Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റ് ബോർഡിന്റെ ‘ഫിറ്റ്നസ്’

Dr-PSM-Chandran ഡോ. പി.എസ്.എം. ചന്ദ്രൻ

പരുക്ക് മറച്ചുവച്ച് ടീമിൽ ഇടംനേടുന്ന കളിക്കാർ: ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ കായികക്ഷമത പരിശോധനാ സംവിധാനം തമാശയോ?

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഒളിഞ്ഞിരിക്കുന്ന കൂടുതൽ മികവുകൾ പുറത്തുവരുമെന്നു കരുതിയവർക്കു തെറ്റി. അവർ ഒളിപ്പിച്ചുവച്ച പരുക്കിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പരിശീലകൻ രവിശാസ്ത്രിയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ഒരു ‘അവശ സംഘ’ത്തെയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഓസീസ് പര്യടനത്തിന് അയച്ചിരിക്കുന്നത്. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, രോഹിത് ശർമ, പൃഥ്വി ഷാ... പരുക്കിന്റെ പിടിയിലുള്ള താരങ്ങളുടെ പട്ടിക ഇങ്ങനെ നീളുകയാണ്. ഇതിൽ ജഡേജയുടെ കാര്യമാണു ഞെട്ടിക്കുന്നത്. പരുക്കുമായി പര്യടനത്തിനെത്തിയ ജഡേജയുടെ പ്രതീക്ഷ ഓസീസിലെ കാലാവസ്ഥയിൽ തന്റെ പരുക്ക് വേഗം സുഖപ്പെടുമെന്നായിരുന്നു! ക്രിക്കറ്റ് ബോർഡിന്റെ കായികക്ഷമത പരിശോധനാ സംവിധാനം വെറും തമാശയാണെന്നു തെളിയിക്കുന്നു ഈ സംഭവവികാസങ്ങൾ.

ജഡേജയുടെ പരുക്കിന്റെ വിവരത്തെക്കുറിച്ചു പൂർണമായ ബോധ്യത്തോടെയാണ് ബിസിസിഐ സിലക്​ഷൻ കമ്മിറ്റി അദ്ദേഹത്തെ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയത്. തോളിനേറ്റ ക്ഷതമാണു (സ്റ്റിഫ് ഷോൾഡർ) ജഡേജയെ വലയ്ക്കുന്നത്. പരുക്ക് സുഖപ്പെടാനായി തോളിൽ കുത്തിവയ്പ്പെടുത്താണു ജഡേജ പരമ്പരയ്ക്കു മുൻപുള്ള ആഭ്യന്തര മൽസരങ്ങൾ കളിച്ചത്. പിന്നീട് ‌ജഡേജയ്ക്ക് ബിസിസിഐ ഓസീസ് പരമ്പരയ്ക്കുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റും നൽകി. ഇവിടെയാണ് ഏറ്റവും പ്രസക്തമായ ചോദ്യം, 100 ശതമാനം ഫിറ്റാണെങ്കിൽ മാത്രം ലഭിക്കേണ്ട ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ജഡേജയ്ക്ക് എങ്ങനെ ലഭിച്ചു?

ഉത്തരം ലളിതമാണ്. ഇന്ത്യൻ ടീമിന്റെ ഫിസിയോതെറപ്പിസ്റ്റാണു താരങ്ങൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. പേശി വലിവു മുതൽ തലയോട്ടിക്കുള്ള പരുക്കുമായിവരെ താരങ്ങൾ എത്തുന്നതു ടീം ഫിസിയോതെറപ്പിസ്റ്റിനു മുന്നിലേയ്ക്കാണ്. പരുക്കിന്റെയും ചികിൽസയുടെയും കാര്യത്തിലെ അന്തിമ വാക്കും ടീം ഫിസിയോയുടേതുതന്നെ. ഇവിടെ വിദഗ്ധ ഡോക്ടറുടെ കള്ളവേഷം കൂടി ഫിസിയോകൾ അണിയുകയാണ്. സിലക്ടർമാരുടെയും താരങ്ങളുടെയും മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ഫിസിയോ, കായികക്ഷമത പരിശോധനയിൽ വെള്ളം ചേർക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കാര്യമെടുത്താൽ, ടീം ഫിസിയോ ആരെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇന്ത്യൻ ടീമിന്റെ ചുമതലയുള്ള ഡോക്ടറുടെ പേര് ആർക്കെങ്കിലും അറിയാമോ?

തോളിനു ക്ഷതമേൽക്കുന്നതു തോളെല്ലിനേറ്റ പരുക്കിൽനിന്നോ, ഞരമ്പിനേറ്റ പരുക്കിൽനിന്നോ ആകാം. തോളിൽ ‘കോർട്ടികോസ്റ്റെറോയ്ഡ്’ കുത്തിവച്ചാണ് ജഡേജ ആഭ്യന്തര മൽസരങ്ങൾക്കിറങ്ങിയത്. താൽക്കാലികമായി വേദനയിൽനിന്നു മോചനം നൽകുമെങ്കിലും ഇതിന്റെ ഉപയോഗം ഗുരുതര പ്രത്യാഘാതങ്ങളിലേക്കു വഴിതെളിച്ചേക്കാം. ലോക ഉത്തേജകമരുന്നു വിരുദ്ധ സമിതിയുടെ (വാഡ) പട്ടികയിലുള്ള നിരോധിത മരുന്നുകളിലാണ് കോർട്ടികോസ്റ്റെറോയ്ഡിന്റെ സ്ഥാനം എന്നതിനാൽ പ്രത്യേക അനുമതിയോടെ മാത്രമേ ഉപയോഗിക്കാനാകൂ. കുത്തിവയ്പ് എടുത്ത ഉടൻ‌ വേദന കുറയുന്നതിനാൽ പരുക്ക് ഭേദമായി എന്ന മിഥ്യാധാരണയോടെ താരങ്ങൾ വീണ്ടും കളിക്കിറങ്ങും. പരുക്കിന്റെ തീവ്രത കൂടുകയാണെന്നു തിരിച്ചറിയുമ്പോഴേക്ക് ഏറെ വൈകും.

ഇത്തരം കാര്യങ്ങളിലെ അന്തിമ വാക്ക് ടീം ഡോക്ടറുടേതു മാത്രമായിരിക്കണം. പരുക്ക് പൂർണമായി സുഖപ്പെടുന്നതുവരെ വിശ്രമമാണു താരങ്ങൾക്കാവശ്യം. ടീമിലെ സ്ഥാനം നിലനിർത്തുന്നതിനായി പരുക്കിനെ സംബന്ധിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കുന്നതിനു താരങ്ങളെ കുറ്റം പറയാനാകില്ല. ബിസിസിഐയാണ് ഇവിടെ ഉണർന്നു പ്രവർത്തിക്കേണ്ടത്. ചിട്ടയായ വൈദ്യപരിശോധനയ്ക്കു ശേഷം മാത്രം താരങ്ങൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന മാതൃകയാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിലും മറ്റും നിലനിൽക്കുന്നത്.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയുടെ തോളിനേറ്റ പരുക്ക് വരുത്തിയ വിനയുടെ ഉദാഹരണം നമ്മുടെ മുന്നിലുള്ളപ്പോൾ താരങ്ങളുടെ ഫിറ്റ്നസ് ലെവലുമായി ബന്ധപ്പെട്ട ഉദാസീനത ഇനിയും തുടർന്നുകൂടാ. ബിസിസിഐ ഉൾപ്പെടെയുള്ള നമ്മുടെ കായികഭരണക്കാർ താരങ്ങളുടെ ആരോഗ്യപരിപാലനത്തിനായി ഒരു മെഡിക്കൽ കമ്മീഷനെ ചുമതലപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിദഗ്ധ ഡോക്ടർമാരുടെ സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവണം നടപടികൾ. അല്ലാതെ, തങ്ങൾ ശമ്പളത്തിനു നിർത്തിയിരിക്കുന്ന ഫിസിയോയുടേതാവരുത് അവസാനവാക്ക്. 

(ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്പോർട്സ് മെഡിസിൻ പ്രസിഡന്റും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്പോർട്സ് ആൻഡ് സയൻസസ് മുൻ ഡയറക്ടറുമാണു ലേഖകൻ).