Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുകുമണിയോളം ഇല്ലല്ലോ, കരുണ

നാം പുതുവർഷത്തിലേക്കു പ്രവേശിക്കുമ്പോൾ, കരുണ എന്ന വികാരത്തിന്റെ സ്പർശമില്ലാതെ ജീവൻ വെടിഞ്ഞ ഈ ഒരു വയസ്സുകാരിയുടെ ഉള്ളിലേക്കമർന്ന കരച്ചിൽകൂടി ഒപ്പമുണ്ടാകുമെന്നു തീർച്ച. റെയിൽവേയുടെ ക്രൂരതയുടെ രക്തസാക്ഷിയായി മരിച്ച മറിയം എന്ന കുഞ്ഞ് സഹാനുഭൂതിയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ഇനിയെന്നും നമ്മെ നിശ്ശബ്ദമായി ഓർമിപ്പിച്ചുകൊണ്ടേയിരിക്കും. കാരണം, അതാണവൾക്കു കിട്ടാതെപോയത്.

ട്രെയിനിൽ സീറ്റ് കിട്ടാതെയും കൃത്യസമയത്തു ചികിത്സ ലഭിക്കാതെയും മാതാവിന്റെ മടിയിൽക്കിടന്നു മരിക്കാനായിരുന്നു ഹൃദ്രോഗബാധിതയായ മറിയത്തിന്റെ ദുർവിധി. കണ്ണൂർ ഇരിക്കൂരിലെ ഷമീർ – സുമയ്യ ദമ്പതികളുടെ മകൾ മറിയത്തെ കഴിഞ്ഞ ദിവസം രാത്രി മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ കാത്തിരുന്നതു സമാനതകളില്ലാത്ത ക്രൂരതയാണ്.

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മൂന്നു മാസം മുൻപ് ഈ കുഞ്ഞിനു ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചതിനെത്തുടർന്ന്, ശ്രീചിത്രയിലേക്കു കൊണ്ടുവരാൻ പറഞ്ഞപ്പോഴാണു യാത്ര വേണ്ടിവന്നത്. കണ്ണൂരിൽനിന്ന് ജനറൽ ടിക്കറ്റാണു ലഭിച്ചത്. പനിയുള്ള കുഞ്ഞിനെയുംകൊണ്ട്, തിരക്കേറിയ ബോഗിയിൽനിന്ന് സ്ലീപ്പർ കോച്ചിൽ കയറിയെങ്കിലും ടിക്കറ്റ് പരിശോധകർ കോച്ചുകളിൽനിന്ന് ഇറക്കിവിടുകയായിരുന്നുവെന്നു പറയുന്നു. സീറ്റിനും വൈദ്യസേവനത്തിനുംവേണ്ടി മാതാപിതാക്കൾ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ലഭിച്ചില്ല. ഒടുവിൽ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാർട്മെന്റിലും ഷമീർ ജനറൽ കംപാർട്മെന്റിലും കയറി. പനികൂടി തളർച്ചയിലായ കുട്ടിയുടെ അവസ്ഥ കണ്ട സഹയാത്രികർ കുറ്റിപ്പുറത്തിനടുത്ത് ചങ്ങല വലിച്ചുനിർത്തി, ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തീർച്ചയായും റെയിൽവേയുടെ കണ്ണില്ലാത്ത ക്രൂരതതന്നെയാണ് ഈ മരണത്തിന്റെ മുഖ്യകാരണമെന്നു പറയാം. തിരക്കേറിയ ജനറൽ ടിക്കറ്റിൽനിന്ന് സൗകര്യമുള്ള സ്ലീപ്പർ കോച്ചിലേക്കു മറിയത്തെ മാറാൻ അനുവദിച്ചിരുന്നെങ്കിൽ ആ പാവം കുട്ടി ചിലപ്പോൾ നമ്മോടൊപ്പം ഉണ്ടായേനെ. ചെറിയ സാങ്കേതിക കാരണങ്ങൾ ഇത്രയും വലിയൊരു ദുരന്തത്തിലേക്ക് എത്തിയെന്നത് റെയിൽവേയെയും നമ്മളെയൊക്കെയും ആത്മപരിശോധനയിലേക്കു കൊണ്ടുപോകേണ്ടതല്ലേ?

ഇത്തരം സംഭവങ്ങളിൽ ടിടിഇ കൺട്രോൾ റൂമിൽ അറിയിച്ച്, അടുത്ത സ്റ്റേഷനിൽ വൈദ്യസഹായം ഉറപ്പാക്കേണ്ടതാണ്. ഡോക്ടറില്ലാത്ത സ്റ്റേഷനാണെങ്കിൽ സ്റ്റേഷൻ മാസ്റ്റർ അടുത്ത ആശുപത്രിയിലേക്കുള്ള ആംബുലൻസ് ലഭ്യമാക്കണമെന്നുമുണ്ട്. ഏതു ടിക്കറ്റിലാണു യാത്ര ചെയ്യുന്നതെങ്കിലും ഗാർഡിനും ടിടിഇമാർക്കുമൊക്കെ ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ട്രെയിൻ യാത്രക്കാർക്കുള്ള അടിയന്തര ചികിൽസാസംവിധാനത്തെക്കുറിച്ച് ഈ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. ആരും അവർക്കതു പറഞ്ഞുകൊടുത്തതുമില്ല. യാത്രക്കാരുടെ അടിയന്തര ആവശ്യങ്ങൾക്കുള്ള ഏകജാലക സംവിധാനമായ ‘ട്രെയിൻ ക്യാപ്റ്റൻ’ എല്ലാ ട്രെയിനുകളിലും ഉണ്ടാവേണ്ടതുണ്ട്.

ക്രിസ്മസ് തിരക്കുമൂലം സ്ലീപ്പർ കോച്ചുകളിൽ സീറ്റുകൾ ഒഴിവില്ലായിരിക്കാം. അങ്ങനെ ഒഴിവില്ലെങ്കിൽ മറ്റുള്ളവരുടെ സീറ്റ് ഇവർക്കു മറിച്ചുകൊടുക്കാൻ ടിടിഇക്ക് കഴിയില്ലെന്നതാണു വാസ്തവം. എന്നാലും, മാനുഷിക പരിഗണനയുടെയും കരുണയുടെയും അളവുകോൽകൊണ്ടു വേണമായിരുന്നു ഈ സംഭവത്തിൽ തീരുമാനമെടുക്കേണ്ടിയിരുന്നത്. ട്രെയിനിനെപ്പോലെയൊരു യന്ത്രമല്ല ഹൃദയത്തിന്റെ സ്ഥാനത്ത് ഉണ്ടാവേണ്ടതും.

കൺമുന്നിൽ വേദനയിൽ പുളയുന്നൊരു സഹജീവിയെ കാണുമ്പോൾ ഓടിയെത്തുന്ന നന്മയുള്ള മനസ്സുകളാണ് ഈ സമൂഹത്തിന്റെ ശക്തി. സ്വന്തം അച്‌ഛനോ അമ്മയോ ഭാര്യയോ കുഞ്ഞോ ഇതുപോലൊരു അവസ്ഥയിൽപെടുന്നതും അവർ ആരോരും സഹായത്തിനില്ലാതെ കിടന്നു പിടയുന്നതും ഒരുതവണയെങ്കിലും ചിന്തിച്ചാൽ ആരിലും ആ നന്മയുണ്ടാകുമെന്നു തീർച്ച. സാങ്കേതിക നിഷേധങ്ങളുടെ കൈമലർത്തലുകൾക്കിടയിൽ പൊലിഞ്ഞുപോകുന്ന ജീവിതങ്ങളെ ഓർമിപ്പിക്കാനെങ്കിലും മറിയം ഇനിയും നമ്മോടൊപ്പമുണ്ടാകും.