Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസഹിഷ്ണുതയുടെ വിമാന ടിക്കറ്റുകൾ

തൽസമയം ∙ എൻ. എസ്. മാധവൻ
Naseeruddin Shah നസീറുദീൻ ഷാ

ഹിന്ദി സിനിമയിലെ എക്കാലത്തെയും നല്ല നടന്മാരിൽ ഒരാളായ നസീറുദീൻ ഷാ, താനൊരു മുസ്‌ലിം നാമധാരിയായതു കൊണ്ട് ഇന്നത്തെ ഇന്ത്യയിൽ ജീവിക്കാൻ പേടിക്കുന്നു എന്നു പറഞ്ഞു. വടക്കേ ഇന്ത്യയിൽ പശുവിന്റെ പേരിലുള്ള ആൾക്കൂട്ടക്കൊലകളുടെ പശ്ചാത്തലത്തിലായിരുന്നു ഈ പരാമർശം. അതേ ആശങ്ക തന്റെ കുട്ടികളെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. താനും കുട്ടികളും മതവിശ്വാസമില്ലാത്തവരാണെങ്കിലും മുസ്‌ലിം സ്വത്വത്തിന്റെ പേരിൽ ആൾക്കൂട്ടവെറിയിൽ കൊല്ലപ്പെട്ടേക്കാമെന്ന ഭയവും പ്രകടിപ്പിച്ചു.

തുടർന്ന് അദ്ദേഹത്തിനെതിരെ ഹിന്ദുത്വട്രോളുകൾ കടുത്ത ആക്രമണം നടത്തി. ഷായെ പ്രസംഗിക്കാൻ ക്ഷണിച്ച അജ്മേർ ലിറ്റററി ഫെസ്റ്റിവലിനെതിരായി അവിടത്തെ തെരുവുകളിൽ പ്രകടനങ്ങളും അക്രമങ്ങളും നടന്നു. ഒടുവിൽ ഫെസ്റ്റിവൽ സംഘാടകർ ക്ഷണപത്രം പിൻവലിക്കാൻ നിർബന്ധിതരായി. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14ന് അവിടെ എത്തത്തക്ക രീതിയിൽ ഒരാൾ നസീറുദീൻ ഷായ്ക്ക് കറാച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് വാങ്ങി. ഇന്ന് നസീറുദീൻ ഷായെക്കാൾ കടുത്ത ഭാഷയിൽ മോദിസർക്കാരിനെ വിമർശിക്കുന്നവർ ധാരാളമുണ്ടെങ്കിലും അദ്ദേഹത്തിന്റെ മാത്രം രാജ്യസ്നേഹം എന്തുകൊണ്ടു ചോദ്യം ചെയ്യപ്പെടുന്നു?

ഒരു രീതിയിൽ പറഞ്ഞാൽ, നസീറുദീൻ ഷാ നേരിട്ടത് ഇന്ത്യയിലെ ഉദാരവാദികൾ (ലിബറലുകൾ) നേരിടുന്ന പ്രതിസന്ധിയാണ്. 2017ൽ ഹിന്ദുസ്ഥാൻ ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഷാ തന്റെ മതരഹിതവും മതേതരവുമായ ജീവിതത്തെക്കുറിച്ച് എഴുതിയിരുന്നു. ഒരു ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ചിട്ടും തനിക്ക് എതിർപ്പൊന്നും നേരിടേണ്ടിവന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ത്യയിലെ മുസ്‌ലിംകളോട് കൂടുതൽ ‘ഭാരതീയമാകാനും’ വിദ്യാഭ്യാസത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും മുന്നേറി ജീവിതപുരോഗതി കണ്ടെത്താനും ഉപദേശിച്ചിരുന്നു.

ചില ഹിന്ദു ലിബറലുകൾ ഹിന്ദുത്വത്തിൽനിന്ന് ഹിന്ദുമതത്തെ രക്ഷിക്കാൻ ശ്രമിക്കുന്നു. ആൾക്കൂട്ടക്കൊലയാളികൾക്ക് ഇത്തരം തലനാരിഴ കീറുന്നതിലൊന്നും താൽപര്യമില്ല. മതതീവ്രവാദം, അത് ഏതു മതത്തിലേതായാലും, സ്വത്വത്തിൽ വേരൂന്നിയതാണ്. അത് ലാക്കാക്കുന്നതു മറ്റുള്ളവരുടെ മതസ്വത്വത്തെയാണ്.

ട്രാൻസ്ജെൻഡർ ബില്ലിലെ പൊല്ലാപ്പ്

LGBT

റഫാൽ വിമാനമിടപാട് ലോക്സഭയെ സ്തംഭിപ്പിച്ച നാളുകളിൽ ഒരു പ്രധാനപ്പെട്ട ബിൽ വലിയ ചർച്ചകളില്ലാതെ പാസാക്കി. ട്രാൻസ്ജെൻഡറുകൾക്ക് പ്രധാനപ്പെട്ട അവകാശങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തിൽ കൊണ്ടുവന്ന ‘ട്രാൻസ്ജെൻഡർ പഴ്സൻ (പ്രൊട്ടക്‌ഷൻ ഓഫ് റൈറ്റ്സ്) ബിൽ’ ഫലത്തിൽ ഇന്ത്യയിലെ ട്രാൻസ്ജെൻഡറുകളുടെ ജീവിതത്തെ കൂടുതൽ സങ്കീർണമാക്കുന്നു. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട സ്വത്വം, ലിംഗം തുടങ്ങിയ വിഷയങ്ങളെ നിസ്സാരമായ രീതിയിലാണ് ഈ ബിൽ പലയിടത്തും കൈകാര്യം ചെയ്യുന്നത്.

ഒരാൾക്ക് ഏതു ലിംഗത്തിൽപെടുന്നുവെന്നു സ്വയം നിർണയിക്കാനുള്ള അവകാശം എടുത്തു കളഞ്ഞു എന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട പോരായ്മ. 2014ലെ ഒരു സുപ്രീംകോടതി വിധിയാണ് ഇത്തരത്തിലൊരു അടിസ്ഥാന അവകാശത്തെ അംഗീകരിച്ചത്. ഈ ബിൽ അനുസരിച്ച് ഒരു വ്യക്തിക്ക് ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടതാണെന്നു സ്വയം അവകാശപ്പെടാൻ സാധിക്കില്ല. അഞ്ചംഗ ജില്ലാതല കമ്മിറ്റിയുടെ മുൻപിൽ ആ വ്യക്തി അപേക്ഷ കൊടുക്കണം. പിന്നെ കമ്മിറ്റിയാണു തീരുമാനിക്കേണ്ടത്. റേഷൻ കാർഡും പാസ്പോർട്ടും മറ്റും പോലെ അനുവദിക്കേണ്ട ഒന്നാകുന്നു, ഒരു വ്യക്തിയുടെ ലിംഗസ്വത്വം. ഇതിനു പുറമെ, ട്രാൻസ്ജെൻഡർ ആണെന്ന് കമ്മിറ്റി തിട്ടപ്പെടുത്തണമെങ്കിൽ ലിംഗമാറ്റശസ്ത്രക്രിയ അനിവാര്യമാണെന്ന നിബന്ധനകൂടി ബില്ലിലുണ്ട്‌. ഇതും സുപ്രീം കോടതിവിധിക്കു കടകവിരുദ്ധമാണ്. അതുപോലെ, മറ്റൊരു വിധിയിലൂടെ സുപ്രീംകോടതി നിയമവിരുദ്ധമല്ലാതാക്കിയ ഭിക്ഷാടനം ഈ ബില്ലിൽ കുറ്റകരമാണ്.

സമൂഹത്തിന്റെ ഓരങ്ങളിലേക്കു തള്ളപ്പെട്ട ട്രാൻസ്ജെൻഡറുകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളോട് മനുഷ്യത്വപരമായ പെരുമാറ്റമാണ് പരിഷ്കൃതസമൂഹങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് ഇന്റർനാഷനൽ കോർട്ട് ഓഫ് ജസ്റ്റിസ്, ഈ ബിൽ പാസാക്കരുതെന്നു നമ്മുടെ രാജ്യസഭയോട് അഭ്യർഥിച്ചിരിക്കുന്നത്.  

മലയാളസിനിമ മാറിയോടുമ്പോൾ

camera

മലയാളിയുടെ വിനോദങ്ങളിൽ എറ്റവും പ്രധാനമായ സിനിമ, 2018ലൂടെ അധികം പാദമുദ്രകൾ പതിപ്പിക്കാതെ കടന്നുപോയി. മലയാളസിനിമ അതിന്റെ സവിശേഷതകൾ – യഥാതഥത്വം, നല്ല കഥ, മികച്ച അഭിനേതാക്കൾ, മിതവ്യയം – കളഞ്ഞ് ഇതര ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമ പോലെയായിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. അതിന്റെ ഭാഗമായി ഫാൻസ് അസോസിയേഷനുകൾ തൊട്ട് തികച്ചും നായകകേന്ദ്രീകൃതമായ ചലച്ചിത്രങ്ങൾവരെ വന്നു.

എന്നാൽ, അടുത്തകാലത്താണു തമിഴിൽനിന്നും തെലുങ്കിൽനിന്നും രണ്ടു കാര്യങ്ങൾ മലയാളസിനിമ കണ്ടെത്തിയത്. ആദ്യത്തേത്, യൗവനം നഷ്ടപ്പെട്ട നായകന്മാർക്കു കൂട്ടായി കംപ്യൂട്ടർ ഉണ്ടെന്നതാണ്. കാലാകാലമായി രജനീകാന്തും ഈയിടെ ഷാറൂഖ് ഖാനും ഉപയോഗിച്ച വിഷ്വൽ ഇഫെക്ട്സ് എന്ന വിഎഫ്എക്സ് 2018ൽ വലിയ രീതിയിൽ മലയാളസിനിമയിലേക്കു കടന്നുവന്നു. രണ്ടാമത്തേത്, ബ്രഹ്മാണ്ഡചിത്രങ്ങളുടെ വരവാണ്. സിനിമയുടെ കഥയെക്കാൾ, അഭിനേതാക്കളെക്കാൾ, സംവിധായകനെക്കാൾ വലുത് അതിന്റെ ബജറ്റാണെന്ന പ്രചാരണം തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തുടങ്ങിട്ടു കുറച്ചുകാലമായി. 2018ൽ പുറത്തിറങ്ങിയ ‘ഒടിയനി’ലൂടെ മലയാളത്തിലും ആ പ്രവണത വേരുറപ്പിച്ചോ എന്നു പറയാറായിട്ടില്ല.

ദക്ഷിണേന്ത്യൻ സിനിമയുടെ മുഖ്യധാരയിൽ ലയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും മലയാളസിനിമയുടെ തനതു സ്വഭാവങ്ങൾ സൂക്ഷിച്ച പല ചിത്രങ്ങളും 2018ൽ പുറത്തുവന്നു. അവയിൽ ഓർമയിൽ തങ്ങിയ ചിത്രങ്ങളിൽ മൂന്നെണ്ണം, സുഡാനി ഫ്രം നൈജീരിയ, ഈട, ഈ മ യൗ’ എന്നിവയാണ്. മൂന്നിന്റെയും കാതൽ ഒന്നു തന്നെയാണ് - പ്രാദേശികത്വത്തിലൂടെ സാർവലൗകികത. ഒരു വശത്ത് മലയാളസിനിമ ഇതരഭാഷാചിത്രങ്ങളുമായുള്ള വ്യത്യാസങ്ങൾ ഉപേക്ഷിക്കുമ്പോൾ, മറുവശത്ത് വേരുകൾ അഗാധമായി അടിയിലേക്കു വ്യാപിപ്പിക്കുന്നു.

സ്കോർപ്പിയൺ കിക്ക്: ശബരിമലയിൽ യുവതികളെ കയറ്റാത്തത്‌ സർക്കാരിനു താൽപര്യമില്ലാത്തതിനാലാണെന്നും അല്ലാതെ ചട്ടമ്പികളെ പേടിച്ചിട്ടല്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 

നവോത്ഥാനം, കോടതിവിധി, സ്ത്രീസമത്വം, മലപ്പുറം കത്തി...