Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷയാൽ എഴുതാം പുതുവർഷം

പ്രതീക്ഷയിലേക്ക് ആയിരം കൈകൾനീട്ടി വിടരുന്ന ജനുവരിയിലെ ആദ്യ സൂര്യോദയമായി. ഒരു നവവൽസരംകൂടി നമ്മുടെ നാടിനെ അടയാളപ്പെടുത്താൻ എത്തിക്കഴിഞ്ഞു. പുതിയ വർഷത്തിൽ പുതിയ കേരളത്തിന്റെ നിർമിതിയാണു നമുക്കു മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ദൗത്യം. സർക്കാരും സമൂഹവും ഒത്തുചേർന്ന് ഏറ്റെടുക്കേണ്ട ഈ വൻപദ്ധതിയുടെ തുടക്കത്തിലുള്ള ചില ഇച്ഛാഭംഗങ്ങൾ പക്ഷേ, നമ്മെ വിഷമിപ്പിക്കുന്നതായി. ഓഗസ്റ്റിലെ മഹാപ്രളയം കഴിഞ്ഞു നാലര മാസമായിട്ടും തകർന്ന വീടുകളുടെ പുനർനിർമാണത്തിൽ സർക്കാരിന്റെ പ്രവർത്തനം ഭാഗികം മാത്രമാണെന്നതാണ് അതിലെ പ്രധാന നിരാശ.

തകർന്ന വീടുകളിൽ പത്തിലൊന്നിന്റെ പുനർനിർമാണം മാത്രമേ സർക്കാർ സഹായത്തോടെ ഇതുവരെ ആരംഭിച്ചിട്ടുള്ളൂ എന്നതിനോടൊപ്പം, സർവം തകർന്ന എത്രയോ പേരുടെ നിരാശകൂടി ഈ പുതുവർഷത്തുടക്കത്തിൽ നാം ചേർത്തുവയ്ക്കേണ്ടതുണ്ട്. പ്രളയത്തിൽ തകർന്ന വീടുകളുടെ സർക്കാർ സഹായത്തോടെയുള്ള പുനർനിർമാണം ഇഴയുന്നതു നടപടിക്രമങ്ങളുടെ ബാഹുല്യം മൂലമാണെന്നാണ് ആരോപണം. പ്രളയക്കെടുതി ഏറ്റവും ബാധിച്ച ആലപ്പുഴ ജില്ലയിൽ വീടുകളുടെ നാശനഷ്ടത്തെക്കുറിച്ചുള്ള അന്തിമ കണക്കുപോലും ഇപ്പോഴും തയാറായിട്ടില്ല.

പ്രളയത്തിൽ പൂർണമായി തകർന്നത് 17,000 വീടുകളാണ്. ഭാഗിക നഷ്ടമുള്ളവ രണ്ടു ലക്ഷത്തോളം വരും. എന്നിട്ടും, സർക്കാർ സഹായത്തോടെ പണി തുടങ്ങിയ വീടുകൾ രണ്ടായിരത്തിൽതാഴെ മാത്രമാണെന്നതു കേരളത്തെയാകെ നിരാശപ്പെടുത്തുന്നു. സ്വന്തം നിലയ്ക്കോ സംഘടനകളുടെ സഹായത്തോടെയോ ഉള്ള വീടുനിർമാണം മാത്രമാണു പ്രളയബാധിത മേഖലകളിൽ കാര്യമായി നടന്നത്. ആദ്യ ഗഡു തുകയെങ്കിലും അനുവദിച്ചത് 13,000ൽ താഴെ വീടുകൾക്കു മാത്രമാണ്. 10,000 രൂപ സഹായം അക്കൗണ്ടിലെ പിഴവു മൂലം  ലഭിക്കാത്തവരായി ആലപ്പുഴ ജില്ലയിൽ മാത്രമുണ്ട് ഇപ്പോഴും 6500 പേർ. 

നവകേരളനിർമിതിയുടെ പ്രഥമമായ ഉത്തരവാദിത്തം തകർന്ന വീടുകളുടെ പുനർനിർമാണമാണെന്നിരിക്കെ, സർക്കാരിന്റെ ഭാഗത്തെ ഈ മെല്ലെപ്പോക്ക് നിർഭാഗ്യകരമാണ്. അടച്ചുറപ്പുള്ള ഒരു ചെറിയ വീട് സ്വപ്നം കാണുന്ന എത്രയോ പേർ നിരാശയോടെയാവും  ഈ പുതുവർഷത്തിലേക്കു കാലെടുത്തുവയ്ക്കുക എന്നതിൽ സംശയമില്ല. ഇപ്പോഴും ബന്ധുവീടുകളിലും മറ്റും കഴിയുന്നവർ കുറച്ചൊന്നുമല്ല.  10,000 രൂപ സഹായം കാത്തുകാത്തിരിക്കുന്നവരുടെ സങ്കടംകൂടി നാം ഇതോടു ചേർത്തുവയ്ക്കണം. 

ഓഖി ചുഴലിക്കാറ്റ് പുനരധിവാസ പ്രവർത്തനങ്ങൾപോലും ഇപ്പോഴും മുടന്തുകയാണെന്നതാണു മറ്റൊരു യാഥാർഥ്യം. ആ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളിൽ എത്രയോ പേർ ഇപ്പോഴും കഷ്ടക്കടലിലാണ്. തീരത്തെ കീഴ്മേൽ മറിച്ച് ഓഖി കാറ്റ് താണ്ഡവമാടി കടന്നുപോയി ഒരാണ്ടു കഴിഞ്ഞിട്ടും ഇതാണ് അവസ്ഥയെങ്കിൽ, പ്രളയദുരിതാശ്വാസത്തിന്റെ കാര്യമെന്തായിരിക്കും  എന്നോർത്ത് ആശങ്കപ്പെടുകയാണു കേരളം.

ഓഖിദുരന്തത്തിനു പിന്നാലെ സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്കു നൽകിയ തുകയിൽ 144 കോടി രൂപ ചെലവഴിക്കാത്തതിനാൽ അത്രയും തുക പ്രളയ ദുരിതാശ്വാസ സഹായത്തിൽനിന്നു കേന്ദ്രം വെട്ടിക്കുറച്ചതും ഇതിനിടെ നാം കേട്ടു. ചെലവഴിക്കാതെ ബാക്കിയാകുന്ന തുക അടുത്ത തവണത്തെ ഗഡു അനുവദിക്കുമ്പോൾ കുറവു ചെയ്യുന്ന പതിവു രീതിയാണിത്. 

ഓഖി ഫണ്ട് വിനിയോഗത്തിൽ സംശയമുണ്ടെന്ന് കെസിബിസി അധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം പറയുകയുണ്ടായി. പരസ്പരവിരുദ്ധ കണക്കുകളാണു കേൾക്കുന്നതെന്നും ചെലവാക്കുമെന്നു സർക്കാർ പറഞ്ഞതിന്റെ പാതി പോലും ചെലവാക്കിയിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. കണക്കുകൾ സുതാര്യമാകണമെന്നും ജനങ്ങളുടെ സംശയങ്ങൾക്കു മറുപടി പറയേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും ആർച്ച് ബിഷപ് പറഞ്ഞത് തീർച്ചയായും ഗൗരവം അർഹിക്കുന്നു. 

നഷ്ടബോധങ്ങളുടെയും നിരാശകളുടെയും ഈ കേരളമല്ല പുതുവർഷത്തിലേക്കു കാലൂന്നേണ്ടത്. പ്രളയവും ഓഖിയും  ജീവിതസന്തോഷങ്ങൾ കവർന്നവരെ ഹൃദയത്തോടൊപ്പം ചേർത്തുനിർത്തി, സർക്കാർ എത്രയും വേഗം അവരുടെ കണ്ണീരൊപ്പേണ്ടതുണ്ട്.  ഈ മാസം പത്തിനു മുൻപ് ധനസഹായവിതരണം പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞതിൽ നാടു പ്രതീക്ഷയർപ്പിക്കുന്നു.

പ്രളയകാലത്ത് ഒരുമയോടെ നാം കോർത്ത കൈകൾ എന്നും അങ്ങനെത്തന്നെ ഉണ്ടാവണം. ഈ നവവൽസരം സ്‌നേഹലിപികളാൽ കേരളത്തെ അടയാളപ്പെടുത്തട്ടെ.