസം കുടുങ്ങിക്കിടന്ന കുട്ടികൾക്കുവേണ്ടി ഇന്ത്യ മനമുരുകിപ്രാർഥിച്ചിട്ടുണ്ട്. അവരുടെ സുരക്ഷയ്ക്കായി ലോകത്തോടൊപ്പം കൈകോർത്തിട്ടുണ്ട്. മരണത്തിന്റെ ഇരുൾക്കയങ്ങൾ നീന്തിക്കടന്ന് ആ കുട്ടികൾ ഒന്നൊന്നായി വെളിച്ചത്തിലേക്ക്, ജീവിതത്തിലേക്കു തിരികെയെത്തുന്നത് ആശ്വാസത്തോടെ കണ്ടുനിന്നിട്ടുണ്ട്.

പക്ഷേ, ദാരിദ്ര്യത്തിന്റെ മാത്രം കൈപിടിച്ച് ഇവിടെ ഖനിയിരുട്ടിലേക്കു പോയി തിരികയെത്താത്തവരെയോർത്ത് നാം അത്രത്തോളം ആകുലപ്പെട്ടിട്ടുണ്ടോ? അവർക്കുവേണ്ടി ഏറ്റവും ആധുനികമായ രക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താതിരുന്നതെന്തുകൊണ്ടാണ്? അവരുടെ അശരണമായ നിലവിളികൾ സർക്കാരിന്റെയും സുരക്ഷാ ഏജൻസികളുടെയും ബധിരകർണങ്ങളിലേക്കാണോ വന്നുവീണത്? തീർച്ചയായും, നമ്മുടെയൊക്കെ ഉള്ളിലുണ്ടാവേണ്ട മാനുഷികതയെ മുൻനിർത്തി ആത്മപരിശോധന ആവശ്യമായിവന്നിരിക്കുന്നു. കരുണയുടെ കാലാതീതമായ മഹാസന്ദേശം കേൾപ്പിക്കുന്ന ഈ ക്രിസ്മസ് നാൾ മേഘാലയയിലെ ഖനിയിരുട്ടിൽ നിരാലംബമായി നഷ്ടപ്പെട്ടവരുടെ ഓർമയ്ക്കുവേണ്ടിക്കൂടിയുള്ളതാവട്ടെ.